
“അങ്കിളേ ,എന്തായീ ഫോസ്റ്റർ കെയർ”
അഡ്വക്കേറ്റ് ഗണപതി അയ്യർ കയ്യിലിരുന്ന നിയമപുസ്തകം മാറ്റി മുൻപിലിരിക്കുന്ന കൊച്ചു പയ്യനെ നോക്കി. തന്റെ മൂത്തമകൾ അമ്മാളു എന്ന വിളിക്കുന്ന ആര്യയുടെ മകനായ അമ്പുവിന്റെ പ്രായം എട്ടു വയസ്സ് കാണും. സാധാരണ കക്ഷികളെയൊ കൂടെ വരുന്നവരെയോ ഒന്നും തന്നെ അയാൾ തന്റെ ക്യാബിനിൽ സ്ഥിരമായി ഇരുത്താറില്ല. ജൂനിയേർസ് ആയ ബെനഡിക്കോ ബിന്ദുവോ അല്ലേൽ ഗുമസ്തൻ സന്തോഷോ ആണ് കാര്യങ്ങൾ നോക്കുന്നത്. സീനിയോറിറ്റി ലെവലിൽ ആയതിനു ശേഷമുള്ള ശീലങ്ങളാണ്. ഫാമിലി കേസുകളിൽ വിദഗ്ധനായത് കൊണ്ട് ആ തരത്തിലുള്ള കേസുകളാണ് കൈകാര്യം കൂടുതലായി ചെയ്യുന്നത്. അങ്ങനെ വന്ന ഏതോ കക്ഷികളുടെ മകൻ ആണ് തന്റെ മുൻപിൽ ഇരിക്കുന്നത്. കൊച്ചുകുട്ടി ആയത് കൊണ്ട് തന്ന്നെ അവൻ ക്യാബിനിൽ കയറിയത് ആരും ശ്രദ്ധിച്ചു കാണില്ല. അയ്യർ തന്റെ പുസ്തകം മാറ്റി വെച്ച് കസേരയിൽ നിവർന്നിരുന്നു. പ്രസന്നവദനനായി ചിരിച്ചു കൊണ്ട് ചോദിച്ചു
“എന്താ മോൻ ചോദിച്ചത്”
“അങ്കിളേ എന്താ ഈ ഫോസ്റ്റർ കെയർ”
ഗണപതി ലളിതമായി പറഞ്ഞു
“അത് കുട്ടികൾക്കായുള്ള നിയമപ്രകാരം ഉള്ള പ്രത്യേക പദ്ധതിയാണ്”
“ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 44 പ്രകാരം ഉള്ളതല്ലേ ?”
ക്യാബിനിൽ എയർ കണ്ടീഷണർ ഉണ്ടായിട്ടും ഗണപതി അയ്യരുടെ നെറ്റിയിൽ നിന്ന് ഒരു വിയർപ്പ് കണം താഴേക്ക് ഒഴുകി. തൂവാല എടുത്ത് നെറ്റി തുടച്ച ഗണപതി അയ്യർ തന്റെ ഷെൽഫിലിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് എടുത്തു പരതി. ആ എട്ട് വയസ്സുകാരൻ പറഞ്ഞത് ശെരിയാണെന്ന് അയ്യർക്ക് ബോധ്യപ്പെട്ടു.
അയ്യർ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു
“മോന് ഇതാര് പറഞ്ഞു തന്നു ?”
“ഞാൻ അമ്മേടെ ടാബിൽ നിന്ന് CHAT GPT വഴി അറിഞ്ഞതാണ്”
അയ്യർ അവനെ വീണ്ടും സൂക്ഷിച്ചു നോക്കി. അവന്റെ മുഖത്തെ അചഞ്ചലമായ നിശ്ചയ ഭാവം കണ്ട അയ്യർ ഉറപ്പിച്ചു, തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താതെ അവൻ അവൻ പിന്മാറില്ലെന്ന്.
അയ്യർ ക്യാബിനു പുറത്തേക്ക് നോക്കി. സന്തോഷ് കോടതിയിൽ പോയി വന്നിട്ട് കേസുകൾ ഡയറിയിൽ പിടിക്കുവാണ്.
“സന്തോഷേ ഈ മോന്റെ കേസ് എന്താണ് ?”
സന്തോഷ് ആ മകൻ വക്കീലിന്റെ ക്യാബിനിലിരിക്കുന്നത് കണ്ട് അകത്തേക്ക് വന്നു.
“സാർ ഈ കേസ് ബെനഡിക്ക് വക്കീൽ നോക്കുന്ന കേസ് ആണ്. മ്യൂച്ചൽ ഡിവോഴ്സ്. ഇന്ന് ഫയലിംഗ് ആണ്, സാറിനു അറിയാം പാർവതി – ക്രിസ്റ്റഫർ, സ്പെഷ്യൽ മാര്യേജ് ആണ്, സാറാണ് സംസാരിച്ചു ധാരണയാക്കിയത്.”
