നേർച്ച

എനിക്ക് രണ്ട് വയസ്സും ചേട്ടായിക്ക് നാലും ഉള്ളപ്പോഴായിരുന്നു ആ സംഭവം എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പെയിൻറ് പണിക്ക് പോയ അപ്പച്ചൻ ഒരു ദിവസം തിരിച്ചുവന്നില്ല!. നാട്ടുകാരും വീട്ടുകാരും തിരയാവുന്ന ഇടത്തൊക്കെ  തിരഞ്ഞു, പോലീസിൽ അറിയിച്ചു. പക്ഷേ എവിടെയും കണ്ടെത്തിയില്ല. കുറേക്കാലം കഴിഞ്ഞപ്പോൾ വേളാങ്കണ്ണിയിലോ മധുരയിലോ മലയാറ്റൂരോ ഒക്കെ പെരുന്നാളിന് പോയ ആരൊക്കെയോ അപ്പച്ചനെ പോലെ ഒരാളെ കണ്ടതായി സംശയം പറഞ്ഞു.

ചേട്ടായി വലുതായപ്പോൾ ചെണ്ടമേളം പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ അമ്മച്ചി വഴക്കുണ്ടാക്കി. ഈ മേളഭ്രാന്താണ് അപ്പച്ചനെ ഇല്ലാതാക്കിയതെന്ന് തലയറഞ്ഞു കരഞ്ഞു. അമ്മച്ചി മടലു തല്ലിച്ചതച്ച് ചകിരി ഉണ്ടാക്കുന്ന മേളം കൊണ്ടാണ് കുടുംബം പുലരുന്നത് എന്ന് ഓർമ്മിപ്പിച്ചു. പിന്നെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ എന്തും നിവർത്തിച്ചു തരുന്ന തെരുവുമുക്കിലെ മുത്തപ്പന്റെ കൃപയും. എന്താവശ്യത്തിനും മുത്തപ്പനായിരുന്നു അമ്മച്ചിക്ക് കൂട്ട്.

ഞാൻ പതിനൊന്നാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് നടവഴിയിൽ ആരൊക്കെയോ ആ വിശേഷം പറഞ്ഞത്. അപ്പച്ചൻ തിരിച്ചു വന്നിരിക്കുന്നു. ആരൊക്കെയോ ചേർന്ന് ഒരു ജീപ്പിൽ ആണ് കൊണ്ടുവന്നതെന്ന്.

ഞാൻ ചെല്ലുമ്പോൾ വരാന്തയിൽ പരിചയക്കാർ രണ്ടുമൂന്നു പേരുണ്ട്. ആകെ ഉണ്ടായിരുന്ന ഒരു കയറുകട്ടിലിൽ അപ്പച്ചൻ എന്ന് പറയുന്ന അസ്ഥികൂടം ചുരുണ്ടുവളഞ്ഞു കിടക്കുന്നു.

സ്വന്തമായി എഴുന്നേറ്റിരിക്കാൻ പോലും വയ്യ. ശ്വാസത്തിന് ചൂളം വിളിയുടെ ശബ്ദം. അമ്മച്ചി കയറുപിരിക്കാൻ പോകാതെ മൂന്നാല് ദിവസം കൂടെത്തന്നെയിരുന്നു പരിചരിച്ചു. വീടിനുള്ളിലെ ചീഞ്ഞ മടലിന്റെ വാട കുറഞ്ഞു; ഒപ്പം കഞ്ഞിയിലെ വറ്റും. പകരം അപരിചിതമായ അളിഞ്ഞ മുറിവിന്റെയും സാമ്പ്രാണിയുടേയും കൂടിക്കലർന്ന, ഓക്കാനിക്കാൻ തോന്നിക്കുന്ന ഒരു മണം പെരക്കകത്തെല്ലാം ചുറ്റി നടന്നു.

പിന്നൊരു ദിവസം ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ അമ്മച്ചി അപ്പച്ചന്റെ തലയ്ക്കുഴിഞ്ഞ് തേഞ്ഞു പിഞ്ചിയ ഒരുഅഞ്ചുരൂപ നോട്ട് കയ്യിൽ തന്നു. ഒരു കൂടു മെഴുകുതിരി മുത്തപ്പന്റെ കപ്പേളയിൽ കത്തിക്കാൻ പറഞ്ഞു. മെഴുകുതിരിയും കത്തിച്ച് സ്കൂളിലേക്ക് പോയ എന്നെ ഉച്ചനേരത്ത് ക്ലാസ് ടീച്ചർ വിളിച്ച്  വീട്ടിലേക്ക് വിട്ടു.

ഞാൻ ചെല്ലുമ്പോൾ മുറ്റത്ത് സാരി വലിച്ചു കെട്ടിയ ചെറിയ പന്തൽ. കയറു കട്ടിലിൽ നിന്നും വരാന്തയിലെ പൊളിഞ്ഞ സിമൻറ് തിണ്ണയിലേക്ക് ഒറ്റമുണ്ട് പുതപ്പിച്ച് അപ്പച്ചനെ ഇറക്കി കിടത്തിയിട്ടുണ്ടായിരുന്നു. ചൂളം വിളിയും ചുരുളലും ഇല്ലാതെ!

അന്നും ഇന്നും എനിക്കറിയാത്ത ഉത്തരം “മെഴുകുതിരി നേരുമ്പോൾ  അമ്മച്ചി മുത്തപ്പനോട് എന്തായിരിക്കും പ്രാർത്ഥിച്ചിട്ടുണ്ടാവുക?”

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി