നാട്ടുഭാഷയിലൂടെ ഒരു ഓർമ്മ സഞ്ചാരം (നന്മയുടെ സഹവർത്തിത്വം)

തിരുശേഷിപ്പുകളോ അടയാളങ്ങളോ ബാക്കിവെക്കാതെ ചരിത്രത്തിൽ നിന്നും നിഷ്കാസിതരായ ഒരുപറ്റം മനുഷ്യരെ കുറിച്ച്, അവരുടെ പിൻഗാമികളായ മനുഷ്യരുടെ സമകാലിക അവസ്ഥയെ പറ്റി ഒരാൾ സംസാരിക്കുന്നു. ഒരു വൈകുന്നേരം നാട്ടിൻ പുറത്തെ ആൽമരച്ചുവട്ടിലോ ചായക്കടയിലോ ഇരുന്ന് നമുക്ക് പരിചിതരായ നാട്ടുകാരുടെ പൂർവികരെ കുറിച്ച് മുതിർന്നൊരാൾ സരസമായി വർണ്ണിക്കുന്നത് പോലെ ഒരു ദേശത്തിൻറെ പല കാലഘട്ടങ്ങളെ  അടയാളപ്പെടുത്തുകയാണ് ശ്രീ എ.ടി അലി ‘നന്മയുടെ സഹവർത്തിത്വം’ എന്ന ആത്മകഥയിലൂടെ.

അടിവരയിടേണ്ട ഉദ്ധരണികളോ അർത്ഥം തിരയേണ്ട വാക്കുകളുടെ കടുംചമയങ്ങളോ ചേർക്കാതെ മനുഷ്യപക്ഷത്ത് നിന്നും ഒരു ദേശത്തിന്റെ വേരുകൾ തേടി, ജീവിച്ചിരിക്കുന്ന മനുഷ്യരെയും  അവരുടെ  മുൻതലമുറയെയും വർത്തമാന കാലത്തിന് മുമ്പിൽ നാട്ടുവർത്തമാനത്തിന്റെ നൈർമ്മല്യത്തോടെ അക്ഷരങ്ങളാൽ ഇവിടെ അനാവരണം ചെയ്യുന്നു.

ആധുനിക തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ബിരുദവും ബിരുദാനന്തര ബിരുദങ്ങളുമുണ്ടായിട്ടും ഉന്നതങ്ങളിൽ പിടിപാടുകളേറെ കൂട്ടുണ്ടായിട്ടും എത്തിപ്പെടാനാവാത്ത കസേരയിൽ മുന്നേറാനുള്ള വാശി മാത്രം മൂലധനമാക്കി ഒരു നാട്ടിൻപുറത്തുകാരൻ ഇരിപ്പുറപ്പിച്ച നാൾവഴികളുടെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകമെന്ന് വിശേഷിപ്പിക്കാതെ വയ്യ. വാഴയിലയിൽ ഉമ്മൂമ്മ പൊതിഞ്ഞു നൽകിയ പത്തിരിയും പോത്തിറച്ചി വരട്ടിയതും കൊണ്ട് കടൽ കടന്ന അനേക ലക്ഷം പുരാതന പ്രവാസികളുടെ പ്രതിനിധി. വാർത്താവിനിമയ മാധ്യമങ്ങളുടെ ദൗർലഭ്യവും അതിനായുള്ള ഭീമമായ ചിലവും. കത്തെഴുത്തിനെ ആശ്രയിച്ച് മാത്രം വർഷങ്ങളുടെ നീണ്ട കാലങ്ങളെ ഓർമ്മകളെ കൊണ്ട് താലോലിച്ച് നിർത്തിയവർ. അപൂർവ്വമായി പെയ്തു പോകുന്ന മരുഭൂമിയിലെ നേർത്ത മഴപോലെ പോസ്റ്റ് ബോക്സ് നമ്പറുകളിൽ വന്നുവീഴുന്ന പോയ മാസങ്ങളിലെ വിശേഷങ്ങൾ കുറിച്ചിട്ട മത്തിച്ചാർ മണക്കുന്ന കത്തുകൾ. കാത്തിരിക്കുന്നവരുടെ കിനാവുകൾക്ക് നിറം പകരാൻ കനലുപോലെ  പൊള്ളുന്ന മണലിൽ നഗ്നപാദരായും നടിക്കാൻ മടിയൊട്ടുമില്ലാതിരുന്നവർ. എ.ടി അലിയും ആ കാലത്തിന്റെ പ്രതിനിധിയാണ്. കാലത്തിന്റെ നിർബന്ധങ്ങളിൽ ഔദ്യോഗിക സ്ഥാനം ഒഴിഞ്ഞെങ്കിലും ഓർമ്മയുടെ മാറാപ്പു പോലെ ഔദ്യോഗിക വസ്ത്രം ധരിച്ച് മടക്ക യാത്രയ്ക്ക് വിമാനത്താവളത്തിലെത്തുന്ന അയാൾ ജീവിതത്തെ താളുകളിലേക്ക് പകർത്തുമ്പോൾ  കഥപറയാതെ മടങ്ങിയ ലക്ഷോപലക്ഷങ്ങളുടെ നാവാകുന്നു.

