
ഉണർന്ന മനുഷ്യൻ
ജീവിതപരിവർത്തനയാത്ര തുടങ്ങിയിട്ട് ഇന്ന് അമ്പതാം ദിവസമാണ്. രാവിലെ അയാൾ പതിവിലും നേരത്തേ ഉണർന്നു. അലാറം വേണ്ടി വന്നില്ല ഉണരാൻ. കുറച്ചുനേരം അയാൾ മേൽക്കൂരയിലേക്ക് നോക്കിക്കിടന്നു. പിന്നെ പതുക്കെ എഴുന്നേറ്റു. ജനൽ തുറന്നു. പുറത്ത് അതേ കാഴ്ചകൾ. ജീവിതത്തിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് വലിയൊരു തുക വന്നിട്ടില്ല. കാത്തിരുന്ന ഫോൺ കോൾ വന്നിട്ടില്ല. വർഷങ്ങളായി അലട്ടിയിരുന്ന ചില പ്രശ്നങ്ങൾ ഇപ്പോഴും അവിടെത്തന്നെയുണ്ട്.ചില മനുഷ്യർ ഇപ്പോഴും അതേപോലെ തന്നെ തുടരുന്നു, ചില മുറിവുകൾക്ക് ഇപ്പോഴും വേദനയുണ്ട്. അയാൾ കണ്ണാടിയുടെ മുന്നിൽ നിന്നു.
മുഖത്ത് വലിയ മാറ്റമൊന്നുമില്ല, എന്നാൽ കണ്ണുകളിൽ എന്തോ മാറിയിരിക്കുന്നു. അയാൾ സ്വയം ചോദിച്ചു: “എന്താണ് മാറിയത്?” ഉള്ളു പറഞ്ഞു, മാറിയത് നീയാണ്. അയാൾ ചിരിച്ചു. അതെ, ജീവിതം മാറിയിരുന്നില്ല. എന്നാൽ ജീവിതത്തെ നേരിടുന്ന രീതി മാറിയിരിക്കുന്നു. മുൻപ് ഒരു മോശം വാർത്ത കേട്ടാൽ ഉടൻ തകർന്നുപോകുമായിരുന്നു. ഇപ്പോൾ അയാൾ ആദ്യം ശ്വാസമെടുക്കുന്നു. ഹൃദയമിടിപ്പു സ്വാഭാവികമാക്കുന്നു, പിന്നെ ചിന്തിക്കുന്നു. പ്രവർത്തി അതിനു ശേഷം മാത്രം. മുൻപ് ആരെങ്കിലും വിമർശിച്ചാൽ, “ഞാൻ പോരാ” എന്ന് കരുതുമായിരുന്നു. ഇപ്പോൾ ചോദിക്കുക ഇതിൽ എനിക്ക് പഠിക്കാനുള്ളത് എന്താണ് എന്നാണ്. മുൻപ് ആരെങ്കിലും ഉപേക്ഷിച്ചാൽ, “എന്നിൽ എന്തോ കുറവുണ്ട്” എന്ന് കരുതുമായിരുന്നു. ഇപ്പോൾ അയാൾക്ക് അറിയാം, അവർ നമ്മുടെ ജീവിതത്തിൽ തുടരാൻ വരുന്നവരല്ല, നമ്മെ എന്തെങ്കിലും പഠിപ്പിച്ച് കടന്നുപോകാൻ വരുന്നവരാണവർ.
