വിയർപ്പിനെ മഷിയാക്കിയ കഥാകൃത്ത്

” ഇത് ഭാരതം. നാനാത്വത്തിൽ ഏകത്വമുള്ള നാട് . ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഏകത്വത്തോടെ വസിക്കുന്നു. പക്ഷേ നമ്മുടെ മഹനീയ പാരമ്പര്യമെല്ലാം ഇന്ന് പഴയ താളിയോല ഗ്രന്ഥങ്ങൾ പോലെ ചിതലെടുത്തു തുടങ്ങിയിരിക്കുന്നു. ഈ ജീർണതയ്ക്കെതിരെ വിരൽ ചൂണ്ടിക്കൊണ്ട് കാർത്തിക ആർട്സ് നിങ്ങൾക്കായി ഒരുക്കുന്ന നാടകമാണ് ‘വിശ്രമാലയം’……..”

“എന്നെന്നും ജീവിതഭാണ്ഡവും പേറിച്ചു
തെരുവിലൂടൊരു കഴുതയെപ്പോലെയെന്നെ
ചാട്ടവാറിൻ പ്രഹരമേല്പിച്ചു മുന്നോട്ടു- പോകുവാനാജ്ഞിക്കുമേതേതു വ്യക്തികൾ’..! എന്ന് ചോദിക്കുന്ന ഭാണ്ഡക്കാരൻ,
‘എന്നംഗഭംഗങ്ങളുടെ മറവിൽ മറഞ്ഞു നിന്നൊരു ഭിക്ഷപാത്രമെൻ കൈകളിൽ തന്നിട്ട്, എൻചുടുചോരയതൂറ്റി കുടിക്കുന്നതേതേതു വ്യക്തികൾ’ എന്നു നിസ്സഹായതയോടെ ചോദിക്കുന്ന ഭിക്ഷക്കാരൻ,
“എന്നും മതത്തിന്റെ ചങ്ങലക്കുള്ളിലിട്ടെന്നെ മുറിക്കുന്നതേതേതു വ്യക്തികൾ” എന്നു പുലമ്പുന്ന ഭ്രാന്തൻ – എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങൾ- ഇതിൽ ഭ്രാന്തന്റെ വേഷമായിരുന്നു എന്റേത് ‘.

ഇളവൂർ ശശിയെന്ന എഴുത്തുകാരൻ ചെറുകവിതകളിലും നാടകങ്ങളിലും തുടങ്ങിയതാണ് സാഹിത്യജീവിതം. ആദ്യമായി പേര് അടിച്ചുവന്നതും നാടക നോട്ടീസുകളിൽത്തന്നെയാണ്. കഥയെന്ന ഭൂമികയിലെത്തിയത് എങ്ങിനെയായിരുന്നു എന്നു വിശദീകരിക്കുമ്പോഴാണ് ‘വിശ്രമാലയം’ എന്ന നാടകത്തിലെ, ചില വരികൾ അണമുറിയാതെ പുറത്തേക്കൊഴുകിയത്.

1994 -ൽ പുനലൂർ ഫാമിങ് കോർപ്പറേഷനിൽ അപ്രന്റീസ് ആയി ജോലി കിട്ടി. അവിടുത്തെ ‘ഫാംകോട്രസ്റ്റ്’ എന്ന മാസികയിലാണ് കഥയുടെ തുടക്കം. അവിടെത്തന്നെയാണ് ‘കർണൻ ‘ എന്ന കവിത പ്രസിദ്ധീകരിച്ചത്. പിന്നീട് 2000ൽ ഡോ. എം.ലീലാവതി എഡിറ്റർ ആയിരുന്ന ‘സർഗ്ഗധാര’ വാർഷികപ്പതിപ്പിൽ ‘പെരുന്തച്ഛന്റെ മകൻ’ എന്നൊരു കഥ അച്ചടിച്ചു വന്നു. 2003 ൽ പ്രവാസിയായിരുന്ന കാലത്ത് ഏഷ്യാനെറ്റ് റേഡിയോയിൽ ഈ കഥ വന്നിട്ടുണ്ട്.

