പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്തല്ല – ഇന്ദു മേനോൻ

മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണത്തിലൂടെയും സാഹിത്യ രംഗത്തെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതിയ പ്രതിഭയാണ് ഇന്ദു മേനോൻ. ‘ലെസ്ബിയൻ പശു ‘എന്ന ഒറ്റ കൃതി കൊണ്ടുതന്നെ മലയാള സാഹിത്യത്തിൽ തന്റെ സിംഹാസനം ഉറപ്പിച്ച മലയാളത്തിന്റെ തൂലികാ വിസ്മയമായ ഇന്ദു മേനോൻ സാഹിത്യ വഴികളിലെ അനുഭവങ്ങൾ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വൈക്കം സുനീഷ് ആചാര്യയുമായി പങ്കുവെക്കുന്നു.

സംഗീതജ്ഞനായ അച്ഛന്റെ മകളായാണ് ജനനം. സംഗീതവഴിയിൽ നിന്ന് വ്യത്യസ്തമായി എഴുത്താണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്.?

സംഗീതം വീട്ടിൽ ശ്വസിക്കുന്ന പ്രാണവായു പോലെയാണ്. അച്ഛൻ എന്നും പാടുമായിരുന്നു. ഒരേ സമയം കലയും ജീവിതോപാധിയുമായിരുന്നു സംഗീതം. അച്ഛൻ സംഗീത അദ്ധ്യാപകനുമായിരുന്നു. തുടർന്ന് അച്ഛൻ തന്നെയാണ് ഉപദേശിച്ചത് എഴുതുന്നുണ്ടെങ്കിൽ അതിൽ ശ്രദ്ധിക്കുക. ഒരു കാര്യത്തിൽ ശ്രദ്ധിച്ചാൽ മാത്രമേ ഉയരാൻ സാധിക്കൂ. അങ്ങനെയാണ് എഴുത്തിലേക്ക് വ്യപകമായത്.

കുട്ടിക്കാലത്ത് മരപ്പാവകളും കരകൗശലവസ്തുക്കളുമൊക്കെ നിർമ്മിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നല്ലോ. അതിന്റെ പേരിൽ പരിഹാസങ്ങളും നേരിടുകയുണ്ടായി. കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾ പങ്കുവെക്കാമോ?

കലാരൂപങ്ങളോടുള്ള താത്പര്യം ചെറുപ്പം മുതലുണ്ട്. ചിത്രരചനയും അതുപോലെ തടിപ്പണി, ആഭരണനിർമ്മാണം പോലുള്ള കൈത്തൊഴിലുകളും ചുറ്റുവട്ടത്തെ തൊഴിൽ കുടുംബങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിച്ചിരുന്നു . അവരിൽ നിന്ന് വലിയ പ്രോത്സാഹനം കിട്ടിയിരുന്നു. തടികളിൽ രൂപങ്ങൾ സൃഷ്ടിക്കുക വലിയ ഹരമായിരുന്നു

സിനിമയിലെ ‘കാസ്റ്റിംഗ് കൗച്ച് ‘, സാഹിത്യരംഗത്തും വ്യാപകമായെന്ന് പറയുകയുണ്ടായല്ലോ. അങ്ങനെയുള്ള അനുഭവങ്ങൾ നേരിട്ടിരുന്നോ? അങ്ങനെ ഒരു വിഷയം ഉയർത്തിക്കൊണ്ട് വന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.?

അങ്ങനെ എനിക്ക് അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ ഇന്ന് സമൂഹത്തിൽ പലരുടെയും യഥാർത്ഥ മുഖം നാം തന്നെ കണ്ടതാണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുൾപ്പടെയുള്ള വാർത്തകൾ. പ്രസ്സിദ്ധീകരണങ്ങളിൽ അവസരം കൊടുക്കാമെന്ന രീതിയിൽ സമീപിക്കുകയും പിന്നീട് അത് പല വിധത്തിലുള്ള ചൂഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടിയുടെ രചനകൾ സ്വാധീനിച്ചിട്ടുണ്ടോ?

