
പോർച്ചിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് നീന കണ്ണു തുറന്നത്. ആദി ഇന്ന് നേരത്തെ എത്തിയോ? ഉറക്കം തെളിയാത്ത കണ്ണുകളോടെ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി അവൾ ആന്തലോടെ ചാടിയെണീറ്റു, ദൈവമേ നേരം ഇത്രയായോ!
അപ്പു അടുത്ത വീട്ടിൽ കളിയ്ക്കാൻ പോയ ശേഷം, ഓഫീസിൽ നിന്നും വന്ന ക്ഷീണത്തിൽ ഒന്നു തല ചായ്ക്കാനായി കിടന്നതാണ്. നേരം പോയത് അറിഞ്ഞതേയില്ല. ആദി ജോലി കഴിഞ്ഞെത്തുംമുൻപ് അപ്പുവിനെ വിളിച്ചുകൊണ്ടു വരണമെന്ന് കരുതിയതാണ്. അതു നടന്നില്ല. ആദി വരുമ്പോൾ അപ്പുവിനെ വീട്ടിൽ കണ്ടില്ലെങ്കിൽ പിന്നെ അന്നത്തേയ്ക്കുള്ളത് ആയി.
നീന വാതിൽക്കൽ എത്തുംമുൻപേ ആദി, തന്റെ കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തുകേറിയിരുന്നു.
“എന്തൊരു ചൂടായിത്? നിനക്കീ ജനാലയൊക്കെ ഒന്ന് തുറന്നിട്ടൂടെ“ ആദി ജനാലകളെല്ലാം മലർക്കെ തുറന്നിട്ടു.
”തുറന്നിട്ടാൽ അപ്പൊ പൂച്ച കേറും”
നീന ഒരു ഗ്ലാസ് വെള്ളവും ഫാനിന്റെ റിമോട്ടും ആദിയെ ഏൽപ്പിച്ചുകൊണ്ടു പറഞ്ഞു.
“അപ്പു സ്കൂൾ വിട്ടുവന്നില്ലേ?”
പാന്റ്സിൽ നിന്നും ഷോർട്സിലേക്ക് മാറുന്നതിനിടയ്ക്ക് അയാൾ ആ ചോദ്യമെയ്തു.
“അവൻ കിച്ചുവിന്റെ കൂടെ കളിയ്ക്കാണ്.”
പാലും ചായപ്പൊടിയും ചേരുന്ന, കറുപ്പും വെളുപ്പും ചുവക്കുന്ന കളിച്ചന്തം നോക്കിക്കൊണ്ടു നീന മറുപടി നൽകി.
“എന്നാൽ നിനക്കും അവന്റെ കൂടെ പോവാമായിരുന്നില്ലേ?എന്തിനാ അവനെ തനിച്ചു വിട്ടത്?”
“എന്റെ ആദീ, അവൻ ആദ്യമായിട്ടൊന്നും അല്ലല്ലോ അവിടെ പോവുന്നത്? അവരാണെങ്കിൽ നമുക്ക് അറിയാത്ത ആൾക്കാരും അല്ല” ചായയ്ക്കൊപ്പം ആദിയുടെയും ചൂടാറ്റാൻ ശ്രമിച്ചുകൊണ്ട് നീന പറഞ്ഞു.
“ഈ ചായ കുടിക്ക്. അപ്പോഴേക്കും അവനിങ്ങു വരും.” നീന ചില്ലുഗ്ലാസിൽ പതപ്പിച്ച ചായ നീട്ടി.
“ഈ ചൂടത്തു ഇനി ചായയോ? അതവിടെ വെക്ക്. ഞാൻ അപ്പുവിനെ വിളിച്ചിട്ടു വരാം” ആദി പുറത്തേയ്ക്ക് നടന്നു.
“നിനക്ക് ആദി എന്നല്ല, ‘പരാദി‘ എന്ന പേരാണ് ശരിക്കും ചേരുന്നത്.” നീന വാതിൽക്കൽ നിന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു, ഈ മഴക്കാറൊന്നു പെയ്തൊഴിഞ്ഞെങ്കിലെന്ന് പ്രതീക്ഷിച്ച്.
എന്തോ ഓർത്തിട്ടെന്നപോലെ അയാൾ തിരിഞ്ഞുനിന്നു.
“പണ്ട് അമ്മ ആദം എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മ മരിച്ചുകഴിഞ്ഞ് പിന്നെയാരും ആ പേര് വിളിക്കാറുണ്ടായിരുന്നില്ല. പക്ഷേ അപ്പൻ… അപ്പൻ ആ പേര് ’പരാദം‘ എന്നാക്കി വിളിക്കാറുണ്ടായിരുന്നു, അമ്മയില്ലാത്ത കൊച്ച് എന്തെങ്കിലും സഹായം ചോദിച്ചാൽ. ഇപ്പൊ ദാ നിന്റെ വകയായി പുതിയൊരു പേര് ’പരാദി’. കൊള്ളാം“
ആദി ഗേറ്റു കടന്നുപോയിട്ടും നീന നിന്നിടത്തുതന്നെ തറഞ്ഞുപോയി, മനുഷ്യമനസ്സിന്റെ തുറക്കാത്ത നിലവറകളെ കുറിച്ചോർത്ത്.