ആദ്യകാലങ്ങളിൽ കവിതകളായിരുന്നു എഴുതിയിരുന്നത്. മുറ്റത്തു വച്ച റോസച്ചെടിയെപ്പറ്റിയൊക്കെയാണ് എഴുത്ത്. അക്കാലത്ത് വലിയച്ഛന്റെ മകൻ ( എഴുത്തുകാരനായ ഇളവൂർ ശ്രീകുമാർ) വേണ്ട നിർദ്ദേശങ്ങൾ തന്നു. VHSC ക്കു പഠിക്കുമ്പോൾ കവിതകൾ എഴുതുമായിരുന്നു . ജന്മനാടായ ഇളവൂർ ഭഗവാൻമുക്കിൽ അന്ന് കൂട്ടുകാർ ചേർന്ന് ക്ലബ്ബുകൾ രൂപീകരിക്കും. ഓണപ്പരിപാടികൾക്ക് ഏകാങ്ക നാടകം നിശ്ചയമായും ഉണ്ടാവും. നാടക രചനയും സംവിധാനവും പാട്ടെഴുത്തും അഭിനയവുമൊക്കെ ഉണ്ട്. ഓർമകളിലെ നല്ല കാലങ്ങളാണ് അവയൊക്കെ.

കുട്ടിക്കാലത്തെ ജീവിതം എങ്ങനെയായിരുന്നു?

അച്ഛൻ കൃഷിപ്പണിക്കൊപ്പം അമ്പലങ്ങളിൽ ഭാഗവത പാരായണത്തിനും പോകുമായിരുന്നു. വൈകുന്നേരം സന്ധ്യാനാമത്തിനു ശേഷം അച്ഛന്റെ ഭാഗവത പാരായണം ഉണ്ടാകും. ഞങ്ങൾ കുട്ടികളുടെ പഠനശേഷം അച്ഛൻ ഭാഗവതത്തിന്റെ ഒരു പുറമെടുത്ത് വായിക്കും. ശേഷം ഞങ്ങൾക്ക് അർത്ഥം പറഞ്ഞു തരും. അതിനുശേഷം മാത്രമേ അത്താഴം കിട്ടുമായിരുന്നുള്ളൂ. ഞങ്ങൾ ആറു മക്കളെ കൂടാതെ വിവാഹിതയല്ലാത്ത ഒരു അപ്പച്ചിയും വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്ക് കശുവണ്ടി ഫാക്ടറിയിൽ ജോലിയുണ്ടായിരുന്നു. അപ്പച്ചിയാണ് ഞങ്ങളെ വളർത്തിയത്. വയറുനിറയെ ആഹാരം കഴിക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. മരച്ചീനിയാണ് മുഖ്യകൃഷിയും ഭക്ഷണവും. രാത്രി വളരെ വൈകിയാണ് ആഹാരം കിട്ടുക. രാവിലെ ഒരു പാത്രം നിറയെ വെള്ളവും മരച്ചീനി കഷ്ണങ്ങളും അതിനും മുകളിൽ റേഷനരിയുടെ രണ്ടു വറ്റും. അതു കൊണ്ട് ഞങ്ങൾ തൃപ്തരാകേണ്ടിയിരുന്നു.

ഞങ്ങൾ മക്കളെല്ലാവരും കൂടി ഒറ്റ വീട്ടിൽ തങ്ങാറേയില്ല. അമ്മ ഞങ്ങളെ ബന്ധു വീടുകളിലേക്ക് അയക്കും. ഒരു പ്രാർത്ഥനയോടെയാണ് അവിടേക്ക് കയറി ചെല്ലുന്നതു തന്നെ. ചിലപ്പോൾ കുറെ പാത്രങ്ങൾ നിറയെ വെള്ളം കോരിക്കുക, വിറകുപൊട്ടിക്കുക, പറങ്കിമാവിൽ കയറി കശുവണ്ടി പറിക്കുക തുടങ്ങി എന്തെങ്കിലുമൊരു ജോലിക്ക് ശേഷമാണ് ഭക്ഷണം കിട്ടുക. അന്ന് മുതൽക്കേ ജോലികൾ ചെയ്ത് ശീലമായി.