മാധവിക്കുട്ടിയുടെ രചനകൾ ഒരിക്കലും സാധിച്ചിട്ടില്ല. അത് എന്റെ എഴുത്തു വായിക്കുമ്പോൾ മനസ്സിലാക്കാവുന്നതാണ്. എന്നാൽ മാധവിക്കുട്ടിയിലെ സവിശേഷ വ്യക്തിത്വം എന്നെ ആകർഷിച്ചിട്ടുണ്ട്.

മാധവിക്കുട്ടി ഒരിക്കൽ പറയുകയുണ്ടായി ചുരുക്കം ചില രചനകളിൽ തുറന്നെഴുത്തു നടത്തിയതിന്റെ പേരിൽ ലൈംഗികച്ചുവയുള്ള എഴുത്തുകളാണന്ന് മാധവിക്കുട്ടിയെ താഴ്ത്തിക്കെട്ടാൻ വേണ്ടി മനഃപൂർവം പ്രചരണം നടത്തുകയായിരുന്നുവെന്ന്. ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?

അതുശരിയാണ്. സോഷ്യൽ മീഡിയ വ്യാപകമായപ്പോഴാണ് അത്തരം കാര്യങ്ങൾ അനുഭവപ്പെട്ടത്. പൊതുവെ ലൈംഗിക സംബന്ധമായ കാര്യങ്ങൾ എഴുതാൻ മടിയുള്ളയാളാണ് ഞാൻ. ഇവിടെ പുരുഷമാർക്ക് എന്തുമെഴുതുന്നതിൽ കുഴപ്പമില്ല. എന്നാൽ ഒരു സ്ത്രീ എഴുതിയാൽ അവളെ മോശമാക്കി ചിത്രീകരിക്കും. അങ്ങനെയൊരു മാനസിക വ്യവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഞാൻ എഴുതിയ “കപ്പലിനെകുറിച്ചൊരു വിചിത്ര പുസ്തകം “എന്ന രചന പോലും അപ്രകാരം വ്യാഖ്യാനിക്കപ്പെട്ടു. അതിൽ മോശമായി ഒന്നുമില്ല.

ചില സാഹിത്യ സൃഷ്ടികളെ ദളിത്‌ സാഹിത്യമെന്നും അതെഴുതുന്നവരെ ദളിത്‌ എഴുത്തുകാരെന്നും വിശേഷിപ്പിക്കുന്നതിനോട് എന്താണ് അഭിപ്രായം.?

ദളിത്‌ സാഹിത്യം എന്ന് പറയുന്നത് പെണ്ണെഴുത്ത് എന്നൊക്കെ പറയുന്ന പോലെ മറ്റൊരു മേഖല തന്നെയാണ്. ജാതിയുമായും നാടോടി സമൂഹമായും ബന്ധപ്പെട്ട് ഒരുപാട് കഥകളും പുരാവൃത്തങ്ങളുമുൾക്കൊള്ളുന്ന വലിയൊരു സാംസ്‌കാരിക ചരിത്രമുണ്ട്. ഇതൊക്കെ വായ്മൊഴിയായി പുതിയ തലമുറയിലേക്ക് പകർന്ന് കൊടുക്കുന്നതും കാണാറുണ്ട്. അതുപോലെ അസ്പൃശ്യതയും അതിന്റെ ഭാഗമായുള്ള അനവധി ചൂഷണങ്ങളും അനുഭവിച്ചവരാണ് ദളിത്‌ – ഗോത്ര സമൂഹങ്ങൾ. അതിനാൽ തീവ്രമായ അനുഭവലോകത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ട സാഹിത്യ വിഭാഗമാണ് ഗോത്രസാഹിത്യം. എന്നാൽ ദളിത്‌ സാഹിത്യകാരൻ എന്ന് വിശേഷിപ്പിക്കുന്നതിലോ നിർവ്വചിക്കുന്നതിലോ തെറ്റുണ്ട്. എന്നിരുന്നാലും ഈ സാഹിത്യശാഖക്ക് പ്രാധാന്യമുണ്ട്.

‘കപ്പലിനെകുറിച്ചൊരു വിചിത്ര പുസ്തകം’ പേരൂപോലെ തന്നെ വിചിത്രമായ പ്രമേയം. ഇതെഴുതുവാൻ പ്രത്യക തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവോ?

പ്രത്യകിച്ച് തയ്യാറെടുപ്പുകളൊന്നുമുണ്ടായില്ല. സ്വഭാവികമായി എഴുതുകയാണുണ്ടായത്

സ്ത്രീ വിരുദ്ധത, മുസ്ലിം വിരുദ്ധത, ദളിത്‌ വിരുദ്ധത തുടങ്ങിയവക്കെതിരെയുള്ള ശക്തമായ പ്രചരണം രചനകളിൽ പ്രകടമാണ്. ഇതുകൊണ്ട് സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞെന്ന് വിചാരിക്കുന്നുണ്ടോ ?

സമൂഹത്തിൽ ന്യൂനപക്ഷമായിരിക്കുന്ന മനുഷ്യരോടുള്ള എതിർപ്പുകൾ നിരന്തരം ചോദ്യം ചെയ്യുകയും ശക്തമായി എഴുത്തുകളിലൂടെ പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത് ശരിയുടെ രാഷ്ട്രീയമാണ്. ദളിതർ, മുസ്ലിം, വിമത ലൈംഗികതയുള്ളവരെയുമൊക്കെ മാറ്റി നിർത്തപ്പെടേണ്ടവരാണെന്നുള്ള ചിന്താഗതികൾ എതിർക്കപ്പെടേണ്ടതാണ്. നിരന്തര വായനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമാണ് ഇത്തരം മോശം ചിന്തകൾ മാറ്റിയെടുക്കാൻ കഴിയുക.

സ്ത്രീ സമൂഹത്തിൽ നിന്നുള്ള പിന്തുണയും സമീപനവുംഎങ്ങനെ അനുഭവപ്പെട്ടു?

കഥയെഴുതുന്ന സ്ത്രീകൾ അടുപ്പവും സന്തോഷവും പങ്കുവെക്കാറുണ്ട്. കവിത എഴുതുന്നവരിൽ ആൺപെൺ ഭേദമന്യേ ഗൂഢതകളും ചൂഷണങ്ങളും ഉപദ്രവങ്ങളും കൂടുതലായി കണ്ടുവരുന്നു. അതിന്റെ കാരണങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ചില എഴുത്തുകാർ അംഗീകാരങ്ങൾക്ക് വേണ്ടി രാഷ്ട്രീയപ്പാർട്ടികളോട് വിധേയത്വം പുലർത്തുകയും സമൂഹത്തിലെ ഗൗരവകരമായ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാതെ കണ്ണടക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച് എന്ത് തോന്നുന്നു.?

എഴുത്തുകാർ കൂടുതൽ സൃഷ്ടികൾക്ക് രൂപം കൊടുത്തുവെന്നതിന്റെ പേരിൽ വായനക്കാരോടും സാധാരണ മനുഷ്യരോടും മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ കലാകാരനോ എഴുത്തുകാരനോ ആണെന്നുള്ളത് മറ്റുള്ളവരോട് മോശമായി പെരുമാരുന്നതിനുള്ള അവകാശമല്ല. അതേ സമയം അധികാരമുള്ളവരോടും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരോടും വിധേയത്വം പുലർത്തുന്നു. ചില പ്രശ്നങ്ങൾ കണ്ടില്ലന്നു നടിക്കുന്നു.ഇത് ശരിയല്ല.

എഴുത്തുകാരുടെയിടയിൽ നിന്ന് തന്നെ ബോഡിഷയിമിങ് പോലുള്ള കാര്യങ്ങൾ പലർക്കും അനുഭവപ്പെട്ടതായി പറയുകയുണ്ടായല്ലോ. ഇതൊക്കെ ഒരർത്ഥത്തിൽ സാംസ്‌കാരിക അധഃപതനമല്ലേ?

