കരിക്കകംകഥകളുടെ ജലസ്ഥലികൾ

“…ഒരിക്കൽ കൗമുദി വാരികയുടെ എഡിറ്റർ ഭാസുര ചന്ദ്രൻ സാറ് ചോദിച്ചു: കുട്ടിക്കാലത്ത് മനുഷ്യനിൽ സ്വഭാവികമായി ഉണ്ടാകുന്ന മൂന്ന് അത്ഭുതങ്ങളുണ്ട്. അത് ഏതൊക്കെയാണ്?

ഞാൻ മിഴിച്ചിരിക്കെ,

” കടൽ, തീവണ്ടി, വിമാനം” എന്ന് അദ്ദേഹം തന്നെ മറുപടി പറഞ്ഞു.

സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് അഭിമാനം തോന്നി. ഈ മൂന്നും കണ്ട് വളരാൻ ഭാഗ്യം സിദ്ധിച്ചവരായിരുന്നു, ഞങ്ങൾ കരിക്കകത്തുകാർ.

വീടിന് മുന്നിലെ വിശാലമായ മണൽപ്പരപ്പിലേക്ക് ഇറങ്ങി നിന്നാൽ പഴയ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനും അവിടെ വരുന്ന കൽക്കരി തീവണ്ടികളും കാണാം. രണ്ട് മനുഷ്യർ അപ്പുറം ഇപ്പുറം നിന്ന് കൽക്കരി കോരിയെറിയുന്ന തീവണ്ടി കണ്ടിരിക്കുന്നതു തന്നെ വലിയ രസമായിരുന്നു.

കഷ്ടി ഒന്നര കിലോമീറ്ററിനപ്പുറമായിരുന്നു, തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുവാൻ താഴ്ന്ന് വരുന്ന വിമാനങ്ങൾ ഞങ്ങൾ ദിവസവും കാണും!  ഒപ്പം അവിടെ നിന്ന് കുതിച്ചുയരുന്ന വിമാനങ്ങളും! മുട്ടത്തോട് പൊട്ടുന്നതു പോലെ അടിഭാഗത്തു നിന്നും കൂറ്റൻ ടയറുകൾ വിരിഞ്ഞ് പുറത്തേക്ക് വരുന്നത് മറ്റൊരു അത്ഭുത കാഴ്ചയാണ്.

ഭാസുര ചന്ദ്രൻ സാറ് പറഞ്ഞ മൂന്നാമത്തെ അത്ഭുതമായ കടൽ, അടുത്ത് തന്നെയുള്ള ശംഖുംമുഖവും വെട്ടുകാടും ഒക്കെയായി നിവർന്ന് കിടന്നു…  ഓർമക്കുറിപ്പുകളുടെ പുസ്തകമായ “തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്തി”ൽ ഞാനതു പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കരിക്കകം ഗ്രാമത്തിന്റെ സ്വന്തം കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം എഴുത്തിന്റെ നടവഴികളിൽ മുന്നേറുമ്പോൾ ജീവിതത്തിലെ തീഷ്ണമായ ചില തിണർപ്പുകൾ എഴുത്തിൽ നിഴൽക്കളങ്ങൾ തീർക്കുന്നത് വായിച്ചെടുക്കാം.

ഇന്ന് കഥയുടെ ഒരുപാട് ദൂരങ്ങൾ താണ്ടിയ ആ ജീവിതമെഴുത്തിലേക്ക് തെറ്റിയും തിരുത്തിയും ചില ചോദ്യങ്ങൾ…

പേരിൽ തന്നെയുള്ള ‘കരിക്കകം’ എന്ന കൊച്ചു ഗ്രാമം രചനക്ക് എന്തൊക്കെ തന്നിട്ടുണ്ട്?

ഇന്നുവരെ ആരും ചോദിക്കാത്ത ഒരു ചോദ്യമാണിത്. ഞാനും പലപ്പോഴും ഓർക്കാറുണ്ട്, എന്താണ് എനിക്ക് എൻ്റെ നാട് തന്നത്?

