‘മായാബന്ധന’ത്തിലൂടെ ഒരു യാത്ര….

ഓരോ വ്യക്തിക്കും ഒരു വ്യക്തിജീവിതവും ഒപ്പം ഒരൊളി ജീവിതവും ഉണ്ട്. ഒരുടലിൽ തന്നെ പല ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നവർ. ഒരു കാലത്തു തന്നെ ജീവിച്ചു മടുത്തവർ. പലകാലങ്ങളിൽ ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ കഥകളാണ് ശ്രീ വി ജയദേവിന്റെ ‘ മായാ ബന്ധർ’ എന്ന നോവലിൽ ഉള്ളത്.

നോവലിലുടനീളം കവിതയുടെ ഇന്ദ്രജാലങ്ങൾ കടന്നുവരുന്നുണ്ട്.കടൽ വിയർക്കുന്ന മണമുണ്ട്. സമയം എന്നത് ഒരു സങ്കല്പം മാത്രമാണെങ്കിലും സൈബർലോകത്ത് സമയം അമൂല്യം തന്നെ. സമയം വിൽപന നടത്തുന്ന ഒരു സ്ഥാപനവും, ഉടലുകൾ വിൽക്കുന്ന ഒരു കടയുണ്ട് മായാബന്ധറിൽ. ‘ബോഡി ഈസ്‌ നോബഡി’ എന്നാണ് കടയുടെ പരസ്യവാചകംതന്നെ.

എഴുത്തുകാരിൽ പലരും സമൂഹത്തെ നോക്കി എഴുതുമ്പോൾ ശ്രീ വി.ജയദേവ് സമൂഹം, തന്നെ എങ്ങനെ നോക്കി കാണുന്നു എന്നത് അനാവരണം ചെയ്യുകയാണ്, മായാ ബന്ധറിലൂടെ. സ്ഥലകാല പരിമിതികളില്ലാതെ, സ്വപ്നങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കും നടുവിലുള്ള ഒരു ഒഴുക്കാണിത്, കാലാന്തരങ്ങളോളമുള്ള ഒഴുക്ക്.

‘റിവേഴ്സ് ഓട്ടോബയോഗ്രഫി’ എന്ന ആശയം മായാബന്ധറിൽ കൂടി സാക്ഷാത്കരിക്കപ്പെടുമ്പോൾ നോവലിസ്റ്റ് ശ്രീ.വി. ജയദേവിന് പറയാനുള്ളത് എന്തൊക്കെയാണെന്ന് നോക്കാം.

ആശയ സുഗന്ധം ചൂടുന്ന ചില ഭാവനകളും, കവിതകളുടെ മിന്നലാട്ടങ്ങളും ഉണ്ട് മായാബന്ധറിൽ.എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഭാവനാപ്രദേശം സൃഷ്ടിച്ചെടുത്തത്? അതൊരു രചനാ പരീക്ഷണം ആണോ?

പുതിയ കാലത്തു പുതിയ നോവൽ പരിസരങ്ങളാണു വേണ്ടിവരുന്നത്. ഇതൊരു സൈബ൪ ലോകത്തെ അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു. സ്വന്തമായ ഓ൪മകൾ പല കാരണങ്ങൾ കൊണ്ടും മാറ്റിമറിക്കപ്പെടുന്ന അവസ്ഥ, അല്ലെങ്കിൽ ഒരാൾക്കു മാത്രമായി ഓ൪മകൾ ഇല്ലാത്ത അവസ്ഥ, ഒരു പൊതു ഓ൪മ എന്ന പുതിയ സാഹചര്യത്തിലേക്കു നി൪ബന്ധപൂ൪വം വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ അങ്ങനെ ഒരാളുടെ ഭൂതവ൪ത്തമാനങ്ങൾ അടിക്കടി മോഡിഫൈ ചെയ്യപ്പെടുന്ന ഒരു കാലത്തേക്കാണു സൈബ൪ സാങ്കേതികത അടക്കമുള്ള പുതിയ സംസ്ക്കാരം നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്.

മനുഷ്യൻ ഒരു സാമൂഹികജീവി എന്ന നിലയിൽ മനുഷ്യനടക്കം മറ്റു ജീവജാലങ്ങളുമായും പ്രകൃതിയുമായും എല്ലാം ബന്ധപ്പെട്ടിരിക്കുന്നു. എന്നാലും, പല സാഹചര്യങ്ങൾ കൊണ്ടും മനുഷ്യൻ അവന്റെ സൂക്ഷ്മപ്രകൃതിയിൽ നിന്നും ( മൈക്രോ എൻവയേൺമെന്റ് ) സ്ഥൂലപ്രകൃതിയിൽ നിന്നും ( മാക്രോ എൻവയേൺമെന്റ്) ഒറ്റപ്പെടുന്ന സാഹചര്യങ്ങൾ ആധുനിക കാലത്ത് ഉണ്ടായിട്ടുണ്ട്. സത്യാനന്തര കാലത്തും ഈ ഒറ്റപ്പെടൽ പ്രകടമാണ്. എലിയനേഷൻ, അസ്തിത്വവാദം തുടങ്ങി എന്തു പേരിട്ടുവിളിച്ചാലും.

എന്നാൽ, സൈബ൪ കാലത്ത് മായികമായി ( വി൪ച്വൽ) ലോകത്തിന്റെ രണ്ടറ്റത്തുള്ള രണ്ടു വ്യക്തികൾ, രണ്ടു കാലങ്ങൾ, രണ്ടു സ്വകാര്യ ലോകങ്ങൾ തമ്മിൽ ഒരു അസ്വാഭാവികമെന്നോ അയഥാ൪ത്ഥമെന്നോ തോന്നുന്ന തരത്തിൽ പരസ്പര ബന്ധം പുല൪ത്തുന്നുണ്ട്. നാളിതുവരെ കാണുകയോ തൊടുകയോ മണക്കുകയോ ചെയ്യാത്ത രണ്ടു പേ൪ തമ്മിൽ, അല്ലെങ്കിൽ കുറെ പേരെ തമ്മിൽ ബന്ധപ്പെടുത്തുന്ന, ബന്ധിതരാക്കുന്ന ഒരു സാങ്കേതിക കാലമാണ് സൈബ൪ കാലം.

ഈയൊരു കാലത്തെ മലയാള നോവലിന്റെ പതിവു ചിട്ടകൾ കൊണ്ട് അടയാളപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ടാണു തികച്ചും ഭ്രമാത്മക കാഴ്ചകളെന്നതു പോലുള്ള രീതിയിൽ കാലത്തിൽ മുന്നോട്ടും പിന്നോട്ടും പോകുന്ന തരത്തിലുള്ള ഒരു രീതി പരീക്ഷിച്ചതും. ഇതു പരമ്പരാഗത വായന മാത്രം അനുശീലിച്ചവ൪ക്ക് അലോസരം ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു അത്. അതല്ലാതെ, നാളിതുവരെ പരിചയമുള്ള അനുഭവങ്ങൾ കൊണ്ട് ഒരു രചന സാധ്യമല്ലായിരുന്നു.

സാധാരണ എഴുത്തുകാ൪ ചെയ്യുന്നതുപോലെ – മാൽഗുഡി, ഖസാക്ക് പോലെ – അവരുടേതായ ഒരു ഭാവനാപ്രദേശം നി൪മ്മിച്ചാലും ഈ പ്രതിസന്ധി മാറുകയില്ലായിരുന്നു. അതൊരു പുതിയ ഭാവനാപ്രദേശമായി മാറുമെന്നല്ലാതെ. ഇവിടെ എന്റെ മുന്നിൽ അതല്ലായിരുന്നു വെല്ലുവിളി. സൈബ൪ കാലം യഥാ൪ത്ഥമായി എത്തിച്ചുകഴിഞ്ഞിരുന്ന ഒരു അയഥാ൪ത്ഥ ലോകത്തെയാണ് എനിക്ക് പുന൪നി൪മിക്കേണ്ടത്. അതുകൊണ്ടു തന്നെ ഒരു സങ്കൽപ്പപ്രദേശം എനിക്കു ഭാവനയിൽ പോലും ഉണ്ടാക്കാൻ ഒക്കില്ലായിരുന്നു. കാരണം, സൈബ൪ സാങ്കേതികത മനുഷ്യന്റെ ഭാവനയെ വലിച്ചുനീട്ടിയിരിക്കുന്നതു പരിമിതികളില്ലാത്ത ഒരു അളവിലേക്കായിരുന്നു. എന്തും സാധ്യമാവുന്ന, എന്നാൽ അതേ സമയം തന്നെ എന്തും അസാധ്യമായ ഒരു കാലം, ലോകം. അതിനുള്ള നോവൽ ഒരുക്കമായിരുന്നു മായാബന്ധ൪ എന്നു പറഞ്ഞാൽ ഒരു ഏകദേശ വിവരണമായി.

അതുകൊണ്ടു തന്നെ മായാബന്ധ൪ ഏതെങ്കിലും ഒരു സ്ഥലത്തെ നി൪മിക്കുന്നില്ല. അല്ലെങ്കിൽ അതു നി൪മിച്ച സ്ഥലം എന്നതു ഭൂമിയടക്കമുള്ള ഇടങ്ങൾ കൂടിയാണ്.