ഒരു വ്യക്തി മറ്റൊരാളെ ആക്ഷേപിക്കേണ്ട കാര്യമില്ല. മറ്റു മനുഷ്യരോട് അലിവില്ലാത്ത പ്രകൃതം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. സാംസ്‌കാരികമായി ഔന്നത്യം പുലർത്തുന്നവർ എന്ന് പറയുമ്പോഴും വ്യക്തിപരമായ സമീപനം മോശമാണ്.

‘സ്ത്രീയുടെ ലൈംഗിക മൂലധനം’ എന്ന പ്രയോഗം കൊണ്ടുവന്നത് ഇന്ദുമേനോനാണ്.. എന്താണ് ഇങ്ങനെ പറയുവാനുണ്ടായ കാരണം?

ഞാൻ കൊണ്ട് വന്ന പ്രയോഗമല്ല. മൂവായിരത്തിലധികം വർഷമായി ഇത് സമൂഹത്തിൽ കാണപ്പെടുന്നുണ്ട്. കേരളത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകും ചില പ്രത്യേക വിഭാഗം ലൈംഗിക മൂലധനം ഉപയോഗിച്ച് അധികാരങ്ങളും സ്വത്തും നേടിയെടുത്തത്. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും സാഹിത്യത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് ഒരിക്കലും ശരിയല്ല. പ്രസദ്ധീകരിക്കാനും അവാർഡുകൾ കിട്ടാനും ലൈംഗിക മൂലധനം ആവശ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ വന്നു. മുമ്പ് ചലച്ചിത്ര രംഗത്താണ് ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്.

ഗേ / ലെസ്ബിയൻ /രതി /വിമത ലൈംഗികത ഇങ്ങനെയുള്ള വിഷയങ്ങൾ സാഹിത്യരംഗത്ത് ചർച്ചാവിഷയമായത് ഇന്ദുമേനോന്റെ രചനകളിലൂടെയാണ്. മുൻനിര എഴുത്തുകാർ ഇത് സ്വീകരിക്കാൻ തയ്യാറായോ?

വിമത ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് പോലും പാപമാണെന്ന് കരുതിയിരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഓരോ മനുഷ്യന്റെയും ലൈംഗികത പ്രകൃതിവശാലുള്ളതാണെന്ന സാമാന്യബുദ്ധി മനുഷ്യന് ഉണ്ടാകേണ്ടിയിരിക്കുന്നു. ലെസ്ബിയൻ എന്ന പദം ഒരു പുസ്തകത്തിന് തലക്കെട്ടാക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. മുൻനിര എഴുത്തുകാരല്ല വായനക്കാരാണ് വിലയിരുത്തേണ്ടത്. എന്നെ സംബന്ധിച്ച് എഴുതുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണ്.

ആദ്യകൃതി ‘ലെസ്ബിയൻ പശു’ ഇറങ്ങുമ്പോൾ ഇരുപത്തിരണ്ടു വയസ്സ് മാത്രം. അതു ശ്രദ്ധിക്കപ്പെടുകയും ചെയ്തു എന്തായിരുന്നു അന്നുണ്ടായ അനുഭവം. മറ്റുള്ളവരുടെ പ്രതികരണങ്ങൾ എങ്ങനെയുണ്ടായിരുന്നു ?

ആളുകൾ പൂർണ്ണമനസ്സോടെ സ്വീകരിച്ചു. പലതരത്തിലുള്ള രാഷ്ട്രീയ പ്രക്രിയകളെ ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു ആ കഥാ സമാഹാരം. പഴയകാലത്ത് വായനയെ വളരെ ഗൗരവത്തോടെ ആളുകൾ സമീപിച്ചിരുന്നു.

ഗോത്രസമൂഹത്തിനു വേണ്ടി നിലകൊള്ളുകയും അവരുടെ ഉന്നമനത്തിനായ് പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്തല്ലോ. ഇങ്ങനെയൊരു തീരുമാനം എടുക്കാനുണ്ടായ കാരണം?

