പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 49


രാത്രി ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ സരളയ്ക്ക് ഒരു കാര്യം ഉറപ്പായിരുന്നു, ഇനി തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കാനില്ല. വയസ്സ് അമ്പത്തിയഞ്ച്! മുപ്പതു വർഷം ഒരു വീടിനുവേണ്ടി ജീവിച്ചു. ഭർത്താവിന്റെ ഇഷ്ടങ്ങൾ, മക്കളുടെ ആവശ്യങ്ങൾ, അച്ഛനമ്മമാരെ പരിചരിക്കൽ, ബന്ധുക്കളുടെ അഭിപ്രായങ്ങൾ. എല്ലാം കഴിഞ്ഞപ്പോൾ അവൾക്ക് സ്വന്തമായി ബാക്കിയുണ്ടായിരുന്നത്, ഒരു പഴയ ബാഗും കുറച്ച് വസ്ത്രങ്ങളും കുറച്ചു പണവും മാത്രം. ഭർത്താവും മരിച്ചതോടെയാണ് ആ വീട്ടിൽ തൻ്റെ സ്ഥാനം എന്തെന്ന് സരളയ്ക്ക് കൃത്യമായും വെളിപ്പെട്ടത്. ഇളയ മകൻ കൂടി വിവാഹിതനായതോടെ സ്വന്തം മുറിയും ഒഴിഞ്ഞു നൽകേണ്ട സ്ഥിതിയായി. അച്ഛൻ ഇല്ലല്ലോ, അമ്മയ്ക്കെന്തിനാണ് പ്രത്യേകം മുറി? അതായിരുന്നു എല്ലാവരുടേയും ന്യായം. കിടപ്പ് കോണിപ്പടി ചുവട്ടിലായി, സ്വന്തം അലമാര ഇല്ലാതായി.അതേക്കുറിച്ച് പരിഭവം പറഞ്ഞ അന്ന് വൈകുന്നേരം മകൻ അവളോട് പറഞ്ഞു: “അമ്മയ്ക്ക് ഇനി എന്താണ് വേണ്ടത്? ഇവിടെ സുഖമായി ഇരുന്നാൽ പോരേ? എല്ലാം ഞങ്ങൾ നടത്തിത്തരുന്നില്ലേ? കഴിക്കാനും ഉടുക്കാനുള്ളതും തരുന്നില്ലേ? പിന്നെന്തിനാണ് ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്?”

ആ ചോദ്യം കേട്ടപ്പോൾ അവൾക്ക് വേദനിച്ചില്ല. കാരണം ആ ചോദ്യം വർഷങ്ങളായി അവൾ സ്വയം തന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. “എനിക്ക് ഇനി എന്താണ് വേണ്ടത്?”

ആ വൈകുന്നേരം അവൾ ഒരു ചെറിയ ബാഗിൽ തൻ്റേത് എന്നുറപ്പുള്ളതു മാത്രം എടുത്തു വെച്ച് ആരേയും ശല്യം ചെയ്യാതെ ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നു. ആരോടും വഴക്കിട്ടില്ല. ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. പരിഭവം പറഞ്ഞില്ല. വീടുവിട്ടിറങ്ങുമ്പോൾ വാതിൽക്കൽ ഒരു നിമിഷം നിന്നു. ഈ വീട്ടിലേക്ക് ഒരിക്കൽ താൻ ഒരു വധുവായി വന്നു കയറിയതാണ്. ഇപ്പോൾ…സ്വന്തം ജീവിതത്തിലേക്ക് ഒരു അന്യയായി ഇറങ്ങിപ്പോകുന്നതുപോലെ തോന്നി അവൾക്ക്. അവൾക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വരാൻ ഇനിയും സമയമുണ്ട്. സ്റ്റാൻഡിലെ ബെഞ്ചിൽ ഇരുന്ന് അവൾ ചുറ്റും നോക്കി.

ദൂരെയുള്ള ഒരു ചെറിയ പട്ടണത്തിലേക്കാണവളുടെ യാത്ര. അവിടെ അവളുടെ പഴയ കൂട്ടുകാരിയുണ്ട്. ഒരു തുന്നൽ കേന്ദ്രം നടത്തുകയാണ്. “നീ വന്നാൽ എൻ്റെയൊപ്പം നിൽക്കാം. ഒരു തൊഴിൽ തരാൻ എനിക്കാവും,” എന്നവൾ അവൾ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ സരള ഒരിക്കലും അതിനു തയ്യാറായില്ല. ഭർത്താവ്, കുട്ടികൾ…. പറ്റില്ല, എനിക്കിവിടം വിട്ടു വരാനാകില്ല എന്നായിരുന്നു അവളുടെ മറുപടി. കൂടാതെ അവൾ പറഞ്ഞു, വൈകിപ്പോയി ഞാൻ… ഇനി മറ്റൊരു ജീവിതം എങ്ങനെ സാധിക്കാനാണ്. മരിക്കുവോളം ഇങ്ങനെ തുടരും.

ബസ് വരാൻ സമയമുണ്ട്. അവൾ ബാഗ് മടിയിൽ വെച്ച് ഇരുന്നു. അപ്പോഴാണ് അടുത്ത ബെഞ്ചിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടത്. കൈയിൽ വലിയൊരു ഫയൽ. മുഖത്ത് കണ്ണീർച്ചാൽ. സരള ചോദിച്ചു, “എന്തുപറ്റി?” പെൺകുട്ടി ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ പറഞ്ഞു:

“ഞാൻ പരീക്ഷയിൽ തോറ്റു.”

“ആട്ടെ എത്ര വയസ്സുണ്ട്?” സരള ചോദിച്ചു.

“ഇരുപത്തിമൂന്ന്.” ആ പെൺകുട്ടി പറഞ്ഞു.

