പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 47

അനൂപ് ജോലി കഴിഞ്ഞ് വീട്ടിലെത്തി പതിവുപോലെ ഫോൺ മേശപ്പുറത്തേക്ക് എറിഞ്ഞു. നല്ല കലിപ്പിലായിരുന്നു അയാൾ. രാവിലെ ഓഫീസിൽ ഉണ്ടായ സംഭവം അയാളുടെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. സഹപ്രവർത്തകൻ മീറ്റിംഗിൽ പറഞ്ഞ ഒരു വാക്ക് അനൂപിന് ഇഷ്ടപ്പെട്ടിരുന്നില്ല.

“അവൻ എന്നെ താഴ്ത്തിക്കാണിക്കാൻ തന്നെയാണ് പറഞ്ഞത്.” അനൂപ് ഉറപ്പിച്ചു. വീട്ടിലെത്തിയിട്ടും അതുതന്നെയായിരുന്നു ചിന്ത. ഒടുവിൽ ഫോൺ എടുത്തു. ആരെയെങ്കിലും വിളിക്കണം.അനൂപ് ചിന്തിച്ചു. പിന്നെ വിചാരിച്ചു.

“എന്തിനാണ് ഞാൻ വിളിക്കുന്നത്? ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞാൻ അപമാനിക്കപ്പെട്ടത് അവർ കണ്ടതാണ്. അവർ ആരെങ്കിലും എന്നെ വിളിക്കട്ടെ.” അനൂപ് ഫോൺ തിരികെ വച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു മെസേജ് വന്നു. “എവിടെയാ?” സുഹൃത്താണ്.

അനൂപ് മെസേജ് നോക്കി. മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങി. “വീട്ടിൽ.” എന്നാൽ ആ മെസേജ് അയച്ചില്ല.

വീണ്ടും ടൈപ്പ് ചെയ്തു, “ഒന്നുമില്ല.” എന്ന്. എന്നാൽ അതും അയച്ചില്ല.

അൽപസമയം കഴിഞ്ഞപ്പോൾ അനൂപ് ഫോൺ നോക്കി. ഇല്ല, പുതിയ മെസേജ് ഒന്നുമില്ല. അയാൾക്കാകെ നിരാശ തോന്നി. അപ്പോഴാണ് കോളിങ് ബെല്ല് അടിച്ചത്. അനൂപ് വാതിൽ തുറന്നു. സുഹൃത്താണ്, സന്ദീപ്. അയാൾ പറഞ്ഞു,

“അനൂപ്, നീ ഓക്കെ അല്ലെന്നു തോന്നി. അതാ നേരെ ഇങ്ങോട്ടു പോന്നത്.” അനൂപ് ചിരിച്ചു. അയാൾക്ക് ഒരു കാര്യം മനസ്സിലായി. താൻ ഒറ്റയ്ക്കായതുകൊണ്ടല്ല ഇത്രയും അസ്വസ്ഥനായത്. തന്റെ മനസ്സിൽ ഉണ്ടാക്കിയ ഒരു കഥയ്ക്കുള്ളിൽ താൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു.

“അവൻ അങ്ങനെ പറഞ്ഞത് എന്നെ അപമാനിക്കാനാണ്.”,

“ആരും എന്നെ ശരിക്കും മനസ്സിലാക്കുന്നില്ല.”,

“ഞാൻ പറഞ്ഞാൽ ആരും കാര്യമാക്കില്ല.” ഇതെല്ലാം എൻ്റെ മാത്രം ചിന്തകളായിരുന്നു. ഇപ്പോ ദാ കണ്ടില്ലേ, സന്ദീപ് വന്നത്?

അനൂപ് ആദ്യമായി ആ ചോദ്യം സ്വയം ചോദിച്ചു. അനാവശ്യ ചിന്തകളുടെ കൂമ്പാരത്തിനിടയിൽ താൻ സ്വയം ഒറ്റപ്പെട്ട് ഇരിക്കുകയായിരുന്നു എന്നയാൾ തിരിച്ചറിഞ്ഞു. അയാൾ സന്ദീപിനോടു സംസാരിച്ചു, പിന്നെ മെസേജുകൾക്ക് മറുപടി കൊടുത്തു. സത്യത്തിൽ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിരുന്നില്ല. ഓഫീസിലെ സംഭവം അപ്പോഴും മനസ്സിലുണ്ടായിരുന്നു. എന്നാൽ ഒരു വ്യത്യാസമുണ്ടായിരുന്നു. ഇപ്പോൾ അവൻ ആ ചിന്തയിൽത്തന്നെ തളച്ചിടുകയല്ല, അതൊരു ചിന്ത മാത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു.

ശാസ്ത്രം പറയുന്നത്

ഒരു ചിന്ത ആവർത്തിക്കുമ്പോൾ അത് കൂടുതൽ പരിചിതമായ ചിന്താപഥമായി മാറുന്നു. “എല്ലാവരും എന്നെ അവഗണിക്കുന്നു” എന്ന ചിന്ത വരുമ്പോൾ അതുടൻ സത്യമെന്ന് വിശ്വസിക്കുന്നതിനുപകരം, “ഇത് എന്റെ ഇപ്പോഴത്തെ തോന്നലാണോ, അതോ യാഥാർത്ഥ്യമാണോ?” എന്ന് ചോദിക്കുന്നത് പുതിയൊരു ചിന്താശീലം വളർത്താൻ സഹായിക്കും. ചെറിയൊരു ഇടവേള പോലും പ്രതികരണത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ സ്ഥലമൊരുക്കും.

ആത്മീയ പ്രതിഫലനം

മനസ്സിൽ ഉയരുന്ന എല്ലാ ചിന്തകളും സത്യമല്ല. ചിലത് വെറുതേ കടന്നുപോകുന്ന മേഘങ്ങളാണ്. അവയെ പിന്തുടരാതെ നോക്കിനിൽക്കാനും ഒരു പരിശീലനം വേണം.

ഇന്നത്തെ പരിശീലനം

ഇന്ന് നിങ്ങളെ അസ്വസ്ഥമാക്കിയ ഒരു ചിന്ത എഴുതുക.

അതിനുശേഷം രണ്ട് ചോദ്യങ്ങൾ ചോദിക്കുക:

  1. ഇത് ഒരു വസ്തുതയാണോ, എന്റെ വ്യാഖ്യാനമാണോ?
  2. ഇതിന് മറ്റൊരു സാധ്യതയുള്ള വ്യാഖ്യാനം എന്താണ്?

ഉത്തരം ഉടൻ കണ്ടെത്തേണ്ടതില്ല. ചിന്തയ്ക്കും പ്രതികരണത്തിനും ഇടയിൽ ഒരു ചെറിയ ഇടവേള ഉണ്ടാക്കുക മാത്രം ചെയ്യുക.

ഇന്നത്തെ വാക്യം

“എന്റെ മനസ്സിൽ വരുന്ന ഓരോ ചിന്തയും സത്യമാകണമെന്നില്ല; പ്രതികരിക്കുന്നതിന് മുൻപ് അതിനെ ഒന്ന് നോക്കിക്കാണാം.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.