
ഏപ്രിൽ മാസം യുഎഇ യിൽ ചൂട് തുടങ്ങുന്നതേയുള്ളു. സ്കൂൾ വെക്കേഷനായതിനാൽ കുടുംബം നാട്ടിലേക്ക് പോയപ്പോൾ റൂമിൽ ഞാൻ ഒറ്റക്കായി. ജോലിയിലെ തിരക്ക് കാരണം അവരെ ഇടക്കൊന്ന് വിളിക്കാൻ തന്നെ മറന്നുപോകുന്നു. അവധി ദിവസമായതിനാൽ വൈകി എഴുന്നേൽക്കുന്നത് സുഖമുള്ള കാര്യമാണ്.
അപരിചിതമായ നമ്പറിൽ നിന്നാണ് കാൾ, രാവിലെ തന്നെ ആരാണാവോ. ഇന്നും ഉറങ്ങാൻ വിടില്ലേ! അറ്റൻ്റ് ചെയ്യണോ എന്ന ശങ്ക ഉണ്ടായിരുന്നെങ്കിലും മനസ്സില്ലാ മനസ്സോടെ മൊബൈൽ എടുത്തു.
“ഹലോ”
“ഹലോ … പ്രകാശനല്ലേ ഞാൻ ഹംസയാ”
“അതെ, എനിക്ക് ആളെ മനസിലായില്ല”
“ഹസീനയുടെ ഭർത്താവ്, ഹസീന സൂപ്പർ മാർക്കറ്റിൻ്റെ”
“ഇക്ക അസ്ലാമാലേക്കും, പരിചയ മില്ലാത്ത നമ്പറ് കണ്ടപ്പോ…. , രാവിലെ തന്നെ എന്താ വിശേഷം. ദുബായിലുണ്ടോ”
“ഇല്ല ഞാൻ ഷാർജയിലാണ്. ഒരു ചെറിയ കാര്യുമുണ്ട്. ഹസീഹയ്ക്ക് ചെറിയൊരു തലകറക്കം, ഹോസ്പിറ്റലിലാണ്. നിന്നെയൊന്ന് കാണണംന്ന് പറഞ്ഞു. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് ഇത് വരെ വരണം.”
“അയ്യോ.. ! എന്തെങ്കിലും ബുദ്ധിമുട്ട് വല്ലതും ഉണ്ടോ. എവിടെയാണ് അഡ്മിറ്റ് ചെയ്തത്. എപ്പോഴാണ് സംഭവം”
“ഇപ്പൊ കുഴപ്പം ഒന്നുമില്ല. ഷാർജ ബുദനിക്കിലെ ‘മെഡ് കെയർ’ ഹോസ്പിറ്റലിലാണ് ഉള്ളത്. ഗോൾഡ് സെൻ്ററിൻ്റെ ഓപ്പോസിറ്റ്. ഇന്നലെ രാത്രിയാണ് അഡ്മിറ്റ് ചെയ്തത്.”
“ഒന്ന് ലൊക്കേഷൻ അയക്കണെ. ഷാർജ എനിക്ക് അധികം പരിചയമില്ല.”
“ഒക്കെ. ലൊക്കേഷൻ വാട്സാപ്പിൽ ഇടാം. എത്തിട്ട് വിളിക്ക്”
എഴുന്നേറ്റ് ധൃതിയിൽ പ്രഭാതകൃത്യങ്ങൾ നടത്തി തഴെ പാർക്കിങ്ങിലെക്ക് ഓടി, മൊബൈൽ തുവന്നപ്പോൾ ലൊക്കേഷൻ വന്നിട്ടുണ്ട്. വണ്ടി എടുത്ത് നേരെ ഷാർജയിലേക്ക് വിട്ടു. അവധി ദിവസം ആയതിനാൽ എത്തിഹാദ് റോഡിൽ തിരക്ക് കുറവായിരുന്നു. മഴ മാറി തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും മനസ് കലുഷിതമായിരുന്നു.