എല്ലാ ഗ്രാമങ്ങളിലുമെന്നപോലെ ഞങ്ങളുടെ ഗ്രാമത്തിലും ധാരാളം ദൈവങ്ങൾ ഉണ്ട്. കരിക്കകം ചാമുണ്ഡേശ്വരിയാണ്  അതിൽ പ്രധാനം. ഒരിക്കൽ എം.ടി. സ്വന്തം ഗ്രാമത്തിലെ ദേവിയെക്കുറിച്ച് പറഞ്ഞതുപോലെ, ലോകത്തെ സകല ദൈവങ്ങളേയും തള്ളിപ്പറയാം. പക്ഷേ, ഞങ്ങളുടെ കരിക്കകത്തെ ചാമുണ്ഡേശ്വരിയെ ഒപ്പം കൂട്ടാതെ വയ്യ. അതൊരു കരുത്താണ്. കരിക്കകം അങ്ങനെ വിശ്വാസമായും ജീവനായും വഴിക്കാട്ടിയായും ഒപ്പമുണ്ട്.

ജീവിതത്തിന്റെ പൊറുതിക്കേടുകളിൽ നിന്നുള്ള രക്ഷപ്പെടലാണോ എഴുത്ത്?

ബാല്യം മുതൽ പകിട്ടും, പളപളപ്പുമുള്ള മറ്റനേകം മേഖലകളിൽ ചെന്ന് എടുത്തു ചാടി പലയിടത്തും പരാജയപ്പെട്ട് നിന്ദയും അപമാനവും അവഹേളനവും ഒക്കെ അനുഭവിച്ചു കഴിയുന്ന ഒരാൾക്ക് ഈ ലോകത്തെ അത്ഭുതത്തോടെയും നിരാശയോടെയും ഒരുവേള മാറിനിന്ന് ഒരു ജേതാവിനെപ്പോലെയും നോക്കി കാണുവാനുള്ള അവസാനത്തെ വഴി, അതാണ് എഴുത്ത്. സമൂഹം വളരെവേഗം അംഗീകരിക്കുന്ന ഏതെങ്കിലും പ്രവൃത്തികൾക്ക് കൊള്ളാവുന്ന ഒരാൾ ഒരിക്കലും ഒരു ചെറുകഥാകൃത്തോ, നോവലിസ്റ്റോ ആകില്ല. അതിനായി ശ്രമിക്കില്ല. ഒരു നടനായിരിക്കുന്നത് ഒരു കഥാകൃത്താ, നോവലിസ്റ്റോ ആയിരിക്കുന്നതിനേക്കാൾ എത്രയോ മാനസികസൗഖ്യമുള്ള കാര്യമാണ്. ഒരു പൊതുപ്രവർത്തകനാകുന്നതും, ഒരു പ്രസാധകനാകുന്നതും പത്രാധിപർ ആയിരിക്കുന്നതുമെല്ലാം അങ്ങനെ തന്നെ. ഒരു നല്ല അത്ലറ്റിക് കഥയെഴുതുന്നതിനെക്കുറിച്ചോ കവിതയെക്കുറിച്ചോ ചിന്തിക്കുകപോലും ചെയ്യില്ല. ഇതൊരു പൊതുവ്യാഖ്യാനമായി കാണണ്ട, കുറഞ്ഞപക്ഷം, എനിക്കെങ്കിലും ഇതാണ് എഴുത്ത്. അങ്ങനെ വരുമ്പോൾ അടഞ്ഞ ആയിരം വാതിലുകൾക്കു മുന്നിൽ തുറക്കപ്പെടുന്ന ഒരേയൊരു വാതിലാണ് എനിക്ക് എഴുത്ത്.

വിശപ്പിനെപ്പറ്റി ഹൃദയസ്പർശിയായ രേഖപ്പെടുത്തലുകൾകണ്ടു. തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം കൊടുക്കാൻ മാനവികത കാട്ടിയെങ്കിലും അട്ടപ്പാടിയിലെ മധുവിന്റെ കാര്യത്തിൽ നമുക്കത് ഉണ്ടായില്ല. എന്തുകൊണ്ടാണ് മനുഷ്യന് ഈ വൈരുദ്ധ്യം എന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രകൃതിയിൽ സത്യസന്ധതയില്ലാത്ത ഒരേയൊരു വർഗ്ഗം മനുഷ്യനാണ്. ബുദ്ധിയും വിവേകവും കൂടിയ മനുഷ്യൻ വൈരുദ്ധ്യങ്ങളുടെ കൂടാരമാണ്. ബൈബിളിൽ പറുദീസയിൽ നിന്നും പുറത്താക്കപ്പെടുന്ന മനുഷ്യനിൽ നാണം ജനിക്കുന്നതു മുതൽ അവരിൽ ഈ വിരുദ്ധത കാണാം. സ്വാർത്ഥതയാണ് മനുഷ്യരുടെ അതിജീവനത്തെ നയിക്കുന്നത്. അതിനിടയിൽ മാനവികതയൊക്കെ അത്യപൂർവ്വമായി വെളിപ്പെടുന്ന മിന്നൽ വെളിച്ചങ്ങൾ മാത്രം. മധുവിനെപ്പോലുള്ള മനുഷ്യരെ അംഗീകരിക്കുവാൻ പോലും കഴിയാത്തവിധം പൊതു സമൂഹം മാറിക്കഴിഞ്ഞു. ഓരോ മനുഷ്യരും ഓരോ കോട്ടകൾ തീർത്ത് അതിനുള്ളിൽ സുരക്ഷിതരായി വാഴുകയാണ്. കുടുംബം പോലും അതിനെയെല്ലാം സാധൂകരിച്ചു കൊണ്ട് പുലരുന്നവയാണ്.

കുട്ടിക്കാലം, അന്നത്തെ എഴുത്ത്, ആദ്യ കഥ, അച്ഛനമ്മമാരുടെ പ്രോത്സാഹനം ഇവയൊക്കെ നല്ലോർമ്മകളായി മനസ്സിൽ സൂക്ഷിക്കുന്നില്ലേ?

 കുട്ടിക്കാലം ഒരിക്കലും നല്ല ഓർമകളുടെ സഞ്ചയമല്ല. നിരന്തരം കലഹിച്ചിരുന്ന മാതാപിതാക്കൾക്കിടയിൽ ഒരിക്കലും സ്വസ്ഥത കിട്ടാത്ത ബാല്യമായിരുന്നു, എൻ്റേത്. സർക്കാർ ജീവനക്കാരനായിരുന്ന  അച്ഛന് (സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്  കോർപ്പറേഷനിലെ കണ്ടക്ടർ ) വായനയോട് താൽപ്പര്യമുണ്ടായിരുന്നു. ബഷീറിനെയും തകഴിയെയും കേശവദേവിനെയുമെല്ലാം വലിയ ഇഷ്ടമായിരുന്നു. എട്ടുകാലി മമ്മൂഞ്ഞിനേയും ആനവാരി രാമൻനായരെയും പാത്തുമ്മയുടെ ആടിനെക്കുറിച്ചുമെല്ലാം സാന്ദർഭികമായി പറഞ്ഞ് ചിരിക്കും. പക്ഷേ, ആ പുസ്തകങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. പൂമ്പാറ്റ പോലുള്ള ചില ബാലപ്രസിദ്ധീകരണങ്ങൾ വരുത്തി തന്നിരുന്നു. എന്നാൽ ആ പ്രായത്തിൽ അവശ്യം വായിക്കേണ്ട പഞ്ചതന്ത്രവും വിക്രമാദിത്യകഥകളും ജാതകകഥകളും തുടങ്ങിയുള്ള കുറച്ചേറെ ബാലസാഹിത്യ കൃതികൾ പിന്നീട് മുതിർന്ന ശേഷമാണ് വായിച്ചത്. ആ വായന ഒട്ടും ഗുണം ചെയ്തില്ല.