എന്നിട്ട് സന്തോഷ് കുഞ്ഞിനെ നോക്കി പറഞ്ഞു “മോനിവിടെ ഇരിക്കേണ്ട പപ്പയും മമ്മിയും ഇപ്പൊ വരും, പുറത്ത് അങ്കിളിന്റെ കൂടെ ഇരിക്കാം വാ”
തനറെ ക്യാബിനിൽ ആരും അനാവശ്യമായി കയറുന്നത് അയ്യർക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് സന്തോഷ് അങ്ങനെ പറഞ്ഞതെന്ന് അയ്യർക്ക് മനസ്സിലായി. ആ കുഞ്ഞു വിഷമത്തോടെ ഗണപതിയെ നോക്കി.
“വേണ്ട മോൻ ഇവിടെ ഇരിക്കട്ടെ, സന്തോഷേ എന്തിനാ ഇവർ പിരിയുന്നത് ?”
മോന്റെ ‘അമ്മ യൂ.കെ പോകുവാണ്, അച്ഛൻ പട്ടാളത്തിലും. രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് മൂത്തയാളെ അച്ഛന്റെ കൂടെ, രണ്ടാമത്തെ ആൾക്ക് അഞ്ചു വയസ്സ്… അമ്മ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ഗണപതി അയ്യർ പെട്ടെന്ന് കേസ് ഓർത്തെടുത്തു. ഇരുവരും കോളേജ് സമയത്തെ പ്രണയത്തിൽ വിവാഹിതരായതാണ്. ക്രിസ്റ്റഫറിന് പിന്നീട് പട്ടാളത്തിൽ ജോലി കിട്ടി. തുടർന്ന് ഇരുവർക്കിടയിലും പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞു. അതിനിടയിൽ പാർവതിക്ക് യൂ .കെ പോകാനുള്ള സാധ്യത ഒരു ബന്ധു മുഖേനെ വന്നു. ഒടുവിൽ മ്യൂച്ചൽ വരെ എത്തി നിൽക്കുന്നു. സാധാരണ തർക്കങ്ങൾ ഒന്നുമില്ലെങ്കിൽ മ്യൂച്ചൽ ചെയ്തു വേർപിരിക്കുന്നത് അഭിഭാഷക ജീവിതത്തിലെ സുഖമുള്ള ഏർപ്പാടാണ്. കാരണം, കേസിന്റെ നൂലാമാലകളിലേക്കൊന്നും പോകാറില്ല, നല്ല ഫീസും രണ്ട് കക്ഷികളുടെ കയ്യിൽ നിന്നും കിട്ടുകയും ചെയ്യും. മധ്യസ്ഥത പറഞ്ഞതും ഗണപതി അയ്യർ ആയിരുന്നു. തർക്കം മൂത്ത കുട്ടിയായിരുന്നു ,’അമ്മ ഇളയകുഞ്ഞിനെ കൊണ്ട് പോകാമെന്ന് പറഞ്ഞു മൂത്തകുട്ടിയെ നോക്കാൻ ആരുമില്ല… ഒടുവിൽ കുറച്ചു കാർക്കശ്യത്തോടെ സംസാരിച്ചപ്പോൾ അച്ഛൻ നോക്കാമെന്ന് പറഞ്ഞു അങ്ങനെയാണ് പരസ്പര സമ്മതോടെയുള്ള വിവാഹ മോചനത്തിൽ എത്തി നിന്നത്.
അയ്യർ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി ചോദിച്ചു
“എന്താ മോന്റെ പേര് ?”
“അഥർവ്”
“മോൻ ഏത് ക്ലാസ്സിൽ പഠിക്കുന്നു ?”
“സെക്കൻഡ് സ്റ്റാൻഡേർഡിൽ . സെയിന്റ് അലോഷ്യിസ് UP സ്കൂളിൽ”
“മിടുക്കൻ, മോനെന്താ ഇതൊക്കെ നോക്കുന്നത് , എന്താ ഇപ്പോ അങ്കിളിനോട് ഇത് ചോദിച്ചത് ?”
“അങ്കിളിനു എന്നെ കൂടി ഫോസ്റ്റർ കെയറിൽ ചേർക്കാമോ, എനിക്ക് പുതിയ അച്ഛനേം അമ്മയെയും കിട്ടുമല്ലോ..”
ഗണപതി അയ്യരുടെ നെറ്റിയിൽ നിന്ന വിയർപ്പ് കണങ്ങൾ ശക്തിയായുതിർന്ന് അയാൾ ദിവസവും നെറ്റിയിൽ ചാർത്തുന്ന തിലകക്കുറി മുറിച്ചു രണ്ടാക്കി. നെഞ്ചിനകത്താണെൽ പെരുമ്പറ മുഴങ്ങുന്നത് പോലെ. മുന്പിലിരിക്കുന്ന കുഞ്ഞിന്റെ മുഖം മാറി താൻ എന്നും നെഞ്ചിൽ കിടത്തി താരാട്ട് പാടി ഉറക്കുന്ന അമ്പുവിന്റെ മുഖം മിന്നിമായുന്നത് കണ്ടു.
“ഫോസ്റ്റർ കെയർ മോന് ആവശ്യമില്ലല്ലോ , ഇപ്പൊ മോനെ അച്ഛൻ നോക്കില്ല..?”
