എഡ്വിന മോളുടെ ആത്മവിലാപങ്ങൾ

കുറേനേരമായി ഡാഡ് മമ്മയുമായി വഴക്കിടാൻ തുടങ്ങിയിട്ട്.

“ഇത് വഴക്കല്ല മോളേ, മമ്മയും ഡാഡിയും തമ്മിലുള്ള ആശയസംഘട്ടനമാണ്; അത് മോൾ കാര്യമാക്കേണ്ട,” എന്നാണ് എഡ്വിനയോട് മമ്മ പറഞ്ഞിരിക്കുന്നത്.

ഈ ‘ആശയസംഘട്ടനവും’ ‘വഴക്കും’ തമ്മിലുള്ള വ്യത്യാസം എന്താണാവോ? ആലോചിച്ചിട്ട് മോൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. മുതിർന്നവരുടെ കാര്യങ്ങളല്ലേ, ചിലപ്പോൾ കുട്ടികൾക്ക് അതൊന്നും മനസ്സിലാവണമെന്നില്ല. ഇനിയിപ്പോൾ രണ്ടാളും മുറിയിൽനിന്ന് പുറത്തിറങ്ങണമെങ്കിൽ ഏറെ നേരമെടുക്കും.

ഇന്ന് എഡ്വിന മോൾ സ്കൂളിൽനിന്ന് വരുമ്പോൾ പതിവിനു വിപരീതമായി ഡാഡ് നേരത്തെ എത്തിയിരുന്നു. കാളിങ് ബെല്ലടിച്ചപ്പോൾ അദ്ദേഹം വന്ന് വാതിൽ തുറന്നു, അവളുടെ കവിളിൽ ഒന്ന് തലോടി. അകത്തുകയറിയ ഉടൻ വാതിലടച്ച് കുറ്റിയിട്ടു. റൂമിലേക്ക് നടക്കവേ മോളുടെ ചോദ്യം കേട്ട് അലക്സ് തിരിഞ്ഞുനിന്നു.

“മമ്മ വന്നില്ലേ ഡാഡി?”

“ഇല്ല, മമ്മയ്ക്ക് ഓഫീസിൽ ഇത്തിരി കൂടിയ പദവിയാണ്’. വരാൻ വൈകും.”

ആ സ്വരത്തിലെ പരിഹാസം അവൾക്ക് മനസ്സിലായില്ല. നാലു വയസ്സുകാരിക്ക് വാക്കുകളുടെ ആന്തരാർത്ഥം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലല്ലോ. മമ്മ താമസിച്ചു വരുന്ന ദിവസങ്ങളിൽ അവൾക്കുള്ള ജ്യൂസ് തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കാറുണ്ട്; ബ്രെഡും ജാമും ഡൈനിങ് ടേബിളിലും ഉണ്ടാകും. അല്ലെങ്കിൽ ഡെയ്‌സിയാന്റി എന്തെങ്കിലും ഉണ്ടാക്കി നൽകും. ഇന്ന് ഡാഡി വന്നതുകൊണ്ടാകാം ഡെയ്‌സിയാന്റി നേരത്തെ പോയത്. സാധാരണ എഡ്വിന വന്നതിനുശേഷമേ ആന്റി പോകാറുള്ളൂ.

എഡ്വിന ടോയ്‌ലറ്റിൽ പോയി വന്നപ്പോഴേക്കും മമ്മയും എത്തിയിരുന്നു. മകൾക്ക് കഴിക്കാനുള്ളത് എടുത്തു വെച്ച ശേഷം ഡാഡിക്ക് കാപ്പിയുമായി മമ്മ മുറിയിലേക്ക് പോയതാണ്. അല്പം കഴിഞ്ഞപ്പോഴേക്കും ആ മുറിയിൽനിന്ന് പതിവുപോലെ ഒച്ചപ്പാടുകൾ ഉയരാൻ തുടങ്ങി.

ഹൗസിങ് കോളനിയിലെ ഒരേപോലുള്ള വീടുകളിൽ ഇരുപത്തിയാറാം നമ്പർ വീടാണ് എഡ്വിനയുടേത്. മുറ്റത്ത് മനോഹരമായ പുൽത്തകിടിയും ചുറ്റും ചട്ടികളിലുമായി നിറയെ പൂച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മിക്കപ്പോഴും അവയിൽ പൂക്കൾ നിറഞ്ഞുനിൽക്കും; പനിനീർച്ചെടികളാണ് ഏറെയും. പൂക്കൾക്ക് ചുറ്റും വർണ്ണപ്പൂമ്പാറ്റകൾ പാറിപ്പറക്കുന്നത് കാണാൻ അവൾക്ക് വലിയ ഇഷ്ടമാണ്. ഡെയ്‌സിയാന്റി പോകുന്നതിനു മുൻപ് ചെടികൾക്ക് നനയ്ക്കാറുണ്ട്. ചിലപ്പോൾ എഡ്വിനയും ആന്റിക്കൊപ്പം കൂടും. ഹോസ് പിടിക്കാനും ചെടിച്ചുവട്ടിലേക്ക് വെള്ളം തിരിച്ചുവിടാനും അവൾ സഹായിക്കും. ഇടയ്ക്ക് കുസൃതിയോടെ ആന്റിയുടെ ദേഹത്തേക്ക് വെള്ളം ചീറ്റിക്കുമ്പോൾ അവർ സ്നേഹത്തോടെ ദേഷ്യപ്പെടും.

