
മലഞ്ചെരിവിലെ വീടും പുരയിടവും വാങ്ങണമെന്ന മോഹമുണ്ടായതിനു കാരണം തന്നെ ആ അരയേക്കര്‍പറമ്പിലുള്ള മനോഹരമായ കുളമാണ്. കരകളെല്ലാം ചെങ്കല്ലുകൊണ്ട് കെട്ടിയൊരുക്കി, ഇറങ്ങാൻ നാലുഭാഗത്തും പടവുകളുള്ള കുളം. നല്ല തെളിഞ്ഞ നീലജലം. ബാബുവേട്ടനോടാണ് ഞാനിതു സ്വന്തമാക്കിയത്. മൂപ്പരവിടെ പത്തുകൊല്ലമായി താമസിക്കുകയായിരുന്നു. വീടും പറമ്പുമെല്ലാം നന്നായി നോക്കി സംരക്ഷിച്ചിരുന്നു അദ്ദേഹം. അദ്ദേഹമീപുരയിടം വാങ്ങുമ്പോള്‍ ആകെ കാടുമൂടിക്കിടക്കുകയായിരുന്നത്രേ! കുളമാണെങ്കിൽ വക്കുകളെല്ലാമിടിഞ്ഞ് പായൽമൂടി ആര്‍ക്കും ധൈര്യത്തിലിറങ്ങാനാവാത്ത അവസ്ഥയിലും.
ബാബുവേട്ടൻ റിട്ടയർ ചെയ്യാറായപ്പോള്‍, ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയതാണ്. അങ്ങനെയാണ് സ്ഥലം എന്റെ കൈവശമെത്തിയത്. അവിടെ താമസമാരംഭിച്ചപ്പോള്‍ ഏറെ ആശ്വാസം തോന്നി. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം. രാവിലെ കുളത്തിൽ പോയി നീന്തിക്കുളിച്ചാൽ മതി പുതിയൊരൂര്ജ്ജപ്രവാഹം കൈവരും. കുളത്തിൽ നിറയെ പരൽമത്സ്യങ്ങളായിരുന്നു. ബാബുവേട്ടന് വൻമത്സ്യങ്ങളോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. അതിനാലാകുളം കൊച്ചുമീനുകളുടെ സ്വര്‍ഗ്ഗമായി പരിലസിച്ചു.
ആയിടെയാണ് സഹപ്രവര്ത്തകൻ ഇട്ടൂപ്പ് സാര്‍ ഓൺലൈനിൽ മത്സ്യവില്പനയുള്ള കാര്യം പറഞ്ഞത്. സംസ്കരിച്ച കടൽ മത്സ്യങ്ങളല്ലേ ? ഞാൻ ചോദിച്ചു.
അല്ലല്ല, അതു വേറെ, അദ്ദേഹം പറഞ്ഞു. ഇത് ജീവനുള്ള മത്സ്യക്കുഞ്ഞുങ്ങളാണ്. മിറാക്കിള്‍ ഫിഷ്.അദ്ദേഹം സൈറ്റഡ്രസ് പറഞ്ഞുതന്നു.
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞിരിക്കുമ്പോള്‍, ഞാനാ സൈറ്റ് തുറന്നു. ഒരുപാടുതരം മീൻകുഞ്ഞുങ്ങളുണ്ട്. മിറാക്കിള്‍ ഫിഷ് എവിടെയെന്നു പരതി, കണ്ടു. കാണാൻ ഭംഗിയുള്ളൊരു കുഞ്ഞു മീൻ. അതിന്റെയൊക്കെ വീഡിയോ ക്ലിപ്പുമുണ്ടായിരുന്നു. ഈ മത്സ്യത്തിന് ഇടയ്ക്കിടെ നിറം മാറാനുള്ള കഴിവുമുണ്ടത്രേ. എന്തൊരു പാവം മീൻ! അതിലൊരെണ്ണത്തിനെ വാങ്ങിനോക്കിയാലോ എന്ന ചിന്തയുണ്ടായി. സഹധര്‍മ്മിണിയും സമ്മതിച്ചു.