“അച്ഛൻ ലീവ് കഴിയുമ്പോൾ പോകും”
“അതിനെന്താ അച്ഛന്റെ അമ്മയും അച്ഛനും ഇല്ലേ…, അവർ മോന്റെ അപ്പൂപ്പനും അമ്മുമ്മയും ഇല്ലേ…. അവരടെ കൂടെ ഹാപ്പി ആയിരിക്കാമല്ലോ, അതോ മോന് അമ്മയുടെ കൂടെ പോകാനാണോ ഇഷ്ടം, അങ്കിൾ അമ്മയോട് പറയണോ ,മോനെ കൂടെ കൊണ്ട് പോകാൻ ?”
കുഞ്ഞിന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകുവാൻ തുടങ്ങി.
“അമ്മ എന്നെ കൊണ്ട് പോകില്ല…. അത് അരുൺ മാമന് എന്നെ ഇഷ്ടമല്ല…, മാമന് കുഞ്ഞായിയെ ഇഷ്ടാവാണ് അവനെ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്”
അയ്യർ തന്റെ കയ്യിലിരിക്കുന്ന തൂവാല കൊണ്ട് അവന്റെ കണ്ണീർ തുടച്ചതിനു ശേഷം പറഞ്ഞു.
“മോൻ കരയാതെ അങ്കിൾ പറയാം ,ആരാ ഈ അരുൺ മാമൻ?”
കുഞ്ഞു കരഞ്ഞു കൊണ്ട് തന്നെ പറഞ്ഞു അരുൺ മാമനാണ് അമ്മയെ കൊണ്ട് പോകുന്നത്, അമ്മയുടെയും അരുൺ മാമന്റെയും കല്യാണം ഉടനെ ഉണ്ട്… എന്ന അമ്മമ്മ പറഞ്ഞു.., മാമന് കുഞ്ഞായിയെ മതി എന്നെ വേണ്ടന്ന് …
പറഞ്ഞു തീരുന്നേനു മുൻപ് തന്നെ കുഞ്ഞു വിങ്ങി പൊട്ടി.
അയ്യർ പതിയെ എഴുന്നേറ്റ് ചെന്ന് അവനരികിൽ ഉള്ള കസേരയിൽ ഇരുന്നു കൊണ്ട് തൂവാല കൊണ്ട് അവന്റെ മുഖം വീണ്ടും തുടച്ചു, എന്നിട്ട് അവനെ ചേർത്ത പിടിച്ചു കൊണ്ട് അവനോട് പറഞ്ഞു, “മോൻ കരയാതെ അങ്കിൾ ഇല്ലേ മോനെ പോലെ ഒരാൾ അങ്കിളിന്റെ വീട്ടിലും ഉണ്ട്, അങ്കിളിന്റെ കൊച്ചു മോൻ…. കരയാതെടാ അങ്കിൾ ഇല്ലേ…. അച്ഛന്റെ അമ്മയും അപ്പൂപ്പനും പാവമല്ലേ….. മോനെ നോക്കില്ലേ അതോ അവർക്കും ദേഷ്യമാണോ മോനോട്?”
അവൻ പതിയെ മുഖം ഉയർത്തി ഗണപതിയെ നോക്കി അവന്റെ കുഞ്ഞു മുഖത്ത് ഭാവങ്ങൾ ഒരുപാട് മിന്നിമറയുന്നത് കണ്ടു , അച്ചാച്ചൻ പാവമാ…, കട്ടിലിൽ എപോഴും കിടപ്പാ എണീക്കാൻ വയ്യ. അച്ഛമ്മയും പാവമാ പക്ഷെ അത് പറഞ്ഞതും കുഞ്ഞിന്റെ മുഖത്തു ഭയത്തിന്റെ നിഴലിപ്പുകൾ വരുകയും ആ കുഞ്ഞു മുഖം രക്തവര്ണമാകുകയും ചെയ്തു .
“എന്ത് പറ്റി മോനെ ?” കുഞ്ഞു ഭയം കൊണ്ട് വിറച്ചു കൊണ്ട് പറഞ്ഞു.
എന്നെ അച്ഛനില്ലാത്തപ്പോ കൊച്ചപ്പന്റെ കൂടെയാ കിടത്തുന്നെ, കൊച്ചപ്പൻ രാത്രി ആകുമ്പോൾ എന്റെ പുറത്തു കയറി കിടക്കും. പിന്നെ.