“ഛേ! എന്താ മോളേ ഇത്? ആന്റിക്ക് വഴിയിലിറങ്ങി പോകേണ്ടതല്ലേ!”

നനഞ്ഞ ചുരിദാർ പിഴിഞ്ഞു കുടഞ്ഞുകൊണ്ട് ആന്റി പറയും. നടവഴിയുടെ അരികിലെ മതിലിൽ വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറെടുത്തു പോകാൻ നേരം അകത്തേക്ക് പൊയ്ക്കൊള്ളാൻ അവളോട് നിർദ്ദേശിക്കും. ഗേറ്റ് തുറന്ന് പുറത്തിറങ്ങിയ ശേഷം, മോൾ സുരക്ഷിതമായി അകത്തുകയറി എന്ന് ഉറപ്പുവരുത്തി ഗേറ്റ് അടച്ചാണ് ഡെയ്സി പോകാറുള്ളത്.

മുറിയിലിരുന്ന് ഹോംവർക്ക് ചെയ്യാമെന്ന് വെച്ചതാണ്, പക്ഷേ അതിന് കഴിയുന്നില്ല. അവരുടെ ‘ആശയസംഘട്ടനം’ ഒന്ന് അവസാനിക്കണം മോൾക്ക് എന്തെങ്കിലും പഠിക്കാൻ. അവിടെ വെറുതെയിരുന്ന് അവരുടെ വലിയ കാര്യങ്ങൾ കേൾക്കാൻ താല്പര്യമില്ലാത്തതുകൊണ്ടല്ല, കേട്ടിട്ടും കാര്യമില്ല, ഒന്നും മനസ്സിലാകില്ല.

മമ്മയ്ക്ക് പ്രമോഷൻ കിട്ടിയ അന്നു തുടങ്ങിയതാണ് ഡാഡിയുടെ ഈ വഴക്ക്, അല്ല… ആശയസംഘട്ടനം! അതുവരെ വലിയ കുഴപ്പമില്ലാതെ പോവുകയായിരുന്നു എല്ലാം. മമ്മ താമസിച്ചു വരുന്നു, ഒഫീഷ്യൽ ടൂർ എന്ന പേരിൽ ഭർത്താവിനെയും മകളെയും അവഗണിച്ച് മാറിനിൽക്കുന്നു എന്നൊക്കെയാണ് ഡാഡിയുടെ പരാതികൾ.

“അതൊക്കെ എന്റെ ജോലിയുടെ ഭാഗമല്ലേ അലക്‌സ്?” മമ്മയുടെ ചോദ്യം കേട്ടു.

“ഒരു കുടുംബവും കുട്ടിയുമുള്ള പെണ്ണുങ്ങൾക്ക് ചേർന്നതല്ല ഇതൊന്നും. ഒക്കെ അറിഞ്ഞുകൊണ്ട് നീയെന്തിനാ ഈ പ്രമോഷൻ സ്വീകരിച്ചത്? ഓഫീസിൽ സീനിയോറിറ്റിയുള്ള എത്രയോ ആണുങ്ങളുണ്ട്, അവർക്ക് പോരാമായിരുന്നല്ലോ ഈ സ്ഥാനത്തേക്ക്!” ഡാഡിയുടെ ശബ്ദത്തിൽ ദേഷ്യം നിറയുന്നു.

“അലക്‌സ്, എനിക്കാണ് ആ പോസ്റ്റിന് ആവശ്യമായ യോഗ്യതയുള്ളത്. ഇതെന്റെ സ്വപ്നമായിരുന്നു. ആർക്കും അത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല ഈ സ്ഥാനമെന്ന് അലക്‌സിനും അറിയാവുന്നതല്ലേ? നിങ്ങളുടെ കാര്യങ്ങളിൽ ഞാൻ ഒരു കുറവും വരുത്തുന്നില്ലല്ലോ. ടൂറുകൾ എപ്പോഴും ഉള്ളതല്ല താനും. അല്ലാത്ത സമയങ്ങളിൽ ഓരോ കാര്യവും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. മാസത്തിൽ ഒന്നോ രണ്ടോ തവണ ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ എങ്ങനെയാ?”

