വ്യാഖ്യാനങ്ങളും വിമർശനങ്ങളും – എം. കെ. ഹരികുമാറിൻ്റെ അക്ഷരജാലകത്തിന് 25 വയസ്സ്

എഴുത്തിന്റേയും വായനയുടേയും അപരിചിതമായ അനുഭവങ്ങളുടെ മേഖലകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന വിസ്മയ വ്യാഖ്യാതാവും വിമര്‍ശകനുമാണ് എം കെ ഹരികുമാര്‍.

ആധുനിക മലയാള സാഹിത്യത്തിലെ ഉജ്ജ്വല രചനകളിലൊന്നായ ഖസാക്കിന്റെ ഇതിഹാസം -ഗവേഷണത്വരയോടെ അപഗ്രഥിച്ച് എഴുതിയ ആത്മയാനങ്ങളുടെ ഖസാഖ് എന്ന ഒരൊറ്റ പഠന ഗ്രന്ഥം മതി എം കെ ഹരികുമാറിനെ, പ്രസക്തമായ ഇടം നോക്കി എഴുത്തിന്റെ ലോകം അടയാളപ്പെടുത്തിയിടാന്‍.

മലയാള നോവല്‍ സാഹിത്യത്തില്‍ നിത്യവിസ്മയമായ ക്ലാസിക്കുകളുടെ ശ്രേണിയിലുള്ള ഖസാക്കിന്റെ ഇതിഹാസത്തിന് അമ്പത് വയസ്സ് പൂര്‍ത്തിയായ വേളയിലാണ് നിരൂപണ ഗ്രന്ഥങ്ങളുടെ ടെക്‌സറ്റ് ബുക് ഉദാഹരണമെന്ന് വിശേഷിപ്പിക്കാവുന്ന ആത്മയാനങ്ങളുടെ ഖസാക്കിന്റെ ഉടയോനായ എം കെ ഹരികുമാര്‍ തന്റെ സാഹിത്യയാത്രയിലെ നിര്‍ണായകമായ ഒരു നാഴികക്കല്ലു താണ്ടുന്നത്.

കാലാന്തരങ്ങളില്‍. പ്രസിദ്ധീകൃതമായ ആനുകാലികങ്ങള്‍ മാറിമറിഞ്ഞെങ്കിലും ഇടതടവില്ലാതെ, എംകെയുടെ അക്ഷീണോത്സാഹത്താല്‍ എഴുതിപ്പോരുന്ന അക്ഷരജാലകം എന്ന പംക്തി രജതജൂബിലി പിന്നിട്ട് അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.

ഈ അവസരത്തില്‍ നിരൂപകനും ചിന്തകനുമായ എംകെ മനസ്സു തുറക്കുകയാണ്.

അക്ഷര ജാലകം ഇരുപത്തിയഞ്ച് ആണ്ടുകള്‍ പിന്നിടുകയാണ്. ഇടതടവില്ലാതെ ഈ എഴുത്ത്, എന്താണ് ഇതിനുള്ള ഊര്‍ജ്ജം. പ്രചോദനം. ?

എന്റെ എഴുത്തിന്റെ പല രൂപങ്ങളില്‍ ഒന്നു മാത്രമാണ് കോളമെഴുത്ത്. വളരെ സ്വതന്ത്രവും മൗലികവുമായ ഒരു രൂപമാണ് അക്ഷരജാലകത്തിനായി ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. തത്വാചിന്തപരവും സംസ്‌കാരികവുമായ ഒരു വിഷയത്തെക്കുറിച്ച് ആമുഖമായി എഴുതിക്കൊണ്ടാണ് തുടക്കം. ഒരോ ആഴ്ചയിലും എഴുത്തിന്റെ വിഷയങ്ങളെ എങ്ങിനെ കണ്ടെത്തുമെന്ന് പല സുഹൃത്തുക്കളും ചോദിക്കാറുണ്ട്. നമ്മുടെ ചിന്തയുടെ ഗതാനുഗതികളെ പിടിച്ചുലയ്ക്കുന്ന എന്തെങ്കിലും എഴുതുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്.