കുഞ്ഞു ഉറക്കെ വാവിട്ട് നിലവിളിക്കുവാൻ തുടങ്ങി. ഗണപതി അയ്യരുടെ മസ്തിഷ്കത്തിലൂടെ മിന്നൽപ്പിണർപ്പുകൾ അതിവേഗം പോകുകയും ശരീരത്തിലാകെ ഒരു പെരുപ്പ് പോലെ അത് വ്യാപിക്കുകയും ഹൃദയം ക്രമാതീതമായി ഇടിക്കുകയും ചെയ്ത. കരയുന്ന കുഞ്ഞിന്റെ ചേർത്തു പിടിക്കുവാൻ ചെന്നപ്പോൾ അവൻ ഭയത്തോടെ വീണ്ടും വേണ്ട എന്ന പറഞ്ഞു മാറി നിന്ന് കരയുവാൻ തുടങ്ങി. അവന്റെ കരച്ചിൽ കണ്ട സഹിക്കാൻ വയ്യാതെ അയ്യർ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവനോട് പറഞ്ഞു…
“കരയല്ലേ മോനെ അപ്പുപ്പൻ ഇവിടെ ഉണ്ട്, കരയാതെ”
ഗണപതി അയ്യർ സന്തോഷിനെ നോക്കി,അയാളും സ്തബ്ധനായി നിൽക്കുകയാണ്.
“സന്തോഷേ…., ആദ്യം ഈ മോന് കഴിക്കാൻ എന്തേലും വാങ്ങി കൊണ്ട് വരൂ … എന്നിട്ട് എത്രയും പെട്ടെന്ന് ബിന്ദുവിനെ വിളിച്ചു ഇവിടെ വരാൻ പറയൂ..”
ഗണപതിയുടെ ആജ്ഞ കേട്ട് സന്തോഷ് അല്പം പരുങ്ങലോടെ പറഞ്ഞു.
“ബിന്ദു വക്കീൽ ഫാമിലി കോടതിയിൽ ആണ്, ഇവരുടെ കേസ് ഇന്ന് നോക്കുന്നത് ബിന്ദു വക്കീൽ ആണ്”
“സന്തോഷേ…., അയാളോട് കേസ് ആരെങ്കിലും ഏല്പിച്ചു അടിയന്തിരമായി വരൻ പറയൂ”
ഗണപതി അയ്യരുടെ ഫാമിലി കേസുകൾ നോക്കുന്നത് അഡ്വക്കേറ്റ് ബിന്ദു ആണ് LLB ക്ക് പുറമെ MSW കൂടി ഉണ്ടായത് കൊണ്ട് കൗണ്സലിങ്ങിങ് മറ്റും അത്യവശ്യം ചെയ്യും.
ബിന്ദു വക്കീൽ എത്തിയപ്പോൾ അഥർവ്വ് സന്തോഷ് വാങ്ങി വന്ന പലഹാരങ്ങൾ കഴിക്കുവാരുന്നു. അയ്യർ ബിന്ദു വക്കീലിനെ കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു, ബിന്ദു വക്കീൽ അവനെ സ്നേഹത്തോടെ അടുത്ത വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി, അയ്യറിനോട് വന്നു കാര്യങ്ങൾ വിശദമായി പറഞ്ഞു.
അയ്യർ തന്റെ ക്യാബിൻ ഇടയിലൂടെ പലഹാരങ്ങൾ കഴിക്കുന്ന ആ കുട്ടിയെ നോക്കിയിരുന്നു. അപ്പോഴേക്കും ഫയലിംഗ് കഴിഞ്ഞ് അഥർവിന്റെ മാതാപിതാക്കൾ എത്തിയിരുന്നു. അയ്യർ ഇരുവരെയും ക്യാബിനിൽ വിളിച്ചിരുത്തി ഒന്നിച്ചു പോകാൻ ഉള്ള ശ്രമങ്ങൾ നടത്തി അതെല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. ഒടുവിൽ അയാൾ ആ കുഞ്ഞിനെ ക്യാബിനുള്ളിലേക്ക് വിളിച്ചു എന്നിട്ട് അമ്മയോട് ചോദിച്ചു.
“ഈ ഡിവോസിന് മൊഴി നൽകിയതിന് ശേഷം അല്ലേ നിങ്ങൾ കുഞ്ഞിനെ കൈമാറുന്നുള്ളൂ?”
അയ്യറിൻറെ ചോദ്യം കേട്ടിട്ട് അതിശയത്തോടെ പാർവതി മുഖത്തേക്ക് നോക്കി പറഞ്ഞു.
“അല്ലല്ലോ അഥർവ് അവൻറെ അച്ഛൻറെ കൂടെയാണ് നിൽക്കുന്നത്. ഇളയമകനായ ആര്യൻ എൻറെ കൂടെയുണ്ട്”
അത് കേട്ട് ഗണപതി അയ്യർ അല്പം കർക്കശ്യത്തോട് തന്നെ പറഞ്ഞു, “പറ്റില്ല ഈ കേസ് ചെയ്യുന്നത് ഞാനാണെങ്കിൽ ഒരു മാസത്തിനു ശേഷം നിങ്ങൾ വരുമ്പോൾ രണ്ടു കുഞ്ഞുങ്ങളും ആ ഒരു മാസ കാലയളവിൽ അമ്മയുടെ ഒപ്പം തന്നെ നിൽക്കണം. നിങ്ങൾ എന്തായാലും യുകെക്ക് പോവുകയല്ലേ. മൂത്തവന് അമ്മയുടെ സ്നേഹം ആ ഒരു മാസമെങ്കിലും കിട്ടട്ടെ ക്രിസ്റ്റഫറിന് അതിനെതിരെ അഭിപ്രായം വല്ലതും ഉണ്ടോ ?”