***
നാട്ട് കൂട്ടയ്മയുടെ ഓണാഘോഷ പരിപാടി ഉണ്ടെന്ന് സെക്രട്ടറി വിളിച്ച് പറഞ്ഞാണ് ഞാനും ഷാർജയിലെ ഏവൺ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിയത്. നാട്ടിൽ നിന്ന് ഇവിടെ വന്നപ്പോൾ ആറ് മാസം നീണ്ട് നിൽക്കുന്ന ഓണാഘോഷം, എല്ലാ അവധി ദിവസങ്ങളിലും ഓരോ മലയാളി സംഘടനകളുടേയും കൂട്ടായ്മകളുടേയും ആഘോഷമാണ്.
വിവിധ കലിപരിപാടികളോടൊപ്പം സമൃദ്ധമായ ഓണ സദ്യയും. സ്റ്റേജിൽ തിരുവാതിര അടക്കം വിവിധ പരിപാടികളും നടക്കുന്നതിനിടെ ഒരു ഭാഗത്ത് ഓണസദ്യയുടെ തിരക്കും ഉണ്ട്. വളണ്ടിയറായതിനാൽ ഓണസദ്യ വിളമ്പാനുള്ള ലിസ്റ്റിൽ എൻ്റെ നറുക്കും ഉണ്ടായിരുന്നു. സദ്യവിളമ്പുന്ന തിരക്കിലാണ്. പന്തിയിൽ സദ്യ കഴിക്കുന്നതിനിടയിൽ നിന്ന് പർദ്ദ ധരിച്ച സ്ത്രി എന്നോട് ചിരിക്കുന്നുണ്ടോ എന്ന സംശയം എന്നെ അലട്ടി. സംശയമല്ല അവർ തെളിച്ചമുള്ളരു ചിരി മുഖത്ത് ഫിറ്റ് ചെയ്തിട്ടുണ്ട്. സംശയം കൂടുന്നതിന് മുൻപ് ഞാൻ രാജേഷിനെ കണ്ട് ആളാരാണെന്ന് അന്വേഷിക്കാൻ തീരുമാനിച്ചു
“ആളെ നിനക്കറിയില്ല ? അത് ഹസീനത്ത. യൂട്യൂബിൽ അടിച്ച് നോക്കിയാൽ കാണും ഹസീന ഫുഡീസ്. വ്ലോഗ് ചെയ്യുന്ന പെണ്ണുങ്ങളാണ്. നമ്മുടെ സ്പോൺസർ ഹസീന സൂപ്പർ മാർക്കറ്റിൻ്റെ മുതലാളി ഹംസക്കയുടെ കെട്ട്യോള്”.
“അവരെ എനിക്കറിയില്ല”
“എങ്ങിനെ അറിയാനാ. ഇടക്കൊക്കെ യൂട്യൂബ് നോക്കണം. അവർക്ക് വൺ മില്ല്യൺ വ്യൂവേഴ്സ് ഉണ്ട്. വെറുതെ നിന്നെ കണ്ട് ചിരിച്ചതല്ല. നീ കണ്ടോ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഉടനെ നിന്നെ പരിചയപ്പെടും, അവരെക്കുറിച്ച് തള്ളിമറിക്കും അവരുടെ പേജ് ഫോളോ ചെയ്യാൻ പറയും”.
“അതിന് അവർക്കെന്നെ പരിചയമില്ലല്ലോ”
“അങ്ങനെയാണല്ലോ പരിചയപ്പെടൽ. ഇടയ്ക്കെങ്കിലും നീ നമ്മുടെ പരിപാടിക്ക് വരണം. അവർക്ക് ഇവിടെ എല്ലാവരേയും അറിയാം. നിന്നെ കണ്ടപ്പോ പുതിയ ഇരയെകിട്ടിയതായ് മനസിലായ്ക്കാണും”.
“കുഴപ്പക്കാരിയാണോ”
“ഇത്ത പാവമാണ്. വളവളാന്ന് സംസാരിക്കും എന്നേ ഉള്ളു. അടുത്തിരിക്കുന്ന രണ്ട് കുട്ടികൾ അവരുടെ മക്കളാണ്. എല്ലാ പരിപാടികൾക്കും പങ്കെടുക്കുന്ന കുട്ടികളാണ്. നീ അധികം വായ്നോക്കാണ്ട് ചെന്ന് കറി വിളമ്പാൻ നോക്ക് “
സുഹൃത്തുക്കൾക്കൊപ്പം സദ്യ വിളമ്പുന്ന തിരക്കിലേക്ക് ഞാനും ചേർന്നു. കുറേ ഏറെ നാട്ടുകാരെ കാണാനും പരിചയം പുതുക്കാനും കഴിഞ്ഞു. ജോലിതിരക്ക് കാരണം കൂട്ടായ്മയുടെ മിക്ക പരിപാടികളിലും എനിക്ക് പങ്കെടുക്കാൻ കഴിയാറില്ല. ഇത്തവണ സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നത് നന്നായി എന്ന് തോന്നി.
ഭക്ഷണം കഴിച്ച് സ്റ്റേജിലെ പരിപാടികൾ ആസ്വദിച്ച്കൊണ്ടിരിക്കുമ്പോൾ തലയുടെ പിൻ ഭാഗത്ത് ഒരടി കിട്ടി. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ഹസീന.
“ഡാ നിനക്കെന്നെ മനസിലായോ”
“ആ അറിയാം കുക്കറി ഷോ നടത്തുന്ന ഹസീനയല്ലേ”
“എഡ പോത്തേ നീ ശരിക്ക് നോക്ക്”
ഞാൻ എഴുന്നേറ്റ് അവരുടെ മുഖത്ത് ശ്രദ്ധിച്ച് നോക്കി. നല്ല മുഖപരിചയം. പക്ഷെ എവിടെയോ കണ്ടൊരോർമ്മ എന്നെ വേട്ടയാടി. അവരുടെ നൃത്താതെയുള്ള ചിരി എന്നെ അങ്കലാപ്പിലാക്കി. അവർ എൻ്റെ തോളത്ത് കൈവച്ചു
“എഡ പൊട്ടാ ഞാൻ രജനിയാ. പുതിയ പറമ്പത്തെ മാധവി ഏച്ചിയുടെ മോള്”
ഞാൻ ഞെട്ടി തരിച്ച് നിന്നു.
***
ഗൂഗിൾ എന്നെ വഴിപിഴക്കാതെ മെഡ് കെയർ ഹോസ്പിറ്റലിൽ എത്തിച്ചു ഞാൻ ഹംസക്കയെ വിളിച്ചു. ഹോസ്റ്റിറ്റലിനകത്ത് പാർക്കിങ്ങ് ഉണ്ടെന്നും അവർ സെക്കൻ്റ് ഫ്ലോറിൽ റൂംനമ്പർ 204 ൽ ആണുള്ളതെന്നും പറഞ്ഞു.
കാർ പാർക്കിങ്ങിൽ ഇട്ട് ഞാൻ ഹോസ് പിറ്റലിനകത്ത് കയറി ലിഫ്റ്റിനായ് കണ്ണോടിച്ചു. ശാന്തമായ അന്തരീക്ഷമായിരുന്നു. അവിടെ ചികിത്സാ ചിലവ് അൽപ്പം കൂടുതൽ ആയതുകൊണ്ട് ഹോസ്പ്പിറ്റൽ അറബികൾ ആണ് കൂടുതലും എത്തിയിരുന്നത്. രണ്ടാം നിലയിലെ 204 നമ്പർ മുറിക്ക് പുറത്ത് എന്നെയും കാത്ത് ഹംസക്ക നിൽപ്പുണ്ടായിരുന്നു.
“ഇപ്പൊ എങ്ങിനുണ്ട്”.
“ഇപ്പോൾ ആൾക്ക് കുഴപ്പം ഒന്നും ഇല്ല. മയക്കം വിട്ട് മാറിയിട്ടില്ല. രാവിലെ ഉണർന്നപ്പോഴാണ് നിന്നെ അന്വേഷിച്ചത്”.
“എന്താണ് ഉണ്ടായത്. ബിപി കൂടിയതാണോ”.
ഹംസക്ക എൻ്റെ കൈ ചേർത്ത് പിടിച്ചു.
