പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 43

മീരയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ആണ്. അതിലെ പോസ്റ്റുകൾ വായിച്ച് അവൾ അതിശയിച്ചു പലപ്പോഴും. സെലിബ്രിറ്റികളുടെ വീടുകൾ കണ്ടോ! എന്തൊരു ഭംഗിയാണ്, വൃത്തിയാണ്! അവൾ ചിന്തിച്ചു. നോക്കൂ ഒരു ചെറുപ്പക്കാരൻ, മുപ്പതു വയസ്സേ ഉള്ളൂ കോടീശ്വരനാണത്രേ! ഒരു സ്ത്രീ, അവർ അമ്പതുകളിൽ എത്തിയപ്പോൾ വാങ്ങിയ കാറുകണ്ടോ, അത് ബിഎംഡബ്ല്യൂ ആണത്രേ! വീടുകൾ കണ്ടോ, ആഭരണങ്ങൾ, വസ്ത്രങ്ങൾ…. എന്തൊരു സന്തോഷമാണ്, ചിരിയാണ് അവരുടെയൊക്കെ മുഖത്ത്! അവൾ ചിന്തിച്ചു, എന്നെ ഒന്നിനും കൊള്ളില്ല. ഞാൻ എവിടെയും എത്തിയില്ല. ഒന്നുമാകാൻ കഴിഞ്ഞില്ല….

അപ്പോഴാണ് അവൾ പലരും പറയുന്ന ജീവിതം ഒരു നിമിഷത്തിൽ മാറ്റിമറിക്കുന്ന വഴികൾ അന്വേഷിക്കാൻ തുടങ്ങിയത്.എല്ലാ വീഡിയോകളും ഒരേ വാഗ്ദാനം നൽകുന്നു.

“എന്റെ രഹസ്യരീതി.”
“എന്റെ ഫോർമുല.”
“എന്റെ ഷോർട്ട്‌കട്ട്.”

ഓരോന്നും കേട്ട്, അവൾ പറഞ്ഞു ഇതെൻ്റെ ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റുന്നതല്ലല്ലോ. അവൾ നിരാശപ്പെട്ടു. മകളുടെ ഈ നീക്കങ്ങൾ ഒക്കെ ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവളുടെ അച്ഛൻ! ഒരു ദിവസം അദ്ദേഹം ചോദിച്ചു.

“നിനക്ക് എന്താണ് നിന്നെക്കുറിച്ചുള്ള അഭിപ്രായം?”

മീര പറഞ്ഞു, “ഞാൻ വിജയിച്ചിട്ടില്ല എന്ന്.”

അച്ഛൻ ചിരിച്ചു.

“മോളേ, അവർ റീലുകളിൽ അവരുടെ ജീവിതത്തിന്റെ ഹൈലൈറ്റുകൾ ആണ് കാണിച്ചത്. നിറം പിടിപ്പിച്ച എഴുതിത്തയ്യാറാക്കിയ കഥകൾ ആണത്. അതും അവരുടെ യഥാർത്ഥ ജീവിതവും തമ്മിൽ ബന്ധമില്ല.
നീ നിന്റെ ജീവിതവുമായാണ് അതിനെ താരതമ്യം ചെയ്തത്.”

“അപ്പോൾ ഞാൻ പരാജയം അല്ല എന്നാണോ അച്ഛൻ പറയുന്നത്?” അവൾ ചോദിച്ചു.

അച്ഛൻ പറഞ്ഞു, “അതെ, നീ പരാജയം അല്ല.പക്ഷേ, ഈ വിധത്തിൽ മുന്നോട്ടു പോകുന്നത് അപകടമാണ്. സ്വന്തം ജീവിതം ജീവിക്ക് നീ. നിൻ്റെ ലക്ഷ്യങ്ങൾ ഉറപ്പിച്ച് മുന്നോട്ടു പോകൂ പരസ്യങ്ങൾ ശ്രദ്ധിക്കാതെ.”

മീര ഫോൺ മാറ്റിവെച്ചു. അവൾ ആദ്യമായി സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി. ഏറെക്കാലത്തിനു ശേഷം ഒരു പുഞ്ചിരി വിടർന്നു അവളുടെ മുഖത്ത്.

ശാസ്ത്രം പറയുന്നു

തലച്ചോർ ആവർത്തിച്ച് കാണുന്ന വിവരങ്ങൾ പ്രധാനമാണെന്ന് കരുതാൻ തുടങ്ങും. സോഷ്യൽ മീഡിയയിൽ തുടർച്ചയായി കാണുന്ന താരതമ്യവും “മറ്റുള്ള എല്ലാവരും മുന്നിലാണ്” എന്ന സന്ദേശവും, നമ്മുടെ യാഥാർത്ഥ്യബോധം മാറ്റും വിധം ശക്തമാണ്. അതുകൊണ്ട് നാം മനസ്സിലേക്ക് എന്താണ് ദിവസവും പ്രവേശിപ്പിക്കുന്നത് എന്നത് ചിന്തകളെ മെരുക്കുന്ന പ്രക്രിയയിൽ പ്രധാനമാണ്.

ആത്മീയ പ്രതിഫലനം

അസൂയ വളരുന്നത് മറ്റൊരാളുടെ വളർച്ച കാണുമ്പോഴല്ല. സ്വന്തം നേട്ടങ്ങളും മികവുകളും കാണാൻ കഴിയാതാകുമ്പോഴാണ്.

പരിശീലനം

ഇന്ന് മറ്റൊരാളുടെ ജീവിതവുമായും താരതമ്യം ചെയ്യാതെ സ്വന്തം യാത്ര മാത്രം നോക്കുക.

ഒരു പേപ്പർ എടുത്ത് രണ്ട് ഭാഗങ്ങളാക്കുക.
ഒന്നാമത്തെ ഭാഗത്ത് എഴുതുക: ഒരു വർഷം മുമ്പുള്ള ഞാൻ…”
രണ്ടാമത്തെ ഭാഗത്ത് എഴുതുക: “ഇന്നത്തെ ഞാൻ…”
ചിന്തിക്കുക: കഴിഞ്ഞ ഒരു വർഷത്തിനിടെ എന്റെ ചിന്തയിൽ, ശീലങ്ങളിൽ, ധൈര്യത്തിൽ, ബന്ധങ്ങളിൽ, ജോലിയിൽ, ജീവിതരീതിയിൽ വന്ന മൂന്ന് ചെറിയ മാറ്റങ്ങൾ ഏതൊക്കെയാണ്?
അവസാനമായി എഴുതുക: “മറ്റൊരാളുടെ ജീവിതം നോക്കാതെ, എന്റെ ജീവിതത്തിൽ ഞാൻ ഇന്ന് അഭിമാനിക്കുന്ന ഒരു കാര്യം…”
ഒപ്പം ഇന്നു മുതൽ 30 മിനിറ്റ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുക. ആ സമയത്ത് എഴുതുക. “എന്റെ ജീവിതത്തിൽ ഇന്ന് യഥാർത്ഥത്തിൽ നന്നായി നടക്കുന്ന മൂന്ന് കാര്യങ്ങൾ.”

ഇന്നത്തെ വാക്യം

“മറ്റൊരാളുടെ ജീവിതത്തിന്റെ പുറംകാഴ്ചകളുമായി സ്വന്തം ജീവിതകഥയെ താരതമ്യം ചെയ്യേണ്ടതില്ല.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.