ഇതിലെ ഒരു കഥാപാത്രമായ റൊസാരിയോസച്ചൻ പറയുന്നു ” പാപികൾ കാല്പനികരാണ് കാല്പനികർ പാപികളും”. കാല്പനികത ഒരു ദുരൂഹ പ്രവർത്തിയാണോ?

കാൽപ്പനികത ഒരു ദുരൂഹപ്രവൃത്തിയാണെന്നു മാത്രമല്ല, അതൊരു ആഭിചാരവൃത്തി കൂടിയാണ്. ഒരിക്കലും മനുഷ്യനെ വിട്ടുപോവാത്ത ഒരു മാനസികാവസ്ഥ, അല്ലെങ്കിൽ ജീവിതരീതി, അതുമല്ലെങ്കിൽ ഭൂതരതി. (lust to the past). മനുഷ്യനെ ഇത്രത്തോളം ആഭിചാരത്തിലൂടെ കാമുകന്മാരാക്കിയ, അടിമകളാക്കിയ, അവരെ രാജാവായും പ്രജയായും ഭ്രാന്തന്മാരായും വേഷം കെട്ടിച്ച, കെട്ടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സങ്കൽപ്പനമില്ല. ഈ കാൽപ്പനികത തന്നെ മനുഷ്യൻ കണ്ടുപിടിച്ച ശാസ്ത്രത്തിലും മനുഷ്യൻ ജീവിക്കാൻ വേണ്ടി തിരഞ്ഞെടുത്ത പ്രത്യയശാസ്ത്രങ്ങളിലും കലയിലും ദൈവവിശ്വാസത്തിലും മരണത്തിലും എല്ലാത്തിലുമുണ്ട്, ആഭിചാരത്തിലെന്ന പോലെ.

മറ്റു നോവലുകളിൽ നിന്ന് വേറിട്ട കഥാപാത്ര സങ്കൽപ്പങ്ങളാണ് ഇതിൽ.അവർക്ക് വേറിട്ട ഭാവനകളും ആണ്. കഥാപാത്രങ്ങളെ പറ്റിയുള്ള യാഥാസ്ഥിതിക സങ്കല്പങ്ങൾ അട്ടിമറിക്കപ്പെടുന്നു ഈ നോവലിൽ. ഇവ സങ്കല്പ സൃഷ്ടികളാണോ? അതോ അനുഭവങ്ങളിൽ നിന്നാണോ ഇവ സൃഷ്ടിച്ചെടുക്കുന്നത്?

അതെ. വേറിട്ട കഥാപാത്രങ്ങളെ കൃത്രിമമായി സൃഷ്ടിച്ചതുതന്നെയാണ്. എന്നാൽ, അവ തീ൪ത്തും സാങ്കൽപ്പികവുമല്ല. മായാബന്ധ൪, ഞാനെഴുതുന്ന ഒരു റിവേഴ്സ് ഓട്ടബയോഗ്രഫി ആണല്ലോ. അതായത്, എന്റെ ജീവിതത്തെ മറ്റുള്ളവ൪ എഴുതുന്നത്. ഞാൻ കാണുന്ന ഒരു എന്നെയായിരിക്കില്ലല്ലോ മറ്റുള്ളവ൪ കാണുന്നത്. എന്നെ ഞാനൊഴിച്ചുള്ള ലോകം എങ്ങനെയായിരിക്കും നോക്കിക്കണ്ടതെന്ന് അറിയുന്നത് അവ൪ അതു പറയുമ്പോഴാണല്ലോ. മായാബന്ധറിലെ നായകൻ എന്ന ഞാൻ അതിനെ ഒരു പ്രത്യാത്മകഥയിലേക്കു സംഗ്രഹിക്കുകയാണ്.

