മോഹനം കവിതായനം -21 വാഗ്ദേവത

ഒന്ന്.

അക,ത്താരു ചൊല്ലെ
ന്നിടിക്കൊത്തുകേട്ട-
ന്നകത്താരിലാദ്യത്തെ
വെട്ടം കുരുത്തോ…
പുറത്താരുവാക്കിന്റെ
പെറ്റമ്മയല്ലാ
തുറക്കെ, ത്തുറക്കെന്നു
കല്പിച്ചു നിൽക്കാൻ!

രണ്ട്

തുരുമ്പിച്ചവാളിന്റെ
തുമ്പെന്റെ നാക്കിൻ-
വരമ്പിൽക്കുഴിച്ചിട്ട
വാക്കിന്റെ വിത്തിൽ
കുരുത്തംകുരുക്കാത്ത
തെന്തെന്നു ചിന്തി-
ച്ചിരിക്കെച്ചിരിക്കുന്നു
ദൂരെക്കുരുംബ…!

വൃത്തം: ഭുജംഗപ്രയാതം

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.