എങ്കിലും വല്ലപ്പോഴും കിട്ടിയിരുന്ന പുസ്തകങ്ങളിൽ ആശ്വാസം കണ്ടെത്തിയ ഒരു കുട്ടിക്കാലമായിരുന്നു എൻ്റേത്. ക്രിക്കറ്റ് എന്ന കളിയുടെ വരവോടെ മറ്റെല്ലാ കളികളും വിസ്മരിക്കപ്പെട്ടുപോയ ഒരു കാലം!  കളികളിലെല്ലാം ഞാൻ വലിയ പരാജയമായിരുന്നു. ആരും കളിക്കാൻ കൂട്ടില്ല. അന്തർമുഖൻ്റെ ലോകത്ത് സ്വയം വർത്തമാനം പറഞ്ഞ് നടന്നു. ഭയമായിരുന്നു, എന്തിലും ഏതിലും. പഠിക്കുന്നതെല്ലാം അദ്ധ്യാപകരെ കാണുമ്പോൾ മറന്നു പോകുന്ന കുട്ടി. എഞ്ചുവടിയൊക്കെ ഇപ്പോഴും തെറ്റാറുണ്ട്. ആരും അറിയാതെയാണ് കുറേക്കാലം എഴുതിയത്. ചിത്രകലയോട് വലിയ അഭിനിവേശമായിരുന്നു. വരയ്ക്കുന്നവരോട് വലിയ ഇഷ്ടമായിരുന്നു. സ്കൂൾ മാഗസിനിലാണ് ആദ്യ കഥ വരുന്നത്. “മോഹഭംഗം” എന്നായിരുന്നു  ആ കഥയുടെ പേര്. ചെറിയ തോതിൽ അന്ന് കവിതകളും എഴുതിയിരുന്നു. അമ്മ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ  എങ്കിലും ധാരാളം കവിതകൾ മന:പാഠമാക്കിയിരുന്നു. മൂന്ന് ആൺമക്കളെ പ്രസവിച്ച് വീട്ടുകാരിയായി ജീവിച്ചു അവസാനം വരെ.

മാറുന്ന ഗ്രാമാന്തരീക്ഷം എഴുത്തിനെ ബാധിക്കാറുണ്ടോ? അതോ ഓർമ്മയുടെ പച്ചപ്പിൽ നിന്നാണോ തുടരെഴുത്തുകൾ ഉണ്ടാവുന്നത്?

തൊണ്ണൂറുകൾക്ക് ശേഷം വളരെ വേഗം നമ്മുടെ നാട്ടിൻപുറങ്ങൾ നഗരങ്ങളിലേക്ക് പടരുകയാണ് ചെയ്തത്. അതിനു സാക്ഷിയായിരുന്നു ഞാനും. 25 വർഷം കൊണ്ട് സംഭവിക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കേവലം രണ്ടോ മൂന്നോ വർഷം കൊണ്ട് അക്കാലത്തിനിടയിൽ സംഭവിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെത്തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള അധിനിവേശവും അവിടെ നിന്നുള്ള പണത്തിന്റെ ഒഴുക്കുമൊക്കെ ഒരു സ്വാഭാവികമായ വളർച്ചയുടെ സന്തുലിതാവസ്ഥയെത്തന്നെ തെറ്റിച്ചു. അത്തരം മാറ്റം ഞങ്ങളുടെ ഗ്രാമത്തിലും സംഭവിച്ചു.

എന്റെ ഗ്രാമം നിറയെ വെളുത്ത ചൊരിമണൽ സമൃദ്ധമായ ഇടങ്ങളായിരുന്നു, പൂഴിമണൽക്കാടുകൾ. അവിടെ നിറയെ പറങ്കിമാവുകളുണ്ടായിരുന്നു. പുന്ന, പനകൾ തുടങ്ങി പേരറിയാത്ത മറ്റു നൂറു കണക്കിന് മരങ്ങൾ, തെങ്ങുകളുടെ സമൃദ്ധി… ഇങ്ങനെ സമ്പന്നമായ ഗ്രാമാന്തരീക്ഷം… എന്നാൽ വളരെ പെട്ടെന്ന് ഒരു റിയൽ എസ്റ്റേറ്റ് മാഫിയ വന്നു വിഴുങ്ങുന്നതു പോലെ ഭൂമിയാകെ മതിലുകളും വേലികളും പണിത ഒരു മാറ്റത്തിലേക്ക് അങ്ങു മാറുകയായിരുന്നു. ഓരോ വ്യക്തിയെയും അതു വല്ലാതെ ഞെരുക്കി ചെറിയ ഇടങ്ങളിലേക്ക് കൊണ്ടുപോയി. കൂറ്റൻ കെട്ടിടങ്ങളുണ്ടായി.. കളിസ്ഥലങ്ങൾ നഷ്ടപ്പെട്ടു.. ഇടവഴികൾ ടാറു ചെയ്തു. മാലിന്യങ്ങൾ കുഴിച്ചുമൂടാൻ പോലും സ്ഥലമില്ലാത്തവിധം ചുരുങ്ങിപ്പോയ കാലമാണ് പിന്നീട് കണ്ടത്. ഇത് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും സംഭവിച്ച മാറ്റമാണ്. അപൂർവ്വം ചിലയിടങ്ങളിൽ മാത്രമേ ഇപ്പോഴും തനത് ഗ്രാമാന്തരീക്ഷം അവശേഷിക്കുന്നുള്ളു. വ്യക്തിപരമായി വേദനിക്കാം എന്നതിനപ്പുറത്തേക്ക്, വികസനം ഒരു അജണ്ടയായി കാണുന്ന ഭരണ സംവിധാനത്തിന് നേട്ടം എന്ന് പറയുന്നത് പാലങ്ങളും റോഡുകളും വിമാനത്താവളങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളുമാവുമ്പോൾ, ശ്രീലങ്കയൊക്കെ ഉദാഹരണങ്ങളായി നമ്മുടെ മുൻപിൽ നിൽക്കുന്നുണ്ട്. 35 വർഷം നമുക്ക് സമ്മാനിച്ചത് അത്തരം വലിയ മാറ്റങ്ങളാണ്. ധനതത്വശാസ്ത്രജ്ഞൻമാരുടെ ഭാഷയിൽ ornamental development അല്ലെങ്കിൽ fancy type വികസനം നമ്മുടെ പാരിസ്ഥിതികമായ പല നിലനിൽപ്പുകളെയും വല്ലാതെ തകർക്കുന്നുണ്ട്. എഴുത്തുകാരന് അത്തരം നൊസ്റ്റാൾജിയകൾ താലോലിക്കാം എന്നതിനപ്പുറം കാലത്തിനൊപ്പം ഒഴുകാതെ തരമില്ല എന്നുകൂടി പറയേണ്ടി വരും.