വാഗ്വാദം നീളുകയാണ്. മോളായിട്ട് ഇതുവരെ അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. മമ്മ ജോലിക്ക് പോകുന്നതിൽ മോൾക്ക് പരാതിയുമില്ല. മമ്മയും കൂടി അധ്വാനിച്ചിട്ടല്ലേ തനിക്ക് നന്നായി ജീവിക്കാനും ഈ നല്ല വീട്ടിൽ താമസിക്കാനും കഴിയുന്നതെന്ന് മോൾക്കറിയാം. ബെസ്റ്റ് ഫ്രണ്ട് പമേല ഇപ്പോഴും വാടകവീട്ടിലാണ്. അവളുടെ പപ്പയ്ക്ക് മാത്രമേ ജോലിയുള്ളൂ. മമ്മ നേഴ്സായിരുന്നു, പമേലയെയും അനുജനെയും നോക്കാൻ വേണ്ടി ജോലി രാജിവെച്ചതാണെന്ന് അവൾ പറഞ്ഞിട്ടുണ്ട്. പപ്പയുടെ ശമ്പളം മാത്രമാണ് അവരുടെ ഏക ആശ്രയം. എഡ്വിനയെപ്പോലെ വിലകൂടിയ കാറൊന്നും അവർക്കില്ല. ആകെയുള്ളത് ഒരു പഴയ സ്കൂട്ടറാണ്. അതിൽ എല്ലാവരും കൂടി ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നത് കാണുമ്പോൾ കഷ്ടം തോന്നും. ആ ആന്റി കൂടി ജോലിക്ക് പോയിരുന്നെങ്കിൽ അവർക്കും നല്ലൊരു വീടും കാറുമൊക്കെ ഉണ്ടായേനെ എന്ന് ഒരിക്കൽ പി.ടി.എ മീറ്റിംഗിനിടെ ആന്റി മമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് മമ്മ ജോലിക്ക് പോകുന്നതിൽ മോൾക്ക് അഭിമാനം മാത്രം തോന്നുന്നത്. പക്ഷേ ഡാഡിക്ക് മാത്രം ഇതെന്താ മനസ്സിലാകാത്തത്?

ഡെയ്‌സിയാന്റിയും ജോലിക്ക് പോകുന്നുണ്ടല്ലോ. വീട്ടിലെത്തുമ്പോൾ രാത്രിയാകും. ഹൗസിംഗ് കോളനിക്ക് അപ്പുറത്തുള്ള വയൽക്കരയിലാണ് അവരുടെ വീട്. അവിടെ മൂന്ന് പിള്ളേരുണ്ടെന്നാണ് കേട്ടത്. എന്നിട്ടും ആ അങ്കിൾ ആന്റിയെ വഴക്കൊന്നും പറയുന്നില്ലല്ലോ! അവരുടെ പപ്പയ്ക്ക് ഓട്ടോ ഓടിക്കലാണ് ജോലി. രണ്ടുപേരും കൂടി ജോലി ചെയ്തിട്ടും അവർക്ക് ഒന്നുമാകുന്നില്ലെന്ന് ആന്റി മമ്മയോട് സങ്കടം പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോൾ പിന്നെ മമ്മ പറയുന്നതാണ് ശരി, ഡാഡിക്ക് വെറും അഹങ്കാരമാണ്!

ഒരിക്കൽ വല്യപ്പമാരും വല്യമ്മമാരും വീട്ടിലെത്തി. മമ്മ വിളിച്ചു വരുത്തിയതാണ്. അവർ നാലുപേരും കൂടി ഡാഡിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിക്കാൻ നോക്കി.

“എടാ, അവൾ ഇത്രയും പഠിച്ചതല്ലേ? വീട്ടിലെ കാര്യങ്ങൾക്ക് ഒരു കുറവും അവൾ വരുത്തുന്നുമില്ലല്ലോ. ഇരട്ടി ജോലി ഭാരം സഹിച്ചുകൊണ്ടല്ലേ അവൾ ഓഫീസിൽ പോകുന്നത്. എന്നിട്ട് ഇതുവരെ നിന്നോട് അവൾ വല്ല പരാതിയും പറഞ്ഞിട്ടുണ്ടോ?” മമ്മയുടെ അപ്പയാണ് അത് ചോദിച്ചത്. ഡാഡിയുടെ അപ്പയും അത് ശരിവെച്ചപ്പോൾ, മറുപടിയൊന്നും പറയാതെ ഡാഡി തലകുനിച്ചിരുന്നു.

“ഭാര്യയ്ക്ക് നിന്നെക്കാൾ ഉയർന്ന പദവി കിട്ടിയതിലുള്ള നിന്റെ ഈഗോയല്ലേ ഇതിനൊക്കെ കാരണം? അവൾ അത്തരത്തിലൊന്നും നിന്നോട് പെരുമാറിയിട്ടില്ലല്ലോ, ഉണ്ടോ?” അതിനും ഡാഡ് മിണ്ടിയില്ല.

“എന്തു ചോദിച്ചാലും ഇങ്ങനെ താഴോട്ടും നോക്കി ഇരുന്നാൽ മതിയല്ലോ!” ഡാഡിയുടെ അപ്പയ്ക്ക് ദേഷ്യം വന്നു.

ഈഗോ എന്നാൽ എന്താണെന്ന് എഡ്വിന മോൾക്ക് വല്യ രൂപമൊന്നുമില്ല. മുതിർന്നവർക്ക് ഉണ്ടാകുന്ന എന്തോ വലിയ അസുഖമാണെന്നാണ് അവൾ കരുതിയത്. അവൾ ഒരിക്കൽ മമ്മയോട് അത് ചോദിക്കുകയും ചെയ്തു.

“അത് മോളെ… അതാണ് നിന്റെ ഡാഡി,” മമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആ പറഞ്ഞതും മോൾക്ക് മനസ്സിലായില്ല. അവളുടെ ആശയക്കുഴപ്പം കണ്ടപ്പോൾ മമ്മ വീണ്ടും പറഞ്ഞു: “മോൾ വലുതാകുമ്പോൾ ഇതെല്ലാം മനസ്സിലാകും.”