“അപ്പാ, ഇന്ന് കിച്ചു പറയുവാണ്, അവന് എന്നെക്കാളും സ്റ്റാമിന ഉണ്ടെന്ന്, നോക്ക് അപ്പാ ഞാനല്ലേ സ്ട്രോങ്ങ്” ഉറങ്ങാൻ കിടന്നിട്ടും അപ്പുവിന്റെ കളിവർത്തമാനം തീരുന്നില്ല.
അപ്പനെന്തോ ആലോചനയിലാണെന്ന് തോന്നിയപ്പോൾ അവൻ പതിയെ തന്റെ അപ്പനരികിലേക്ക് ഒതുങ്ങി താടിയിലൊന്നു തടവി ആദിയോടു ചോദിച്ചു, “അപ്പാ, അപ്പൻ ചെറുതായിരിക്കുമ്പോ ആരുടെ കൂടെയാ കളിച്ചിരുന്നേ” ?
“അപ്പൻ… അപ്പന് കുറേ പേരുണ്ടായിരുന്നെടാ കളിയ്ക്കാൻ. ഓരോ അവധിയ്ക്കും വല്യപ്പൻ ഓരോ കുടുംബക്കാരുടെ വീട്ടിൽ കൊണ്ടാക്കും. ഓരോരോ വീടുകൾ. ഓരോരോ കുട്ടികൾ. വല്ല്യപ്പന് ലീവ് കിട്ടുമ്പോൾ വന്ന് അടുത്ത വീട്ടിലാക്കും. സ്കൂൾ തുറന്നാ പൂട്ടുന്നതു വരെ ഒരു വീട്ടിൽ. അവധി വരുമ്പോൾ ഓരോരോ ഇടത്ത്.
”ഓ അപ്പനൊക്കെ എന്തു ലക്കിയാ. കളി ഒരു ത്രില്ലിലായി വരുമ്പോ അപ്പന്റെ അമ്മയോ അപ്പയോ വന്ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരില്ലല്ലോ, എന്നെ പോലെ“
കളി പകുതിയ്ക്ക് നിർത്തിപ്പോരേണ്ടിവന്ന വിഷമം അവന് മാറിയിട്ടില്ല.
അയാൾ മറുപടിയൊന്നും പറയാതെ കണ്ണടച്ചുകിടന്നു.
“അപ്പ ഇത്ര വേഗം ഉറങ്ങിയോ?”
അടഞ്ഞ കൺകൾക്കുള്ളിൽ ഭാഗ്യവാനായൊരു കുട്ടിയുടെ കുട്ടിക്കാലം ഇടവേളകളില്ലാതെ സംപ്രേഷണം ചെയ്തുതുടങ്ങുകയായിരുന്നു.
ഒരവധിക്കാലം. ഒരു ബന്ധുവീട്. പുറത്ത് വരാന്തയിൽ മദ്യലഹരിയിൽ ഒരപ്പൻ. പിറ്റേ ദിവസം മറ്റൊരു ബന്ധുവീട്ടിലേക്ക് മകനെയും കൊണ്ട് പോവാനുള്ള പദ്ധതിയിൽ.
“അവനെ ഞാൻ നാളെയങ്ങു കൊണ്ടുപോവും കേട്ടോ. ഒത്തിരി നാളായില്ല്യോ ഇവിടെ. ചെറുക്കന് മനസ്സിലാവട്ടെന്നേ, ഈ ഭൂമിമലയാളം മൊത്തം കുടുമ്മക്കാരൊണ്ടെന്ന്. ഇങ്ങനൊക്കെ അല്ല്യോ ഒറ്റയ്ക്ക് പൊറുക്കാൻ പഠിക്കുന്നേ. എന്നും പരാദമായിട്ടങ്ങു കഴിയാനൊക്കുവോ?”
അകത്തെ ഇരുട്ടിൽ, പുതപ്പിനടിയിൽ പുതിയൊരു കളി പഠിപ്പിച്ചു തരാമെന്നും പറഞ്ഞു തന്നിലേക്ക് പടർന്നുവന്ന അപ്പച്ചിയുടെ കൗമാരക്കാരൻ മകൻ. തടയാനോ കരയാനോ സാധിയ്ക്കാതെ വിളർത്തു മരവിച്ചുപോയ ഒരു പന്ത്രണ്ടുവയസ്സുകാരൻ.
ആദിയുടെ വായ്ക്കുള്ളിലൊരു കൊഴുത്ത ദ്രാവകം വന്നുനിറഞ്ഞു. അയാൾ ഓക്കാനിയ്ക്കുന്ന ശബ്ദം കേട്ട് എണീറ്റുവന്ന നീന, അയാളുടെ പുറം തടവിക്കൊടുക്കുന്നതിനിടെ പറഞ്ഞു,
“എന്താ ഇപ്പൊ ദഹനക്കേട് വരാൻ. പുളിപ്പിച്ചതൊന്നും കഴിച്ചില്ലായിരുന്നല്ലോ ഇന്ന്”
വായ കഴുകി അവളുടെ വയറ്റിൽ മുഖം പൂഴ്ത്തിക്കൊണ്ട് ആദി പറഞ്ഞു,
“ഉവ്വ്. പഴകിപ്പുളിച്ച ഒരോർമ്മ”
മായ്ക്കാനാവാത്ത മുറിപ്പാടുകൾക്ക് മീതെ നീന ഒന്നു തൊട്ടു, പേറ്റുനോവോടെ.














