മാംസദാഹികളുടെ നഗരം

ഇപ്പോൾ ചുവക്കാറില്ല
ചുണ്ടുകൾ
എത്ര ലിപ്സ്റ്റിക് തേച്ചിട്ടും.

കവിളുകൾ തുടിക്കാറില്ല
എത്ര റോസ്‌ പൗഡർ
കുടഞ്ഞിട്ടും

മിഴികളിൽ കടാക്ഷം
വശ്യമാവാറില്ല,
എത്ര കരിമഷി പകർന്നിട്ടും.

കടന്നലുകളും തേനീച്ചകളും
തിരിഞ്ഞുനോക്കാറില്ല
എത്ര മധുരം ചൊരിഞ്ഞിട്ടും…

അവ പറന്നുപോയിരിക്കുന്നു
ചുവക്കുന്ന ചുണ്ടുകളും
തുടിക്കുന്ന കവിളുകളും തേടി,
ദൂരെയെങ്ങോ…

രാപ്പകൽ കാത്തിരുന്നിട്ടുണ്ട്
ചുവന്നും തുടുത്തും
ആവശ്യക്കാർക്കായി…

പച്ചിലകൾ, ഉണക്കിലകളെ
മൂടിക്കഴിഞ്ഞു,
ഇനി നഗരം വിടാം.

ആലപ്പുഴ ജില്ലയിൽ മുതുകുളത്ത്എ ജനിച്ചു. എ.ല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതി. നാലു കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ചു. ചുവച്ചു രാശി, എഴുതാൻ പറ്റാത്ത ചിലത്, അപരിചിതന്റെ ചിരി, വെപ്പാട്ടി എന്നിവ കവിതാ സമാഹാരങ്ങൾ. ഹെഡ്മാസ്റ്റർ ആയിരുന്നു. സ്വമേധയാ സർവ്വീസിൽ നിന്നും വിരമിച്ചു.