ഒരാളെക്കുറിച്ചു മറ്റുള്ളവ൪ പറയുമ്പോൾ അതിൽ അവരുടെ കാൽപ്പനികതകളും ഭാവനയും തോന്ന്യാസങ്ങളും അവരുടെ തോന്നലുകളും മായക്കാഴ്ചകളും ഒക്കെയുണ്ടാവും. അതു ഏതെങ്കിലും നീതിശാസ്ത്രത്തിനോ യുക്തിക്കോ ശാസ്ത്രീയതയ്ക്കോ അനുസരിച്ചായിരിക്കണമെന്ന് ആ൪ക്കു നി൪ബന്ധിക്കാൻ സാധിക്കും. കഥയിൽ ശരീരത്തിന്റെ വലതുവശം മാത്രം പനിപിടിച്ചുപോകുന്ന ഒരു എന്നെ അറിയുമെന്നു പറയുന്ന വിലാസിനിച്ചേച്ചി എന്ന കഥാപാത്രമുണ്ട്. മംഗലാപുരത്തെ ആശുപത്രിയിൽ വച്ചു കൈമല൪ത്തിയ ഡോക്ട൪ പിന്നീട് വലതു ഭാഗം മുറിച്ചുകളയുകയാണ് ഉണ്ടായത്. ഇതു വിലാസിനിച്ചേച്ചിയുടെ എന്നെ മുൻനി൪ത്തിയുള്ള അനുഭവമാണ്. അതിൽ യുക്തിയില്ല എന്ന് എനിക്ക് എങ്ങനെ പറയാൻ കഴിയും. ശാസ്ത്രത്തിന് എങ്ങനെ പറയാൻ കഴിയും.

മനുഷ്യന്റേതായ എല്ലാം കൂടിച്ചേ൪ന്ന ഒരു കാലം – അത് അസൈബറിൽ നിന്നു മാറി സൈബ൪ ആയിക്കഴിയുന്നുണ്ട് നോവലിൽ കഥ പുരോഗമിക്കുമ്പോൾ – എഴുതാൻ ശ്രമിക്കുകയായിരുന്നു മായാബന്ധറിൽ. എന്നെക്കുറിച്ചുള്ള ഓ൪മകളും അനുഭവങ്ങളും എല്ലാം അയച്ചുതരുന്ന, അല്ലെങ്കിൽ പങ്കുവയ്ക്കുന്ന കഥാപാത്രങ്ങളിൽ പലരും യഥാ൪ഥമായ എന്റെ ജീവിതത്തിൽ ഉള്ളവരാണ്. അവരുടെ മനസിൽ നിന്നു കൊണ്ട് എന്നെ നോക്കുക എന്നതായിരുന്നു നോവൽ എഴുതുന്നതിനേക്കാൾ എനിക്കു പ്രധാനം. ഇതിലെ ഞാൻ എന്നാൽ വി. ജയദേവ് എന്ന ഞാൻ മാത്രമല്ല. വായനക്കാരിൽ ഓരോരുത്തരുമാണ്. അല്ലെങ്കിൽ ഞാൻ കൂടിയുള്ളതാണ്. അപ്പോൾ പൂ൪ണമായി സാങ്കൽപ്പികം അല്ല. അല്ലെങ്കിൽ എന്താണു സാങ്കൽപ്പികം അല്ലാത്തത്.

പ്രണയത്തെയും സ്നേഹത്തെയും എങ്ങനെ വ്യാഖ്യാനിക്കാം?

മായാബന്ധറിൽ പ്രണയവും സ്നേഹവും പല യോണറുകളിൽ ( genre) കടന്നുവരുന്നുണ്ട്. വിലാസിനിച്ചേച്ചി, മ൪ഗരീത്ത, റോസിയാന്റി, അലമേലു, ബിയാട്രീസ്, നി൪മലാ ജോസഫ്, മെ൪ലിൻ മിറാൻഡ തുടങ്ങി പല സ്ത്രീകൾ കടന്നുവരുന്നുണ്ട്. പലരും പല ഉടലുകളിൽ താൽക്കാലികമായി താമസിക്കുന്നുണ്ട്. ഉടലിനെ നിരാകരിച്ചു മറ്റൊരു ഉടൽ സ്വീകരിക്കുന്നുണ്ട്. വി൪ച്വൽ രതിയിലും സ്വാഭാവിക രതിയിലും ഏ൪പ്പെടുന്നുണ്ട്.

ജീവൻ, ജീവിതം, ഉടൽ, രതി, മരണം എന്നീ മാനകങ്ങളെ സൈബ൪ കാലം അട്ടിമറിച്ചു. സൈബ൪ കാലം കംപ്യൂട്ടറിലും പുതിയ ഗാഡ്ജെറ്റുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പൂജ്യം, ഒന്ന് എന്ന ദ്വന്ദ്വത്തെ മനുഷ്യജീവിതത്തിന്റെ ഏതു സ്വഭാവത്തിലേക്കും സാ൪വത്രികമാക്കുകയാണ് ആ പുതിയ കാലം.
അതുകൊണ്ടു തന്നെ പ്രണയത്തെയും അതു മാറ്റിമറിക്കുന്നുണ്ട്. കാലം, ഉടൽ എന്നീ രണ്ടു ലിമിറ്റിങ് പരാമീറ്ററുകളെ അതിലംഘിച്ചുകൊണ്ടാണ് ഇത്. അതുകൊണ്ടു നമ്മൾ സാധാരണ ഫിക്ഷനിലും ഫിക്ഷനേക്കാൾ വിചിത്രമായ ജീവിതത്തിലും കാണുന്ന പ്രണയമല്ലാത്ത ഒന്ന് സൈബ൪ കാലത്തു സംഭവിക്കുന്നുണ്ട്. അത് പുതിയ കാലത്തെ എഴുത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്.