ശരിയായിരിക്കും, ചിലപ്പോൾ വലുതാകുമ്പോൾ മനസ്സിലാകുമായിരിക്കും. അല്ലെങ്കിലും മുതിർന്നവരുടെ കാര്യങ്ങൾ ഞങ്ങൾ കുട്ടികൾക്ക് അത്ര പെട്ടെന്നൊന്നും പിടികിട്ടില്ലല്ലോ.

അപ്പുറത്തെ മുറിയിൽ വാക്കേറ്റം മുറുകി. ഡാഡി മമ്മയെ തല്ലുമോ? എന്തൊക്കെയോ തറയിൽ വീണുടയുന്ന ശബ്ദം കേട്ട് മോൾ ഭയന്നു.

“വെറുതെ കുട്ടികളെയും നോക്കി വീട്ടിലിരിക്കാനായിരുന്നെങ്കിൽ നിങ്ങൾക്ക് ജോലിയില്ലാത്ത ആരെയെങ്കിലും വിവാഹം കഴിച്ചാൽ മതിയായിരുന്നല്ലോ?” മമ്മയുടെ ശബ്ദമുയർന്നു.

“അതിന് നിന്നോട് ജോലിക്ക് പോകേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ! ഇത്ര ഉത്തരവാദിത്തമുള്ള ജോലി വേണ്ട എന്നല്ലേ പറഞ്ഞുള്ളൂ?”

“അതിന് അതിന്റെ ഭാരം ആർക്കാണ്? അലക്സിനാണോ?” മമ്മയുടെ ചോദ്യത്തിന് മുന്നിൽ ഡാഡി വീണ്ടും മൗനം പാലിച്ചു.

അവർ പരസ്പരം എറിയുന്ന വാക്കുകൾ കൂർത്ത മുനയുള്ള കല്ലുകൾ പോലെ അങ്ങുമിങ്ങും തെറിച്ചു. ആ ഏറുകൊണ്ട് നൊന്തത് എഡ്വിന മോളുടെ കുഞ്ഞു മനസ്സാണ്.

ഇന്ന് ഇത് നിർത്തുന്ന ലക്ഷണമില്ല. പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞാലോ? ഇന്നലെ പമേല പറഞ്ഞിരുന്നു, ശ്രവന്തിന്റെ അച്ഛൻ കുടിച്ച് വന്ന് എന്നും വഴക്കുണ്ടാക്കുമായിരുന്നു എന്ന്. അയൽക്കാർക്ക് ശല്യമായപ്പോൾ അവർ പോലീസിനെ വിളിച്ചു. പോലീസ് വന്ന് രണ്ടുപേർക്കും താക്കീത് നൽകി. അതിനുശേഷം അവിടെ ബഹളമൊന്നുമില്ലത്രേ. ചിലപ്പോൾ പോലീസ് പറഞ്ഞാൽ ഡാഡി അനുസരിക്കുമായിരിക്കും!

എഡ്വിന മോളുടെ സ്കൂളിലേക്കുള്ള വഴിയിലാണ് ആ പോലീസ് സ്റ്റേഷൻ. വീട്ടിൽ നിന്നും അധികം ദൂരമില്ലാത്തത് കൊണ്ട് അവൾക്കവിടം പരിചിതമാണ്. വീട്ടിലെ ബഹളങ്ങൾ കാരണം ഇപ്പോഴൊന്നും പഠിക്കാൻ പോലും അവൾക്ക് സാധിക്കുന്നില്ല. അയൽപക്കത്തെങ്ങും ശബ്ദം കേൾക്കാത്തതുകൊണ്ട് അവരാരും പോലീസിൽ പരാതിപ്പെടുമെന്നും തോന്നുന്നില്ല. മമ്മയാണെങ്കിൽ ഇടയ്ക്കിടെ ‘ഡിവോഴ്സ്’ എന്ന വാക്ക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഗാഥയുടെ അച്ഛനും അമ്മയും ഡിവോഴ്സ് ആയതാണെന്ന് അവൾ പറഞ്ഞിട്ടുണ്ട്. ഗാഥ ഇപ്പോൾ അമ്മയുടെ കൂടെയാണ്. ശനിയാഴ്ചയും ഞായറാഴ്ചയും അച്ഛൻ വന്ന് അവളെ കൊണ്ടുപോകും, തിങ്കളാഴ്ച രാവിലെ തിരികെ കൊണ്ടുവന്നാക്കും. പക്ഷേ ഗാഥയ്ക്ക് വലിയ സങ്കടമാണ്. അവളുടെ വീട്ടിലും എന്നും വഴക്കായിരുന്നു. ഒടുവിൽ സഹികെട്ട് അമ്മ കേസ് കൊടുത്തു. ഇപ്പോൾ അമ്മയ്ക്ക് മറ്റൊരു കല്യാണം ആലോചിക്കുന്നുണ്ടത്രേ! അച്ഛന്റെ കൂടെ നിൽക്കാനാണ് തനിക്കിഷ്ടമെന്ന് ഗാഥ കരഞ്ഞുകൊണ്ട് പറയും. പക്ഷേ അമ്മ അവളെ വിട്ടുകൊടുക്കില്ല.