“അല്ല സാറേ മൂത്തമകൻ എൻറെ കൂടെ നിൽക്കണം എന്നല്ലേ സാർ പറഞ്ഞത് ?”
ക്രിസ്റ്റഫറിന്റെ സംസാരം കേട്ട് അയ്യർ കാർക്കശ്യം വിടാതെ തന്നെ പറഞ്ഞു. “ഞാൻ തന്നെയാണ് പറഞ്ഞത്, ഇപ്പോൾ പറയുന്നതും ഞാൻ തന്നെയാണ്. വീട്ടിലെ അച്ഛന് സുഖമില്ലാതെ കിടക്കുകയല്ലേ. ഇപ്പോൾ അവൻറെ അമ്മ പോകുന്നത് വരെ അവർ തന്നെ നോക്കട്ടെ. എന്തെങ്കിലും അഭിപ്രായം ഉണ്ടോ ?”
“ഇല്ല സർ ഒരു മാസം വരെയല്ലേ ഞാൻ നോക്കിക്കൊള്ളാം, എനിക്ക് കാര്യം നടന്നാൽ മതി” അത് കേട്ട് ഗണപതി വീണ്ടും രോഷത്തോടെ ചോദിച്ചു
“ഒരു മാസം വരെ എന്ന് പറഞ്ഞാൽ നിങ്ങൾ നോക്കേണ്ടത് എൻറെ കുഞ്ഞിനെ അല്ല, നിങ്ങളുടെ കുഞ്ഞിനെയാണ്. ചിലപ്പോൾ അവൻ നിങ്ങളുടെ ഒരു വർഷമോ, ആറുമാസമോ കാണാം. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ശരി, ഞാൻ കൂടുതൽ ദീർഘിപ്പിക്കുന്നില്ല, ഒരു മാസം വരെ നിങ്ങൾ അവനെ നോക്കണം. അവനവൻറെ അമ്മയുടെ കൂടെ നിൽക്കുന്നതാണ് ഇഷ്ടം, പ്രായോഗികമായി സാധ്യമല്ലെങ്കിലും ഈ ഒരു മാസമെങ്കിലും നിങ്ങൾ അവന് വേണ്ടി ചിലവഴിച്ചേ പറ്റൂ.
“മറുപടി തീരുന്നതിനു മുമ്പ് തന്നെ അവൻറെ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു. അത് തുടച്ചു കൊണ്ടുതന്നെ അവർ പറഞ്ഞു.” “ഇല്ല സർ. ഞാൻ നോക്കിക്കൊള്ളാം.”
അതുകേട്ട് ഗണപതി അയ്യർ സന്തോഷിനെ നോക്കിയിട്ട് പറഞ്ഞു, “ഒരുമാസം വരെ വെയിറ്റ് ചെയ്യണ്ട, നിങ്ങളെ ഒരു രണ്ടാഴ്ചക്കുള്ളിൽ സന്തോഷ് വിളിക്കും. അന്നുതന്നെ മൊഴിയെടുത്തത് തീർപ്പാക്കാം. നിങ്ങളുടെ വിസയുടെ ഒരു കോപ്പി മുൻപായി എനിക്ക് എത്തിച്ചേക്കൂ”
വളരെ സന്തോഷത്തോടുകൂടി തന്നെ പാർവതി പറഞ്ഞു “എത്തിക്കാം സാർ “
“നിങ്ങൾ വരുന്ന ദിവസം ഈ മോനെ കൂടി കൊണ്ടുവരണം, അവന് ഈ അപ്പൂപ്പനെ ഇഷ്ടപെട്ടെന്ന് തോന്നുന്നു, ഞങ്ങളിന്ന് ഒരുപാട് സംസാരിച്ചു. കൊണ്ടുവരുമല്ലോ?”
മാതാപിതാക്കൾ തലയാട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി.
ഗണപതി ഇരുവരെയും കാണാതെ അവനെ അടുത്തേക്ക് വിളിച്ചു, എന്നിട്ട് ചെവിയിൽ പറഞ്ഞു.
“അപ്പൂപ്പൻ മോനെ വീണ്ടും വിളിക്കാം, അന്ന് ഒരുപാട് സംസാരിക്കണം. കരയരുത്, ഇന്നത്തെ പോലെ. മോൻ അന്ന് വരുമ്പോൾ വീട്ടിലെ കുഞ്ഞിനെ മോനെ കളിക്കാൻ കൂട്ടു കൊണ്ടുവരാം, വരത്തില്ലേ അന്ന്?”
കളിക്കാൻ കൂട്ടിന് ആളെ കിട്ടുമോ എന്നുള്ള സന്തോഷത്തിലാണെന്നോ അതോ ഗണപതി അയ്യറിനോട് കൂടുതൽ അടുപ്പം തോന്നിയതുകൊണ്ട് എന്താണെന്നറിഞ്ഞു അയാളെ നോക്കി ഹാർദ്ദവമായി ഒന്ന് പുഞ്ചിരിച്ചിട്ട് ക്യാബിൻ വിട്ടു. അയ്യരാകട്ടെ പതിവിനു വിപരീതമായി എയർ കണ്ടീഷണർ കൂട്ടിയിട്ട് തൻറെ ഡെക്കോറത്തെയും ഡിസിപ്ലിനെയും മറന്നു ഷൂ ഊരി കാലുകൾ ഉയർത്തി മേശമേൽ വെച്ച് കണ്ണുകൾ അടച്ചു കിടന്നു. തന്റെ മുപ്പതു വർഷത്തെ അഭിഭാഷക ജീവിതത്തിന്റെ ഇടയിൽ കുടുംബ കേസുകളിലോട്ട് ഞാൻ തിരിഞ്ഞ കാലയളവ് തൊട്ടുമുതലുള്ള കേസുകളിൽ മാതാപിതാക്കളോടൊപ്പം വന്ന കുഞ്ഞു മുഖങ്ങളെ എല്ലാം തന്നെ അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഒന്നും തന്നെ അയാൾക്ക് ഓർമ്മ വന്നില്ല. എന്ന് മാത്രമല്ല, അവിടെയെല്ലാം വന്നത് തന്റെ മുൻപിൽ നിന്ന് പോയ ആ കുഞ്ഞിന്റെ മുഖം ആണ്. കിട്ടുന്ന ഫീസിന്റെ മൂല്യത്തെയും വലുപ്പത്തെയും ഓർത്ത് അവരോടൊപ്പം വന്ന കുഞ്ഞുങ്ങളെ താൻ അവഗണിച്ചതിലുള്ള കുറ്റബോധം അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
വീട്ടിലെത്തിയിട്ടും അമ്പു കളിക്കുവാൻ വന്നപ്പോഴും അതിനൊന്നും തന്നെ ശ്രദ്ധ കൊടുക്കുവാൻ കഴിഞ്ഞില്ല, കാരണം അയാളുടെ മസ്തിഷ്കത്തില്ലെല്ലാം തന്നെ ആ കുഞ്ഞിന്റെ ചോദ്യം വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരുന്നു.
ഒടുവിൽ താൻ വർദ്ധക്യത്തിലേക്ക് എത്തിയതിനു ശേഷം തനിക്ക് ഒരു അഭിപ്രായം നൽകുവാൻ ഉചിതയാണെന്ന് അറിഞ്ഞതിനുശേഷം കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്ന തൻറെ ഇളയ മകളായ ചട്ടമ്പി എന്ന് അയ്യർ ഓമനിച്ചു വിളിക്കുന്ന അമ്മുക്കൊലുസു എന്ന ആരതിയെ അയ്യർ വിളിച്ചു.
തന്റെ ലോ കോളേജ് പഠനകാലത്ത് തന്റെ സഹപാഠിയായിട്ടുള്ള അഹമ്മദിന്റെ സഹോദരി ആയിട്ടുള്ള അമ്മുക്കൊലുസുവിനെ സ്മരിച്ചു കൊണ്ടാണ് തന്റെ ഇളയ മകൾക്ക് പേര് നൽകിയത്. പ്രായത്തിൽ ഇളയതാണെങ്കിലും അയ്യറിന്റെയും ഭാര്യയുടെയും ഉഗ്രശാസനങ്ങൾ ഒന്നുമില്ലാതെ വളർന്നതിനാൽ അവൾ എപ്പോഴും ഒരു ലിബറൽ ലെഫ്റ്റ് ചിന്താഗതിക്കാരിയായിരുന്നു. മൂത്തമകൾ അമ്മാളു ഉന്നത പഠനത്തിനുശേഷം അവളുടെ അമ്മയെപ്പോലെ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ഇളയ മകൾ അവളുടെ നിയമ വിദ്യാഭ്യാസം കഴിഞ്ഞിട്ട് പ്രാക്ടീസ് ഒന്നും ചെയ്യാതെ തന്റെ പാഷൻ ആയ മ്യൂസിക്കും അതിൻറെ ബാൻഡ് നിർമ്മാണവുമായി മുന്നോട്ടു പോയി. അതിനിടയിൽ തന്നെ അവൾ അവളുടെ പങ്കാളിയായ ലിവിങ്സ്റ്റണിനെ കണ്ടെത്തി, അങ്ങനെ സന്തോഷമായി മുന്നോട്ട് പോകുന്നു.
അച്ഛൻറെ കോള് കണ്ടതും അമ്മുക്കൊലുസു ഫോൺ എടുത്തിട്ട് ചോദിച്ചു,
“എന്ന അപ്പ എന്നാച്ച്…..?”
അയ്യർ അയ്യർ തന്റെ ഓഫീസിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ അവളോട് വിശദീകരിച്ചു. തനിക്ക് തന്റെ അഭിഭാഷക വൃത്തിയിൽ തോന്നിയ കുറ്റബോധവും അവളോട് പറഞ്ഞു.അവൾ അതെല്ലാം കേട്ടിട്ട് തന്നെ പിതാവിനോട് പറഞ്ഞു “അപ്പ, ഇതിപ്പോൾ കുറ്റബോധം വരേണ്ട കാര്യങ്ങളൊന്നുമില്ല… ജോലിയാണ് അപ്പ ചെയ്തത്, അപ്പ അല്ലെങ്കിൽ ഇത് മറ്റൊരാൾ ചെയ്യും. അങ്ങനെ കരുതിയാൽ മതി. പിന്നെ ആ കുഞ്ഞിനെ ഓർത്ത് വിഷമിക്കണ്ട, അതിന് അപ്പ ചെയ്യേണ്ട കാര്യം ഞാൻ പറഞ്ഞു തരാം.