അനുവാചകരെ ആകര്‍ഷിച്ച് തുടര്‍ച്ചയായി 25 വര്‍ഷം അക്ഷരജാലകം എഴുതാനായത് ഒരു കോളമിസ്റ്റ് എന്ന നിലയില്‍ വലിയ വിജയമാണെന്ന് ഞാന്‍ കരുതുന്നു.

ഭാഷയിലും വാക്കുകളിലും തനതായ വേറിട്ട ഒരു ശൈലി പ്രകടമാണ്. ഇത് സംഭവിച്ചു പോവുന്നതാണോ അതോ, ഇതിനു പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടോ. ?

“Remembrance of things past is not necessarily the Remembrance of things as they were “
വിഖ്യാത ഫ്രഞ്ച് എഴുത്തുകാരന്‍ മാര്‍സല്‍ പ്രൂസ്തിന്റെ ഈ വാക്യം. എന്നെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. എങ്ങിനെ ചിന്തിക്കണമെന്നത് അദ്ദേഹം പറഞ്ഞുതരുന്നു. ചിരപരിചിതമായതൊന്നും അങ്ങിനെയല്ല, അത് അപരിചിതവും കുഴപ്പിക്കുന്നതുമാണെന്ന് പ്രൂസ്തിനെ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. എന്റെ എഴുത്തില്‍ നവീനമായ ഭാഷയും വാക്യങ്ങളും ഉണ്ടാകണമെന്ന് തോന്നാന്‍ കാരണം പ്രൂസ്തിനെ പോലുള്ള എഴുത്തുകാരാണ്.

സത്യബോധമുണ്ടായാൽ സ്വാതന്ത്ര്യം തനിയെ വരും. അവിടെയാണ് ധൈര്യമുള്ളത്. എന്തിനുവേണ്ടിയാണ് എഴുതുന്നതെന്ന് ചോദിച്ചാൽ സ്വന്തം ബോധ്യങ്ങളെ വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. എന്നാൽ അതിനപ്പുറം അത് ഒരു സാമൂഹിക പ്രക്രിയയാണ്

അക്ഷരജാലകത്തിന്റെ തുടക്കം കേരളകൗമുദിയിലായിരുന്നല്ലോ, പിന്നീട് പ്രത്യക്ഷപ്പെട്ട വേദികള്‍ മാറിയെങ്കിലും പംക്തി തുടര്‍ന്നു പോന്നു.. അതിനെക്കുറിച്ച് വിശദീകരിക്കാമോ ?

1998 ഫെബ്രുവരിയിലാണ് അക്ഷര ജാലകം ആരംഭിക്കുന്നത്. കേരള കൗമുദിയിലാണ്. അന്നത്തെ, കൊച്ചി യൂണിറ്റ് ചീഫ് പി വി മുരുകനാണ് ഇങ്ങിനെയൊരു പംക്തി എഴുതാന്‍ നിര്‍ദ്ദേശിച്ചത്. കൊച്ചി എഡീഷനില്‍ മാത്രം പ്രത്യക്ഷപ്പെട്ട അക്ഷര ജാലകം എല്ലാ എഡീഷനുകളിലേക്കും സ്വീകരിക്കപ്പെട്ടത് അന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന എ പി വിശ്വനാഥന്‍ സാറിന്റെ താല്‍പര്യപ്രകാരമാണ്. എഡിറ്റോറിയല്‍ പേജില്‍ സാഹിത്യ പംക്തി എഴുതുന്നത് നടാടെയാണ്. കേരളകൗമുദിയില്‍ നിന്ന് കലാകൗമുദിയിലേക്ക് മാറിയതോടെ അക്ഷരജാലകത്തിന്റെ ദൈര്‍ഘ്യത്തിലും രൂപഘടനകളിലും മാറ്റം വന്നു. പിന്നീട്. പ്രസാധകന്‍ മാസികയിലും കഥ മാസികയിലും മലയാള സമീക്ഷ ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചു.