പണ്ട് പരാജയം ഒരു വിധിയായിരുന്നു, ഇപ്പോൾ അത് ഒരു വിവരമാണ്. പണ്ട് ഭയം ഒരു ഉത്തരവായിരുന്നു, ഇപ്പോൾ അത് ഒരു ചോദ്യമാണ്. പണ്ട് മനസ്സിൽ വരുന്ന ഓരോ ചിന്തയെയും സത്യമെന്നു കരുതി വിശ്വസിച്ചിരുന്നു, ഇപ്പോൾ ചിന്തകളെ മാറി നിന്നു നോക്കുന്നു. അവ വരുന്നു, പോകുന്നു. ചിലത് സ്വീകരിക്കുന്നു. ചിലതിനെ വിട്ടുകളയുന്നു. കാരണം അയാൾ ഒടുവിൽ ഒരു കാര്യം മനസ്സിലാക്കിയിരുന്നു: മനസ്സിൽ ഒരു ചിന്ത വന്നാൽ അതിനെ അനുസരിക്കണമെന്നർത്ഥമില്ല. അയാൾ അമ്പത് ദിവസമായി എഴുതിയിരുന്ന ഡയറി തുറന്നു. ആദ്യ പേജിൽ ഒരു പഴയ വാചകം ഉണ്ടായിരുന്നു:
“ഞാൻ പരാജയമാണ്.” അയാൾ ആ വാചകത്തിലേക്ക് കുറച്ചുനേരം നോക്കി. പിന്നെ അതിനു താഴെ എഴുതി: “അന്ന് ഞാൻ അങ്ങനെ വിശ്വസിച്ചിരുന്നു.” അത്ര മാത്രം. പഴയ വാചകം മായ്ച്ചില്ല. കാരണം അതും അയാളുടെ കഥയുടെ ഭാഗമായിരുന്നു.എന്നാലിന്ന് അതിന് പുതിയൊരു അർത്ഥം നൽകാനാകുന്നു. അയാൾ ഡയറിയുടെ അവസാന പേജിൽ എഴുതി:
“ഞാൻ മാറിയിട്ടില്ല. ഞാൻ എന്നെ നോക്കിക്കാണുന്ന രീതി മാത്രം മാറി.” പേന താഴെ വെച്ചു. ജനലിലൂടെ പുറത്തേക്ക് നോക്കി. ജീവിതം അയാളെ കാത്തുനിന്നിരുന്നില്ല. അത് മുന്നോട്ടുപോകുകയായിരുന്നു. അയാളും എഴുന്നേറ്റു, ഭയന്ന് ഓടാനല്ല, മറിച്ച് ബോധത്തോടെ നടക്കാനുറച്ച്.
ശാസ്ത്രം പറയുന്നു
തലച്ചോറിന് മാറാനുള്ള കഴിവുണ്ട്. നമ്മൾ ആവർത്തിക്കുന്ന ചിന്തകളും ശീലങ്ങളും ശ്രദ്ധയും പരിശീലനവും നമ്മുടെ തലച്ചോറിലെ ബന്ധങ്ങളെ സ്വാധീനിക്കുന്നു. അതുകൊണ്ട് മാറ്റം ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന അത്ഭുതമല്ല. ചെറിയ മാറ്റങ്ങൾ നിരന്തരം ആവർത്തിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണത്. അതിനാൽ ഈ അമ്പത് ദിവസങ്ങൾ അവസാനമല്ല. ഇത് പരിശീലനം തുടരാനുള്ള ഓർമ്മപ്പെടുത്തലാണ്. ഇനി നിങ്ങൾക്ക് സ്വയം ചോദിക്കാം:
“ഞാൻ ദിവസവും ഏത് ചിന്തകളെയാണ് ശക്തിപ്പെടുത്തുന്നത്?”
ആത്മീയ പ്രതിഫലനം
ഉണരുക എന്നത് ലോകം ഉപേക്ഷിക്കുക എന്നല്ല, സമൂഹത്തിൽ നിന്നുകൊണ്ട് സ്വന്തം മനസ്സിനെ തിരിച്ചറിയുക എന്നതാണ്. വേദന വരുമ്പോൾ അതിൽ മുങ്ങിപ്പോകാതെ അതിനെ കാണുക. സന്തോഷം വരുമ്പോൾ അതിനെ പിടിച്ചുവയ്ക്കാൻ ശ്രമിക്കാതെ അനുഭവിക്കുക. നഷ്ടം സംഭവിക്കുമ്പോൾ ജീവിതം അവസാനിച്ചുവെന്ന് കരുതാതിരിക്കുക. എന്തെങ്കിലും ലഭിക്കുമ്പോൾ അതാണ് ജീവിതത്തിന്റെ മുഴുവൻ അർത്ഥമെന്ന് കരുതാതിരിക്കുക. സമത്വത്തോടെ ജീവിക്കാൻ പഠിക്കുന്നിടത്താണ് യഥാർത്ഥ ഉണർവ്.
ഇന്നത്തെ ചിന്ത
അമ്പത് ദിവസങ്ങൾക്കുള്ളിൽ ഒരാളുടേയും ജീവിതം മുഴുവൻ മാറില്ല. എന്നാൽ ഈ അമ്പതു ദിവസങ്ങൾക്കിടയിൽ നിങ്ങൾ ഒരു നിമിഷം നിർത്തി ചിന്തിക്കാൻ പഠിച്ചിട്ടുണ്ടെങ്കിൽ, പഴയ മട്ടിലെ എടുത്തു ചാടിയുള്ള പ്രതികരണത്തിനു പകരം പുതിയൊരു തിരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ടെങ്കിൽ, സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം സ്വയം മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, ഒരു ദിവസമെങ്കിലും നിങ്ങളുടെ സ്വന്തം മനസ്സിനോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടെങ്കിൽ… എങ്കിൽ ഈ യാത്ര വെറുതെയായിട്ടില്ല. മാറ്റം എല്ലായ്പ്പോഴും പുറത്തു കാണണമെന്നില്ല. ചില മാറ്റങ്ങൾ ആദ്യം സംഭവിക്കുന്നത് നമ്മുടെ ഉള്ളിലാണ്.