എഴുത്തിലെ പുത്തൻ പ്രവണതകളെ എങ്ങിനെ നോക്കി കാണുന്നു?

  എഴുത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെ ഞാൻ എന്നും കൗതുകത്തോടെ വീക്ഷിക്കുകയും അതിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളാണ്. ഭാഷയാണ് എന്നെ പ്രമേയത്തെക്കാളും രൂപപരമായ പരീക്ഷണങ്ങളെക്കാളും ആകർഷിച്ചിട്ടുള്ളത്. അത്തരം പരീക്ഷണങ്ങൾ എന്നെ ഇന്നും ഉന്മേഷഭരിതനാക്കാറുണ്ട്. പരീക്ഷണത്തിന് വേണ്ടി നടത്തുന്ന ചില വ്യാജ ടിപ്പണികളും എഴുത്തുകളും നല്ല വായനക്കാരെ അകറ്റും. ഭാഷയേയും സാഹിത്യത്തേയും നിരന്തരം പുതുക്കാനാണ് ഞാനും എഴുത്തിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യം പബ്ലിഷ് ചെയ്തത് കഥയോ കവിതയോ?

  ആദ്യം പബ്ലിഷ് ചെയ്തത് കഥയായിരുന്നു. അതിനു ശേഷം കുറച്ച് കവിതകൾ. വൃത്തബോധമില്ലാത്തത് കവിതയെഴുത്തിൽ ഭയപ്പെടുത്തി. എന്നാൽ കവിത താളമാണെന്ന് ബോധ്യം വന്നപ്പോൾ കഥയിൽ കുറേ ദൂരം സഞ്ചരിക്കുകയും അതിൽ വല്ലാതെ അഭിരമിക്കാനും തുടങ്ങിയിരുന്നു.

അച്ഛനോർമ്മകൾ പറയാമോ? അച്ഛൻ നിറഞ്ഞു നിൽക്കുന്ന ചില എഴുത്തുകൾ കണ്ടു.

അച്ഛൻ ഒരു മതിലായിരുന്നു, മരിക്കുന്നതു വരെ. ഒരിക്കലും തോറ്റു തരാത്ത മനുഷ്യൻ. ചിലപ്പോൾ വല്ലാത്ത ദേഷ്യം തോന്നുമായിരുന്നു. ചിലപ്പോൾ സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തി ഭസ്മമാക്കിക്കളയും! ഒരു കറകളഞ്ഞ കമ്യൂണിസ്റ്റ്. വാക്കും പ്രവർത്തിയും ഏറെക്കുറേ ഒത്തു കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. വാക്കുകൾക്ക് മേൽ നിയന്ത്രണം കുറവായിരുന്നത് അച്ഛനെ പലയിടത്തും ശത്രുവാക്കി. എനിക്ക് വാക്കുകളെക്കുറിച്ച് നല്ല ബോധം തന്നത് അച്ഛൻ്റെ അത്തരം അനുഭവങ്ങളായിരുന്നു. മരണംവരേയും ഒരു രൂപ ഞങ്ങളോട് ആവശ്യപ്പെട്ടില്ല. അച്ഛനെക്കുറിച്ച് ഞാൻ ചിലത് വൈകാതെ എഴുതും.