അങ്ങനെ ഒരു മണിക്കൂർ ഓളം ഇരുവരും സംസാരിച്ചു.
ഉറങ്ങുമ്പോൾ തൻറെ ആശങ്കകൾ എല്ലാം മറന്ന് പുതിയൊരു ആശയം കിട്ടിയ സംതൃപ്തിയോടെ അയാൾ സമാധാനമായി ഉറങ്ങി.
അങ്ങനെ കുടുംബകോടതിയിൽ മൊഴി നൽകേണ്ട ദിവസം അഥർവിന്റെ മാതാപിതാക്കൾ ഇരുവരും അഥർവിനോടൊപ്പം അയ്യരുടെ ഓഫീസിലെത്തി. അഥർവിനെ അയ്യറിനൊപ്പം ഏൽപ്പിച്ചുകൊണ്ട് ബെനഡിക്കം ബിന്ദുവും ഇരുവരെയും കൂട്ടി കോടതിയിലേക്ക് പോയി. കോടതിയിൽ മൊഴി നൽകിയതിനു ശേഷം ഇരുവരും വളരെ സന്തോഷത്തോടുകൂടി തന്നെ ഓഫീസിലേക്ക് വന്നു. ഓഫീസിൽ അയ്യരെയും അധർവിനെയും ഗുമസ്തൻ സന്തോഷിനെ കൂടാതെ മറ്റു ചിലർ ഉണ്ടായിരുന്നു.
അയാൾ മാതാപിതാക്കളെ ഇതുവരെയും തന്റെ മുന്നിൽ എത്തിയിട്ട് കോടതിയിലെ കാര്യങ്ങളെപ്പറ്റി എല്ലാം ചോദിച്ചു . എന്നിട്ട് ഇവരെയെല്ലാം കൂടാതെ തന്നെ ഓഫീസിൽ ഇരുന്ന ആളുകളിൽ ഒരാളോട് എന്തോ രഹസ്യം പറയുകയും അദ്ദേഹം തന്റെ ബാഗിൽ നിന്ന് ഒരു പേപ്പർ അ മേശപ്പുറത്തേക്ക് വയ്ക്കുകയും ചെയ്തു. എന്നിട്ട് മാതാപിതാക്കൾ ഇരുവരെയും നോക്കിയിട്ട് മുമ്പിലിരിക്കുന്ന മുമ്പിലിരിക്കുന്ന അപരിചിതരെ അവർക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു..,
“ഈ ഇരിക്കുന്നത് ചൈൽഡ് കമ്മിറ്റി ചെയർമാൻ ആനന്ദ് നാഥ് ആണ്, കൂടെ ഉള്ളത് കമ്മിറ്റി മെമ്പേഴ്സ് ആയിട്ടുള്ള മീരയും ജോസും ആണ്. പിന്നെ പുറത്തുനിൽക്കുന്നത് ചൈൽഡ് പോലീസ് ഓഫീസർ ആയിട്ടുള്ള രഹാനയാണ്. എല്ലാവരെയും പരിചയപ്പെട്ടു എന്ന് കരുതുന്നു. എന്ന് നിങ്ങൾ ഇരുവരും ഈ മേശപ്പുറത്ത് ഇരിക്കുന്നഅപേക്ഷയിൽ ഒപ്പിടേണ്ടതാണ് .”
ഇതുകേട്ട് സംശയദൃഷ്ടിയോടെ അഥർവിന്റെ അച്ഛൻ ക്രിസ്റ്റഫർ പറഞ്ഞു.
“പേപ്പർ വർക്കുകൾ എല്ലാം തന്നെ കഴിഞ്ഞു എന്നാണല്ലോ സാറിൻറെ ഗുമസ്തൻ ഞങ്ങളോട് പറഞ്ഞത്, പിന്നെ ഇതെന്താണ് പുതിയ എഗ്രിമെൻറ് വല്ലോം ആണോ?”
ഇത് കേട്ട പാർവതിയും ചോദിച്ചു “അല്ല എഗ്രിമെന്റുകൾ എല്ലാം കഴിഞ്ഞല്ലേ കോടതിയിൽ കയറി മൊഴി നൽകിയത്, ഇനിയെന്താണ് സാർ ഒപ്പിടേണ്ടത്?”