“അങ്ങനെയെങ്ങാൻ ഡാഡിയും മമ്മയും ഡിവോഴ്സ് ആയാൽ ഞാൻ എന്തുചെയ്യും?” – എഡ്വിനയുടെ ഉള്ളിൽ ആധി പടർന്നു. അവൾക്ക് രണ്ടാളെയും വേണം. അവരുടെ വഴക്കൊന്ന് തീർന്നു കിട്ടിയാൽ മാത്രം മതി. എഡ്വിന ഹോം വർക്ക് ചെയ്യാൻ തുറന്നുവെച്ച ബുക്ക് മടക്കിവെച്ച് ഹാളിലേക്ക് വന്നു. വാതിലിന്റെ കുറ്റി തുറക്കാൻ അവൾക്കത്ര വേഗത്തിൽ കഴിയില്ല. സോഫയുടെ സമീപം കിടന്ന ടീപ്പോ തള്ളിത്തള്ളി ഒരുവിധത്തിൽ വാതിലിന് സമീപമെത്തിച്ചു. അതിന്മേൽ വലിഞ്ഞുകയറി കുറ്റി താഴേയ്ക്ക് തട്ടി. പതുക്കെ താഴെയിറങ്ങി ടീപ്പോ വലിച്ചിഴച്ച് പഴയ സ്ഥാനത്ത് തന്നെയിട്ടു. വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

മുറ്റത്ത് പൂക്കൾക്ക് ചുറ്റും വർണ്ണശലഭങ്ങൾ പാറിക്കളിക്കുന്നുണ്ടായിരുന്നു. മറ്റൊരവസരമായിരുന്നെങ്കിൽ അവൾക്കത് വലിയ അത്ഭുതമാകുമായിരുന്നു. പക്ഷേ, ഇപ്പോൾ അതിനൊന്നും സമയമില്ല. മമ്മയും ഡാഡിയും വേർപിരിയുന്നതിന് മുൻപ് എന്തെങ്കിലും പരിഹാരം കാണണം. അവൾ ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി, പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

ഒരു മോഷ്ടാവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് സി.ഐ. പയസ് ആന്റണിക്ക് ഫയർ ഓഫീസറുടെ കോൾ വന്നത്. മോഷ്ടാവിനെ കോൺസ്റ്റബിൾ ജഗന്നാഥനെ ഏൽപ്പിച്ചു വനിതാ പോലീസ് സീമയെയും കൂട്ടി അദ്ദേഹം ഉടൻ പുറപ്പെട്ടു. പയസ് ഫയർ സ്റ്റേഷനിലെത്തുമ്പോൾ, ഏതാണ്ട് നാല് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഓഫീസറുടെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ പകുതി കഴിച്ച ഒരു ചോക്ലേറ്റുണ്ട്.

“എന്താ ശിവാ? ആരാ ഈ കുട്ടി? കണ്ടിട്ട് ഏതോ വലിയ വീട്ടിലെയാണെന്നു തോന്നുന്നല്ലോ!” – പയസ് ആന്റണി കൗതുകത്തോടെ ചോദിച്ചു.

“അതെ സർ, വിവേകാനന്ദ ഹൗസിങ് കോളനിയിലെ ഇരുപത്താറാം നമ്പർ വീട്ടിലെ കുട്ടിയാണെന്നാണ് മോൾ പറഞ്ഞത്. അച്ഛന്റെ പേര് അലക്‌സ്, അമ്മ സ്റ്റെല്ല. അവർ തമ്മിൽ എപ്പോഴും വഴക്കാണെന്നും ഡിവോഴ്സ് ചെയ്യാൻ പോവുകയാണെന്നും കുട്ടി സങ്കടത്തോടെ പറഞ്ഞു. ആ വഴക്ക് നിർത്താൻ പറയണം, അച്ഛനെയും അമ്മയെയും പിരിക്കരുത്—ഇതാണ് മോളുടെ പരാതി! പോലീസ് സ്റ്റേഷനാണെന്ന് കരുതിയാണ് ഇങ്ങോട്ട് കയറി വന്നത്.”

“ഈ കുട്ടി തനിയെ ഇത്രദൂരം എങ്ങനെ വന്നു?! എന്തെങ്കിലും ആപത്ത് പിണഞ്ഞിരുന്നെങ്കിലോ?” സി.ഐ പയസ് ആകുലപ്പെട്ടു.

“മോൾ പഠിക്കുന്നത് ഹോളി ഏഞ്ചൽസിലാണ്. ദിവസവും ഈ സ്റ്റേഷന് മുന്നിലൂടെയാണല്ലോ സ്കൂൾ ബസ് പോകുന്നത്. അങ്ങനെയാകും ഇത് പോലീസുകാരുടെ ഓഫീസാണെന്ന് കുട്ടി മനസ്സിലാക്കിയത്.”

“എന്തായാലും ഇന്നത്തെ കാലമല്ലേ മോൾക്ക് വഴിയിൽ വെച്ച് മറ്റൊന്നും സംഭവിക്കാഞ്ഞത് ഭാഗ്യം. വാ മോളേ, വീട്ടിൽ കൊണ്ടുവിടാം.” പയസ് വാത്സല്യത്തോടെ കുട്ടിയുടെ കൈപിടിച്ചു.

ജീപ്പിലിരുന്ന് മോളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. വീടിനടുത്തായപ്പോൾ കുട്ടി ആവേശത്തോടെ വിരൽ ചൂണ്ടി:

“ദാ പോലീസങ്കിൾ, ഇതാണ് എന്റെ വീട്!”