കോന്ദ്ര എന്ന കഥ എഴുതാൻ ഇടയായ സാഹചര്യം പറയാമോ?

കൊയ്ത്തു കഴിഞ്ഞ പാടത്തും വരമ്പിലും ഊർന്നു കിടന്ന നെൽക്കതിരുകളും നെന്മണികളും പെറുക്കി തന്റെ മാറാപ്പിലേക്ക് ശേഖരിക്കുന്ന കോന്ദ്ര വേലതാട്ടി എന്ന കോന്ദ്രയമ്മൂമ്മ എന്റെ വലിയച്ഛന്റെ വീട്ടിൽ കൊയ്ത്തിനും ഞാറുനടീലിനും വരാറുണ്ടായിരുന്നു. ആ ഓർമ്മകളാണ് ഈ കഥയെഴുതാൻ പ്രേരണയായത് . കോന്ദ്ര ഉൾപ്പെടെ 11 കഥകളാണ് ആ സമാഹാരത്തിൽ ഉള്ളത്. കോന്ദ്ര എന്ന കഥയക്ക് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൽ നടത്തിയ കഥാമൽസരത്തിൽ അംഗീകാരം കിട്ടിയിരുന്നു.

പ്രസിദ്ധീകൃതമായ ആദ്യത്തെ കഥാസമാഹാരം ഏതാണ്?

എന്റെ ആദ്യത്തെ കഥാസമാഹാരം ‘വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും’ ആണ്. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി മുരളീകൃഷ്ണൻ സാറാണ് ഇത് പ്രസിദ്ധീകരിക്കാൻ സഹായിച്ചത്. അതിന്റെ അവതാരിക എഴുതിയത് കെ.വി സെൽവമണി സാറാണ്. ഹൈസ്കൂളിൽ എന്റെ മലയാള അധ്യാപകനായിരുന്ന മാധവൻ പിള്ളസാറിനാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കഥാകഥനരീതി എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കഥ വായിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞിരിക്കുന്ന ചിത്രം മനസ്സിൽ നിന്നും മായുന്നില്ല. ഓൺലൈനിലൂടെയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.

എഴുത്തിനു പ്രചോദനമായി ഒപ്പം നിൽക്കുന്നവർ ആരൊക്കെയാണ്?

പെരിവെയിലിൽ തളർന്നിരിക്കുന്ന ഒരുവന്റെ അരികിലേക്ക് ചിലപ്പോഴൊക്കെ അരയാൽമരങ്ങൾ നടന്നു വരാറുണ്ട്. അവരുടെ തണലാണ് എന്റെ ഊർജ്ജം. പ്രവാസത്തിനു ശേഷം കഥയെഴുത്തിലേക്കുള്ള തിരിച്ചുവരവിന് കാരണഭൂതരായവരിൽ രണ്ടു പേരുണ്ട്; കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗമായ എൽ. പത്മകുമാർ സാറും, ബി.സുഗതൻ സാറും. ഇവർ രണ്ടുപേരുമാണ് എന്റെ ഇടവും വലവും നിൽക്കുന്നവരിൽ പ്രധാനികൾ.
ഇന്നെനിക്ക് പ്രിയപ്പെട്ടവരായി മറ്റുരണ്ടുപേർ കൂടി ചേർന്നിട്ടുണ്ട്. ഒന്ന് കരൂപ്പടന്ന ഗ്രാമീണ വായനശാലയിലെ കഥാചർച്ചയിലൂടെ പരിചയപ്പെട്ട, ഞാനിതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ശ്രീ രാമചന്ദ്രൻ കൂവക്കാട് ആണ്. മറ്റൊന്ന് എന്റെ നാട്ടുകാരനായ, ‘പിച്ചണ്ടി’, ‘ദേശീയപതാക’ എന്നീ കഥകളിൽ ഞാൻ പരാമർശിച്ചിട്ടുള്ള കഥാപത്രം ശ്രീ പി.ആർ രാജശേഖരൻ സാറാണ്.

സമകാലിക എഴുത്തുകാരുടെ കഥകളിൽ ഇഷ്ടപ്പെട്ടവ?