നമുക്കിതിന്റെ രണ്ടു കുഞ്ഞുങ്ങളെ വാങ്ങാം. അവള് പറഞ്ഞു.
തത്ക്കാലം ഒരെണ്ണംവാങ്ങാം, ഞാൻ പറഞ്ഞു. വലിയ വിലയാണ്. ഒന്നിന് 5000 രൂപ. തത്ക്കാലം പതിനായിരം കൊടുത്തു രണ്ടു വാങ്ങാൻ ബജറ്റില്ല, ഞാൻ പറഞ്ഞു. (വീടും പറമ്പും വാങ്ങിയതുതന്നെ ബാങ്ക് ലോണിലാണ്..അതിന്റെ തിരിച്ചടവ് മുടങ്ങിക്കൂട.) അങ്ങനെ അപ്പോള്‍ത്തന്നെ ഓഡര്‍ നല്കി. ഏതോ വിദേശകമ്പനിയുടെ ഫ്രാഞ്ചൈസിയാണ്. എത്തിച്ചേരാൻ രണ്ടാഴ്ച കഴിയും.
ഒരൊഴിവുദിവസമാണ് മീൻകുഞ്ഞെത്തിയത്. പ്രത്യേത ഭരണിയിൽ സ്ഫടികജലത്തിൽ അത് ചുറ്റിക്കറങ്ങി. അതിന്റെ മുഖം കാണാൻ എന്തൊരോമനത്തമാണ്! കുറേനേരം ഞങ്ങളതിന്റെ ചന്തമാസ്വദിച്ചുനിന്നു. പിന്നീട് ഞങ്ങളതിനെ കുളത്തിലെ ജലത്തിലേക്കുവിട്ടു. വെള്ളത്തിലെത്തിയ ഉടനെ അത്, അതിവേഗത്തിൽ എതിര്‍വശത്തേക്കു നീന്തിപ്പോയി. പെട്ടെന്നുതന്നെ, അത് ഞങ്ങള്‍ക്കടുത്തേക്കു നീന്തിവന്നു. ഇതുവരെ നീന്തിത്തുടിക്കാനൊരിടമില്ലാത്ത മീനിന് ഒരു നീലജലാശയംലഭിച്ചപ്പോള് അതിനെന്തൊരാക്രാന്തമാണ്! ഏതായാലും ഞങ്ങള്‍ തിരിച്ചുപോരുന്നതുവരെ, നന്ദികാണിക്കാനെന്നോണം അതവിടെത്തന്നെ നീന്തിക്കളിച്ചു. കുളത്തിലെ പരൽമീനുകള് ചുറ്റുംവന്ന് അദ്ഭുതത്തോടെ അതിനെ നോക്കുന്നുണ്ടായിരുന്നു.
മീനിനെ പ്രത്യേകം ശ്രദ്ധിക്കാൻ ഞങ്ങള്‍ക്കാര്‍ക്കും സമയമുണ്ടായിരുന്നില്ല. ഫ്രാഞ്ചൈസിതന്ന ഫുഡ് ഇട്ടുകൊടുക്കാൻ മറക്കാറില്ലായിരുന്നു. എന്നാലും കുളിക്കാനൊക്കെ ചെല്ലുമ്പോള്‍ അതിനെ കാണാറുണ്ടായിരുന്നു. ചിലപ്പോള്‍ പച്ചനിറം. ചിലപ്പോള്‍ നീല .ഒരിക്കൽ ചെമപ്പുനിറത്തിലും കണ്ടിരുന്നു. ഈയിടെയതിന് കാവിനിറംതന്നെയാണ് കാണാൻ കഴിയുന്നത്. എന്തോ ആകട്ടെ. അതിന്റെ മുഖം കാണുമ്പോള്‍ മറ്റൊന്നും ചിന്തിക്കാൻ തോന്നുകയില്ല.എന്തൊരോമനത്തമാണ് !