അങ്ങനെയൊന്ന് അറ്റംപ്റ്റ് ചെയ്യാനുള്ള ശ്രമമായിരുന്നു മായാബന്ധറിൽ. ഇവിടെ ഉടലിനകത്തേക്കും ഉടലിനപ്പുറത്തേക്കുള്ള പ്രണയങ്ങളെ കണ്ടെത്തുന്നു. ഒരുവൾക്കു തന്നോടുള്ള പ്രണയമറിയാൻ വേണ്ടി പരകായപ്രവേശത്തിലൂടെ അവളുടെ ഉടലിനകത്തേക്കു പ്രവേശിക്കുന്നു. അതുമൊക്കെ, അറിയപ്പെടുന്ന പ്രണയകലകളുടെ അപ്പുറത്തേക്കുള്ള രതിയാത്രകളാണ്. പ്ലേറ്റോണിക് പ്രണയം എന്നതു സൈബ൪ കാലത്ത് ഉദാത്തവത്ക്കരിക്കപ്പെടാതെ പോകുന്ന ഒന്നാണ്. പുതിയ കാലത്ത് ഒരു പക്ഷെ, ഒന്നിനെയും ഉദാത്തവത്ക്കരിക്കുന്നില്ലെന്നതാണു സംഭവിക്കുന്നത്.

ചുറ്റുപാടുകൾ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ? (രാഷ്ട്രീയം, സമൂഹം ). ആധുനിക മനുഷ്യന്റെ പ്രശ്ന പരിസരങ്ങൾ എഴുത്തിനു പ്രേരണയായിട്ടുണ്ടോ?

തീ൪ച്ചയായും. പഴയ കാലം, പഴയ രാഷ്ട്രീയം, പുതിയ കാലം, പുതിയ രാഷ്ട്രീയം, സമൂഹം, നമ്മുടെ സൂക്ഷ്മ- സ്ഥൂല പ്രകൃതികൾ, അതിൽ വരുന്ന വ്യതിയാനങ്ങൾ, അതിനോടെല്ലാം എഴുത്തുകാരനെന്ന നിലയിലുള്ള പ്രതികരണം, പ്രതിപ്രവ൪ത്തനം എന്നിവയെല്ലാം ചേ൪ന്നതാണ് എഴുത്ത്. അല്ലാതെ, തപസിരുന്ന് എഴുതാൻ പറ്റുന്ന, പറ്റേണ്ടുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. എപ്പോഴുമുള്ളത്. ഇതു തന്നെയാണ് എഴുത്ത് എന്നാണു ഞാൻ വിശ്വസിക്കുന്നത്.

ഞാൻ അല്ലെങ്കിൽ എന്റെ തലമുറയ്ക്ക് ജീവിതത്തിൽ വലിയ ഉയരങ്ങളൊന്നും കൈയെത്തിപ്പിടിക്കാനായില്ലെങ്കിലും ഞങ്ങളുടെ തലമുറ ഒരുമാതിരി എല്ലാ അവസ്ഥകളുടെയും പൊള്ളലും തിക്കലുകളും അനുഭവിച്ചതാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് സ൪ക്കാ൪ അധികാരത്തിൽ വന്നതിന് ഏകദേശം അഞ്ചു വ൪ഷം കഴിഞ്ഞാണ് എന്റെ തലമുറ ജീവിതത്തെ അറിഞ്ഞുതുടങ്ങുന്നത്. ഹിപ്പിയിസവും ബീറ്റിൽസും അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയുടെ കൊലപാതകവും അയോധ്യ ബാബറി മസ്ജിദ് തക൪ത്തതും മാറിമാറി വന്ന സ൪ക്കാരുകളും ആധുനികതയും പോസ്റ്റ് മോഡേണിറ്റിയും എഞ്ചുവടിയും അബാക്കസും പത്തായം പോലുള്ള കംപ്യൂട്ടറുകളും ഇപ്പോൾ കീശയിൽ ഒതുങ്ങുന്ന സൈബറിടവും …അങ്ങനെ ജീവിതം കണ്ടുപോവാത്ത ഒരു പ്രസ്ഥാനവുമില്ലായിരുന്നു. ഒരു പ്രത്യയശാസ്ത്രവുമില്ലായിരുന്നു, ഒരു മാനവികതയുമില്ലായിരുന്നു, ഇതിനിടയിൽ സന്തോഷവും കണ്ണീരും കിനാവുകളും മോഹഭംഗങ്ങളും നോക്കിനിന്നു. അതുകൊണ്ട്, ഏത് എഴുത്തും ഇതിൽ നിന്നെല്ലാം ഊ൪ജം വലിച്ചെടുത്തുകൊണ്ടാകാതിരിക്കാൻ സാധിക്കില്ലായിരുന്നു.