ഗോത്രസമൂഹത്തിന് വേണ്ടി നിലകൊള്ളുന്നത് ഔദ്യോഗികമായ ജോലിയുടെ ഭാഗമായും ആ വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നത് കൊണ്ടുമാണ്. അതിന് മാതൃകയായത് അച്ഛനാണ്. ദളിതരായ കുട്ടികൾക്ക് പാട്ട് പഠിപ്പിക്കാൻ പല വലിയ ജോലികളും മാറ്റി നിർത്തി ജീവിതം സമർപ്പിച്ച അദ്ധ്യാപകനാണ്. അതുപോലെ തന്നെ വളരെ ദുർബലരായ വിഭാഗങ്ങളുടെയിടയിലാണ് ഞാൻ ജനിച്ചു വളർന്നത്. അതുകൊണ്ട് തന്നെ അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുവാൻ എനിക്കിഷ്ടമാണ്.

രണ്ടു സിനിമകൾ ചെയ്തുവല്ലോ ഒന്ന് സ്വന്തം കഥയും ഒന്ന് സുഭാഷ് ചന്ദ്രന്റെ കഥയും? സിനിമാരംഗം എങ്ങനെ അനുഭവപ്പെട്ടു?

സിനിമരംഗം പ്രശസ്തിയുടെ മേഖലയാണ്. ശ്രദ്ധിച്ച് ഇടപെടണം ഓരോ കാര്യങ്ങളിലും.

പെണ്ണെഴുത്തു എന്ന വിശേഷണം? സ്ത്രീകൾ എഴുതുന്നതിന് പുരുഷന്മാർ എഴുതുന്നത്ര നിലവാരമില്ല? ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

പെണ്ണെഴുത്ത്, ദളിത്‌ എഴുത്ത് ഇതൊക്കെ പ്രത്യേകം വായിക്കപ്പെടേണ്ടതാണ്. സ്ത്രീ കാഴ്ചപ്പെടുകൾ സ്ത്രീകൾ എഴുതുമ്പോഴും ദളിത്‌ സങ്കല്പങ്ങൾ അവർ എഴുതുമ്പോഴും സത്യസന്ധതയും തീവ്രതയും കൂടും. സ്ത്രീ, ദളിത്‌ എന്നൊക്കെ പറയുന്നത് പലതട്ടുകളിലായി കിടക്കുന്ന ഒന്നാണ്. സ്ത്രീകൾ സ്ത്രീകളുടെ പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്നത് പോലെ, ദളിതരുടെ പ്രശ്നങ്ങൾ അവരുടെയുള്ളിൽ നിന്ന് എഴുതുന്ന പോലെ മറ്റാർക്കും തീവ്രമായി എഴുതാൻ കഴിയില്ല. അവരവരുടെ പ്രശ്നങ്ങൾ അവരവർ ആവിഷ്ക്കരിക്കുമ്പോൾ അത്തരം പ്രശ്നങ്ങൾക്ക് ജീവനുണ്ടാവും. പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്തല്ല. സ്ത്രീവിരുദ്ധ പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയൊക്കെ എഴുതുകയും ആവിഷ്ക്കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന എഴുത്തുകളെയാണ് പെണ്ണെഴുത്തുകളെന്ന് വിശേഷിപ്പിക്കേണ്ടത്.

സാഹിത്യത്തിൽ മാത്രമല്ല സമൂഹത്തിലെ ഏതൊരു വിഷയത്തേയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവുമുള്ള എഴുത്തുകാരിയാണ് ഇന്ദുമേനോൻ. പ്രത്യകിച്ച് കലാസാഹിത്യ രംഗത്ത് പ്രകടമാകുന്ന പുരുഷ മേധാവിത്വത്തിനെതിരേയും സ്വാർത്ഥ താത്പര്യങ്ങൾക്കെതിരെയും മുഖം നോക്കാതെ പ്രതികരിക്കുകയും സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തു. തന്റെ നിലപാടുകളിലൂടെ സ്ത്രീകൾക്ക് സ്വാതന്ത്രമായ വ്യക്തിത്വമുണ്ടെന്ന് ബോധിപ്പിച്ചു. പ്രതിഭാശാലിയായ ഈ എഴുത്തുകാരിയുടെ അനഘതൂലിക സമൂഹത്തിൽ പുതിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് നമുക്ക് കരുതാം.