കഴിഞ്ഞയാഴ്ച സഹധര്‍മ്മിണിയാണ് പറഞ്ഞത്, കുളത്തിലെ പരൽമീനുകള് കുറയുന്നുണ്ട്. ശ്രദ്ധിച്ചപ്പോള്‍ എനിക്കും അങ്ങനെ തോന്നി. മിറാക്കിള്‍ ഫിഷ് അതിനെ വിഴുങ്ങിക്കളയുന്നുണ്ടോ ?ഏയ്, അത് അവര്‍തരുന്ന ഇറക്കുമതി ഫുഡ് മാത്രമേ കഴിക്കൂ എന്നാണല്ലോ വില്പനക്കാര് പറഞ്ഞത്. പൊന്മാനുകളും, ചേരക്കോഴികളുമെല്ലാം ഈയിടെയായി കുളത്തിലേക്കു വരാറുണ്ട്. അവ തിന്നുന്നതാകും. മിറാക്കിള്‍ ഫിഷിനെ അവ തിന്നുകളയുമോ ? എന്റെ അയ്യായിരം രൂപ !
അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് കുളത്തിനടുത്തുകൂടി വരുമ്പോള്‍ ഞാനാ അദ്ഭുതക്കാഴ്ചകണ്ടു. കുളത്തിന്റെ പടവിൽ രണ്ടുമൂന്നു പൊന്മാനുകളും, ഒരു ചേരക്കോഴിയും വെള്ളത്തിലേക്കു ശ്രദ്ധിച്ചിരിക്കുന്നു. എത്തിനോക്കിയപ്പോള്‍ നമ്മുടെ മിറാക്കിള്‍ ഫിഷ് അവയെനോക്കിക്കൊണ്ട് വെള്ളത്തിൽ അടുത്തുതന്നെയുണ്ട്. ഇനിയാ മീൻ ഈ പറവകളുമായി വല്ല രഹസ്യക്കരാറിലും ഏര്പ്പെട്ടിരിക്കുമോ എന്നാണ് എന്റെ ചിന്തപോയത്. നോക്കൂ, ഞാനെന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്!
മാസങ്ങള്‍ കഴിഞ്ഞുപോയി. അതിനിടെ കുളത്തിൽ പരൽമീനുകളേ ഇല്ലാതായി. മിറാക്കിള്മീനിനെ കാണാറേയില്ല. അതിനേയും അവ തിന്നുകളഞ്ഞിട്ടുണ്ടാവും. എന്തുകൊണ്ടാണെന്നറിയില്ല, കുളത്തിലെ വെള്ളത്തിന്റെ തെളിമ കുറയുന്നുണ്ടോ എന്നൊരു സംശയംതോന്നുന്നു, ഇടയ്ക്കതിന്റെ പടവുകളിൽ പക്ഷിത്തുവലുകളും മൃഗത്തിന്റെ അസ്ഥികളുമൊക്കെ കാണാറുണ്ട്. ഒരുദിവസം അറവുകാരൻ കുഞ്ഞാപ്പുവിനോട് ഞാനിക്കാര്യം പറഞ്ഞു.
അയാള്‍ പറഞ്ഞു, അയ്യോ മാഷേ, ഇവിടുത്തെ മാലിന്യമൊക്കെ ഞാൻ കൃത്യമായി സംസ്കരിക്കാറുണ്ട്, കുറച്ച്, പന്നിവളര്‍ത്തുകാരൻ കൊണ്ടുപോവുകയും ചെയ്യും. അതുകൊണ്ടുതന്നെ നായകള്‍ കടിച്ചുവലിച്ച് നിങ്ങളുടെ കുളത്തിന്നടുത്തെത്തിക്കാൻ സാധ്യതയേയില്ല.
