പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 45

പത്തു വർഷമായ ഓഫീസിലാണ് വർഷ തൻ്റെ ഔദ്യോഗിക ജീവതം ആരംഭിച്ചത്. ആ ഓഫീസിലെ ഏറ്റവും സൗകര്യപ്രദമായ ഇടത്താണ് അവൾക്കുള്ള ഇരിപ്പിടം ഒരുക്കിയത്. ജോലിയിൽ പ്രവേശിച്ച അന്ന് ഇടവേള സമയത്ത് പഴയ ചില ജീവനക്കാർ അവളുടെ അടുത്തേക്കു പരിചയപ്പെടാനായി വന്നു. ആ സംഭാഷണങ്ങൾക്കിടയിൽ ഒരാൾ പറഞ്ഞു, “ഈ കസേരയിൽ ഇരിക്കുന്നവർ വേഗം തന്നെ ഈ ജോലി മതിയാക്കി പോയ ചരിത്രമാണുള്ളത്.” വർഷ ആ പറഞ്ഞത് ഗൗനിച്ചില്ല. എന്നാൽ പിറ്റേ ദിവസം മറ്റൊരു സ്റ്റാഫ് ഇതേ കഥ മറ്റൊരു വിധത്തിൽ അവതരിപ്പിച്ചു.ആ സ്ഥലം മാറ്റിത്തരാൻ പറയൂ എന്ന് ഉപദേശിച്ചാണ് അവർ മടങ്ങിയത്. വർഷ ആശയക്കുഴപ്പത്തിലായി. ഇത് വിശ്വാസമോ അതോ അന്ധവിശ്വാസമോ?

പിറ്റേന്ന് മീറ്റിങ്ങിനു ശേഷം അവൾ തൻ്റെ മാനേജരോട് ഇതേക്കുറിച്ചു സംസാരിച്ചു. അദ്ദേഹം പൊട്ടിച്ചിരിച്ചു.
“വർഷാ, നിന്നോട് ഈ കഥ പറഞ്ഞവർ ഇവിടെ ജോലിക്ക് എത്തിയിട്ട് മൂന്നു കൊല്ലത്തിലേറെ ആയിട്ടില്ല. ഞാൻ ഈ ഓഫീസ് ആരംഭിച്ച കാലം മുതൽ ഇവിടുണ്ട്. ഞാൻ ആദ്യം ഇരുന്ന ഇടമാണെടോ അത്. എന്താ ഞാൻ ഇവിടുന്ന് പോയോ? ശരിയാണ് എല്ലാ വർഷവും ചിലർ പുതുതായി വരും, അതിൽ ചിലർ കൊഴിഞ്ഞു പോകും. ആ സീറ്റിൽ ഇരുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. ആ ഭാഗം ഓഫീസിൽ എല്ലാവരും ശ്രദ്ധിക്കുന്ന ഇടമാണ് എന്നേ ഉള്ളൂ. അതിനാൽ ജീവനക്കാർ ചിലർ കൊഴിഞ്ഞു പോയതിന് ആ കസേരയുമായി എന്തു ബന്ധം? നോക്കൂ, നിന്നോട് സംസാരിച്ചവരുടെ പെർഫോർമെൻസ് നോക്കുക, ശരാശരിയിലും താഴെയാണ്. അത്തരക്കാർ ഇതുപോലെ ചില വ്യാജ വിശ്വാസങ്ങൾ കൊണ്ടു നടക്കും. സ്വന്തം പരാജയ കാരണം കസേരയാണെന്നു വരെ പറയും അക്കൂട്ടർ.” വർഷ ചിരിച്ചു. അവൾ സ്വന്തം സീറ്റിലേക്കു നടന്നു. പിന്നെ ആത്മവിശ്വാസത്തോടെ ജോലി തുടർന്നു.

ശാസ്ത്രം പറയുന്നത്

മനസ്സ് ഒരു കഥ വിശ്വസിച്ചാൽ, ആ കഥയെ ശരിവയ്ക്കുന്ന സംഭവങ്ങൾ കൂടുതൽ ഓർമ്മിച്ചേക്കാം. അതിനെ മനഃശാസ്ത്രത്തിൽ കൺഫർമേഷൻ ബയാസ് എന്ന് വിളിക്കുന്നു. അതായത്, നമ്മുടെ വിശ്വാസത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയും, അതിന് വിരുദ്ധമായ ഉദാഹരണങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രവണത.

ആത്മീയ പ്രതിഫലനം

സത്യം ഭയപ്പെടില്ല. അതു ചോദ്യങ്ങളെ സ്വാഗതം ചെയ്യും.

ഇന്നത്തെ പരിശീലനം

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് മറ്റൊരാൾ ഒരിക്കൽ പറഞ്ഞതും പിന്നീട് നിങ്ങൾ തന്നെ വിശ്വസിക്കാൻ തുടങ്ങിയതുമായ ഒരു വാക്ക് തിരഞ്ഞെടുക്കുക.
എഴുതുക: “അവർ എന്നെക്കുറിച്ച് പറഞ്ഞത്…”
ഇനി എഴുതുക: “ആ വാക്ക് ഞാൻ എന്നെക്കുറിച്ച് വിശ്വസിക്കാൻ തുടങ്ങിയപ്പോൾ…”
അതിനുശേഷം ചോദിക്കുക: “എന്റെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ ഈ വിശ്വാസത്തെ ശരിവയ്ക്കുന്നുണ്ടോ?”
ഇനി ആ വിശ്വാസത്തിന് വിരുദ്ധമായി നിൽക്കുന്ന മൂന്ന് യഥാർത്ഥ അനുഭവങ്ങൾ എഴുതുക.
അവസാനം എഴുതുക: “ഇത് എന്റെ സത്യമാണോ, അതോ മറ്റൊരാൾ പറഞ്ഞ കഥ ഞാൻ ഏറ്റെടുത്തതാണോ?”
ഇന്ന് ആരെങ്കിലും നിങ്ങളെക്കുറിച്ച് ഒരു ഉറച്ച അഭിപ്രായം പറഞ്ഞാൽ, ഉടൻ അത് മനസ്സിൽ സ്വീകരിക്കാതെ ഒരു ചോദ്യം മാത്രം ചോദിക്കുക: “ഇത് ഒരു അഭിപ്രായമാണോ, അതോ തെളിയിക്കപ്പെട്ട സത്യമാണോ?”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.