എല്ലാവരുടെയും കഥകൾ വായിക്കാറുണ്ട്. മജീദ് സെയ്ദ് , കെ. എസ് രതീഷ്, ജേക്കബ് എബ്രഹാം, എം. പ്രശാന്ത്, സുഭാഷ് ഒട്ടുംപുറം, വി. സുരേഷ് കുമാർ, ശ്രീകണ്ഠൻ കരിക്കകം എന്നിങ്ങനെ പലരുടെയും കഥകൾ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്.

വിമർശനങ്ങൾ ഉണ്ടാവാറുണ്ടോ?

ജോലിക്കു പോകുമ്പോൾ പണിസഞ്ചിയിൽ എന്റെ പുസ്തകങ്ങളെ കൂട്ടാറുണ്ട്. ഒരു കോടിയിൽപരം രൂപയുടെ വീടുണ്ടാക്കിയ ഒരാളുടെ മതിലിന്റെ പണിക്കായി പോയപ്പോൾ എന്റെ കൂട്ടുകാർ വീടിന്റെ ഉടമസ്ഥനോട് -‘ശശി പുസ്തകമൊക്കെ എഴുതിയിട്ടുണ്ട് ഒന്നു വാങ്ങണം’ എന്നു പറഞ്ഞപ്പോൾ “നിങ്ങളുടെ പുസ്തകം വായിച്ചു കഴിഞ്ഞാൽ പിന്നെ എന്റെ കുഞ്ഞുങ്ങൾ മറ്റൊരു പുസ്തകം പഠിക്കേണ്ടി വരില്ലെ”ന്നാണ് മറുപടി കിട്ടിയത്. അതൊന്നു വാങ്ങി മറിച്ചു പോലും നോക്കാതെ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ നൊമ്പരപ്പെടുത്തി. സ്വപ്നങ്ങളിലേക്കുള്ള നടത്തമാണ് എന്റെ ഓരോ ചുവടുവെപ്പുകളും. അതിൽ ഞാൻ എന്റെ നിഴലിനെ മുൻപേ നടത്തുന്നു എന്നു മാത്രം. സ്വന്തം നിഴലിനെ മുൻപേ നടത്തുന്നവനു മാത്രമേ ജീവിതത്തിന്റെ ചിത്രങ്ങൾ വ്യക്തമായി വരയ്ക്കാൻ കഴിയൂ. ‘പിച്ചണ്ടി’ എന്ന കഥയിലൂടെ എന്റെ ഒരു സ്വപ്നമാണ് യാഥാർത്ഥ്യമായത്. പലരുടെയും ഇകഴ്ത്തലുകളാണ് എന്റെ അടുപ്പിലെ വിറക്. അവ കത്തിത്തീരുമ്പോൾ ഞാൻ പാകമാകുന്നു എന്നു മാത്രമേ പറയാനുള്ളൂ.

കഥയിൽ പരീക്ഷണങ്ങൾ ഉണ്ടോ?

ഞാൻ എന്റേതായ വഴി വെട്ടി ഉണ്ടാക്കിയിട്ടുണ്ട്. ആ വഴിയിലൂടെയാണ് ഞാൻ നടക്കുന്നത്. അവിടെ ഞാൻ മാത്രമേയുള്ളൂ. മറ്റുള്ളവരുടെ കഥകളെപ്പറ്റി ഒരു അപഗ്രഥനത്തിനൊന്നും മുതിർന്നിട്ടില്ല.

ജീവിതാനുഭവങ്ങളുടെ പകർത്തലുകൾ ആണോ കഥകൾ? അതിൽ സ്വന്തം ജീവിതം എത്രമാത്രം ഉണ്ട്?

പല കഥകളിലെയും കഥാപാത്രങ്ങളുടെ പേരുകളോ രംഗങ്ങളോ മുൻപ് മനസ്സിൽ പതിഞ്ഞവയായിരിക്കും . ബാക്കിയൊക്കെ ഭാവനകൾ തന്നെയാണ്. എന്നെ പലപ്പോഴായി വേദനിപ്പിച്ച സംഭവങ്ങൾ കഥകൾ ആയിട്ടുണ്ട്. എന്നെക്കാൾ യാതനകളും വേദനകളും അനുഭവിച്ച ധാരാളം മനുഷ്യർ ഉണ്ടാവാം. പക്ഷേ ഹൃദയത്തിന്റെ ലോലതയനുസരിച്ച് അതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. ‘ജലക്കിടക്ക’ എന്ന കഥ എന്റെ ജീവിതം തന്നെയാണ്.

തുടർച്ചയായി മൂന്നു മാസങ്ങളിൽ വ്യത്യസ്ത വാരികകളിൽ വന്ന മൂന്ന് കഥകളും ശ്രദ്ധേയമായിരുന്നല്ലോ?

ഒക്ടോബറിൽ മാധ്യമം വാരികയിൽ ‘പിച്ചണ്ടി’ എന്ന ചെറുകഥ അച്ചടിച്ചു വന്നു. നവംബറിൽ ദേശാഭിമാനി വാരികയിൽ ‘ദേശീയപതാക’. ഡിസംബറിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘മൈക്കാട് ചാന്തേച്ചി’. ഇതിൽ പിച്ചണ്ടി ചിരിപ്പിക്കുന്നതും ദേശീയ പതാക ചിന്തിപ്പിക്കുന്നതും മൂന്നാമത്തേത് കരയിക്കുന്നതും ആയിരുന്നു. യഥാർത്ഥ ജീവിതത്തിൽ നിന്നു തന്നെയാണ് കഥാതന്തു കിട്ടുന്നത്. വെളിച്ചപ്പാടിനെ നേരിട്ട് കണ്ടിട്ട് കൂടിയില്ല. ഭാവനയാണ് ഇവിടെ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത്. ‘വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും’എന്ന എന്റെ ആദ്യത്തെ കഥ വായിച്ചതിനു ശേഷം വായനക്കാരുടെ അഭിപ്രായമായിരുന്നു അതിന്റെ ബാക്കി ഭാഗം കൂടി എഴുതണം എന്നത്. ‘വെളിച്ചപ്പാടിന്റെ അമ്മയും കറുത്ത മുട്ടനാടിന്റെ സൂപ്പും’ ആയിരുന്നു രണ്ടാം ഭാഗം.. ‘വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും പിന്നെയൊരു ചിക്കൻ സമൂസയും ‘ എന്ന മൂന്നാം ഭാഗം ഇപ്പോൾ എഡിറ്റ് ചെയ്യുന്നു.

കഥയെഴുത്തിന് പ്രത്യേകിച്ച് സമയം ഉണ്ടോ?

പകൽ സമയത്ത് പുറത്ത് പച്ചപ്പിലേക്ക് നോക്കിയിരിക്കുമ്പോൾ കഥ നിറയുകയാണ് പതിവ്. ചില കഥകൾ ഒറ്റ ദിവസം കൊണ്ട് തീർക്കും. പിച്ചണ്ടി അങ്ങനെ എഴുതിയതാണ്. കഥയെഴുതാൻ സമയം വളരെ കുറവാണ്. പണികഴിഞ്ഞ് എത്തുമ്പോൾ 7 മണിയാവും. പിന്നെ വീട്ടിലെ കൃഷിക്ക് വെള്ളം തേവണം. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ശാരീരിക അധ്വാനം കഥയെഴുത്തിനെ ബാധിക്കുന്നുണ്ട്.

കഥയെഴുത്തിന്റെ ലക്ഷ്യം എന്താണ്?

സമൂഹത്തെ കണ്ണു തുറന്നു നോക്കുമ്പോഴേ അവിടുത്തെ ചില കാഴ്ചകൾ കാണാൻ പറ്റൂ. അങ്ങനെയുള്ള ചില കാഴ്ചകളാണ് ‘ദേശീയപതാക’ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ‘ശബ്ദിക്കുന്ന അലാറം’ എന്ന കവിതയിൽ ഇന്നത്തെ വൃദ്ധരുടെ അവസ്ഥയാണ് പറയുന്നത്. “ആക്രി സാധനം വാങ്ങാൻ എത്തിയ വണ്ടിക്കാരന് കാശ് അങ്ങോട്ട് കൊടുത്ത് അവരാ അലാറം അടിച്ചേൽപ്പിച്ചു. ആർക്കോ വേണ്ടി ചിലച്ചുകൊണ്ടിരിക്കുന്ന അലാറത്തെയും പേറി ഒരു വണ്ടി അനാഥാലയത്തിലേക്ക് നീങ്ങുകയാണ്….” ഇന്നത്തെ ജീവിതപരമാർഥങ്ങളാണ് ഇത്. ഈ ഇന്റർനെറ്റ് യുഗത്തിൽ വൃദ്ധരുടെ ശബ്ദം അപശബ്ദങ്ങൾ ആവുന്നു.