“പ്രകാശാ നീ അവളെ കാണുന്നതിന് മുൻപ് ചില കാര്യങ്ങൾ പറയാനുണ്ട്. വാ നമ്മുക്ക് അവിടെ ഇരിക്കാം”
എന്നെ വിളിച്ച് വരാന്തയുടെ അറ്റത്തുള്ള സോഫയുടെ അരികിലേക്കു നടന്നു.
എൻ്റെ മനസ് വല്ലാതെ പ്രക്ഷുബ്ദമായി. എന്തോ അനിഷ്ടം സംഭവിച്ചിരിക്കുമോ എന്നഭയം എന്നെ അലട്ടി. എങ്കിലും മനസിനെ ശാന്തമാക്കാൻ ശ്രമിച്ചു.
“പ്രകാശാ നിനക്കറിയമല്ലോ പത്തിരുപത്തിഅഞ്ച് വർഷമായ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിൻ്റെ പേരിൽ ഒട്ടേറെ പഴി കേൾക്കേണ്ടി വന്നൊരാളാണ് ഞാൻ. എങ്കിലും അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും ഇന്നേവരെ ഉണ്ടായിട്ടില്ല.”
“എന്താ ഹംസക്ക, എന്താണുണ്ടായത്”
“നിന്നോട് സത്യം പറയാലോ. അവൾക്ക് തലചുറ്റലായ് വന്നതല്ല. അവൾ കൈയ്യിലെ ഞാരവ് മുറിച്ചതാണ്. ആത്മഹത്യാ ശ്രമം. പരിചയമുള്ള ഡോക്ടർ ആയത് കൊണ്ട് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. അല്ലെങ്കിൽ ജയിലിൽ ആയിനേ”.
ഒരു നിമിഷം മരവിപ്പിലായി. ഞെട്ടലിൽ നിന്ന് മോചിതനാകാൻ സമയം എടുത്തു.
“എന്തിനായിരുന്നു ഇങ്ങനെ ചെയ്തത്”
“അതാണ് എനിക്കും മനസിലാകാത്തത്. ഇന്നലെ രാവിലെ വരെ മക്കളും ഒരുമിച്ച് റീൽസെടുത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത് ലിങ്ക് എനിക്ക് അയച്ച് തന്നതാണ്. എൻ്റെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പൊഴാണ് അവർ ബാത്ത്റൂമിൽ കിടക്കുന്നത് കണ്ടത്. ഭാഗ്യത്തിന് ഞാൻ എത്തുന്നതിന് തൊട്ട് മുൻപാണ് സംഭവിച്ചത്. വൈകിയിരുന്നെങ്കിൽ…”
അദ്ദേഹത്തിൻ്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന ആശയക്കുഴപ്പത്തിലായി
“ഹംസക്ക വിഷമിക്കാതിരിക്ക്. ഞാൻ ഒന്ന് ചോദിച്ച് നോക്കാം. എൻ്റെ അറിവിൽ നിങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടാകാറില്ല എന്നെനിക്കറിയാം. എങ്കിലും ഇങ്ങനൊരു കടുംകൈ ചെയ്യാൻ മാത്രം എന്താണുണ്ടായതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. മക്കൾ എന്തെങ്കിലും പറഞ്ഞോ”.
“അവരൊന്നും അറിഞ്ഞിട്ടില്ല. മക്കൾ ഉറക്കത്തിലായിരുന്നു. ഞാൻ ഡ്രൈവറെ വിളിച്ച് അവളെ ഉടൻ ഇങ്ങോട്ട് എത്തിച്ചതാണ്. മക്കളോട് എന്താണ് പറയേണ്ടത് എന്നറിയില്ല”.
അദ്ദേഹത്തെ എന്ത് പറഞ്ഞാണ് സമാധനിപ്പിക്കുക. അല്ലേങ്കിലും ഇവൾക്ക് ഇതെന്തിൻ്റെ കേടാണ്.
