സാർത്തോ സുവിശേഷങ്ങളുടെ ഭിന്നലാവണ്യങ്ങൾ

” അത്യത്ഭുതം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.. ‘ഭാരതരത്നം’ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം രൂപീകരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ വന്നു. സുരക്ഷാ മതിലുകൾ തകർത്തു കൊണ്ട് ആയിരങ്ങൾ തടിച്ചുകൂടി സുരക്ഷാ വിഭാഗത്തെ വെള്ളംകുടിപ്പിച്ചു കളഞ്ഞു. സെക്രട്ടേറിയറ്റ് ക്യാംപസിൽ ഇത്രയേറെ ജനം തടിച്ചുകൂടിയ മറ്റൊരു സംഭവം മുമ്പോ പിമ്പോ ഉണ്ടായിട്ടുണ്ടാവാൻ ഇടയില്ല. ഇന്ത്യക്കാർ മനസ്സിൽ ആരാധിക്കുന്ന സച്ചിൻ തെണ്ടുൽക്കർ എന്ന ചെറിയ വലിയ മഹാമനുഷ്യന്റെ എളിമയും വിനയവും നേരിട്ടുകണ്ട് കണ്ണുമിഴിച്ച് ഡ്യൂട്ടി മറന്നു നിന്നുപോയി. അദ്ദേഹത്തിന്റെ സ്വന്തം സുരക്ഷാ കമാൻഡോകളുടെ അകമ്പടിയിൽ കേരളാ പോലീസിന്റെ വലിയൊരു സന്നാഹത്തിൽ ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമായ ശ്രീ സച്ചിൻ തെണ്ടുൽക്കറെ തിരികെ വാഹനത്തിൽ കയറ്റി അയയ്ക്കാൻ എടുക്കേണ്ടി വന്ന അദ്ധ്വാനം എന്റെ സർവീസിൽ മറ്റൊരിടത്തും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. നമ്മുടെ സൂപ്പർതാരങ്ങൾക്ക് പോലും ചിന്തിക്കാൻ കഴിയാത്തത്ര ആരാധകവൃന്ദം പൊതിഞ്ഞു ശല്യം ചെയ്തിട്ടും ഐശ്വര്യവും വിനയവും വഴിഞ്ഞൊഴുകുന്ന ആ മുഖത്ത് നീരസത്തിന്റെ ഒരു ചെറിയ കണികപോലും കാണാൻ കഴിയാഞ്ഞത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. സുരക്ഷാ ജീവനക്കാരൻ താണുവണങ്ങിയിട്ടും തൃപ്തനാകാതെ ക്ഷോഭിച്ച നായകനടനും ആരാധന പരിധിവിട്ട് ധൃതരാഷ്ട്രാലിംഗനത്തിൽ ശ്വാസം മുട്ടിച്ചപ്പോഴും മന്ദഹാസം വിടാതെ അക്ഷോഭ്യനായി നിന്ന സച്ചിനും നമുക്കോരോ സന്ദേശങ്ങൾ നൽകുന്നില്ലേ? വിനയം മഹാന് ഒരലങ്കാരമാണ്. അവന്റെ ശിരസ്സ് അരിമണിയുള്ള കതിർ പോലെ കുനിഞ്ഞു വരും. എന്നാൽ അഹങ്കാരിയുടെ മനസ്സ് അരിമണിയില്ലാത്ത കതിർ പോലെ നിവർന്നും വരും. ആദ്യത്തേത് മനുഷ്യന് ഭക്ഷിക്കാം. രണ്ടാമത്തേത് നാൽക്കാലികൾക്കും.”