‘റിവേഴ്സ് ഓട്ടോബയോഗ്രാഫി ‘ എന്ന ആശയത്തിലേക്ക് വരാൻ കാരണം? “യഥാർത്ഥ ജീവിതം എന്നൊന്നില്ല “അതൊരു സ്വപ്നം തന്നെയാണ് “. ജീവിതത്തെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

ഒരു ആത്മകഥ എഴുതാൻ ആലോചിക്കുകയായിരുന്നു ആദ്യം. എന്നാൽ എന്റെ ജീവിതം ഒരു സാധാരണ ജീവിതമായിരുന്നു എനിക്ക്. എന്നെത്തന്നെ പ്രലോഭിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, കൊതിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ഒരു ഭയങ്കര സംഭവവും ഉണ്ടായിട്ടില്ല. എന്നാൽ, എന്റെ ചുറ്റുമുള്ള ലോകത്ത് അങ്ങനെയായിരുന്നില്ല. അതു കലാപവും ചോരയും കണ്ണീരും കണ്ടു. മുഖ്യധാരാ രാഷ്ട്രീയരംഗവും കലുഷിതമായിരുന്നു.

അതുകൊണ്ടു തന്നെ ഞാൻ എന്നെക്കുറിച്ച് എന്ത് എഴുതാൻ. ഞാൻ ജീവിച്ച കാലത്തിനും പല ദേശങ്ങൾക്കും പലതും എന്നെപ്പറ്റി പറയാനുണ്ടായിരിക്കില്ലേ എന്നൊരു ആലോചനയിലാണ് ഒരു പ്രത്യാത്മകഥ (റിവേഴ്‌സ് ഓട്ടബയോഗ്രഫി) എന്ന ആശയം ഉണ്ടായത്. അതെന്നെക്കുറിച്ച് വളരെ അടുത്ത സുഹൃത്ത് എന്നോ ഒരിക്കൽ പറഞ്ഞതിൽ നിന്നായിരുന്നു. അയാൾ പറഞ്ഞ തരത്തിലുള്ള എന്റെ ആ കാലത്തെ ജീവിതത്തെ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഏതു ജീവിക്കും അതിന് അറിയാത്ത, അതിന് ഓർമയില്ലാത്ത, അതിനു വിചാരിക്കാൻ കൂടി കഴിയാത്ത ഒരു ജീവിതമുണ്ട് എന്നെനിക്കു ബോധ്യപ്പെടുന്നത്.

2012 ൽ സമൂഹമാധ്യമത്തിൽ ഞാനൊരു കുറിപ്പിട്ടു. അതിങ്ങനെ ആയിരുന്നു. ഒരു പ്രത്യാത്മകഥ എഴുതാനായി എന്റെ സുഹൃത്തുക്കളും എന്റെ കാമുകിമാരും മറ്റും എന്നെപ്പറ്റിയുള്ള അവരുടെ ഓർമകൾ അയച്ചുതരണം. അന്നു ഞാൻ ജോലി ആവശ്യാർഥം രാജസ്ഥാനിലെ ജയ്പുരിൽ ഒരു അപരജീവിതം നയിക്കുകയായിരുന്നു. ആ ഒരു സാഹചര്യം അത്തരം ആലോചനയ്ക്കു ഞെട്ടിപ്പിക്കുന്ന കാരണമുണ്ടാക്കി എന്നു പറയുന്നതാണു ശരി. വളരെപ്പെട്ടെന്ന് എഴുത്ത് ഒരു പ്രത്യാത്മകഥയിൽനിന്ന് ഒരു നോവലിലേക്കു വഴിമാറിനടക്കുകയായിരുന്നു.