***
എൽപി സ്കൂൾ തൊട്ട് ഒരുമിച്ച് കളിച്ച് വളർന്നവർ. സ്കൂൾ വിട്ടാൽ ഉടൻ തറവാട്ടിലെ തെക്ക് ഭാഗത്തെ പ്ലാവിൻ ചുവട്ടിൽ കമലാക്ഷനും, രജനിയും, വിനോദും, ദീപയും എത്തും. അമ്പലത്തിൽ തെയ്യം കഴിഞ്ഞാൽ ഒരു മാസം തെയ്യം കെട്ടികളിക്കും. പൂരക്കളി കഴിഞ്ഞാൽ അതായി. അല്ലെങ്കിൽ സാറ്റ്, നാല് കട്ടം, ശോടി, കമ്പടി, വോളിബോൾ തുടങ്ങി സകലമാന കളികളും കളിക്കും.
രജനി മഹാ പോക്കിരിയായിരുന്നു. നിലത്ത് വീണുരുണ്ട് ഉടുപ്പിലും ദേഹത്ത്തും എന്നും അഴുക്കാക്കും. അതിന് അവളുടെ അമ്മയുടെ കൈയ്യിൽ നിന്ന് നല്ല അടിയും വാങ്ങിക്കും. വേലിയിലെ ചെമ്പകവും ശീമകൊന്നയും ആയിരുന്നു മറ്റൊരു കളിസ്ഥലം. രണ്ട് മരവും എളുപ്പം ഒടിയുന്നവയാണെങ്കിലും അതിൻ്റെ മുകളിലെക്കുള്ള കയറ്റത്തിനിടയിൽ ഒരിക്കലും കൊമ്പ് പൊട്ടി ആരും വീണില്ല. ചക്കയും മാങ്ങാക്കാലവും ആയാൽ ചക്കയും മാങ്ങയും കശുമാങ്ങയും ആയിരുന്നു പ്രധാന വിഭവങ്ങൾ
വീടുകൾക്ക് മതിലുകൾ ഇല്ലാത്തകാലം ഏത് വീടും സ്വന്തം വീടുപോലെ കയറിചെല്ലാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. അതുപോലെ സ്നേഹവും സൗഹൃദവും.
ഹൈസ്കൂൾ പഠനം വരെ നമ്മൾ എല്ലാവരും ഒരുമിച്ചായിരുന്നു സ്കൂളിൽ പോയതും പഠിച്ചതുമൊക്കെ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഹൈസ്കൂൾ പഠനം കഴിഞ്ഞ് രജനി പഠിത്തം നിർത്തി. അവൾ ടൗണിൽ ഒരുതുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങി. കോളേജ് പഠനവുമായ് ഞങ്ങൾ ഓരോരുത്തരും പലവഴിക്ക് പിരിഞ്ഞു. പ്രിഡിഗ്രികഴിഞ്ഞ് ഞാൻ സോഫ്റ്റ്വെയർ എഞ്ചിനിയറിങ്ങിനായ് ബേഗ്ലൂരിലെക്ക് പോയി. പഴയ കൂട്ടുകാരുമായുള്ള ചങ്ങാത്തം കുറഞ്ഞത് അന്നുതൊട്ടായിരുന്നു. കുട്ടിക്കാലത്തുണ്ടായിരുന്ന കൂട്ടുകാരെയൊക്കെ പിന്നീട് അപൂർവ്വമായേ കാണാറുണ്ടായിരുന്നുള്ളു. പ്രത്യേകിച്ച് രജനിയെ.
അതൊരു പരീക്ഷാക്കാലമായിരുന്നു. വീട്ടിൽ നിന്ന് വന്ന കത്തിലാണ് രജനി ഒരു മുസ്ലിം ചെറുപ്പക്കാരനോടൊപ്പം ഓടിപ്പോയ വിവരം അറിയുന്നത്. അതിൻ്റെ കൂടുതൽ വിശേഷം അറിയാൻ വെക്കേഷൻ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് അവിശ്വസനീയമായ് തോന്നിയെങ്കിലും പിന്നീട് മനസിലാക്കിയത് ഇരുവരും കുറച്ച് വർഷങ്ങളായ് തുണിക്കടയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരായിരുന്നെന്നാണ്.
രജനിയുടെ ഒളിച്ചോട്ടം നാട്ടിൽ അന്നത് വലീയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. എൻ്റെ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽ പെട്ടവർ വിരലിൽ എണ്ണാവുന്ന കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ ഓടിപ്പോയത് വളരെ ദൂരെയുള്ള ഒരിടത്തേക്കും. പിന്നീട് അവളെക്കുറിച്ച് ആർക്കും ഒരറിവും ഉണ്ടായിരുന്നില്ല. നാണക്കോട് കൊണ്ട് വീട്ടുകാരും അതിൻ്റെ പിറകെ പോയതും ഇല്ല.
***
ഡോർ തുറന്ന് നെഴ്സ് പുറത്തേക്ക് വന്നു. “പേഷ്യൻ്റ് ഉണർന്നിട്ടുണ്ട്”
“നീ ഒന്ന് അവളെ കണ്ട് വാ. സംസാരിക്കാൻ പറ്റുന്നതാണെങ്കിൽ അവളോട് കാര്യം അന്വേഷിക്കണം. എന്നോട് പറയാൻ പറ്റാത്തതായ് എന്തേങ്കിലും മനസിലുണ്ടെങ്കിലോ ”
ഹംസക്ക എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു എങ്കിലും ഒന്നും പറയാതെ ഞാൻ എഴുന്നേറ്റു. അവളുടെ അസുഖം എന്താണെന്ന് എനിക്കല്ലേ അറിയൂ.’പ്രേമ പിരാന്ത്’.
ഹസീനയ്ക്ക് എന്നോട് എന്തും തുറന്ന് പറയാനുള്ള സാതന്ത്രം ഉണ്ടായിരുന്നു. അവൾക്ക് മനസ് തുറക്കാൻ ഒരാളെ തേടുന്നതിനിടെയാണ് നാട്ട്കൂട്ടായ്മയ്ക്കിടെ എന്നെ കിട്ടിയത്. കുടുംബ പ്രശ്നമാണ്, പുറത്ത് പറയാനും പറ്റില്ല. പ്രത്യേകിച്ച് സ്ത്രീകളോട്. എന്നെ വിശ്വസിക്കാം എന്നവൾകരുതിയിരുന്നു. അവൾ ഭയന്നിരുന്നത് ഒന്നുമാത്രമാണ്, തൻ്റെ വ്യക്തിപരമായ കാരണങ്ങളാൽ ഹംസക്ക കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വലിയ ബിസിനസും സമ്പാദ്യവും സുഖസൗകര്യവും സമൂഹത്തിലുള്ള വിലയും എല്ലാം നഷ്ടമാകാൻ ഇടവരരുത്.
ഡോർ തുറന്ന് അകത്ത് കടക്കുമ്പോൾ നിർവ്വികാരയായ ഒരവസ്ഥയിലായിരുന്നു അവൾ. രജനി ആകെ മാറിയിരിക്കുന്നു. ചിരിച്ച് കൊണ്ടിരിക്കുന്ന മുഖം മ്ലാനമാണ്, അവശയാണ്. അടുത്തുണ്ടായ കസേല ഞാൻ കട്ടിലിനോട് ചേർത്ത് ഇട്ട് അവളുടെ കൈ അമർത്തി. അവൾ ചരിഞ്ഞ് എന്നെ നോക്കി.
“എന്ത് പണിയാണ് നീ ഈ കാണിച്ചത്. വല്ലതും സംഭച്ചിരുന്നേങ്കിലോ. അതിന് മാത്രം എന്താ ഉണ്ടായത്. ഹംസക്കയുടെ സങ്കടം കണ്ട് സഹിക്കാൻ പറ്റുന്നില്ല. നല്ല അടി കൊള്ളത്തതിൻ്റെ കുറവാണ് നിനക്ക് “
അവൾ ചിരിക്കാൻ ശ്രമിച്ചു.
“എന്തിനാണ് നീ ഈ കടും കൈ ചെയ്തത് “
സിസ്റ്റർ ഡോർ തുറന്ന് അകത്തുവന്നു. “പ്രകാശനല്ലേ ഡോക്ടർ വിളിക്കുന്നു.“
“എന്നെയോ “
സിറ്റർ തലയാട്ടി. ദൈവമേ, ഡോക്ടർക്കും എന്നെ പരിചയമുണ്ടോ. ഇവൾ വല്ലതും പറഞ്ഞ് കാണുമോ. ഹൃദയം പടപടാന് അടിച്ചു. സിസ്റ്ററുടെ പിന്നാലെ ഞാൻ ഡോക്ടറുടെ റൂമിലെത്തി. പരിചയമുള്ള ആളെ പ്പോലെ ഡോക്ടർ എന്നെ സ്വീകരിച്ചു.