എന്നാൽ വല്ല കുറുക്കനോ മറ്റോ ആവും,ഞാൻ പറഞ്ഞു. അതു ശരിയാ, കുഞ്ഞാപ്പു പറഞ്ഞു. നാട്ടിലീയിടെ കുറുക്കന്മാര് കൂടിയിട്ടുണ്ട്.
പിന്നെ ഞാനക്കാര്യം മറന്നു. ഞങ്ങളിപ്പോള്‍, കുളത്തിൽച്ചെന്നു കുളിക്കാറില്ല.
ഇന്നലെ തേങ്ങയിടാൻ വന്ന ഗോപാലേട്ടനാണ് എന്നാടക്കാര്യം പറഞ്ഞത്.
മാഷേ, നിങ്ങളുടെ കുളത്തിൽ ഒരു മുതലയുണ്ട്.
മുതലയോ ?
കുളത്തിൻകരയിലെ തെങ്ങിൽകയറിയപ്പോള് വെറുതെ താഴോട്ടുനോക്കിയതാ ഞാൻ. അപ്പോളാണ്, വെള്ളത്തിന്റെ അടിയിലൂടെ മുതലയെപ്പോലുള്ളൊരു ജീവി ഊളിയിട്ടുപോവുന്നു. ഞാൻ കണ്ടതാ.
തളര്‍ന്നുപോയി ഞാൻ. ഇനിയെന്തൊക്കെ അത്യാപത്തുകളാ ഉണ്ടാവുക ! ഞാൻ പതുക്കെ, കാലൊച്ചകേള്‍പ്പിക്കാതെ കുളത്തിൻകരയിലേക്കു ചെന്നു. ഏറെ ശ്രദ്ധിച്ച്, കുളത്തിലേക്ക് എത്തിനോക്കി. ഒന്നുമില്ല. ഒന്നുകൂടിനോക്കി, അതാ, അപ്പുറത്തുനിന്ന് വലിയൊരു മുതല എന്റെ ഭാഗത്തേക്കു വരുന്നു. അതെന്നെ കണ്ടിട്ടില്ലെന്നു തോന്നുന്നു.
അത്, മുതലയല്ലല്ലോ, ഞാനതിൽ വളര്‍ത്താനിട്ട മിറാക്കിള്ഫിഷല്ലേ ? ചിന്തിച്ചുപോയി ഞാൻ. അതെ, അതിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാലും കുറച്ചുദിവസംകൊണ്ട് ആ കുഞ്ഞു മത്സ്യം ഇത്രയും വലുതായോ ?
ആലോചിച്ചുനിന്നുപോയ എന്നെ അത് കണ്ടെന്നുതോന്നുന്നു. അതിന്റെ കണ്ണുകളിൽ ക്രൗര്യംനിറയുന്നതു കാണാൻ കഴിഞ്ഞു. അത് എന്നെനോക്കി വാപിളര്ത്തുകയാണ്. വായിൽ നിറയെ മൂര്‍ച്ചയുള്ള പല്ലുകള്‍ തിളങ്ങുന്നു.
അതെന്റെനേരെ ചാടാനോരുങ്ങുകയാണെന്നുതോന്നുന്നു. ഞാൻ ജീവനുംകൊണ്ടോടി.
ഓടുമ്പോള്‍, ഈ ഭീകരമത്സ്യത്തെ കൊല്ലാക്കൊലചെയ്യാനെന്താണ് വഴിയെന്നു ആലോചിക്കുകയായിരുന്നു ഞാൻ. അതിന് അയൽക്കാര്‍ എല്ലാരേയും വിളിച്ചുകൂട്ടിയേ മതിയാവൂ. തീരുമാനിച്ചുറച്ചു കൊണ്ടാണ് ഞാൻ വീട്ടിലേക്കുകയറിയത്.