ഒരാൾ ശരിക്കും അയാൾ കാണുന്ന അയാളല്ല എന്നാണു പുതിയ കാലം മുന്നോട്ടുവയ്ക്കുന്ന ദ്വന്ദ്വപ്രമേയങ്ങളിലൊന്ന്. സ്വയം എഴുത്തിലെ ആ അയാൾ സമൂഹം കാണുന്ന അയാളേ അല്ല. അങ്ങനെ ദേശ, കാലങ്ങൾ അയാളെ എങ്ങനെയാണ് അനുഭവിക്കുന്നത് എന്ന, തിരിച്ചുള്ള ആലോചനയിൽ നിന്നാണ് ഈ നോവൽ പിറക്കുന്നത്.

എന്നാൽ, ഈ തിരിച്ചെഴുത്ത് ഒരു ഫോർമാറ്റ് മാത്രമാണ്. ആ തിരിച്ചെഴുത്തിനെ എഴുതുകയായിരുന്നില്ല നോവൽ. ആ ഫോർമാറ്റിനകത്തു നിന്നുകൊണ്ടു ലോകത്തിന്റെ പൊതുബോധത്തെ എങ്ങനെ അട്ടിമറിക്കാം എന്നതായിരുന്നു ആലോചന. പ്രത്യേകിച്ച്, ഇന്നത്തെ സൈബർ കാലത്ത്.

നോവൽ എഴുതാനുള്ള തീമിലേക്ക് കടന്നു വന്നപ്പോൾ മാനസിക പ്രതിസന്ധികൾ ഉണ്ടായോ?

എഴുതാൻ എനിക്കു മാനസിക പ്രതിസന്ധികൾ ഒരു കാലത്തും ഉണ്ടായിരുന്നില്ല. പത്രപ്രവ൪ത്തകൻ എന്ന നിലയിൽ എനിക്കു കിട്ടിയ പരിശീലനത്തിന്റെ ഭാഗമായിരിക്കാം. എന്നാൽ, ജീവിതം അങ്ങനെയായിരുന്നില്ല.

ഞാനങ്ങനെ ഒന്നിലും സ്ഥിരമായി താമസിച്ചിരുന്നില്ല. വിചാരങ്ങളിലും ആലോചനയിലും എഴുത്തിലും താൽപ്പര്യങ്ങളിലും ആസക്തികളിലും ഞാൻ നിന്നിടം മാറി. ഒരേ സമയം ഞാൻ മഞ്ഞും വെയിലും കൊണ്ടു. ഒരേ സമയം ഞാൻ ആൾക്കൂട്ടത്തിലും ഏകാന്തതയിലും പെട്ടു. ഒരേ സമയം ഞാൻ ജീവിച്ചും മരിച്ചും നിന്നു. എന്റെ വഴിവിട്ട ആലോചനകളും ദുർന്നടപ്പുകളും തന്നെയായിരുന്നു ഞാൻ.

ഇതിനിടയിൽ വേണമായിരുന്നു എഴുത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തായി ഞാൻ ജീവിതം പറിച്ചു നട്ടു. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നി൪ബന്ധിതനായി. ഓരോ നിമിഷവും ജീവിക്കുക, പിടിച്ചുനിൽക്കുക എന്നതായിരുന്നു എന്റെ അതിജീവനത്തിന്റെ അടിസ്ഥാന ആവശ്യം. അതിൽനിന്നു പിടിവിട്ടാൽ ഇല്ലാതാവുക എന്നായിരുന്നു അർഥം. ജീവിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എഴുതുക എന്നതായിരുന്നു. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓരോ എഴുത്തും. ഒരു കാലത്ത് പല അസാധ്യസാഹചര്യങ്ങളിൽ പോലും ഇരുന്നും കിടന്നും എഴുതിക്കൂട്ടി.

അസ്വാഭാവികമായ ചിലകഥാപാത്രചിന്തകളുണ്ട് ഈനോവലിൽ. അവയ്ക്കു അതിന്റെ അവാസ വ്യവസ്ഥക്കനുസരിച്ചുള്ള സുനിശ്ചിതമായ ട്രാക്കുകളുമുണ്ട്.. ഇങ്ങനെയൊന്നു വിഭാവനം ചെയ്യുന്നതിൽ സങ്കീർണ്ണതകളില്ലേ?

ഉണ്ടാവുമല്ലോ സ്വാഭാവികമായും.

സ്വാഭാവിക ലോകത്ത് ഇല്ലാത്ത ദ്വന്ദ്വങ്ങളെ നോവൽ എന്ന അയഥാ൪ഥ ലോകത്ത് പ്രതിഷ്ഠിക്കുമ്പോഴുണ്ടാകുന്ന സങ്കീ൪ണതയേക്കാളും അധികമായിരുന്നു മായാബന്ധറിൽ. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നല്ല ഏട്ടിലെ കടുവ ഷേവ് ചെയ്യും, സിഗരറ്റ് വലിക്കും എന്ന വി൪ച്വൽ സാധ്യതയെക്കുറിച്ചാണു പറയേണ്ടിയിരുന്നത്. സാധാരണ ലോകത്തോ പരമ്പരാഗത ഫിക്ഷനിലോ പരിചയമില്ലാത്ത ഒരു ലോകത്തെ, എന്തും സാധ്യമായ ഒരു പരിസരത്തെയായിരുന്നു സൃഷ്ടിക്കേണ്ടിയിരുന്നത്.

പ്രണയത്തിന്റെ വിലക്കപ്പെട്ട കനി വച്ചുനീട്ടപ്പെട്ടതിനെക്കുറിച്ച് ഒരു കഥാപാത്രംഒരു C++ കംപ്യൂട്ട൪ പ്രോഗ്രാം പോലും എഴുതിനോക്കുന്നുണ്ട്. അയഥാ൪ത്ഥതയും അരാജകത്വവും ഏറ്റവും ഉച്ചിയിൽ നിൽക്കുന്ന ഒരു കാലത്തെക്കുറിച്ച് എഴുതുമ്പോൾ പിന്നെ എങ്ങനെയാണ്.

പിന്നെ, മറ്റൊരു കാര്യമുണ്ട്. ഒരു റിയലിസ്റ്റ് സമൂഹത്തിനു വേണ്ടി മാത്രമായി ഞാനൊന്നും എഴുതിയിട്ടില്ല. സമൂഹത്തെ നേർവഴിക്കു നയിക്കാമെന്നോ അസ്വസ്ഥതകളാകെ എഴുതിമറിക്കാമെന്നോ എനിക്ക് അവകാശവാദമൊന്നുമില്ല. ഹെയർപിൻ വളവു മോഷ്ടിക്കുന്ന ഡ്രൈവർ, വീട്ടിൽ വരുമ്പോൾ വരുന്ന വഴിയിലെ ഹെയർപിൻ വളവുകൾ പൊതിഞ്ഞുകെട്ടിക്കൊണ്ടുവരുന്ന അച്ഛൻ തുടങ്ങിയ അസ്വാഭാവികതകൾ, അസംബന്ധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

റിയലിസ്റ്റ് സമൂഹത്തിലെ സറീയലിസ്റ്റിക് സാധ്യതകളെയാണ് അത്തരം ഇമേജറികളിലൂടെ വിവരിക്കാൻ ശ്രമിച്ചത്. താമരശ്ശേരി ചുരമിറങ്ങിവന്ന ഡ്രൈവർ ചന്ദ്രപ്പനെ ഹെയർപിൻ വളവ് മോഷ്ടിച്ചുകടത്തിയെന്ന കാരണത്തിൽ കുറ്റക്കാരനാക്കുന്ന ഇമേജറി ഉപയോഗിച്ചത് അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയാവസ്ഥ അനുഭവിപ്പിക്കാനായിരുന്നു.

1962ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ശ്രീ വി.ജയദേവിന്റെ ജനനം. രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം നേടി.മലയാള മനോരമയിൽ നിന്ന് സ്പെഷ്യൽ കറസ്പോണ്ടൻസ് ആയി വിരമിച്ചു.

ഭൂമിയോളംചെറുതായ കാര്യങ്ങൾ (1987) (ഡിസിബുക്സ്) ആണ് ആദ്യ നോവൽ. തുടർന്ന് ആറു കവിതാസമാഹാരങ്ങൾ. ഭൂമി വിട്ടൊരു നിലാവു പാറുന്നു, ‘ഒരു കാറ്റിനെ എങ്ങനെ വായിക്കും’, ‘തുമ്പികളുടെ സെമിത്തേരി’, ‘ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും’, ‘കപ്പലെന്നനിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം ‘, ‘ശ’. ഉടൽവീട്, മരണക്കിണർ എന്ന ഉപമ, ഭയോളജി, കൊൽക്കത്താ തിസീസ്, പാപി ചെല്ലുന്നിടം, തൂറ, മരിച്ചവളുടെ ഇസിജി എന്നീ ഏഴു കഥാ സമാഹാരങ്ങളും ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങി.

ഭ്രമകല്പനകൾ എന്നു തോന്നിയേക്കാമെങ്കിലും അയഥാർത്ഥങ്ങളെ ജീവിതമാക്കിയ ഈ നോവൽ വായനക്കാരനെ ഒരു മായാവലയത്തിലാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. വെടിയുണ്ടയേൽൽക്കാത്ത മനസ്സിന്റെ തടവറയിൽ മായാബന്ധർ നിലാവു പരത്തി പരിലസിക്കും എന്നുറപ്പ്.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.