താമസിയാതെ, മെട്രോവാര്‍ത്തയിലേക്ക് എത്തി. മുന്‍ ചീഫ് എഡിറ്റര്‍ യശഃശരീരനായ ആര്‍. ഗോപികൃഷ്ണന്റെ പിന്തുണയും പ്രോത്സാഹനവുമാണ് അന്ന് അക്ഷരജാലകത്തിന് തുണയായത്. മെട്രോയുടെ സണ്‍ഡേ സപ്ലിമെന്റിലാണ് ആദ്യം അച്ചടിച്ചുവന്നിരുന്നത്, ഇപ്പോള്‍ തിങ്കളാഴ്ചതോറുമാണ് പ്രസിദ്ധീകരിക്കുന്നത്.

അക്ഷരജാലകത്തിന് പതിവു വായനക്കാരുണ്ട്. പുതിയ വായനക്കാരുമുണ്ട്. എങ്ങിനെയാണ് ഇവരുടെ പ്രതികരണങ്ങള്‍.. ?

ലഹരി പോലെ പിന്തുടരുന്ന നിരവധി വായനക്കാരുണ്ട്. കോളം കണ്ടില്ലെങ്കില്‍ അവര്‍ വിളിച്ചുകൊണ്ടിരിക്കും. അക്ഷരജാലകം വായിക്കാന്‍ കഴിയുന്നത് ജീവിതസൗഭാഗ്യമായി കാണുന്നുവെന്ന് പറഞ്ഞ വായനക്കാരനുണ്ട്. അക്ഷര ജാലകത്തെ പ്രാണവായു പോലെ കൊണ്ടുനടക്കുന്ന വായനക്കാരുണ്ട്. അവര്‍ പുതിയതിനൊപ്പം പഴയ ലക്കങ്ങളും തേടിപ്പിടിച്ച് വായിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഫോണില്‍ വിളിച്ച് സംശയങ്ങള്‍ ചോദിക്കും. മലയാളത്തിലെ ഒരേയൊരു കോളമിസ്റ്റ് എന്ന് വിശേഷിപ്പിച്ച ഒരു സ്‌നേഹിതന്‍ എനിക്കുണ്ട്. ഇത്രയും ദീര്‍ഘകാലമായി തുടരുന്ന ഒരു കോളം മറ്റൊന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിന്റെ പുസ്തകരൂപത്തെപ്പറ്റി വായനക്കാര്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു പക്ഷേ, ഇനിയും ഇത് സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.

മാധ്യമപ്രവര്‍ത്തകനാണല്ലോ, എന്നാല്‍, വഴിമാറി സഞ്ചരിച്ച് സാഹിത്യ നിരൂപണത്തിലേക്കും ഗൗരവമായ എഴുത്തിലേക്കും എത്തപ്പെട്ടതിനെ കുറിച്ച് പറയാമോ ?

1998 ല്‍ ആണ് അക്ഷര ജാലകം ആരംഭിക്കുന്നത്. പക്ഷേ, അതിനു മുന്നേ തന്നെ, എന്റെ സാഹിത്യ രചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന സംക്രമണം മാസികയില്‍ വര്‍ത്തമാനത്തിന്റെ ബോധവിചാരണ എന്ന ലേഖനം 1982 ലാണ് പ്രസിദ്ധീകരിച്ചത്. ഗൗരവമായ എഴുത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായി മാറി ഇത്. അതിനും മുന്നേ, 1981 ല്‍ കൂത്താട്ടുകുളത്ത് നിന്ന് സുഭാഷ് ചാര്‍വാക പ്രസിദ്ധീകരിച്ച മൂന്നു കഥകള്‍ എന്ന പുസ്തകത്തിന് ഞാന്‍ അവതാരിക എഴുതിയിരുന്നു.

ആത്മായനങ്ങളുടെ ഖസാക്കിനു ശേഷം അക്ഷര ജാലകത്തില്‍ മുഴുകിയതിനാല്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ എഴുതാനായില്ല എന്നു തോന്നുന്നുണ്ടോ ?

ജലഛായ, ശ്രീനാരായണായ, വാന്‍ഗോഗിന് എന്നീ നോവലുകള്‍ അക്ഷരജാലകത്തിനൊപ്പമാണ് രൂപമെടുത്തത്. ഇതിനൊപ്പം അക്ഷരജാലകത്തിന്റെ പണിപ്പുരയിലും സജീവമായിരുന്നു. എന്നാല്‍, ഒരോ ആഴ്ചയിലും ഈ കോളം എഴുതുന്നതിന്റെ മാനസിക സമ്മര്‍ദ്ദവും ഞാന്‍ അനുഭവിക്കേണ്ടിവന്നു. എഴുതിത്തുടങ്ങിയിട്ട് നാല്‍പതാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. 28 പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. വായനയും എഴുത്തും ഒരു തുടര്‍പ്രക്രിയയാണ്.