സരള ചിരിച്ചു. “അതിനെന്തിനാണ് നീ കരയുന്നത്?” അവൾ ചോദിച്ചു.

പെൺകുട്ടി അതിശയത്തോടെ നോക്കി. “എന്റെ ജീവിതം തീർന്നില്ലേ?” സരള ഒന്നും പറഞ്ഞില്ല. അവളോർത്തു, ഇരുപത്തിമൂന്ന് വയസ്സുള്ള പെൺകുട്ടി തന്റെ ജീവിതം കഴിഞ്ഞെന്ന് കരയുന്നു. അമ്പത്തിയഞ്ച് വയസ്സുള്ള താൻ തന്റെ ജീവിതം തുടങ്ങാനിരിക്കുകയാണ്. അവൾക്ക് പെട്ടെന്ന് ഒരു ചിന്ത വന്നു. ജീവിതം നമ്മളോട് ഒരിക്കലും ഇതാണ് അവസാന അവസരം. എന്നു പറയുന്നില്ല അത് നമ്മളാണ് തീരുമാനിക്കുന്നത്. ഇനി പഠിക്കാൻ പറ്റില്ല, ജോലി തുടങ്ങാൻ പറ്റില്ല, സ്വപ്നം കാണാൻ പറ്റില്ല. മാറാൻ പറ്റില്ല, ഇനി എന്തിനാണ്? എന്നിങ്ങനെ സ്വയം വേലികെട്ടുന്നത് നമ്മളാണ്.

കുറച്ചു സമയം കഴിഞ്ഞു ബസ് വന്നു. പെൺകുട്ടി എഴുന്നേറ്റു.

അവൾ സരളയെ നോക്കി ചോദിച്ചു,

“ചേച്ചി എങ്ങോട്ടാണ്?”

സരള പറഞ്ഞു, “ജീവിതം തുടങ്ങാൻ പോവുകയാണ്.”

അവൾ ബസിൽ കയറി. ജനലരികിലെ സീറ്റിൽ ഇരുന്നു. ബസ് പതുക്കെ നീങ്ങി. തീർത്തും അപരിചിതമായ വഴിയാണ് മുന്നിൽ. എന്നാൽ ആദ്യമായി അവൾക്ക് ഭയം തോന്നിയില്ല. കാരണം ഇതിനോടകം അവൾ ഒന്നു മനസ്സിലാക്കിയിരുന്നു, വൈകി എന്നാൽ അവസാനിച്ചു എന്നല്ല, അത് ആരംഭത്തിൻ്റെ സൂചനയാണ്.

ശാസ്ത്രം പറയുന്നത്

“വൈകിപ്പോയി” എന്ന ചിന്ത ആവർത്തിക്കുമ്പോൾ അത് ഒരു വിശ്വാസമായി മാറാം. എന്നാൽ തലച്ചോർ മാറ്റത്തിന് തയ്യാറാണ്.പുതിയൊരു കാര്യം പഠിക്കുമ്പോഴും, പുതിയൊരു ശീലം തുടങ്ങുമ്പോഴും, പഴയ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോഴും നമ്മൾ പുതിയ ചിന്താപാതകൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് മാറ്റത്തിന് ഒരു പ്രായപരിധിയില്ല. പുതിയ ജീവിതം തുടങ്ങാൻ പുതിയ തീരുമാനം മാത്രം മതി.

ആത്മീയ പ്രതിഫലനം
നമ്മൾ പലപ്പോഴും ദൈവത്തോട് ചോദിക്കും: “എന്തുകൊണ്ടാണ് ഇത്ര വൈകിയത്?” ദൈവത്തിൻ്റെ മറുപടി ഇങ്ങനെയായിരിക്കാം:

“വൈകിയിട്ടില്ല. നീ തയ്യാറായത് ഇപ്പോഴാണ്.” ദൈവത്തിന്റെ സമയത്തെ നമ്മുടെ കലണ്ടർ കൊണ്ട് അളക്കാൻ കഴിയില്ല.

“വൈകിപ്പോയി” എന്ന വാക്ക് ഇന്ന് ജീവിതത്തിൽ നിന്ന് നീക്കം ചെയ്യാം. പഠിക്കാൻ വൈകിയിട്ടില്ല. മാറാൻ വൈകിയിട്ടില്ല, ക്ഷമിക്കാൻ വൈകിയിട്ടില്ല, സ്വയം കണ്ടെത്താൻ വൈകിയിട്ടില്ല, ഒരു പുതിയ തുടക്കത്തിന് വൈകിയിട്ടില്ല. നമ്മൾ ശ്വാസം എടുക്കുന്നിടത്തോളം ഒരു പുതിയ അധ്യായത്തിനുള്ള സാധ്യതയുണ്ട്.

ഇന്നത്തെ വാക്യം
“വൈകിയെന്ന് ഞാൻ കരുതിയിടത്താണ് എന്റെ പുതിയ തുടക്കം കാത്തിരുന്നത്.”

ഇന്നത്തെ പരിശീലനം
നിങ്ങളുടെ ജീവിതത്തിൽ “ഇനി വൈകിപ്പോയി” എന്ന് കരുതുന്ന ഒരു കാര്യം എഴുതുക.

അതിനുശേഷം ഒരു ചോദ്യം: “ഇത് ശരിക്കും വൈകിപ്പോയതാണോ, അതോ ഞാൻ തുടങ്ങാൻ ഭയപ്പെടുന്നതാണോ?”

ഉത്തരം സത്യസന്ധമായി എഴുതുക.

പിന്നെ അതിലേക്ക് ചെയ്യാവുന്ന ആദ്യചുവട് ഇന്ന് തന്നെ തീരുമാനിക്കുക.

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.