“പ്രകാശൻ ഇരിക്ക്. ഹസീനയെ അറിയാവുന്ന ഒരാളാണ് താങ്കളെന്ന് മനസിലായി. പേടിക്കാനൊന്നും ഇല്ല. മാനസിക സമ്മർദങ്ങൾ വരുമ്പോൾ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമം. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളു. ഇപ്പോൾ ആള് സേഫാണ്. പിരീഡ്സ് സമയത്ത് ചില സ്ത്രീകളിൽ മൂഡ് സിംഗ്സ് ഉണ്ടാകാറുണ്ട്. അത് പലരിലും പലരീതിയിലും ബാധിക്കുന്നതായും കാണാറുണ്ട്.
“ഡോക്ടർ, എന്തിനായിരുന്നു എന്നത് വല്ലതും അവൾ പറഞ്ഞിരുന്നോ.”
“കുറച്ചൊക്കെ കാര്യങ്ങൾ തനിക്കറിയാം എന്ന് അവളുടെ സംസാരത്തിൽ നിന്ന് മനസിലായി. പക്ഷെ പ്രകാശൻ കരുതുന്ന പോലെ അല്ല കാര്യം. അവൾ ഒരു സാകൽപ്പിക ലോകത്തായിരുന്നു. അവളെ ഒരാൾ സ്നേഹിക്കുന്നുണ്ടെന്നും അയാൾക്ക് പഴയത് പോലെ സ്നേഹം ഇപ്പോൾ ഇല്ലെന്നും അവൾ കരുതിയിരിക്കുന്നു.
“ഡോക്ടർ അവൾക്ക് ഒരാളെ ഇഷ്ടമാണെന്നുള്ളത് സത്യമാണ്. അവൾക്ക് അയാളെ മറക്കാൻ കഴിയില്ലെന്നും പലവട്ടം പറഞ്ഞതാണ്. എന്നെ വിളിച്ചിരുന്നതൊക്കെ അയാളെക്കുറിച്ച് പറയാനായിരുന്നു ”
“അതൊക്കെ വെറും ഇല്ല്യൂഷൻമാത്രണ്. ഭർത്താവിൽ നിന്നും സ്നേഹവും സാമിപ്യവും ലഭിക്കാതായപ്പോൾ അവൾ കണ്ടെത്തിയ സാങ്കൽപ്പിക കാമുകൻ. തൽക്കാലം അവളുടെ മനസിൽനിന്നും അയാളെ ഞാൻ എടുത്ത് മാറ്റിട്ടുണ്ട്. പക്ഷെ ഹംസക്ക ഇനി ദിവസവും കുറച്ച് മണിക്കൂറെങ്കിലും അവളുടെ ഒപ്പം നിന്നേ പറ്റു. അദ്ദേഹത്തിൻ്റെ സാമിപ്യം ഇല്ലെങ്കിൽ അവൾ വീണ്ടും ഇതുപോലെ വല്ല കടുംകൈയ്യും ചെയ്യും. പ്രകാശൻ സൗഹാർദ്ദപരമായ് അദ്ദേഹത്തോട് കാര്യങ്ങൾ അവതരിപ്പിക്കണം. ഞാനും പറയാം.”
മറുത്തൊന്നും പറയാനാകാതെ ഡോക്ടർ പറയുന്നത് എനിക്ക് കേട്ടിരിക്കാനേ കഴിഞ്ഞുള്ളു. എത്ര കാലമാണ് കാമുകനെക്കുറിച്ച് പറഞ്ഞ് അവളെന്നെ പറ്റിച്ചത്. അവൾക്ക് വല്ല കഥാകൃത്തും ആവാനുള്ള കഴിവുണ്ട്. ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ വരാന്തയുടെ അങ്ങേഅറ്റത്തെ സോഫയിൽ ഹംസക്ക എന്നെയും കാത്തിരിപ്പുണ്ടായിരുന്നു.