ബൈബിൾ, എഴുത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ? എങ്ങിനെയാണ് ബൈബിളിന്റെ തുറന്ന വെളിച്ചം ആത്മാവിനെ സ്പർശിച്ചത്?

ബൈബിൾ എനിക്കെന്നും ഒരു സുരക്ഷിത കവചമാണ്. വാക്കുകളുടേയും വചനങ്ങളുടേയും സാന്ത്വനങ്ങളുടേയും നിർവചനങ്ങളുടേയും ഏതിലും ഉപരി ഭാഷയുടേയും എടുത്താൽ തീരാത്ത കലവറയാണ് എനിക്ക് ബൈബിൾ. മനസ്സ് വല്ലാതെ ക്ഷീണിക്കുമ്പോൾ ഞാൻ ബൈബിൾ വായിക്കാനെടുക്കും.

 വർത്തമാനകാലത്തിലെ പ്രതിസന്ധികൾ ( പരിസ്ഥിതി, സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾ തുടങ്ങി പലതും ) കഥയിൽ കൂടി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾ എന്തൊക്കെയാണ്?

ഇവ എപ്പോഴും എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സ്ത്രീ മനസ് എനിക്ക് എഴുത്തിൽ എളുപ്പം വഴങ്ങാറുണ്ട്. അമ്മയേയും പെങ്ങളേയും കാമുകിയേയും ഭാര്യയേയും എഴുതുന്നത്ര എളുപ്പമല്ല, ഭർത്താവിനേയും സഹോദരനേയും ഒക്കെ പകർത്താൻ.

വേതാളം വല നെയ്യുന്നു, നഗരത്തിലെ സാമ്പാറ് കലങ്ങൾ, ബാസിലസ് തുറിഞ്ചിയൻസിസ്, ജനറേഷൻ ഗ്യാപ്, അകക്കുറൾ, ഒന്നാം ഓണം, രണ്ട് സഞ്ചാരിണികൾ, രുഗ്മിണീചരിതം, വരത്തി, വീട്ടിലേക്കുള്ള വഴികൾ….. അങ്ങനെ തുടങ്ങി ഒട്ടേറെ കഥകളിൽ ഞാൻ സ്ത്രീ മനസുകളെ ആവിഷ്കരിച്ചിട്ടുണ്ട്.

പരിസ്ഥിതി വിഷയങ്ങളും എനിക്ക് ഏറെ ഇഷ്ടത്തോടെ, അതിലേറെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. വയൽ, കീറ്റ് വാങ്കറ, മെറ്റമോർഫസിസ്….. തുടങ്ങിയ കഥകളിൽ ശക്തമായ പ്രകൃതി വിചാരങ്ങളുണ്ട്.

അവ ചില നല്ല വായനക്കാരായ മനുഷ്യരിൽ പോസിറ്റീവായ ചിന്തകൾ ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്. ചില പാരിസ്ഥിതിക ചർച്ചകൾ ഉയർത്തി വിടാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോഴും നഷ്ടമാകുന്ന ഒരു ലോകം വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

വായനയിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് കഥകളാണോ? എങ്കിൽ ആരുടെ കഥകളാവും കൂടുതൽ തിരഞ്ഞെടുക്കുക.?

വായനയുടെ ആദ്യകാലങ്ങളിൽ തിരഞ്ഞെടുപ്പുകൾ ഇല്ലായിരുന്നു. എല്ലാം വായിക്കും. വിവർത്തനങ്ങളും നാടകവും ചരിത്രവും ഒക്കെ. പിന്നീട് കഥകളിലേക്ക് കൂപ്പുകുത്തി. ആ പാച്ചിൽ ഇപ്പോഴുമുണ്ട്. വല്ലാത്ത ആവേശം ആ വായനയിൽ സൂക്ഷിക്കുന്നു. ആഴ്ചയിൽ നിർബന്ധമായും രണ്ട് മൂന്ന് കഥകൾ വായിക്കും. നോവലുകൾ ഒരു കാലത്ത് ഹരമായിരുന്നു. ഫീച്ചറുകളും ചരിത്രവും അതിനു പിന്നാലെ വന്നു. പിന്നീട് വായന കവിതകളായി. രാമായണവും ബൈബിളും കുമാരനാശാനും കുഞ്ചൻ നമ്പ്യാരുമെല്ലാം അങ്ങനെ നിറഞ്ഞ് കവിയുന്ന ലോകമാണിപ്പോൾ.