നോവലാണോ കഥയ്ക്കാണോ കൂടുതൽ തീവ്രത?

അത് കഥയ്ക്ക് തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്. കാച്ചിക്കുറുക്കിയ കഷായം പോലെയാണ് കഥകൾ. മാറിയ കാലഘട്ടത്തിൽ സമയപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തീവ്രമായ ഭാഷയിൽ, കുറച്ചു വാക്കുകളിലൂടെ അഗാധമായി മനുഷ്യമനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റുന്നത് കഥയ്ക്ക് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും’ എൻ.എസ് മാധവന്റെ ‘ഹിഗ്വിറ്റ’യും തകഴിയുടെ ‘വെള്ളപ്പൊക്ക’വുമൊക്കെ അവരുടെ നോവലുകളെക്കാൾ വായിക്കപ്പെടുന്നത് അതുകൊണ്ടാണ്.

എന്തൊക്കെയാണ് ഭാവി പരിപാടികൾ?

മൂന്നാമത്തെ ചെറുകഥാസമാഹാരത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. കഥകൾ എഴുതിക്കൊണ്ടു തന്നെയാണ് മുന്നോട്ടുള്ള പ്രയാണം. ഞാനിറങ്ങുന്ന ഓരോ പകലിനും പല നിറങ്ങളാണ്. എന്റെ ജീവിത പുസ്തകത്തിലെ ഓരോ താളുകളാണ് അവ. ഈ നിറങ്ങളെ ഞാൻ കഥയായി രൂപാന്തരപ്പെടുത്തുന്നു. ജീവിതത്തിൽ മറ്റു പ്ലാനുകൾ ഒന്നുമില്ല. കഥകളുമായി മുൻപോട്ട് ഒരുപാട് സഞ്ചരിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ഇളവൂർ പറഞ്ഞു നിർത്തി.

കുടുംബം, കുട്ടികൾ ?

എന്റെ വീടെന്ന ഘടികാരത്തിലെ ഏറ്റവും വേഗത്തിലോടുന്ന സൂചിയാണ് ഭാര്യ വനജാകുമാരി. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ ആയയാണ്. രണ്ടു മക്കൾ.ശരത്തും അജിത്തും. രണ്ടുപേർക്കും ചിത്രകലയോട് വളരെ താല്പര്യമാണ്.

പരുക്കൻ ജീവിത യാഥാർഥ്യങ്ങളുടെ കൽക്കരിച്ചൂടിൽ വേവിച്ചെടുത്ത കഥകളാണ് ഇളവൂരിന്റേത് . മാറികൊടുക്കുമ്പോഴും മാറ്റിനിർത്തപ്പെടുമ്പോഴും അയാളിലെ എഴുത്തുകാരൻ തളരുന്നില്ല. സ്വന്തം അനുഭവങ്ങളിൽ നിന്ന് ആറ്റി കുറുക്കിയെടുക്കുന്ന എത്ര പറഞ്ഞാലും തീരാത്ത സമൃദ്ധമായ കഥകളുടെ വിളനിലമാണ് ഈ എഴുത്തുകാരന്റെ മനസ്സ്. വിയർപ്പ് മഷിയാക്കി ഇളവൂർ എഴുതുന്ന കഥകളൊക്കെ വായനക്കാരുടെ ഹൃദയഭിത്തിയിൽ ഒരു കൈയ്യൊപ്പ് പോലെ നീണ്ടുനിവർന്നു കിടക്കും, കാലങ്ങളോളം.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.