എഴുത്തുകാർ പൊതുവേ വിമർശനങ്ങളെ ഉൾക്കൊള്ളാറില്ല. എഴുത്തുകാരുടെ സഹിഷ്ണുതയും സ്നേഹവുമെല്ലാം താൽക്കാലികമാണ്. സ്വന്തം കാര്യത്തിൽ പലരും സ്വാർത്ഥരാണ്

ഉത്തരാധുനികതയെ കൃത്യമായി അടയാളപ്പെടുത്തിയ വ്യക്തിയാണ് താങ്കള്‍. അക്ഷരജാലകത്തിലൂടെ പല ആശയങ്ങളേയും പരിചയപ്പെടുത്തി. ഭാഷാനിര്‍മിതിക്കും, ആഖ്യാനകൗശലത്തിനുമൊപ്പം പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നതിനെ കുറിച്ച് പറയാമോ ?

“My heart has many rooms in it than a whorehouse,” എന്ന് മാര്‍കേസ് എഴുതിയത് ലോകം അത്ര ചെറുതല്ല എന്നോര്‍മ്മിപ്പിക്കുന്നുണ്ട്. നമ്മുടെ മനസ്സിലെ ലോകത്തിനാണ് വലിപ്പം, ലോകം അതിന്റെ ഒരു നീട്ടലാണ്. മനസ്സ് അടഞ്ഞുപോയാല്‍ ഒരു കുട്ടിയുടെ കരച്ചില്‍ പോലും നമുക്ക് മനസിലാവുകയില്ല. ഏത് സൂക്ഷ്മമായ ചലനവും അന്വേഷിക്കപ്പെടാന്‍ കഴിയുന്ന തരത്തില്‍ മനസ്സിന്റെ ഭാഷയും അതിന്റെ വിനിമയ ഉപാധികളും വിപുലീകരിക്കപ്പടേണ്ടതുണ്ട്.

മനുഷ്യഭാവനയുടെ അതിര്‍ത്തികള്‍ മാഞ്ഞുപോയ കാലഘട്ടമാണിതെന്ന് അക്ഷരജാലകം വായനക്കാരെ ഓര്‍മപ്പെടുത്തുന്നുണ്ട്.

” Poetry is like a bird, it ignores all frontiers ” എന്ന് റഷ്യന്‍ കവി യെവ്തുഷെങ്കോ പറയുന്നുണ്ട്. ഏത് കവിയാണോ തന്റെ കവിതകളെ യാഥാസ്ഥിതികമായ പക്ഷങ്ങളുടെ നിശ്ചതയില്‍ കെട്ടിയിടുന്നത്, അദ്ദേഹത്തിന്റെ കവിതകള്‍ക്ക് സംഗീതമോ, പ്രാസമോ ഉണ്ടായത്‌കൊണ്ട് പ്രയോജനമില്ല, അതിലേക്ക് മാനവരാശിക്ക് കാതുചേർത്ത് വെച്ചാൽ ഒന്നും തന്നെ ലഭിക്കുകയില്ല. അതിര്‍ത്തികള്‍ തകരുന്ന ശബ്ദങ്ങള്‍ കേട്ടുകൊണ്ട് വേണം ഉല്പതിഷ്ണുവായ ഒരു കവി ഉണരേണ്ടത്. ഒരു വിമര്‍ശകനും കോളമിസ്റ്റിനും ഇത് ബാധകമാണ്.

അക്ഷരജാലകത്തിലൂടെ ഉത്തരാധുനികതയുടെ തത്വചിന്താപരമായ ആഴങ്ങള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഉത്തരാധുനിക മരിച്ചു എന്ന് മലയാളത്തില്‍ ആദ്യമായി പറഞ്ഞത് എന്റെ ഈ കോളത്തിലൂടെയാണ്. നവാദ്വൈതം എന്ന ആശയവും ഈ കോളത്തിലുൂടെയാണ് ഞാന്‍ അവതരിപ്പിച്ചത്.