ഇന്നത്തെ വാക്യം
“എന്റെ ഭൂതകാലം എന്റെ വിധിയല്ല.
എന്റെ ചിന്തകൾ എന്റെ യജമാനനല്ല.
എന്റെ തിരഞ്ഞെടുപ്പുകളാണ് എന്റെ അടുത്ത ചുവട്.”
ഇന്നത്തെ പരിശീലനം
ഒരു പേപ്പർ എടുക്കുക. രണ്ട് വാചകങ്ങൾ മാത്രം എഴുതുക.
“ഞാൻ ഇനി മുതൽ എന്നെക്കുറിച്ച് വിശ്വസിക്കാത്ത ഒരു പഴയ കഥ: __”
“ഇന്ന് മുതൽ ഞാൻ എഴുതാൻ പോകുന്ന പുതിയ കഥ: __”
പേപ്പർ മടക്കി സൂക്ഷിക്കുക. അത് ഒരു പ്രതിജ്ഞയല്ല. ഒരു ഓർമ്മപ്പെടുത്തലാണ്.
അവസാന വാക്ക്
ഈ പുസ്തകം ഇവിടെ അവസാനിക്കുന്നു. എന്നാൽ നിങ്ങളുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. നാളെ വീണ്ടും ഒരു പ്രയാസം വരും. ഒരാൾ നിങ്ങളെ നിരാശപ്പെടുത്തും. ഒരു പദ്ധതി പരാജയപ്പെടും. പഴയൊരു ഭയം വീണ്ടും തല ഉയർത്തും. ചില ദിവസങ്ങളിൽ നിങ്ങൾ വീണ്ടും പഴയ നിങ്ങളായി എന്നു തോന്നും. അത് പരാജയമല്ല. അത്, മനുഷ്യനാകുന്നതിന്റെ ഭാഗമാണ്. അത്തരം ദിവസങ്ങളിൽ ഈ അമ്പത് ദിവസങ്ങൾ ഓർക്കുക. ഒന്നു നിൽക്കുക, ശ്വാസമെടുക്കുക, നിരീക്ഷിക്കുക, ചോദിക്കുക, പിന്നെ തിരഞ്ഞെടുക്കുക, എല്ലാ ദിവസവും മികച്ചവനാകണമെന്നില്ല. എന്നാൽ ഓരോ ദിവസവും സ്വന്തം മനസ്സിനെ കുറച്ചുകൂടി മനസ്സിലാക്കുന്ന മനുഷ്യനാകാം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വാതിലുകളും തുറക്കണമെന്നില്ല. ചില വാതിലുകൾ അടഞ്ഞുതന്നെ കിടക്കും. എന്നിരുന്നാലും ഇപ്പോൾ നിങ്ങൾക്കറിയാം, അടഞ്ഞ ഒരു വാതിൽ അല്ല നിങ്ങളുടെ ജീവിതം. ഒരു പരാജയം, അതുമല്ല നിങ്ങളുടെ ജീവിതം. ഒരു മുറിവ്, അതും നിങ്ങളെ നിർവചിക്കുന്നില്ല. ഒരു മോശം ദിവസത്തിൻ്റെ ആകെത്തുകയുമല്ല നിങ്ങൾ. നിങ്ങളുടെ മനസ്സിൽ ഉയരുന്ന എല്ലാ ചിന്തയും സത്യമല്ല. അത് ഒരു കഥ മാത്രമായിരിക്കാം. നിങ്ങളുടെ അടുത്ത ചിന്തയിൽത്തന്നെ അടുത്ത ജീവിതത്തിന്റെ വിത്തുണ്ടാകാം.
അമ്പത് ദിവസം കഴിഞ്ഞു.
പുസ്തകം അടയ്ക്കാം. പക്ഷേ ഈ യാത്ര അവസാനിപ്പിക്കരുത്.ഇനി പുസ്തകത്തിലെ പേജുകളല്ല, നിങ്ങളുടെ ജീവിതമാണ് അടുത്ത അധ്യായം.
“ഇന്ന് മുതൽ ഞാൻ എന്റെ മനസ്സിന്റെ തടവുകാരനല്ല. അതിന്റെ തോട്ടക്കാരനാണ്.”
അധ്യായം 51
എൻ്റെ പുതിയ ജീവിതം….
ഈ അധ്യായം എഴുതേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
( പരമ്പര അവസാനിക്കുന്നു )