ഇരുപത്താറാം നമ്പർ വീടിന്റെ ഗേറ്റ് കടന്ന് പോലീസ്ജീപ്പ് മുറ്റത്തേക്ക് കയറി. പയസ് കാളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ ഉള്ളിൽ ദേഷ്യം പുകയുന്നുണ്ടായിരുന്നു.

“ഇത്രനേരമായിട്ടും കുട്ടി വീട്ടിലില്ലെന്ന കാര്യം ഈ മാതാപിതാക്കൾ അറിഞ്ഞിട്ടില്ലല്ലോ. കഷ്ടം!” അദ്ദേഹം ആത്മഗതം ചെയ്തു.

സി.ഐയുടെ നിർദ്ദേശപ്രകാരം വനിതാ കോൺസ്റ്റബിൾ സീമ, എഡ്വിന മോളുമായി ജീപ്പിൽത്തന്നെ ഇരുന്നു.
വാതിൽ തുറന്നത് സ്റ്റെല്ലയായിരുന്നു. യൂണിഫോമിൽ നിൽക്കുന്ന പോലീസിനെ കണ്ടതും അവർ പകച്ചുപോയി.

“എന്താ സർ?” ഇടറിയ ശബ്ദത്തിൽ സ്റ്റെല്ല ചോദിച്ചു. കരഞ്ഞു വീർത്ത കണ്ണുകളും വിളറിയ മുഖവും അവരുടെ തകർന്ന മനസ്സിന്റെ നേർചിത്രമായിരുന്നു. ആ കാഴ്ച പയസിന്റെ ഉള്ളിലെ ദേഷ്യം അലിയിച്ചു കളഞ്ഞു. അദ്ദേഹം ശാന്തനായി ചോദിച്ചു:

“നിങ്ങളുടെ മോളെ ഒന്ന് വിളിക്കാമോ?”

“മോളെയോ?! എന്തിനാണ് സർ? അവൾക്കെന്താ പറ്റിയത്?”

ആകുലതയോടെ സ്റ്റെല്ല അകത്തേക്ക് ഓടി. മുറികളിലും അടുക്കളയിലും തിരഞ്ഞു. പാതി തകർന്നു കിടക്കുന്ന ആ വീട്ടിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവർ ഭർത്താവിനെ വിളിച്ചു: “അലക്സ്, മോളെ കണ്ടോ?”
മറുപടിയൊന്നും വന്നില്ല. പരിഭ്രമിച്ച് സ്റ്റെല്ല ഉമ്മറത്തേക്ക് തിരികെ വന്നു.

“സർ, അവൾ ഇവിടെ ഉണ്ടായിരുന്നു. റൂമിൽ ഹോംവർക്ക് ചെയ്യുകയായിരുന്നു. മുറ്റത്തെങ്ങാനും ഇറങ്ങിക്കാണും… മോളേ…” അവർ ശബ്ദമുയർത്തി വിളിച്ചുകൊണ്ട് പുറത്തേക്ക് ഓടാൻ തുനിഞ്ഞു.
പയസ് അവരെ തടഞ്ഞു.

“അവൾ ഞങ്ങളുടെ കൂടെയുണ്ട്.” അദ്ദേഹം തിരിഞ്ഞുനിന്ന് ജീപ്പിലേക്ക് നോക്കി വിളിച്ചു: “സീമാ…”
സീമയുടെ കൈപിടിച്ച് ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന മോളെ കണ്ടതും സ്റ്റെല്ലയുടെ നിയന്ത്രണം വിട്ടു. അവർ മോളുടെ അടുത്തേക്ക് ഓടാൻ തുടങ്ങിയപ്പോൾ പയസ് ഗൗരവത്തിൽ പറഞ്ഞു:

“ഇത്രയും നേരം കുട്ടി വീട്ടിലില്ലായിരുന്നു എന്ന കാര്യം നിങ്ങളറിഞ്ഞില്ലേ? കുട്ടിക്ക് വല്ല അപകടവും പറ്റിയിരുന്നെങ്കിൽ ആരെ കുറ്റം പറയുമായിരുന്നു? നിങ്ങളുടെ വഴക്കിനിടയിൽ ഈ കുഞ്ഞിന്റെ കാര്യം മറന്നുപോയോ? ഞങ്ങൾക്ക് ഒന്ന് അകത്തേക്ക് കയറാമോ?”

സ്റ്റെല്ല വിറയ്ക്കുന്ന കൈകളോടെ വാതിലിൽ നിന്നും പിടിവിട്ടു വഴിമാറിക്കൊടുത്തു. ബഹളം കേട്ടാകണം, അലക്സ് അപ്പോഴേക്കും ഹാളിലേക്ക് വന്നു. പക്ഷേ, അയാളുടെ മുഖത്തെ കടുത്ത ഭാവം മാറിയിരുന്നില്ല. മുന്നിൽ നിൽക്കുന്ന പോലീസുകാരെയോ തന്റെ ചോരയെയോ ശ്രദ്ധിക്കാൻ പോലും കഴിയാത്ത വിധം അയാൾ ഉള്ളിലെ പകയിൽ നീറുകയായിരുന്നു.

പോലീസിനെ വിളിച്ചുവരുത്തിയതാണോ എന്ന സംശയത്തിൽ അലക്സ് സ്റ്റെല്ലയെ രൂക്ഷമായി നോക്കുന്നുണ്ട്. അത് കാര്യമാക്കാതെ സ്റ്റെല്ല പയസിനോട് ഇരിക്കാൻ പറഞ്ഞു. അലക്സിന്റെ മുഖം ദേഷ്യം കൊണ്ട് കരുവാളിക്കുന്നത് പയസിന്റെ പോലീസ് കണ്ണുകൾ ഒപ്പിയെടുത്തു.

“നിങ്ങൾ തമ്മിൽ എന്താണിവിടെ പ്രശ്നം? ഡാഡിയും മമ്മയും വഴക്കുണ്ടാക്കുന്നു, അവർ ഡിവോഴ്സ് ചെയ്യാൻ പോകുന്നു എന്ന് പരാതി പറയാനാണ് ഈ കുഞ്ഞ് വന്നത്. പക്ഷേ പോലീസ് സ്റ്റേഷനാണെന്ന് കരുതി അവൾ കയറിച്ചെന്നത് ഫയർ സ്റ്റേഷനിലാണ്! അവിടെയുള്ള ഓഫീസർ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ഞങ്ങൾ പോയി മോളെ കൊണ്ടുവന്നത്.”

“കണ്ടോ… കൊച്ചിനെ ശ്രദ്ധിക്കാൻ പോലും അവൾക്ക് നേരമില്ല. എന്നിട്ടാണ് വലിയ ഓഫീസർ ചമഞ്ഞു നടക്കുന്നത്!” അലക്സ് കോപത്തോടെ സ്റ്റെല്ലയെ കുറ്റപ്പെടുത്തി.

“അതെന്താടോ, തനിക്ക് തൻ്റെ കുട്ടിയുടെ കാര്യത്തിൽ ഉത്തരവാദിത്തമൊന്നുമില്ലേ?” ഭാര്യയെ മാത്രം പഴിചാരാൻ ശ്രമിക്കുന്ന അലക്സിനെ സി.ഐ ക്രോധത്തോടെ നോക്കി.

“സോറി സർ…” സ്റ്റെല്ല വിനയത്തോടെ കൈകൂപ്പി.

“വേണ്ട, ഒന്നും പറയണ്ട. മോളെല്ലാം ഞങ്ങളോട് പറഞ്ഞു. നിങ്ങളേക്കാൾ പക്വതയും വിവരവും ഈ കുഞ്ഞിനുണ്ട്. അത് പോലുമില്ലാത്ത നിങ്ങളോട് എന്തുപറയാനാണ്?” പയസിന്റെ വാക്കുകളിലെ പരിഹാസം ഏറ്റപ്പോൾ ഇരുവരും മുഖം കുനിച്ചു.

“എടോ, ഭാര്യ ജോലിക്കു പോകുന്നതും തന്നേക്കാൾ ഉയർന്ന പദവിയിൽ എത്തുന്നതും ഒരു ശരാശരി ഭർത്താവിന്റെ ഈഗോയെ മുറിപ്പെടുത്തിയേക്കാം. പക്ഷേ, ഇന്നത്തെ കാലത്ത് അതിന് വല്ല പ്രസക്തിയുമുണ്ടോ? ഭാര്യ ജോലിക്ക് പോകുന്നത് തന്റെ കാര്യങ്ങളിൽ എന്തെങ്കിലും കുറവുണ്ടാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കണം. ഉദ്യോഗസ്ഥയായ ഒരു സ്ത്രീ നമ്മൾ ആണുങ്ങളെക്കാൾ എത്രയിരട്ടി സ്ട്രെയിൻ ആണ് അനുഭവിക്കുന്നതെന്ന് തനിക്കറിയാമോ? അപ്പോൾ തന്നെപ്പോലുള്ള ഭർത്താക്കന്മാർ ചോദിക്കും, ‘എങ്കിൽപ്പിന്നെ അവൾക്ക് വീട്ടിലിരുന്നാൽ പോരേ’ എന്ന്. പോരടോ! ഭാര്യയും ഭർത്താവും ഒരുപോലെ അധ്വാനിച്ചാലേ ഇന്നത്തെ കാലത്ത് ഒരു കുടുംബം മുന്നോട്ട് പോകൂ. ഭാര്യയെ ജോലിക്കു വിടാൻ താൽപ്പര്യമില്ലാത്തവർ ഉദ്യോഗസ്ഥയായ പെണ്ണിനെ കല്യാണം കഴിക്കരുത്.”

പയസ് അല്പനേരം നിർത്തി അലക്സിനെ രൂക്ഷമായി നോക്കി തുടർന്നു:

“എത്രയോ പേർ കൊതിക്കുന്ന പദവിയാണ് സ്റ്റെല്ലയുടേത്. ഇതിനിടയിൽ എന്തിനാണ് ഈ ഈഗോ? ഭാര്യ ഉയർന്ന നിലയിലെത്തിയാൽ തനിക്ക് വില കിട്ടില്ലെന്നോ, അടിമയായിപ്പോകുമെന്നോ ഒക്കെയുള്ള പഴഞ്ചൻ ചിന്താഗതികൾ താൻ മാറ്റണം. തന്റെ ഭാര്യ എന്നെങ്കിലും തന്നോട് അനാദരവ് കാട്ടിയിട്ടുണ്ടോ? ഉണ്ടോടോ?” ഇല്ലെന്ന അർത്ഥത്തിൽ അലക്സ് പതിയെ തലയാട്ടി.

“പിന്നെന്താ തന്റെ പ്രശ്നം? തനിക്കെന്തിനാടോ ഈ വിദ്യാഭ്യാസം? വഴക്കിനിടയ്ക്ക് മോൾ ഇറങ്ങിപ്പോയതുപോലും നിങ്ങൾ അറിഞ്ഞില്ലല്ലോ. ഇത്രയും നേരമായിട്ടും കുട്ടി എവിടെയാണെന്ന് നിങ്ങൾ അന്വേഷിച്ചോ?” പയസിന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞുനിന്നു.

“ഭാര്യയുടെയും ഭർത്താവിന്റെയും ഈഗോ ക്ലാഷിനിടയിൽ ഞെരുങ്ങി ഇല്ലാതാകുന്നത് പാവം കുട്ടികളാണ്. കുടുംബമാകുമ്പോൾ പ്രശ്നങ്ങൾ സ്വാഭാവികം. അതൊന്നും മക്കളെ ബാധിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യാൻ പഠിക്കണം, അതാണ് മിടുക്ക്. ഭാര്യാഭർതൃ ബന്ധങ്ങൾക്കിടയിൽ എപ്പോഴും ഒരു സൗഹൃദം ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ഇത്തരം പൊട്ടിത്തെറികൾ ഉണ്ടാകില്ല.”

“ശരി, ഞങ്ങൾ ഇറങ്ങുന്നു.” പയസ് എഴുന്നേറ്റു.

“സർ, കുടിക്കാനെന്തെങ്കിലും എടുക്കട്ടെ?” സ്റ്റെല്ല പെട്ടെന്ന് ഒരു ആതിഥേയയായി മാറി.

“നോ താങ്ക്സ്. നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കൂ. അല്പം കൂടി വിവേകത്തോടെ ജീവിക്കാൻ പഠിക്കണം.”

യാത്ര പറയുമ്പോൾ പയസ് എഡ്വിന മോളെ അടുത്തുവിളിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇനി ഡാഡിയും മമ്മിയും വഴക്കുണ്ടാക്കിയാൽ അപ്പോൾത്തന്നെ എന്നെ വിളിക്കണം കേട്ടോ. രണ്ടിനെയും പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി നല്ല പെട കൊടുക്കാം!”

“അയ്യോ വേണ്ട അങ്കിൾ… മോളുടെ ഡാഡിയെയും മമ്മിയെയും അടിക്കണ്ട. അവരിനി വഴക്കുണ്ടാക്കാതെ ഇരുന്നാൽ മതി,” കുട്ടി നിഷ്കളങ്കമായി പറഞ്ഞു.

അതുകേട്ടപ്പോൾ സ്റ്റെല്ലയും അലക്സും കുറ്റബോധത്തോടെ പരസ്പരം നോക്കി. സീമയും പയസ്സും ഒരു പുഞ്ചിരിയോടെ ജീപ്പിൽ കയറി പോയി.

ഒരാഴ്ചയ്ക്ക് ശേഷം എഡ്വിന മോൾക്ക് ഒരു ഫോൺ കാൾ വന്നു.

“മോളേ, ഇത് പോലീസ് അങ്കിളാണ്. ഡാഡിയും മമ്മിയും പിന്നെയും വഴക്കുണ്ടാക്കിയോ?”

മോൾ ചുറ്റും നോക്കി. ഡാഡി അടുക്കളയിൽ മമ്മയെ സഹായിക്കുകയാണ്. അവൾ ശബ്ദം താഴ്ത്തി രഹസ്യം പോലെ പറഞ്ഞു,

“ഇല്ല അങ്കിൾ. ഇപ്പോൾ രണ്ടുപേരും ഭയങ്കര സ്നേഹത്തിലാണ്. അടുക്കളയിൽ പോലും ഡാഡി മമ്മയെ സഹായിക്കുന്നുണ്ട്. മോളിപ്പോൾ ഹാപ്പിയാണ്. താങ്ക്യൂ അങ്കിൾ!”

ചിരിയോടെ പയസ് ഫോൺ കട്ട് ചെയ്തു. അരികിലുണ്ടായിരുന്ന സീമയോടായി അയാൾ പറഞ്ഞു:

“ചിലർക്ക് ഇതുപോലെ ഒരു ‘ഡോസ്’ കിട്ടിയാലേ ബുദ്ധി ഉദിക്കൂ. ആ കുട്ടി ഒന്ന് കഷ്ടപ്പെട്ടെങ്കിലും ആ കുടുംബം നന്നായല്ലോ.”

സീമയും ഒരു ആശ്വാസച്ചിരിയോടെ അത് ശരിവെച്ചു.

കണ്ണൂർ ചെമ്പേരി സ്വദേശിയായ വീട്ടമ്മ. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: സോളമന്റെ മുന്തിരിത്തോപ്പുകൾ (കവിതസമാഹാരം), ജീവകോശം (ലഘുനോവൽ) , ഓർമ്മപ്പെയ്ത്ത് (ലഘുനോവൽ- നാലുപേർ ചേർന്നെഴുതിയത്) ,ആഭേരി (കവിതസമാഹാരം). ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം. നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട് .