അക്ഷരജാലകം പലപ്പോഴും വലിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ചില കടുത്ത വിമര്‍ശനങ്ങള്‍ ജോണ്‍പോളിനെതിരേയും പൂതൂരിനെതിരേയും ഉയര്‍ത്തിയത്.. അതിനെ കുറിച്ച് പറയാമോ ?

അക്ഷരജാലകത്തില്‍ വീറോടെ ഇടപെട്ട് എഴുതിയ ചില സന്ദര്‍ഭങ്ങളാണ് ഇത്. ഭരതന്‍-ശ്രീവിദ്യ പ്രണയത്തെക്കുറിച്ച് ജോണ്‍പോള്‍ എഴുതിയപ്പോള്‍ എനിക്ക് വിമര്‍ശിക്കേണ്ടിവന്നു. അവര്‍ രണ്ടു പേരും ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് അവരുടെ സ്വകാര്യത വെളിപ്പെടുത്തിയത് ശരിയായില്ല എന്ന വാദമാണ് ഞാന്‍ ഉര്‍ത്തിയത്.

മറ്റൊരു സന്ദര്‍ഭത്തില്‍ കഥാകാരി രാജലക്ഷ്മി ഉണ്ണികൃഷ്ണന്‍ പൂതുരിനെ വശീകരിക്കാന്‍ ശ്രമിച്ചുവെന്ന അര്‍ത്ഥത്തില്‍ പൂതൂര്‍ എഴുതിയപ്പോഴും എനിക്ക് വിമര്‍ശിക്കേണ്ടി വന്നു. മറ്റൊന്ന് മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ച് അവരുടെ മരണശേഷം ചിലര്‍ അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി. അത് മര്യാദയ്ക്ക് നിരക്കുന്നതായിരുന്നില്ല.

അക്ഷരജാലകത്തെ തമസ്കരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഇരുപത്തഞ്ച് വർഷം പൂർത്തിയായിട്ടും പലരും അത് കാണാതെ മിണ്ടാതിരിക്കുകയാണ്

അക്ഷരജാലകത്തിനായി ഗഹനമായ വായന അനിവാര്യമാണ്. വായനയെക്കുറിച്ച് ?

പല ലൈബ്രറികളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കാറുണ്ട്. ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ സുലഭമാണ്. പുസ്തകങ്ങളുടെ പിഡിഎഫ് ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്. വായന മാത്രം പോരാ. എഴുത്തുകാരന്റെ മനസ്സ് എപ്പോഴും ദൃഡമായിരിക്കരുത്, അത് ഇലാസ്തികമായിരിക്കണം. അന്തഃകരണത്തിലെ വൈദ്യുത ചാലക സിദ്ധികളെ അയാള്‍ ഏപ്പോഴും സജീവമായി നിലനിര്‍ത്തണം. ലോകത്തിന്റെ എവിടെ നിന്നും അസംസ്‌കൃത വസ്തുക്കള്‍ ഖനനം ചെയ്ത് എടുക്കണം. അയാള്‍ക്ക് മാത്രം സാദ്ധ്യമായ അന്വേഷണവും സ്വപ്‌നാത്കതയും കോമാളിത്തവും, വിഷാദാത്മകതയുമാണത്.

എഴുത്തിന്റെ പ്രചോദനം മര്‍സല്‍ പ്രൂസ്തിനെപോലുള്ള എഴുത്തുകാരാണ് എന്നു പറഞ്ഞല്ലോ.. ബൗദ്ധികമായ ഉണര്‍വിന്റെ ഊര്‍ജ്ജ പരിസരം കാത്തു സൂക്ഷിക്കുന്നത് എങ്ങിനെയാണ്. ?