വേതാളം വല നെയ്യുന്നു’, ‘കടൽ ഹൃദയം’, ‘നഗരത്തിലെ സാമ്പാറ് കലങ്ങൾ’, ‘ഒബാമയുടെ പച്ച ബട്ടൺ’, ‘പലായനങ്ങളിലെ മുതലകൾ’, ‘അങ്കണവാടി’, ‘ഗബ്രിയേൽ അഥവാ രാമൻപിള്ള മാർക്വിസ്’ എന്നീ ഏഴ് ചെറുകഥാ സമാഹാരങ്ങളും,’തീപ്പാട്ട്, ‘അ’, ‘പപ്പാതി’ എന്നീ നോവലുകളും പുറത്തിറങ്ങിയിട്ടുണ്ട്. ‘തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളാണ്.

ഫ്രീലാൻസിങ്ങിനൊപ്പം ദൃശ്യമാധ്യമരംഗത്തും സജീവമാണല്ലോ ?

കേരളകൗമുദി, ദേശാഭിമാനി, ദീപിക, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളിലും ആകാശവാണിയിലും ഒരു കാലത്ത് നിരവധി ഫീച്ചറുകൾ എഴുതിയിട്ടുണ്ട്. സ്വതന്ത്ര പത്രപ്രവർത്തനം ഇന്നും ഇഷ്ടമുള്ള ഒരു മേഖലയാണ്. അങ്ങനെ എഴുതി ശീലിച്ച ഫീച്ചറുകൾക്ക് ഒരു വിഷ്വൽ സാധ്യതയുണ്ടെന്ന് പണ്ടേതോന്നിയിട്ടുണ്ട്. ഡോക്യുമെൻ്റെറികളുടെ രചനയിലേക്ക് കടക്കുന്നത് അങ്ങനെയാണ്. കൈരളി, ദൂരദർശൻ, ജീവൻ, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകൾക്കുവേണ്ടി എഴുതിയ സ്ക്രിപ്റ്റുകൾ ശ്രദ്ധിക്കപ്പെട്ടു. അതിൽനിന്നാണ്  സ്വന്തമായി ഡോക്യുമെൻ്റെറികൾ സംവിധാനം ചെയ്യാൻ തുടങ്ങിയത്. അതേറെ രസകരമായി തന്നെ ചെയ്തു. ഇപ്പോഴും തുടരുന്നു. സമഗ്രതയാണ് ഡോക്യുമെൻ്റെറികളുടെ ജീവൻ. ഫീച്ചറുകളുടെ ഘടന അതിന് കരുത്തു നൽകി. വ്യക്തികളേയും സ്ഥാപനങ്ങളേയും കുറിച്ച് ഇതിനകം ഇരുന്നൂറ്റി അൻപതോളം ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.

ആകാശവാണിക്കൊപ്പമുള്ള ജീവിതയാത്രയെപ്പറ്റി പറയാമോ?