ദൈവം മനുഷ്യനു മാത്രം കൽപ്പിച്ചു നൽകിയ ചില ഗുണങ്ങളുണ്ട് . നന്മ,സ്നേഹം, വിനയം, നിസ്വാർത്ഥത, കാരുണ്യം എന്നിവ ചിലതുമാത്രം. ഇവ എത്രമാത്രം സ്വന്തം ജീവിതത്തിൽ പുലർത്താമെന്നത് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്. ഇവയോരോന്നിന്റെയും പ്രാധാന്യം സ്വന്തം ജീവിതപരിസരങ്ങളിൽ എങ്ങനെ അനുഭവവേദ്യമായി എന്നും അത് വ്യക്തിജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തിയെന്നും വളരെ ലളിതമായി, നർമ്മം ചാലിച്ചു ‘തായ്മൊഴി’യുടെ അകമ്പടിയോടെ ജോസഫ് സാർത്തോ എന്ന എഴുത്തുകാരൻ നമുക്കു മുൻപിൽ നിവർത്തിയിടുന്നു. പ്രതിസന്ധികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് പോലീസ് സർവീസിൽ വർഷങ്ങളോളം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് അസിസ്റ്റന്റ് കമാൻഡന്റായി റിട്ടയർ ചെയ്ത ജോസഫ് സാർത്തോയുടെ ജീവിതത്തിൽ നിന്നുള്ള ഏടുകളാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ജീവിതാഖ്യായികകളിലൂടെ…..

‘സാർത്തോവിന്റെ സുവിശേഷം’എന്ന ആത്മകഥ അത് പബ്ലിഷ് ചെയ്തു 35 ദിവസം കഴിഞ്ഞപ്പോൾ രണ്ടാം പതിപ്പിറങ്ങി. ഇത്രയും സ്വീകാര്യത ഈ പുസ്തകത്തിനു പ്രതീക്ഷിച്ചോ?

വായനക്കാരുടെ പ്രോത്സാഹനം തന്നെയാണിതിനു കാരണം. നാനാതുറകളിൽ പെട്ട വായനക്കാർ ഇരു കൈകളും നീട്ടി ഈ പുസ്തകം സ്വീകരിച്ചു. ഡിസി ബുക്സ് ആണ് പ്രസാധകർ. എന്റെ ബുക്കിന് ധാരാളം അനുമോദനങ്ങൾ കിട്ടി. ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഇതിന് അവതാരികയെഴുതിയതെന്നത് എനിക്കേറ്റവും സന്തോഷം തരുന്നകാര്യമാണ്. മുൻ ഡി.ജി.പി  പി.ആർ. ചന്ദ്രൻസാർ, വിവരാവകാശ കമ്മീഷൻ ചെയർമാനായിരുന്ന ഡി.ജി.പി വിൻസൻ എം. പോൾ സാർ,ഡി ജി പി സി. സുബ്രഹ്മണ്യംസാർ, സിനിമാനടൻ സിദ്ദിഖ്, സത്യൻ അന്തിക്കാട്,  സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിമാർ,ഹോം സെക്രട്ടറിയായിരുന്ന സാജൻ പീറ്റർ സാർ,കൃഷ്ണ പൂജപ്പുര, എഴുമറ്റൂർ രാജരാജവർമ്മ സാർ, സെക്രട്ടേറിയറ്റിലെ ഓഫീസർ എ.വി പ്രസന്നകുമാർ, ഡൽഹി കേരള ക്ലബ്ബിലെ ഭാരവാഹികൾ തുടങ്ങി നിരവധിപേർ  അനുമോദിച്ചവരിൽ പെടുന്നു.

 “ഓരോ ആത്മകഥയ്ക്കും ഒരു കാഴ്ചപ്പാടുണ്ട്. ചില ആത്മകഥകൾ അറിവ് പകരും. ചിലത് ജീവിതവീക്ഷണം നൽകും എന്നാൽ മറ്റു ചിലത് വീരവാദ ഘോഷയാത്രയാവും. എന്നാൽ മറ്റു ചില ആത്മകഥകൾ ഹാസ്യ ദർശനം നൽകും. മറ്റുള്ളവരെ കളിയാക്കി ചിരിക്കാൻ എളുപ്പമാണ്. എന്നാൽ സ്വയം വിമർശനത്തിലെ ഹാസ്യം വളരെ ശ്രേഷ്ഠമാണ്. നല്ല വായനയ്ക്ക് ഇട നൽകുന്ന പുസ്തകം.” ( അവതാരികയിൽ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്).

സാഹിത്യ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടായിട്ടുള്ള അനുഭവങ്ങളും ഓർമ്മകളും ഞാൻ എഫ്.ബിയിൽ കുറിക്കുമായിരുന്നു. അത്തരം കുറിപ്പുകളെ ഇഷ്ടപ്പെട്ടിരുന്നവരാണ് ഇതൊരു ബുക്കാക്കാനുള്ള ആശയം തന്നത്. പിന്നെ അമാന്തിച്ചില്ല.

വിമർശനങ്ങൾ ഉണ്ടായോ? ഉണ്ടെങ്കിൽ ഏത് രീതിയിലാണ് അതിനെ ഉൾക്കൊള്ളുന്നത്?

വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സാഹിത്യരംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പാണിത്. കുറവുകളുണ്ടാവാം. നല്ല വിമർശനങ്ങൾ ആരോഗ്യകരം തന്നെ.പക്ഷേ മൗനം കൊണ്ട് വിഷമിപ്പിച്ച ചിലരുണ്ട്. അവരുടെ നിസ്സംഗത എന്നെ നോവിച്ചു.  പക്ഷേ എനിക്കൊരാത്മവിശ്വാസമുണ്ട്. ഒരു സാധാരണക്കാരന് വായിച്ചു ഗ്രഹിക്കാവുന്ന ജീവിത സന്ദർഭങ്ങളാണിതിന്റെ ഉള്ളടക്കം. കൂടുതലും പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്.

ഔദ്യോഗിക ജീവിതത്തിനിടയിൽ വായനക്ക് സമയം കണ്ടെത്തിയിരുന്നോ? വായനയിൽ സ്വാധീനിച്ച എഴുത്തുകാർ ആരെല്ലാമാണ്?

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ വായനക്ക് അധികം സമയം മാറ്റിവയ്ക്കാൻ പറ്റിയിട്ടില്ല. പക്ഷേ പുസ്തകങ്ങളൊക്കെ വാങ്ങാറുണ്ടായിരുന്നു. മുട്ടത്തു വർക്കി, കാനം, പാറപ്പുറം, കാക്കനാടൻ, പി.അയ്യനേത്ത്, കോട്ടയം പുഷ്പനാഥ് തുടങ്ങി അക്കാലത്തെ പ്രമുഖ എഴുത്തുകാരെ വായിച്ചു കൊണ്ടായിരുന്നു തുടക്കം. ഞാൻ നല്ലൊരു വായനക്കാരനായതിനു പിന്നിൽ ഇവരുടെ കൃതികളൊക്കെത്തന്നെയാണ്. അക്കാലത്ത് ഇറങ്ങിയിരുന്ന നിരവധി വാരികകൾക്കും ഇതിൽ പങ്കുണ്ട് എന്ന് പറയാം.  പുതുതലമുറയിൽ പെട്ട എഴുത്തുകാരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണുന്നത്.

സുഖകരമായ ബാല്യകാല ഓർമ്മകൾ വിവരിച്ചിട്ടുണ്ടല്ലോ ‘സാർത്തോവിന്റെ സുവിശേഷ’ത്തിൽ.

മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരെ കണ്ടാണ് ഞാൻ വളർന്നത്. സ്വർഗീയമായ ഒരു ജീവിതമായിരുന്നു ബാല്യത്തിൽ. സ്നേഹവും പങ്കുവെക്കലും പ്രാർത്ഥനയും എല്ലാം കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്. സഹോദര സ്നേഹത്തിന്റെ ആഴമറിഞ്ഞത് അന്നാണ്. കൂട്ടു കുടുംബമായിരുന്നു. ആരിലും അസൂയ ജനിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു. പക്ഷേ ആ നല്ല നാളുകൾ അധികം നീണ്ടു നിന്നില്ല.

മാതാപിതാക്കളെ ഒന്ന് ഓർത്തെടുക്കാമോ?

പിതാവ് ശ്രീ.അപ്പാഞ്ചിറ ബേബി എന്ന പി.ടി അഗസ്റ്റിൻ. അമ്മ ശ്രീമതി ബ്രിജിത്ത. ലോകത്തിലെ ഏറ്റവും നല്ല മാതാപിതാക്കളെയാണ്  ദൈവം എനിക്കു നൽകിയത്. വീട്ടിൽ ഒരു സാഹിത്യ അന്തരീക്ഷം ഉണ്ടായിരുന്നു. അമ്മയുടെ കുടുംബത്തിൽ നിരവധി അധ്യാപകർ ഉണ്ടായിരുന്നു. പാലാ മരങ്ങാട്ടുപിള്ളി പൊടിമറ്റത്തിൽ കുടുംബത്തിലെ പത്താമത്തെ കുട്ടിയാണ് അമ്മ. നാട്ടുചികിത്സയുടെ സമവാക്യങ്ങൾ പദ്യശകലങ്ങളായിട്ടാണ് അമ്മച്ചി ഓർത്തു വച്ചിരുന്നത്. സംസ്കൃതവും വശമുണ്ടായിരുന്നു. കഥകളും കവിതകളും വായിച്ചിരുന്നു. പത്തു മക്കളാണ് ഞങ്ങൾ. വീട്ടിൽ ദാരിദ്ര്യം. നാട്ടിലെ ആദ്യ ഓല സിനിമ തിയേറ്റർ ആയ ‘ബേബിസി’ന്റെ ഉടമയായിരുന്നു എന്റെ ചാച്ചൻ.  ചാച്ചൻ നാട്ടുകാര്യങ്ങളിലെല്ലാം ഇടപെട്ടിരുന്നു.

അച്ഛന്റെ സിനിമാ-നാടക പ്രവർത്തനങ്ങൾ സാർത്തോയെന്ന എഴുത്തുകാരന്റെ സർഗ്ഗാത്മകതയെ എത്രമാത്രം പരിപോഷിപ്പിച്ചിട്ടുണ്ട്?

വലിയ നാടക ഭ്രാന്തനായിരുന്നു ചാച്ചൻ. ആഡംബരത്തിലായിരുന്നു ജീവിതം. റിസേർവ്ഡ് ക്ലാസുകൾ ഉള്ള ‘ബേബി സിനിമ തീയേറ്ററി’ൽ പുതിയ നാടകങ്ങൾ അരങ്ങേറാറുണ്ടായിരുന്നു. ബുക്കിൽ വിവരിച്ചിരിക്കുന്നതുപോലെ ചാച്ചന്റെ മേൽനോട്ടത്തിൽ ‘കുടിലിന്റെ കരച്ചിൽ’ എന്നൊരു നാടകം കൂത്താട്ടുകുളത്ത് കളിച്ചു. നായകൻ, മലയാളത്തിന്റെ നിത്യ വസന്തമായിരുന്ന ശ്രീ.പ്രേംനസീർ ആയിരുന്നു. കൂടെ അഭിനയിച്ചത് ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ. പിന്നീട് കരുണ, ഡോക്ടർ, ഫ്ലോറി, ബലികുടീരങ്ങൾ, വിശുദ്ധ അങ്കി എന്നീ നാടകങ്ങളും അരങ്ങേറി. കവിയൂർ പൊന്നമ്മ, ഒ.മാധവൻ തുടങ്ങിയവരൊക്കെയായിരുന്നു അഭിനേതാക്കൾ.

അധ്യാപകരെപ്പറ്റി ബുക്കിൽ പരാമർശം ഉണ്ടല്ലോ. ഗുരുശിഷ്യബന്ധം അന്നും ഇന്നും എങ്ങനെ വിലയിരുത്തുന്നു?

 വളരെ വ്യത്യസ്തം. വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. എനിക്കത് കിട്ടിയിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് അന്യമാണത്. രക്ഷിതാക്കൾ അതിനു സമ്മതിക്കുന്നില്ല എന്നു പറയുന്നതാണ് ശരി. അധ്യാപകരെ ബഹുമാനിക്കുന്ന ഒരന്തരീക്ഷം ഇന്നില്ല. ഇന്ന് ഒരു കുട്ടിയെ തുറിച്ചു നോക്കാൻ പാടില്ല ശിക്ഷിക്കാനും പാടില്ല. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഊഷ്മളമായ ഒരു ബന്ധം ഇന്നില്ല.

സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനെന്ന നിലയിൽ നിരവധി വിശിഷ്ട വ്യക്തികളുമായി ഇടപഴകേണ്ടി വന്നിട്ടുണ്ടല്ലോ. ഇത്തരം ബന്ധങ്ങളിൽ മറക്കാനാവാത്തവയുണ്ടോ?

സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയായിരുന്നു എനിക്ക്. ഡ്യൂട്ടിയുടെ ഭാഗമായി നിരവധിപേരെ പരിചയപ്പെട്ടിട്ടുണ്ട്. മന:പ്പൂർവ്വം ബന്ധങ്ങളുണ്ടാക്കാനായി തുനിഞ്ഞിറങ്ങിയിട്ടില്ല. സിദ്ദിഖിനോടാണ്‌ ഏറ്റവും അടുപ്പം തോന്നിയത്. സിജോയ് വർഗീസ്, രാജീവ് നായർ, രാജീവ് അഞ്ചൽ തുടങ്ങി നിരവധിപേർ. ഉമ്മൻചാണ്ടിസാറിന്റെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. എത്ര തിരക്കുള്ള ആളാണെങ്കിലും അദ്ദേഹം ഒരു അസഹിഷ്ണുതയും ഇല്ലാതെ ഏതു പാവപ്പെട്ടവന്റെ കാര്യവും സ്വന്തം കാര്യം പോലെ കണ്ടിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായതിനുശേഷം സെക്രട്ടേറിയറ്റിന്റെ സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ആയി എന്നെ പോസ്റ്റ് ചെയ്തു. വളരെ എളിമയുള്ള ഒരു മനുഷ്യൻ. ജോസ് കുര്യൻ സാർ ആയിരുന്നു എന്റെ മേലുദ്യോഗസ്ഥൻ. യാതൊരു ഈഗോയും ഇല്ലാത്ത മനുഷ്യൻ. അദ്ദേഹം എനിക്ക് പൂർണമായും പ്രവൃത്തി സ്വാതന്ത്ര്യം തന്നു.    സൈമൺ ബ്രിട്ടോ, ശ്രീ അനൂപ് ജേക്കബ് എന്നിവരുമായും വളരെയടുത്ത ബന്ധമുണ്ടായിരുന്നു. പുത്രതുല്യമായ ഒരു സ്നേഹമായിരുന്നു ആര്യാടൻ മുഹമ്മദ് സാറിന്.   പെൻഷൻ ആവാൻ കാത്തിരുന്ന ശ്രീ രാജീവ് അഞ്ചൽ, ജഡായു പാർക്കിന്റെ സുരക്ഷാ വിഭാഗം ഏൽപ്പിക്കാൻ താല്പര്യപ്പെട്ടു. പെൻഷൻ ആയതിനുശേഷം കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ആയിരുന്നു താല്പര്യം.

സ്വന്തം നാടായ കൂത്താട്ടുകുളത്തെപറ്റി നിരവധി പരാമർശങ്ങൾ ബുക്കിൽ ഉണ്ടല്ലോ. സാർത്തോ എന്ന എഴുത്തുകാരനെ നാട് എങ്ങനെ സ്വാധീനിക്കുന്നു?

എന്റെ നാടാണ് എനിക്ക് ഓർമ്മകൾ തന്നത്. വളരെ നല്ല വ്യക്തിബന്ധങ്ങളുള്ള ഒരു കൂട്ടായ്മയായിരുന്നു അന്നത്തെ നാട്ടു ജീവിതം. സാഹിത്യരംഗത്ത് സി. ജെ തോമസ്, മേരി ജോൺ തോട്ടം, സിസ്റ്റർ മേരി ബനീഞ്ഞ, കെ ഹരികുമാർ, ജോസ് കരിമ്പന, ജോസ് മൈലാൻ, കെ ടി ജേക്കബ് , ടി.എം ജേക്കബ്, ഫിലിപ്പ് ജോർജ്,  അനൂപ് ജേക്കബ്, ഫുട്ബോൾ രാജാവായിരുന്ന കെ.കെ രവി  തുടങ്ങി നിരവധി പേർ കൂത്താട്ടുകുളത്തിന്റെ യശസ്സുയർത്തി.

സാഹിത്യ ജീവിതത്തിൽ ഭാവി തീരുമാനങ്ങൾ എന്തൊക്കെയാണ്?

നോവലിലേക്ക് കടക്കണമെന്ന് ഒരാഗ്രഹമുണ്ട്. കൂത്താട്ടുകുളത്തെ ഓർമ്മകളും സംഭവങ്ങളും ഒരു നോവലിനുള്ള സ്കോപ്പ് തരുന്നുണ്ട്. എഴുത്ത് തുടരണമെന്നു തന്നെയാണ് ആഗ്രഹം.

ഡിസംബർ 16ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് സ്പീക്കർ എം.ബി രാജേഷ്  ‘ സാർത്തോവിന്റെ സുവിശേഷം’ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നൽകി പ്രകാശനം ചെയ്തു. മുപ്പത്തിയഞ്ചു ദിവസത്തിനുശേഷം രണ്ടാം പതിപ്പും ഇറങ്ങി എന്നൊരു സവിശേഷത കൂടി ‘സാർത്തോവിന്റെ സുവിശേഷ’ത്തിനുണ്ട്.

ഇതിന്റെ ഉള്ളടക്കം സമൂഹത്തോട് സംവദിക്കുന്നത് വിവിധ മേഖലകളിൽ, അതു രാഷ്ട്രീയമോ സിനിമയോ മറ്റേതെങ്കിലും മേഖലകളോ നൽകിയ അനുഭവങ്ങളുടെ അഗാധമായ സാന്ദ്രതയാണ്. തന്റെ ജീവിതകാലഘട്ടങ്ങളിലെ കലാപങ്ങൾ, സന്തോഷങ്ങൾ, നഷ്ടബോധം, ദുഃഖം, ആത്മനിന്ദ എന്നിവയുടെ വിവിധ തലങ്ങളുടെ അപഗ്രഥനവുമാണിത്. മനുഷ്യരുടെ ആന്തരിക വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ചില അധ്യായങ്ങളിൽ. ചിരിച്ചുകൊണ്ടുളള സ്വയം വിമർശനങ്ങളുമുണ്ട്. സത്യസന്ധമായ ഈ വെളിപ്പെടുത്തലുകൾ വായനക്കാർക്ക് വലിയ ജീവിതദർശനങ്ങളാണ് നൽകുന്നത്. വിവരണത്തിൽ ദൃശ്യാത്മകതയും ശില്പ ഭദ്രതയും ആർദ്രതയും ഉള്ള ഈ എഴുത്തുകാരൻ സാഹിത്യത്തിൽ തന്റേതായ ഒരിടം ഉറപ്പിച്ചു കഴിഞ്ഞു.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.