“The soul is a creative process . It is an activity.” എന്ന് റഷ്യന്‍ ദൈവശാസ്ത്രജ്ഞനായ നിക്കൊളെ ബെര്‍ദ്യോവ് പറഞ്ഞിട്ടുണ്ട്. നമ്മുക്ക് നമ്മുടെ വികാരങ്ങള്‍, ലോകത്തെ കണ്ടെത്താനുള്ളതാണ്. ആത്മാവിനെ അറിയുക എന്ന് പറഞ്ഞാല്‍ ഒരിടത്ത് ആത്മാവ് സ്ഥിരമായിരിക്കുന്നു, അവിടെച്ചെന്ന് അതെടുത്താല്‍ മതി എന്നല്ല അര്‍ത്ഥം, ആത്മാവ് നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും സൃഷ്ടിവാസനയുടേയും നിര്‍മിതിയാണ്, അതാകട്ടെ, എപ്പോഴും നേടേണ്ടതുണ്ട്. നമ്മള്‍ അതിനായി എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രത്തോളം നമ്മുടെ ഭാഷ മെച്ചപ്പെടും ലോകം അനാവൃതമാകും. റഷ്യന്‍ കവി മയക്കോവ്‌സ്‌കിയുടെ വരികളാണ്. നക്ഷത്രങ്ങള്‍ ചിമ്മുന്നുണ്ടെങ്കില്‍ അത് ആവശ്യമുള്ള ആരോ ഉണ്ട് ആ വെളിച്ചം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആരോ ഉണ്ടെന്നാണ് അതിന്നര്‍ത്ഥം. വാന്‍ഗോഗിന്റെ എന്ന ചിത്രം കണ്ടപ്പോള്‍ ഈ വരികള്‍ എന്നെ ജ്വലിപ്പിച്ചു. പുതിയൊരാകാശം തന്നെ പ്രത്യക്ഷപ്പെട്ടു

നിശ്ശബ്ദമായി ,രഹസ്യമായി മറ്റുള്ളവരെ സ്വഭാവഹത്യ ചെയ്യുന്ന എഴുത്തുകാരുണ്ട്. പക്ഷേ , അവരെ വെട്ടത്ത് കിട്ടുകയില്ല

മൗലികതയും ആഴവുമാണ് അക്ഷരജാലകത്തിന്റെ സവിശേഷത. പലരും അനുകരിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എന്താണ് ഈ വിജയരഹസ്യം ?

കോളമെഴുത്തില്‍ എന്നും നവീനമായ ഒരു അവബോധം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പഴയത് ആവര്‍ത്തിക്കാറില്ല. ഒരു പുതിയ കാഴ്ചപ്പാട് ഇല്ലെങ്കില്‍ കോളം എഴുതിയിട്ട് കാര്യമില്ല. എല്ലാ ആഴ്ചകളിലും പുതിയതായി എന്തെങ്കിലും കണ്ടെത്തണം. അക്ഷരജാലകത്തെ അനുകരിച്ച് കോളമെഴുതാന്‍ പോയവര്‍ പരാജയപ്പെട്ടെങ്കില്‍ അവര്‍ക്ക് നിരന്തരമായ വായനയില്ലായിരുന്നുവേണം കരുതാന്‍. ആനുകാലികങ്ങളില്‍ വരുന്നവയില്‍ നിന്ന് ഉദ്ധരണികള്‍ നിരത്തുകയോ കമന്റ് എഴുതുകയോ ചേയ്താല്‍ മതിയാകാതെ വരും.

വായനക്കാരുടെ എഴുത്തുകളും മറുപടികളും ഫോണ്‍വിളികളുമല്ലാതേ സന്തോഷം തോന്നിയ എന്തെങ്കിലും അവസരം അക്ഷരജാലകം തന്നത് വിശദീകരിക്കാമോ ?

അക്ഷരജാലകത്തെ പ്രശംസിച്ച് സംവിധായകന്‍ കെ എസ് സേതുമാധവന്‍ കവി ചെമ്മനം ചാക്കോ എന്നിവര്‍ വാരികയില്‍ കത്തുകള്‍ എഴുതിയപ്പോള്‍ ഏറേ സന്തോഷം തോന്നി.

( മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എംകെ ഹരികുമാര്‍ കൂത്താട്ടുകുളം സ്വദേശിയാണ്. എഴുത്ത് ജീവിതം നാല്‍പതാണ്ട് പിന്നിട്ടു. മംഗളം, കേരള കൗമുദി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.)