ആകാശവാണിയെ ഒഴിവാക്കിക്കൊണ്ടൊരു ജീവിതമെഴുത്ത് അസാധ്യമാണെനിക്ക്. ഇരുപത് വയസ് കഴിയും മുൻപേ ഞാൻ ആകാശവാണിയിൽ പ്രോഗ്രാം അവതരിപ്പിച്ചു തുടങ്ങി. ഡിഗ്രിയൊക്കെ കഴിഞ്ഞ് പ്രത്യേകിച്ച് തൊഴിലൊന്നും ആകാതെ നടന്ന കാലത്ത് എൻ്റെ മുഖ്യ ജീവിതോപാധിയായിരുന്നു  ആകാശവാണി. അന്നത്തെ (ഇന്നത്തേയും)ഏറ്റവും പ്രസിദ്ധമായ വാർത്താ അധിഷ്ഠിത പരിപാടിയായ ”പ്രഭാതഭേരി ” അവതരിപ്പിക്കുന്ന കരാർ തൊഴിലാളികളുടെ കൂട്ടത്തിൽ ഞാനും കയറിക്കൂടി. അന്നെന്നെ സഹായിച്ചത് പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ഒക്കെയായ ശ്രീ.മുഹമ്മദ് റോഷൻ, നാടകപ്രവർത്തകനും സംവിധായകനും ഒക്കെയായ ശ്രീ.എസ്.രാധാകൃഷ്ണൻ എന്നിവരൊക്കെയാണ്. തുടർന്നിങ്ങോട്ടുള്ള പത്തു പതിനഞ്ച് വർഷക്കാലം ഞാൻ ആകാശവാണിയിൽ ഫീച്ചർ ഉൾപ്പെടെ നിരവധി പ്രോഗ്രാമുകൾ ചെയ്തു. പലതും ശ്രദ്ധിക്കപ്പെട്ടു. ചില രചനകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു.

ദിവസവും ഒൻപത് മിനിട്ടിനുള്ളിൽ ഒതുക്കി അവതരിപ്പിക്കുന്ന വാർത്താ അധിഷ്ഠിത പരിപാടിയായ “പ്രഭാതഭേരി” വലിയൊരു പാഠശാലയായിരുന്നു. ദിവസവും കൈകാര്യം ചെയ്തിരുന്ന വൈവിധ്യമാർന്ന വിഷയങ്ങൾ വലിയ അറിവാണ് തന്നത്. ഒരു വാക്മാൻ റിക്കാർഡറും കൊണ്ട് ഞാൻ കേരളമാകെ സഞ്ചരിച്ചിട്ടുണ്ട്. നിരവധി പേരുടെ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്തു കൊണ്ടുള്ള യാത്രകൾ പിന്നീട് ഡോക്യുമെൻ്ററികൾ ചെയ്യുമ്പോഴും തുടരുന്നു.  അനുഭവം എന്ന വലിയ പാഠശാലയിലെ ഓരോ പുസ്തകവും തുറക്കുകയാണവിടെയെല്ലാം.

അതെ, എഴുത്ത് ശ്രീകണ്ഠൻ കരിക്കകത്തിനു ഒരു സംഗീതം പോലെ ഊറി വരുന്നതാണ്. ബൈബിളിന്റെ തുറന്ന വെളിച്ചം അതിന്റെ മാറ്റു കൂട്ടുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലധികമായി സാഹിത്യ-സാംസ്കാരിക ദൃശ്യ മാധ്യമ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഇദ്ദേഹത്തിനു മികച്ച ഡോക്യുമെന്ററി രചനയ്ക്ക് ആകാശവാണിയുടെ ദേശീയ പുരസ്കാരം (2013) ലഭിച്ചിട്ടുണ്ട്.  മലയാളത്തിലെ പ്രമുഖ വാരികകളിലെല്ലാം ചെറുകഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തലയോലപ്പറമ്പ് മുദ്ര കൾച്ചറൽ ആന്റ് ആർട്സ് സൊസൈറ്റിയുടെ ബഷീർ സ്മാരക ചെറുകഥാ പുരസ്കാരം (2002), കേരള സെക്രട്ടറിയേറ്റ്  എംപ്ലോയീസ് അസോസിയേഷന്റെ സുരേന്ദ്രൻ സ്മാരക ചെറുകഥാപുരസ്കാരം (2002), റിയാദ് മലയാളി അസോസിയേഷന്റെ ചെരാത് കഥാപുരസ്കാരം (2004), സാഹിതീയം തകഴി സ്മാരക ചെറുകഥാ പുരസ്കാരം (2005), യുവസാഹിത്യ പുരസ്കാരം (2008), കലാകൗമുദി കഥാപുരസ്കാരം (2019), അബുദാബി ശക്തി അവാർഡ് (2019), പ്ലസന്റ് വിഷ് സ്കൂൾ സിൽവർ ജൂബിലി ചെറുകഥാ പുരസ്കാരം (2020), ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി കഥാപുരസ്കാരം (2020), യുവകലാസാഹിതി വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.  ഭാര്യ  ഷീജ, മക്കൾ ശ്രീലക്ഷ്മി, തീർത്ഥ.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.