വിധി

ഇല്ലാത്തവനിൽ നിന്ന് ഉള്ളതുകൂടി
കവർന്നെടുക്കുന്ന വിധിയുടെ
ക്രൂരതയിൽ പകച്ചു നിന്നവന്
ആരോടാണ് കടപ്പാട് ?

ജീവിതകാലം മുഴുവൻ
വീടില്ലാതെ കഴിഞ്ഞവന്
മരിക്കുമ്പോൾ എന്തിനാണ് വീട്?

എന്തു കഴിച്ചു ? എവിടെ ഉറങ്ങി ?
എന്ന് തിരക്കാൻ ആരും
ഇല്ലാതിരുന്നവന്റെ ശരീരം
ആർക്കാണ് കാഴ്ചയ്ക്ക് വെക്കേണ്ടത്?

രോഗിയായി വന്നവന്
ബോഡിയായി മടങ്ങാൻ
ആശുപത്രി
മേൽക്കൂര ഒരുക്കിയെങ്കിൽ
ചാരമാകാൻ ശ്മശാനം തന്നെ ധാരാളം!

ജീവിച്ചിരുന്നപ്പോൾ
നിസ്സഹായനായിരുന്നവന്
ജീവനുള്ളവരുടെ മേൽ
വിധി തീർപ്പിന്റെ ഖഡ്ഗമേന്താൻ
കഴിഞ്ഞാൽ ….?

അവനിടമില്ലാതിരുന്ന ഭൂമി
അവനെ ഒന്നുമില്ലാത്തവനാക്കിയവർക്ക്
ഓടിയൊളിക്കാൻ
ഇടം കൊടുക്കുമോ?

ചില മരണങ്ങൾ ശരീരത്തിന്റെ ജഡികതയല്ല;
ജീവിച്ചിരിക്കുന്നവരുടെ
മനഃസാക്ഷിക്കു മുന്നിൽ
വിധിയുടെ മായ്ച്ചുകളയാനാവാത്ത
കുറ്റപത്രങ്ങളാണ്.

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി