കനലിൽ വിളഞ്ഞ കഥാസപര്യ

ദുബായ് ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രശസ്ത കഥാകൃത്ത് അനിൽ ദേവസ്സി തന്റെ സമൃദ്ധമായ ജീവിതാനുഭവങ്ങൾ പകർത്തിയെഴുതുകയാണ്. 2018 ലെ ഡിസി നോവൽ സാഹിത്യ പുരസ്കാരം ലഭിച്ച ഇദ്ദേഹം സാഹിത്യത്തിലേക്കുള്ള തന്റെ വളർച്ചയുടെ വഴിയോർമകളിലാണ്. അനുഭവങ്ങളുടെ കനൽ വെളിച്ചം എങ്ങിനെയാണ് തന്നെ ഭാവനാകുബേരനാക്കിയതെന്ന് വായനക്കാരോട് പങ്കുവയ്ക്കുന്നു ഈ അഭിമുഖത്തിൽ.

ഡിസി അവാർഡിൽ കൂടിയാണ് അനിൽ ദേവസ്സിയെ വായനക്കാർ അറിയുന്നത്. ആദ്യ നോവലിനു തന്നെ അവാർഡ് ലഭിച്ചത് എങ്ങനെ കാണുന്നു ?

‘യാ ഇലാഹി ടൈംസ്’ ഏതാണ്ട് എഴുതി കഴിയാറായ ഒരു ഘട്ടത്തിലാണ് ഡി.സി നോവൽ മത്സരം ശ്രദ്ധയിൽപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചുനോവലുകൾ അവർ പ്രസിദ്ധീകരിക്കും എന്നതിലായിരുന്നു എന്റെ ഉന്നം. നോവൽ സമർപ്പിക്കേണ്ട അവസാന ദിവസം, അനിയനാണ് പ്രിന്റ് എടുത്ത് കോട്ടയത്തെ ഡിസി ഓഫീസിൽ എത്തിച്ചത്. ജോലിത്തിരക്കിനിടെ വീണുകിട്ടിയ ചെറിയൊരു ഇടവേളയിലാണ് പുരസ്‌കാരപ്രഖ്യാപനം ലൈവ് ആയി കണ്ടത്. പ്രിയപ്പെട്ട എഴുത്തുകാരനായ ശ്രീ. ബെന്യാമിൻ അവാർഡ് ജേതാവിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഞാനൊന്നു കിടുങ്ങി. അപ്രതീക്ഷിതം, അല്ലാതെന്ത് പറയാൻ. തുടരെഴുത്തുകൾക്ക് ഡിസി പുരസ്‌കാരം നൽകിയ കരുത്ത് ചെറുതല്ല.

എഴുതാനുള്ള പ്രേരണ കിട്ടിയത് അപ്പച്ചനിൽ നിന്നാണല്ലോ. ‘യാ ഇലാഹി ടൈംസ് ‘ സമർപ്പിച്ചിരിക്കുന്നതും അപ്പച്ചനാണ്. ആ സ്വാധീനം ഭാവനകളെ എങ്ങിനെയൊക്കെ പരിപോഷിപ്പിച്ചിട്ടുണ്ടാവാം ?

എഴുത്തിലേക്ക് എത്തിപ്പെട്ടെതെങ്ങനെ എന്ന ചോദ്യം ഇടയ്ക്കിടയ്ക്ക് ഞാനെന്നോടു തന്നെ ചോദിക്കാറുണ്ട്. ലൈബ്രറിയില്‍ നിന്നുമെടുത്തുകൊണ്ടു വരുന്ന പുസ്തകങ്ങള്‍ എന്നേക്കാള്‍ മുന്‍പേ വായിച്ചു തീര്‍ത്ത്, പുതിയ പുസ്തകം എടുക്കണില്ലേയെന്ന് ചോദിക്കാറുളള അപ്പച്ചനില്‍ നിന്നു തന്നെയാണ് എഴുത്തിന്റെ വിത്തുകള്‍ എന്നിലേക്ക് വീണുകിട്ടിയതെന്നു വിശ്വസിക്കുന്നു. എഴുത്തിന്റെ രണ്ടാം ഘട്ടം പ്രവാസംകൊണ്ട് മാത്രം സംഭവിച്ചതാണ്. ഓര്‍മ്മകളേയും അനുഭവങ്ങളേയും വേവിച്ചെടുക്കുന്ന കനലായിരുന്നു പ്രവാസം. ആ കനലിപ്പോഴും എന്റെയുളളില്‍ക്കിടന്നു നീറുന്നുണ്ട്…അപ്പച്ചന്റെ അസുഖവും അതോടനുബന്ധിച്ചുളള തൃശൂർ ജൂബിലി ഹോസ്പിറ്റല്‍ ദിനങ്ങളും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അതുണ്ടാക്കിയ വലിയ ആഘാതത്തിന്റെ മറവിലാണ്, സി.എ പഠനം ഉപേക്ഷിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട് എറണാകുളത്തേക്ക് ജോലിതേടി യാത്രയാകുന്നത്. വായനയാകണം എന്റെയുളളില്‍ ഉറങ്ങിക്കിടന്നിരുന്ന എഴുത്തിനെ ഉണര്‍ത്തിയത്.

കുടുംബത്തിൽ മറ്റു സാഹിത്യതല്പരർ ഉണ്ടായിരുന്നോ?

എന്റെ വീട്ടില്‍ സാഹിത്യലോകവുമായി ബന്ധപ്പെട്ട ആരും തന്നെയില്ലായിരുന്നു. പഠിക്കാനുളള പുസ്തകങ്ങളല്ലാതെ മറ്റു പുസ്തകങ്ങളൊന്നും വീട്ടിലില്ലായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കണക്കിനോട് വല്ലാത്ത ഭയവും. പത്താം ക്ലാസ്സുവരെ സാഹിത്യപുസ്തകങ്ങള്‍ ഒന്നും തന്നെ വായിച്ചിട്ടില്ലെന്നു പറയാം. പ്ലസ്ടു പഠനകാലം തൊട്ടാണ് വായനയിലേക്കും എഴുത്തിലേക്കും കടന്നുചെല്ലുന്നത്. ടെക്സ്റ്റ് പുസ്തകങ്ങളുടെ ഒഴിഞ്ഞ പേജുകളില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിടുന്നതായിരുന്നു തുടക്കം.

കോളേജ് ജീവിതവും, എങ്ങനെ ഓർത്തെടുക്കുന്നു? അന്നെഴുത്തുണ്ടോ?

റെഗുലർ കോളേജിൽ പഠിക്കാൻ സാധിച്ചിട്ടില്ല. ഡിഗ്രി ഒരു പാരലൽ കോളേജിലാണ് ചെയ്തത്. ക്ലാസ്സിൽ പോക്കൊന്നുമില്ല. കാറ്ററിങ്ങു ഉൾപ്പെടെയുള്ള പാർട്ട്ടൈം പണികൾ പലതും ആ കാലത്തിൽ ചെയ്യുന്നുണ്ടായിരുന്നു. അവിടത്തെ കോളേജ് മാഗസിനിലേക്ക് ഒരു കവിത എഴുതിക്കൊടുത്തിരുന്നു.
‘ഇവിടെയീ പൊട്ടിപ്പൊളിഞ്ഞ ചുമരിലും ചിലന്തിവലയിലും
അയലത്തെ അമ്മച്ചി താളിക്കുന്ന മീൻ കറിയുടെ കൊതിപ്പിക്കുന്ന ഗന്ധത്തിലും..’
എന്ന് തുടങ്ങുന്ന വരികൾ.

ചാലക്കുടി മാർക്കറ്റിന്റെ എൻഡിലുള്ള ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു കോളേജ്. ക്യാമ്പസ് എന്ന് പറയാനൊന്നുമില്ല. എങ്കിലും പറയാതെ വയ്യ, അവിടെത്തെ ടീച്ചേർസ് സൂപ്പർ ആയിരുന്നു. ലാലേട്ടൻ പറയുന്നതുപോലെ, പാരലൽ കോളേജിൽ പഠിച്ചിട്ടും B.com ഫസ്റ്റ് ക്ലാസ് നേടി. M.Com ലക്ഷ്യമാക്കി കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാ റെഗുലർ കോളേജിലും അപേക്ഷ കൊടുത്തു. ഒന്ന് രണ്ടു ഇടങ്ങളിൽ കാൾ ലെറ്റർ കിട്ടി അഭിമുഖത്തിന് പോയെങ്കിലും സീറ്റ് കിട്ടിയില്ല. ജീവിതത്തിലെ വലിയൊരു ദുഃഖമായി ഇപ്പോഴും അത് ബാക്കി നിൽക്കുന്നു”.

അക്കാലം കവിതയെഴുത്തിന്റേതു മാത്രമായിരുന്നോ ?

കവിതയിലാണ് ഞാൻ ആദ്യം കൈവെച്ചത്. പ്ലസ് ടു കാലം. ടെക്സ്റ്റ് പുസ്തകങ്ങളുടെ രൂപമാറ്റം എനിക്ക് ഇഷ്ടപ്പെട്ടു. സാഹിത്യ പുസ്തകങ്ങളുടെ വലുപ്പമല്ലേയുള്ളൂ പലതിനും. അതിന്റെയൊക്കെ പുറകിൽ ഓരോ വട്ടുവരികൾ കുറിച്ചിട്ടു. കൂട്ടുകാരികൾക്ക് അതൊക്കെ രസിച്ചു. കൂട്ടുകാർ, അതായത് ബോയ്സ് അതൊന്നും കണ്ടേയില്ല. അങ്ങനെ എന്തൊക്കെയോ എഴുതിക്കൂട്ടിയ ഒരു നോട്ടുപുസ്തകം ഉണ്ടായിരുന്നു. ആദ്യമായി അച്ചടി വെളിച്ചം കാണുന്നത് ഒരു കവിതയാണ്. മറുവാക്ക് എന്ന മാസികയിൽ. ‘തേൻനിലാവ്’ എന്നായിരുന്നു ടൈറ്റിൽ.

ഗൗരവമായി വായന തുടങ്ങിയത് എന്നുമുതലാണ് ?

ഡിഗ്രി പഠനം കഴിഞ്ഞ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് കോഴ്സ്സ് പഠിക്കാന്‍ തൃശൂര്‍ സി.എ ചാപ്റ്ററില്‍ ചേരുന്നതു മുതലാണ് ഞാന്‍ വായനയുടെ ഒരു വലിയ ലോകത്തിലേക്ക് കടന്നു ചെല്ലുന്നത്. സി.എ പഠനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ചാപ്റ്ററില്‍ പേര് റെജിസ്റ്റര്‍ ചെയ്തെങ്കിലും അവിടെ അടയ്ക്കാനുളള ഫീസ് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. ഫീസിനെക്കുറിച്ചൊന്നും വീട്ടില്‍ പറയാന്‍ പോയില്ല. പറഞ്ഞാല്‍ അതുണ്ടാക്കാന്‍ വേണ്ടി വില്‍ക്കാനോ പണയം വയ്ക്കാനോ ഒന്നും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്തിനാണ് അവരെക്കൂടി വെറുതേ വിഷമിപ്പിക്കതെന്ന ചിന്തമാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുളളൂ. ക്ലാസ്സിലേക്കെന്ന വ്യാജേന എല്ലാ ദിവസവും വീട്ടില്‍ നിന്നുമിറങ്ങുന്ന ഞാന്‍ ചാലക്കുടി റെയില്‍‌വേ സ്റ്റേഷന്റെ മേല്‍പ്പാലത്തിന്റെ സ്റ്റെപ്പുകളില്‍ ചെന്നിരുന്ന് ബാഗിലുളള പുസ്തമെടുത്ത് വായിക്കാന്‍ തുടങ്ങും. നോവലുകള്‍ തന്നെയായിരുന്നു ഇഷ്ട വിഭവം. റെയില്‍‌വേ സ്റ്റേഷനില്‍ എന്നെ അറിയുന്ന, എനിക്കു അറിയുന്ന കുറേ പരിചിത മുഖങ്ങളുണ്ടായിരുന്നു. ചിലര്‍ എറണാകുളത്തേക്കുളളവര്‍,മറ്റു ചിലര്‍ തൃശൂര്‍ ഭാഗത്തേക്ക്. എറണാകുളത്തേക്ക് രാവിലെ 10.30 ഒരു കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ്സുണ്ട്. തൃശൂര്‍ ഭാഗത്തേക്ക് 11 മണിക്ക് ഒരു പരശുറാമും. അതുകഴിഞ്ഞാല്‍ പ്ലാറ്റ്ഫോം കാലിയാകും. മിക്കവാറും ദിവസങ്ങളില്‍ മേല്‍പ്പാലത്തിലിരുന്നുളള വായന പരശുറാം എക്സ്പ്രസ്സ് പോകുന്നതുവരെ നീളും. അതു കഴിഞ്ഞാല്‍ നേരെ ചാലക്കുടി മുനിസ്സിപ്പല്‍ ലൈബ്രറിയിലേക്ക്. ഒരുവിധപ്പെട്ട എല്ലാ മാസികകളും അവിടെ ലഭ്യമായിരുന്നു. അവിടെ നിന്നും പഴയപുസ്തകങ്ങള്‍ മാറ്റിയെടുത്ത് പുതിയവ ബാഗില്‍ വച്ച് നേരെ ഗവ. ബോയ്സ് സ്കൂളിന്റെ ഗ്രൌണ്ടില്‍ ചെന്നിരിക്കും. ഉച്ചതിരിഞ്ഞ് ഒരു 2 മണിയൊക്കെ ആകുമ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തും.

പുസ്തകങ്ങൾ മാത്രമായിരുന്നോ ആക്കാലത്തെ ചങ്ങാതികൾ?

ചില ദിവസങ്ങളില്‍ നേരെ തൃശൂര്‍ക്ക് വച്ചുപിടിപ്പിക്കും. പൂരപ്പറമ്പില്‍ കറങ്ങും. വടക്കുംനാഥനെ വലംവയ്ക്കും. സാഹിത്യ അക്കാദമിയിൽ പോകും. അവിടെ എന്തെങ്കിലുമൊക്കെ പരിപാടികള്‍ കാണും. ഒന്നുമില്ലെങ്കിൽ അവിടത്തെ ലൈബ്രറിയില്‍ കൂടും. ഉച്ചയ്ക്കുളള ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങും. വെയില്‍ വാടിവീഴുന്ന സമയത്ത് വീട്ടില്‍ നിന്നുമിറങ്ങും. നേരെ ചാലക്കുടി-ആനമല ടൌണിലേക്ക്. പിന്നെ പത്തു പതിനൊന്നുമണിവരെ കപ്പലണ്ടി വിൽക്കും. ഞാനും അനിയനും ഒരുപോലെ പണിയെടുക്കും. അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ആകെയുളള വരുമാനമാര്‍ഗ്ഗം. പകല്‍ പുസ്തകങ്ങളാണ് കൂട്ടെങ്കില്‍ രാത്രിയില്‍ അതു പലതരം മനുഷ്യരാകും. ഉന്തുവണ്ടിയുടെ അരികിലേക്ക് അടുക്കുന്ന ഓരോ മനുഷ്യരേയും ഞാന്‍ വായിച്ചുകൊണ്ടിരുന്നു. ആ കാലമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ലകാലം.

പിന്നീടെപ്പോഴാണ് പ്രവാസിയായത്?

അത് അപ്രതീക്ഷിതമായിരുന്നു. നാടുവിടാനുള്ള ഒരു പ്ലാനും എനിക്കില്ലായിരുന്നു. ഒരു ജോലി അത്യാവശ്യമായിരുന്ന ഘട്ടത്തിൽ ബാംഗ്ലൂരിലേക്കു കിട്ടിയ ഒരു ഓഫർ ഒഴിവാക്കിയിട്ടുണ്ട്. ഗൾഫിലേക്കു റെഡിയാണോ എന്ന് ഒരു ടീച്ചർ ആത്മാർഥമായി ചോദിച്ചിട്ടുണ്ട്. ഹോംസിക്നസ്സ് എന്നെ അതിൽനിന്നുമൊക്കെ വിലക്കി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് പ്രവാസിയായി. സി.രാധാകൃഷ്‌ണൻ സാറിന്റെ പുതിയ നോവലിന്റെ പേരാണ് ഇപ്പോൾ ഓർമ്മവരുന്നത്. ‘കാലം കാത്തുവയ്ക്കുന്നത്’.
ദുബൈയിലെ വാടകമുറികൾ തന്ന എഴുത്തുജീവിതത്തെക്കുറിച്ച് പറയാമൊ?
എഴുത്തിന്റെ കാര്യത്തിൽ എനിക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷം വേണമായിരുന്നു. രാത്രിയിലെ എഴുതാൻ കഴിയൂ എന്നൊരു അവസ്ഥയും ഉണ്ടായിരുന്നു. ചെറിയ ഒച്ചകൾ പോലും എന്നെ അസ്വസ്ഥനാക്കും. പോകെപ്പോകെ മകൻ വളർന്നപ്പോൾ അതൊക്കെ മാറിമറിഞ്ഞു. ഏത് ആൾക്കൂട്ടത്തിനിടയിലും ഒറ്റയാവാനുള്ള വരം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതം ഓട്ടപാച്ചിലാകുമ്പോൾ, സമയം തികയാതെ വരുമ്പോൾ എല്ലാവരും ഇങ്ങനെയൊക്കെ ആകുമെന്ന് തോന്നുന്നു.

‘പ്രവാസി എഴുത്ത്’ എന്നൊന്നുണ്ടോ.. അല്ലെങ്കിൽ ‘പ്രവാസ സാഹിത്യം’? അവർക്കു മറ്റുള്ളവരെക്കാൾ എഴുത്തിൽ മൂർച്ചയുണ്ട് എന്ന് എവിടെയോ വായിച്ചു..

ആണെഴുത്ത് പെണ്ണെഴുത്ത് പ്രവാസി എഴുത്തു എന്നൊന്നും തരം തിരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. എം. മുകുന്ദൻ സാർ ഉൾപ്പെടെ പലരും കേരളത്തിൽ ഇരുന്നല്ല എഴുതിയത്. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു ടാഗ് ലൈൻ വീണില്ല? വീട് വിട്ടുനിൽക്കുന്ന എല്ലാവരും പ്രവാസികൾ ആണ്. അതൊരു ജീവിതാവസ്ഥ മാത്രമാണ്. എഴുത്തുകാരന്റെ അത്തരം അവസ്ഥകളല്ല എഴുത്തുകാരനെ അടയാളപ്പെടുത്തേണ്ടത്. തീർച്ചയായും അത് അയാളുടെ അക്ഷരങ്ങളെപ്രതിയാകണം എന്നാണ് എന്റെ തോന്നൽ.

സോഷ്യൽ മീഡിയയിൽ ആക്ടിവല്ലെങ്കിൽ പിൻതള്ളപ്പെട്ടുപോകുമോ എന്നൊരു ആശങ്ക സമകാലിക എഴുത്തുകാർക്കിടയിലുണ്ടെന്നു തോന്നുന്നു. ആത്മവിശ്വാസക്കുറവാണോ കാരണം?

സോഷ്യൽ മീഡിയ സൗഹൃദങ്ങളുടെ നാൽക്കവലയാണ്. അതാണ് ഇവിടെ തുടരാനുള്ള ആദ്യ കാരണം. സത്യമാണ്…. ദിവസേന എന്തെങ്കിലും കുറിപ്പുകളിട്ട് ആക്റ്റീവായി നിന്നില്ലെങ്കിൽ ആളുകളുടെ മനസ്സിൽ നമ്മൾ കാണില്ല എന്നൊരു ചിന്ത പലരിലും ഉണ്ടെന്നു തോന്നുന്നു. പിന്നെ, പരസ്യം ഒരു മോശം കാര്യമല്ല. ഫ്രീ ആയി പരസ്യം ചെയ്യാനുള്ള സാധ്യതകളെ സോഷ്യൽ മീഡിയ വഴി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ആ കാര്യത്തിൽ മുതിർന്നവരും ചെറുപ്പക്കാരും ഉണ്ട്. ഫേസ്ബുക്ക് തുറന്നാൽ മുഴുവൻ എഴുത്തുകാരാണല്ലോ എന്ന് പറയുന്നവരു പോലും അവരുടെ കൃതികൾ ഇറങ്ങുമ്പോൾ ആദ്യം അവിടെ പോസ്റ്റ് ചെയ്യും.

സാഹിത്യത്തിന് എന്തെങ്കിലും ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടോ?

സാഹിത്യത്തിന് അല്ലെങ്കിൽ കലകൾക്ക് ഒരാളിലൂടെ ഒരായിരം പേരെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള കരുത്തുണ്ടെന്നു തോന്നിയിട്ടുണ്ട്. അതിനപ്പുറം എഴുത്തുകാരനുമാത്രമായി പ്രതേകിച്ചൊരു ഉദ്ദേശലക്‌ഷ്യം ഉണ്ടെന്നു തോന്നിയിട്ടില്ല. എല്ലാ മനുഷ്യർക്കും ഉള്ളപോലെ ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകുമല്ലോ. എല്ലാത്തിനും അഭിപ്രായം പറയേണ്ട ഒരു വർഗമാണ് കലാകാരൻമാർ എന്നൊരു ചിന്ത നമുക്കിടയിലുണ്ട്. അതൊക്കെ വെറുതെയാണ്. മഹേഷിന്റെ പ്രതികാരത്തിലെ സോബിൻ കഥാപാത്രം പറയുംപോലെ ആര്ടിസ്റ് ബേബി ഇത്ര ചീപ്പായിരുന്നോ എന്ന് തോന്നും പലസംസ്കാരിക നായകന്മാരെയും അടുത്തറിഞ്ഞാൽ. വിരൽമടക്കി ഒന്ന് കൊട്ടിനോക്കിയാൽ ഉടഞ്ഞുവീഴുന്ന പൊള്ളയായ തങ്കവിഗ്രഹങ്ങളല്ലേ നമ്മൾ മനുഷ്യർ.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ വായിച്ചതിനുശേഷം ആഹാരം വേസ്റ്റ് ആകുമ്പോൾ ബസ്മതിയുടെ മുഖം ഓർമ്മവരുമെന്നു എന്റെ ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാത്തിൽനിന്നും എല്ലാവർക്കും എടുക്കാൻ എന്തെങ്കിലുമൊക്കെ കാണണമെന്ന് നിർബന്ധമില്ല. എന്നാൽ എല്ലാത്തിലും ആർക്കെങ്കിലുമൊക്കെ എടുക്കാനുള്ളത് കാണുക തന്നെ ചെയ്‌തും.

എഴുത്തുകാരിൽ ആരാണ് കൂടുതൽ സ്വാധീനിച്ചിരിക്കുന്നത്?

വായിക്കുന്ന കൃതികളിൽ ചിലതെല്ലാം നമ്മളെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ അതേ ഫോർമാറ്റിൽ ഒരു സൃഷ്ടി നടത്തിക്കളയാം എന്ന് ഇന്നേവരെ തോന്നിയിട്ടില്ല. നോവലുകളും കഥകളും വായിക്കാനാണ് ഏറ്റവും ഇഷ്ടം. ‘ഒരു ദേശത്തിൻ്റെ കഥ’യാണ് ഏറ്റവും ഇഷ്ടപ്പെട്ട നോവൽ.

എഴുത്തിൽ ആരേയും റോൾമോഡലായി കണ്ടിട്ടില്ലെന്നു മാത്രമല്ല, എഴുത്തു പാരമ്പര്യമോ തലതൊട്ടപ്പനോ ഇല്ല. ഇന്നയാളേപ്പോലെ എഴുതണം. ഇന്നയാളുടെ ലെവലിൽ എത്തിപ്പെടണം എന്നൊന്നും തോന്നിയിട്ടേയില്ല. എൻ്റെ പരിമിതികൾ എനിക്കല്ലേ അറിയൂ. ചില എഴുത്തുകാരെയൊക്കെ വായിച്ച് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുന്നു എന്ന് ആലോചിച്ച് അസൂയ തോന്നിയിട്ടുണ്ട്. സുഭാഷ് ചന്ദ്രനും സുസ്മേഷ് ചന്ദ്രോത്തിനും നീണ്ട മെസ്സേജുകൾ അയച്ചിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ കാലം ആ അകലങ്ങൾ കുറച്ച് സൗഹൃദത്തിന്റെ പുത്തൻ പാലം പണിയുന്നു.

കുട്ടിക്കാലത്തെ ഓർമ്മകൾ ‘യാ ഇലാഹി’യിൽ തെളിഞ്ഞു വന്നിട്ടുണ്ടോ?

കുട്ടിക്കാലം അത്ര നിറമുള്ളതൊന്നുമായിരുന്നില്ല. പക്ഷേ വിശന്നിരിക്കേണ്ടി വന്നിട്ടില്ല. കുട്ടികൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെല്ലാം നഷ്ടമായിട്ടുണ്ട്. നഷ്ടം എന്നു പറയാനും കഴിയുന്നില്ല. വീട്ടിലെ സ്ഥിതികൾ മനസ്സിലാക്കി സ്വയമേ പലതും വേണ്ടാന്ന് വയ്ക്കുകയായിരുന്നു. ‘യാ ഇലാഹി’യിലെ ചില രംഗങ്ങൾ മറ്റു ചില കാഴ്ച്ചകളിൽനിന്നുമാണ് കിട്ടിയത്. വലിയൊരു വേസ്റ്റ് ബിന്നിന്റെ ഉള്ളിൽ കടന്നിരുന്ന് കൈയിൽ കിട്ടിയതെല്ലാം വാരിത്തിന്നുന്ന ഒരു ബാലന്റെ ചിത്രം എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയിട്ടുണ്ട്.”

പ്രവാസ ജീവിതം സമാധാനപരമാണോ?

എന്തെങ്കിലുമൊക്കെ എഴുതാൻ സാധിച്ചത് പ്രവാസി ആയതിനുശേഷമാണ്. ജീവിതനിലവാരം മെച്ചപ്പെട്ടതും പ്രവാസത്തിലൂടെയാണ്. ചില നഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. അതങ്ങനെയാണല്ലോ. തത്കാലം അങ്ങനെ പോട്ടെ എന്നാണ് തീരുമാനം .

പുരസ്കാരങ്ങൾ ധാരാളം കിട്ടിയിട്ടുണ്ടല്ലോ. പുരസ്കാരങ്ങൾ പ്രോത്സാഹനങ്ങൾ അല്ലേ? എങ്ങനെ കാണുന്നു?

പുരസ്കാരങ്ങളിലൂടെയാണ് എന്റെ വരവ്. ദുബായിലിരുന്ന് കഥകൾ എഴുതി അയച്ചുകൊടുക്കും. അനിയന്റെ നമ്പറോ വൈഫിന്റെ ചേട്ടന്റെ നമ്പറോ ആയിരിക്കും കോൺടാക്ട് ആയിട്ട് കൊടുക്കുക. അതുകൊണ്ട് വിളിവരുമോ, എനിക്ക് പുരസ്‌കാരം കിട്ടിയോ എന്നൊന്നും എക്‌സൈറ്റഡ് ആകാറില്ല. അവർ പതിവുപോലെ വിളിക്കുമ്പോൾ പറയും ഇന്നയാൾ വിളിച്ചിരുന്നു തിരിച്ചു വിളിക്കാൻ പറഞ്ഞു എന്നൊക്കെ. പുരസ്‌കാരങ്ങൾ പ്രോത്സാഹനങ്ങൾ തന്നെയാണ്. അതുകൊണ്ട് ഇപ്പോഴും മത്സരങ്ങളിലേക്കു കൃതികൾ അയക്കാറുണ്ട്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.

നോവൽ എഴുതുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്.. കഥാപാത്രസൃഷ്ടികളിൽ അനിൽ ദേവസ്സി ഉണ്ടോ?

മലയാളികൾ എഴുത്തിൽ എഴുത്തുകാരനെ കാണുന്നവരാണ്. പല ആലോചനകളും എഴുത്തുകളും എപ്പോഴും മനസ്സിൽ നടക്കുന്നുണ്ട്. അതിൽ ഏതെങ്കിലും ഒന്ന് നമ്മളെ തീവ്രമായി പിടികൂടും. ചുമ്മാ തുടങ്ങി വയ്ക്കും. പിന്നെ മുടങ്ങും. പിന്നെ ഒരു ഘട്ടത്തിൽ അത് നമ്മളേം കൊണ്ട് മുന്നോട്ടു പോകും. അപ്പോൾ മുതലാണ് ഞാൻ എഴുത്തിനുവേണ്ടി ഇരിക്കാൻ തുടങ്ങുക. സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. കുത്തിപ്പിടിച്ചു ഇരിക്കണം. എന്നാലേ ആ പാച്ചിലിനൊപ്പം മുന്നേറാൻ പറ്റൂ. എഴുത്തും വായനയുമാണ് ജീവിതത്തിലെ വലിയ ആനന്ദങ്ങൾ. എത്ര ആട്ടിയോടിച്ചിട്ടും ജീവിതത്തിൽനിന്നും അവ ഒഴിഞ്ഞുപോകുന്നില്ല.

സ്വയം വിമർശനം നടത്താറുണ്ടോ?കഥയുടെ ആദ്യ വായന നടക്കുന്നത് കുടുംബത്തിൽ തന്നെയാണോ?

ഉണ്ട്. എഴുത്തുകാരൻ എന്ന് നാലാളുടെ മുമ്പിൽ പറയാനിപ്പോഴും ധൈര്യമില്ല. എഴുതിയതത്രയും ഇനിയുമെത്രയോ വട്ടം എഡിറ്റ് ചെയ്യേണ്ടിയിരിക്കുന്നു എന്ന ബോധ്യം ഉണ്ട്. മാധ്യമം ആഴ്ചപ്പതിൽ വന്ന പി എഫ് മാത്യുസ് ചേട്ടന്റെ അഭിമുഖത്തിൽ അദ്ദേഹം സ്വയം വിമർശനത്തെ പറ്റിയും എഡിറ്റിങ്ങനെ പറ്റിയും ഇങ്ങനെ പറഞ്ഞുനിർത്തുന്നു. “പക്ഷേ, ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മളിതു നിർത്തും.നമ്മുടെ നിത്യജീവിതം വീട്ടുപടിക്കൽ വന്നു ആർത്തുവിളിക്കുന്നത് കേൾക്കാതിരിക്കാൻ എത്ര കാലം സാധിക്കും”.

വൈഫ് ആണ് ആദ്യ വായനക്കാരി. ആൾ സാഹിത്യ തല്പരയൊന്നുമല്ല. പക്ഷേ, എന്റെ രചനകൾ വായിക്കും. അഭിപ്രായം പറയും. ദുബായിൽ ഞങ്ങൾ ഒരുമിച്ചു ജീവിതം തുടങ്ങിയതിനുശേഷമാണ് ഞാൻ കാര്യമായിട്ട് എന്തെങ്കിലും എഴുതാൻ തുടങ്ങിയത്. എന്റെ വട്ടുകൾക്ക് കൂട്ടുനിൽക്കുകയും ചർച്ചകൾക്ക് കാതും മനസ്സും നൽകുകയും ചെയുന്നു. വലിയ നേട്ടമാണ് അതൊക്കെ.

മുതിർന്നപ്പോൾ വായനയിൽ ഉൾപ്പെടുത്തുന്നത് കൂടുതലും കഥയും നോവലുകളുമാണോ.. തർജ്ജമകൾ വായിക്കാറുണ്ടോ?

ആദ്യമേ പറയട്ടെ ഞാനൊരു മികച്ച വായനക്കാരൻ അല്ല. നോവലുകളോടാണ് പ്രിയം. ആനുകാലികങ്ങളിൽ വരുന്ന കഥകൾ എല്ലാം വായനയിൽ ഉൾപ്പെടുത്താറുണ്ട്. തർജ്ജമകൾ വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ.

ആദ്യ നോവൽ പൂർണ്ണമായും വിദേശ സഹചര്യങ്ങൾ പശ്ചാത്തലമാക്കി എഴുതിയെങ്കിൽ പുതിയ നോവൽ ‘കാ സ പിലാസ’ തനിനാടൻ ആണ് . തികച്ചും വ്യത്യസ്ത പ്രമേയങ്ങൾ. രണ്ട് നോവലുകളുടെയും രചനാ വൈവിധ്യത്തെപ്പറ്റി പറയാമോ ?

രണ്ടു നോവലുകളും ഒരേ സമയമാണ് ആരംഭിച്ചത്. മറ്റൊരു പേരിൽ മറ്റൊരു രീതിയിൽ തുടങ്ങിവെച്ച നോവലെഴുത്ത് വിചാരിച്ച പോലെ മുന്നോട്ടു പോയില്ല. കുറെ നാളുകൾക്ക് ശേഷം ‘യാ ഇലാഹി ടൈംസ്’ എന്നെയുംകൊണ്ട് കുതിക്കുകയായിരുന്നു. അതിനുശേഷമാണ് ‘കാ സ പിലാസ’ യിൽ അകപ്പെടുന്നത്. കഥപറയുക എന്നതാണ് ഉദ്ദേശ്യം. നമുക്ക് ചുറ്റുമുള്ളവരിൽ നിന്നുമാണല്ലോ കഥയുടെ പിടിവള്ളികൾ വീണുകിട്ടുന്നത്. എനിക്കാണേൽ രണ്ടുലോകം ഉണ്ടെന്നു പറയാം. ഒന്ന്, ദുബായ് നഗരം. അതിലെ പലദേശക്കാരായ മനുഷ്യർ. രണ്ട്, അകലെയുള്ള നാട്, അവിടെയുള്ള മനുഷ്യർ. എപ്പോഴും അവിടേക്കു മടങ്ങിപ്പോകണം എന്ന് മനസ്സ് പറയും. ഇതിനിടയിലാണ് എന്നിലെ എഴുത്തുകാരൻ. തീർച്ചയായും ഈ രണ്ടു ലോകങ്ങളിലെ മനുഷ്യർ എന്റെ എഴുത്തിൽ കടന്നുവരും. ആവർത്തനസ്വഭാവം പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

കാസ പിലാസ നിറയെ ദുരന്തങ്ങളാണല്ലോ?

