പറയാതെ പോയ വാക്ക്

ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എടുക്കാൻ അര മണിക്കൂർ കൂടിയുണ്ട്. എതിർ സീറ്റിൽ ഒരു അമ്മ വന്നിരുന്നു. അറുപതു കഴിഞ്ഞു കാണും. കയ്യിൽ ഒരു ചെറിയ തുണിസഞ്ചി. അതിനുള്ളിൽ കുറച്ച് തുളസിയിലയും, മുല്ലപ്പൂവും.

.”എങ്ങോട്ടാ?” ഞാൻ ചോദിച്ചു.

“മോന്റെ അടുത്തേക്ക്,” അവർ ചിരിച്ചു

പിന്നെ, ഞാൻ ചോദിക്കാതെ തന്നെ, അവർ പറഞ്ഞു തുടങ്ങി.

“എന്റെ ഭർത്താവ് പോയിട്ട് രണ്ടു വർഷമായി.

“ഞാൻ മിണ്ടിയില്ല.”

” വലിയ ആളൊന്നുമായിരുന്നില്ല. സ്കൂളിലെ ക്ലാർക്കായിരുന്നു. പ്രണയം പറയാൻ അറിയില്ല. പൂക്കളോ സമ്മാനങ്ങളോ തന്നിട്ടില്ല.” , അവർ ജനാലയിലൂടെ പുറത്തേക്ക് നോക്കി.

“പക്ഷേ, മുപ്പത്തിയെട്ട് വർഷം… ഒരു ദിവസം പോലും മുടങ്ങാതെ, രാവിലെ അഞ്ചു മണിക്ക് എനിക്കായി ഒരു ചായ ഇട്ടു തരും. പഞ്ചസാര കുറച്ച്, ചൂട് കുറച്ച്, ഞാൻ കുടിക്കുന്ന അതേ പാകത്തിൽ. ഞാൻ പറഞ്ഞു കൊടുത്തിട്ടല്ല, അദ്ദേഹം എന്നെ നോക്കി പഠിച്ചതാണ്.”

“ഞാൻ പുറത്തു നിന്ന് വൈകിയാൽ, വീട്ടിലെ വെളിച്ചം പോലും ഇടാതെ, ആ ചാരുകസേരയിൽ ഇരിക്കും. ‘എന്താ വൈകിയത്?’ എന്ന് ചോദിക്കില്ല. ‘വന്നോ, ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്’ എന്നു മാത്രം പറയും.”അവർ ഒന്ന് നിർത്തി.”

” അന്നൊക്കെ ഞാൻ കരുതി, അതൊക്കെ അയാളുടെ കടമയല്ലേ എന്ന്.”

ട്രെയിൻ കൂകി.

“അദ്ദേഹം പോയതിനു ശേഷമാണ് ഞാൻ വീടിന്റെ ശബ്ദം കേട്ടത്. “

” ആരും ‘ഭക്ഷണം കഴിച്ചോ?’ എന്ന് ചോദിക്കാത്ത ഒരു പ്രഭാതം എത്ര നീണ്ടതാണെന്ന്. ആരും ‘ശ്രദ്ധിച്ചു പോകണേ’ എന്ന് പറയാത്ത ഒരു യാത്ര എത്ര അരക്ഷിതമാണെന്ന്. “ആശുപത്രിയിൽ അവസാന നാളിൽ, ഞാൻ ആ കൈകൾ മുറുകെ പിടിച്ചു. മുപ്പത്തിയെട്ട് വർഷമായി പറയാൻ മറന്ന ഒരു ‘നന്ദി’ ആ അഞ്ചു മിനിറ്റിൽ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ വന്നില്ല.”

ട്രെയിൻ നീങ്ങി തുടങ്ങി. അവർ ബാഗിൽ നിന്ന് ഒരു ഫ്ലാസ്ക് എടുത്തു.

“ഇത് മോൻ വാങ്ങി തന്നതാണ്. പക്ഷേ ഇതിലെ ചായയ്ക്ക്, ആ ചായയുടെ രുചിയില്ല”

ഞങ്ങൾ രണ്ടുപേരും കുറേ നേരം മിണ്ടിയില്ല.

ട്രെയിൻ ഇരുട്ടിനെ കീറി മുന്നോട്ട് പായുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് നമ്മൾ സ്നേഹത്തെ തിരയുന്നത് ആകാശത്തോളം ഉയരത്തിലാണ്. പക്ഷേ സ്നേഹം ഒളിച്ചിരിക്കുന്നത് നമ്മുടെ ദിവസത്തിലെ ഏറ്റവും ചെറിയ ഇടങ്ങളിലാണ്. ഒരു ചായയിൽ, ഒരു കാത്തിരിപ്പിൽ, ഒരു “വന്നോ” എന്ന വിളിയിൽ.

അവർ ചെയ്തത് വലിയ കാര്യങ്ങളായിരുന്നില്ല, അതുകൊണ്ടു തന്നെയാണ് നമ്മൾ അത് കാണാതെ പോകുന്നതും.

ആ യാത്ര കഴിഞ്ഞ് ഞാൻ വീട്ടിൽ ചെന്നപ്പോൾ ആദ്യം ചെയ്തത്, വാതിൽ തുറന്നു തന്നവരോട് “നന്ദി” എന്ന് പറയുകയായിരുന്നു. എനിക്കായി ചായ ഇട്ടു വെച്ചവരോട്, ഞാൻ വൈകിയപ്പോൾ കാത്തിരുന്നവരോട്. കാരണം എനിക്കറിയാം, ചില നന്ദികൾ നാളത്തേക്ക് മാറ്റി വെക്കരുതെന്ന്. നാളെ ആ വാക്ക് കേൾക്കാൻ ആളുണ്ടാകുമെന്ന്, ജീവിതം ഒരിക്കലും ഉറപ്പ് തരുന്നില്ല.

ഒരു മനുഷ്യൻ നഷ്ടപ്പെടുമ്പോഴല്ല, അയാൾ ദിവസവും ചെയ്തിരുന്ന ചെറിയ കാര്യങ്ങൾ ഒന്നൊന്നായി ഇല്ലാതാകുമ്പോഴാണ് നമ്മൾ ശരിക്കും അനാഥരാകുന്നത്. അന്നാണ് നമ്മൾ തിരിച്ചറിയുന്നത്, നമ്മൾ എത്ര ആഴത്തിൽ സ്നേഹിക്കപ്പെട്ടിരുന്നുവെന്ന്. വളരെ നിശ്ശബ്ദമായി. ഒരു വാക്ക് പോലും പറയാതെ.

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി. പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കഥകൾ എഴുതുന്നു.