മനുഷ്യർ പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന  ഉത്തമ സാമൂഹികാവസ്ഥ പലയിടത്തും പലപല രീതിയിൽ കൈമോശം വന്നെങ്കിലും ഇന്നും നന്മയുടെ സഹവർത്തിത്വം കെടാതെ ജ്വലിക്കുന്നത് പ്രവാസ മണ്ണിലാവും. അന്നാട്ടിലെ ശക്തമായ നിയമങ്ങളും കാത്തിരിക്കുന്നവരോടുള്ള പ്രതിബദ്ധതയും തന്നെയാവണം പല രാജ്യക്കാർ, പലപല മതവിശ്വാസികൾ പരസ്പര ബഹുമാനത്തോടെ സഹായിച്ചും സഹകരിച്ചും മറ്റൊരു നാട്ടിൽ ഐക്യത്തോടെ അവരവരുടെ സ്വപ്നങ്ങൾക്കായി ചോരയെ വിയർപ്പാക്കാനുള്ള മുഖ്യ ഹേതു. മറ്റൊരു നാട് തരുന്ന തിരിച്ചറിയാൻ ആരുമില്ലാത്ത ഇടത്തെ സ്വാതന്ത്ര്യങ്ങളെ അവർ വേണ്ടെന്ന് വെയ്ക്കുന്നത് കാണാ ചങ്ങലകൾ കൊണ്ട് പിറന്ന നാട്ടിലെ രക്ത ബന്ധങ്ങൾ കൊരുത്തിട്ട വേർപെടുത്താനാവാത്ത ബന്ധനങ്ങളാണ്. ആകാശമേത് എത്രയൊക്കെ ഉയരെ ഉയർന്നു പറന്നാലും പട്ടങ്ങൾക്ക് ചരടെന്ന പോലെ നിയന്ത്രണങ്ങളുടെ സുരക്ഷിതത്വത്തിലാണ്  നിറം മങ്ങാതെ തകർന്നു വീഴാതിരിക്കുന്നത്.

മാറഞ്ചേരിയിൽ നിന്നൊരാൾ പിടിച്ച ചരടിനറ്റത്ത് സ്വപ്നളുടെ നിറച്ചാർത്തുള്ള പട്ടം പറന്നു പൊങ്ങിയത് അബുദാബിയുടെ ആകാശത്താണ്. കടൽ കടന്നപ്പോഴും കരളു വിട്ടൊഴിയാത്ത നാടോർമ്മകൾ. തിരികെ ജന്മനാട്ടിൽ വന്നിറങ്ങിയപ്പോഴും ഉള്ളിൽ മായാതെ കിടക്കുന്ന വഴിത്താരകൾ. കണ്ടുമുട്ടിയ, ആശ്രയമായ, വഴികാട്ടിയ, കഥ പറഞ്ഞ, വിസ്മയിപ്പിച്ച എത്രയെത്ര മനുഷ്യരാണ് ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവുക.

ഈ പുസ്തകം നൂറുകണക്കിന് വരുന്ന, ഒരുപക്ഷെ സ്വന്തം തിരിച്ചറിയിൽ രേഖയിലോ, സന്താനങ്ങളുടെ രേഖകളിലെ  മാതാപിതാക്കളുടെ കോളത്തിലോ മാത്രമായി പേരൊടുങ്ങേങ്ങ ഒരുപറ്റം പച്ചമനുഷ്യരെ കൃതജ്ഞതയുടെ ചുവന്ന മഷികൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരിക്കുകയാണ് രചയിതാവ്. മനുഷ്യരെ പോലെ തന്നെ ഒരു ദേശത്തിന്റെ പോയ കാലത്തെയും. ചുണ്ണാമ്പ് വില്പനക്കാരിയും സുന്നത്ത് കല്യാണമെന്ന ചേലാകർമ്മവും അക്കാലത്തെ കല്യാണ ആഘോഷങ്ങളുമെല്ലാം ഭാവനയുടെ മേമ്പൊടി ചേർക്കാതെ വരച്ചിട്ടിരിക്കുന്നു.

നാല്പത്തിരണ്ടു വർഷത്തെ പ്രവാസ ജീവിതത്തെ ഒരു നാടിൻറെ അര നൂറ്റാണ്ടു ദൈർഘ്യമുള്ള  ചലനങ്ങളോട് ചേർത്ത് ശ്രീ എ.ടി അലി പറയുമ്പോൾ കാലത്തിന്റെ ചുമരിൽ എഴുത്തുകാരൻ കോറിയിട്ട ചരിത്ര ചിത്രങ്ങളെ നോക്കി വായനക്കാരൻ നടന്നു നീങ്ങുന്നു. പലപല പേരുകളുള്ള ഒട്ടേറെ കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമായ താളുകളിൽ ചിലർ വായനക്കാരന്റെ വിശിഷ്യാ മാറഞ്ചേരിയുടെയോ പരിസര പ്രദേശങ്ങളിലുള്ളവരുടെയോ അതുമല്ലെങ്കിൽ അബുദാബി പ്രവാസിയുടെയോ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നവരാവും. ആ ഓർമ്മപ്പെടുത്തലിൽ സഹവർത്തിത്വത്തിന്റെ സുവർണ്ണകാലം വീണ്ടും പൂത്തുലയുന്നു. കാലത്തിന്റെ ഏത് ധ്രുത ചലനങ്ങളിലും മായാതെ ഒട്ടേറെ മനുഷ്യരും ഒരു ദേശത്തിന്റെ പോയ കാലവും വായന നിലനിൽക്കുന്ന കാലത്തോളം ഈ പുസ്തകത്തിലൂടെ ജീവിക്കും. ഒരാളുടെ ജീവിത ചര്യകൾ ഒരു ദേശത്തിന്റെ നാൾ വഴികളായും അതിലെ സഞ്ചാരം ഒരിക്കലും ഉറവ വറ്റാത്ത നന്മയുടെ മഹാ പ്രവാഹമായും ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. കാഴ്‌ച, പരാജിതൻ, നെല്ലിക്ക, ചെക്കൻ, നാലുവരക്കോപ്പി, ഒമ്പതാളും ഒരോന്തും എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. സ്വന്തം പേരിൽ ആനുകാലികങ്ങളിലും പരാജിതൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിലും എഴുതുന്നു