കുഞ്ഞേശുവിനെ കേന്ദ്രസ്ഥാനത്തു നിർത്തി നമ്മുടെ എല്ലാ ആശ – നിരാശകളെയും ദുരാഗ്രഹങ്ങളെയും വിശ്വാസങ്ങളെയും ജീവിതസങ്കല്പങ്ങളെയും തകിടം മറിക്കുകയാണ് ഉദ്ദേശ്യം.കുഞ്ഞേശുവിനെ സംബന്ധിച്ചിടത്തോളം ജീവിതം സിമ്പിൾ ആണ്. നമ്മുടേതായ ഒന്നും അവനെ ബാധിക്കുന്നില്ല. നമ്മുടെ എല്ലാ കസർത്തും വെറുതെയാണ്.

വായനക്കാർക്കിടയിൽ ചെറുകഥാകൃത്ത് എന്നനിലയിലാണോ നോവലിസ്റ്റ് എന്ന നിലയിലാണോ അറിയപ്പെടാൻ ആഗ്രഹം?

ഒരു എഴുത്തുകാരൻ എന്ന് അറിയപ്പെടാൻ ആഗ്രഹം ഉണ്ട്.

ചിരിച്ചു കൊണ്ട് അനിൽ ദേവസ്സി പറഞ്ഞു നിർത്തി.

വിശപ്പ് ഇല്ലാതാക്കാൻ ഭ്രാന്തിനു പോലും കഴിയില്ലെന്നും വിശപ്പാണ് പരമമായ സത്യമെന്നുമുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികളെ ഓർമ്മിപ്പിക്കുന്നു ‘യാ ഇലാഹി ടൈംസി’ന്റെ ‘ഒടുക്കം’ എന്ന തുടക്കപേജിൽ. വിശപ്പിനെ ഭാവതീവ്രമായി വരച്ചുകാട്ടിയിട്ടുണ്ട് ഇതിൽ.

കൊല്ലുന്നതിനു മുൻപ് അവരെനിക്ക് കഴിക്കാൻ ഒരു ചട്ടി നിറയെ മീനിന്റെ തലയും മറ്റ് അവശിഷ്ടങ്ങളും തന്നു.. അതത്രയും ചീഞ്ഞു തുടങ്ങിയിരുന്നു. എന്നിട്ടും ഞാനത് ആർത്തിയോടെ കടിച്ചു വലിച്ചു. ചട്ടിയുടെ ഉള്ളിലേക്ക് തലതാഴ്ത്തി അടിയിലൂറിയ വെള്ളവും നക്കി കുടിച്ചു… ഇടയ്ക്ക് ഒരു നിമിഷം ഞാൻ തലയുയർത്തി അവരെ നോക്കി. അവർ എന്റെ തീറ്റയും നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും ചട്ടിയുടെ ഉള്ളിലേക്ക് തലകമഴ്ത്തി. അപ്പോഴെന്റെ ദേഹമൊന്ന് പൊള്ളി….. ഞാൻ തല ഉയർത്താതെ തീറ്റ തുടർന്നു…. അവരെന്റെ ദേഹത്തേക്ക് തിളച്ചവെള്ളം ധാരയായി കമിഴ്ത്തി… ഞാൻ ആർത്തിയോടെതിന്നുകൊണ്ടേയിരുന്നു…..

മരണത്തിലും വയറുനിറച്ചുണ്ടതിന്റെ ഓർമ്മ നിറയ്ക്കാൻ ഞാൻ തിന്നു കൊണ്ടേയിരുന്നു… ഒടുക്കം ഞാൻ വെന്തുരുകി ആ ചട്ടിക്കുള്ളിൽ വളഞ്ഞു കിടന്നു…. അപ്പോഴും എന്റെ വായിൽ തിന്നു തീർക്കാൻ കഴിയാതെ പോയ ഒരു മീൻതലയുണ്ടായിരുന്നു. മനസ്സിൽ പറഞ്ഞുതീരാത്ത കുറെ കഥകളും. ഞാനതെല്ലാം ഓർത്തെടുത്ത് ആരോടെന്നില്ലാതെ പറയാൻ തുടങ്ങി..”(യാ ഇലാഹി ടൈംസ് ).

ദേവസ്സിയുടെയും റീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലാണ് അനിൽ ദേവസ്സിയുടെ ജനനം. ഭാര്യ സോമ. മകൻ അനയ് നെവിൻ. അഞ്ചു വർഷമായി ദുബായിലാണ് താമസം. അൽ അൻസാരി എക്സ്ചേഞ്ചിൽ ജോലിചെയ്യുന്നു. ‘യാ ഇലാഹി ടൈംസ്’ 2018ലെ ഡിസി സാഹിത്യ പുരസ്കാരം നേടിയ നോവലാണ്. ‘കാസ പിലാസ’ ഇദ്ദേഹത്തിന്റെ പുതിയ നോവലാണ്.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.