അയ്യർ ഇത് കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു “നിങ്ങളല്ലാതെ എൻറെ മുൻപിൽ ഇരിക്കുന്നവർ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ,ഡിസ്ടിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രതിനിധികളാണ്, ബാക്കി കാര്യങ്ങൾ CWC ചെയർമാൻ ആയുള്ള ആനന്ദ് നാഥ് പറയും”
ഇത് കേട്ട് ആനന്ദ് തന്റെ കട്ടി ഫ്രയിമുള്ള കണ്ണട അല്പം ഉയർത്തി കണ്ണിനോട് ചേർത്ത് വെച്ച് മുന്നിലിരിക്കുന്ന ഇരുവരെയും, ഗൗരവത്തോടെ നോക്കി തുടർന്നു.
“അഥർവിന്റെ മാതാപിതാക്കൾ ശ്രദ്ധയോടെ കേൾക്കണം, ഞങ്ങളുടെ അന്വേഷണത്തിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങളുടെ ഇരുവരുടെയും വീടുകളിലും കുട്ടിക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, നിയമപ്രകാരം അഥർവിനെ അടിയന്തര സംരക്ഷണത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വീകരിക്കുകയാണ്.”
“കുട്ടിയെ ഫോസ്റ്റർ കെയറിൽ പാർപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ ഉത്തരവാണ് ഇനി ഉണ്ടാകുന്നത്. അതുമായി ബന്ധപ്പെട്ട രേഖകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഉള്ളടക്കം നിങ്ങൾക്ക് വിശദീകരിച്ച ശേഷം, ആവശ്യമായ രേഖകളിൽ നിങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തണം.”
“എന്നാൽ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം.. – ഈ ഒപ്പ്, കുട്ടിയുടെ മേലുള്ള നിങ്ങളുടെ മാതാപിതൃ അവകാശം ഉപേക്ഷിക്കുന്നതിനുള്ളതല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അഥർവിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് ഇത്”
ഇത് കേട്ട് രോഷാകുലനായ ക്രിസ്റ്റഫർ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു. “ഇത് ചതിയാണ് ഇളയ മകനെ അവൾ കൊണ്ടുപോകുകയാണ് എനിക്കുള്ളത് എൻറെ മൂത്തമകനാണ് , അവനെ എൻറെ കൂടെ ആക്കാതിരിക്കുവാൻ വേണ്ടി വക്കീലും ഇവളും കൂടി ചെയ്ത പരിപാടിയാണിത് എല്ലാവരും എന്നെ തോൽപ്പിക്കുകയാണ് ഇത് ഞാൻ സമ്മതിക്കില്ല.”
ക്രിസ്റ്റഫറിന്റെ അമർഷഭാവം കണ്ട ആനന്ദ് അതിനെ സമന്വയിപ്പിക്കുന്ന രീതിയിൽ തുടർന്നു, “നിങ്ങൾ ഒപ്പിടാത്തത് കൊണ്ട് കമ്മിറ്റി എടുത്ത തീരുമാനം അസാധുവാകില്ല, ക്രിസ്റ്റഫർ. ഈ കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള അന്വേഷണത്തിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് കമ്മിറ്റി ഈ തീരുമാനം എടുത്തിരിക്കുന്നത്. നിങ്ങളുടെ ഒപ്പ് നടപടിക്രമത്തിന്റെ ഭാഗമാണ്; കുട്ടിയെ സംരക്ഷണത്തിലേക്ക് മാറ്റാനുള്ള അധികാരം അതിൽ മാത്രം ആശ്രയിച്ചുള്ളതല്ല.”
ഇതുകേട്ട് അയ്യർ ശാന്തമായി തന്നെ ക്രിസ്റ്റഫറിനോട് ചോദിച്ചു. “നിങ്ങൾ തിരികെ ലീവ് കഴിഞ്ഞ് പട്ടാളത്തിലേക്ക് പോകുമ്പോൾ കുഞ്ഞിനെ ആരും നോക്കും നിങ്ങളുടെ അച്ഛൻ സുഖമില്ലാതെ കിടക്കുകയാണ് ആരാണ് നോക്കുന്നത്?”
തന്നെ ഇത് കേട്ട ഉടനെ തന്നെ ആത്മാവിശ്വാസത്തോടെ ക്രിസ്റ്റഫർ പറഞ്ഞു അവനെ നോക്കുവാൻ അവൻറെ അമ്മാമ്മയും കൊച്ചപ്പനും ഉണ്ട് അവർ നോക്കിക്കോളും, എന്റെ അച്ഛനുമമ്മയ്ക്കും പറ്റിയില്ല എങ്കിലും അവൻ നോക്കും. എന്റെ മകനെ അവന്റെ കൊച്ചപ്പൻ നോക്കും, അവനു അവന്റെ കൊച്ചപ്പൻ വരാതെ ഉറങ്ങില്ല എനിക്കത് അറിയാം.”
ക്രിസ്റ്റഫറിൻറെ മറുപടി മുഖത്ത് പുച്ഛഭാവത്തോടെ ഗണപതി അയ്യർ മറുപടി പറഞ്ഞു. “കൊച്ചപ്പൻ വരാതെ ഉറങ്ങില്ല, അല്ലേ? ആ കൊച്ചപ്പൻ എന്ന് പറയുന്നത് നിങ്ങളുടെ അനിയനല്ലേ? അവനില്ലാതെ കുഞ്ഞ് ഉറങ്ങില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? അവൻ തന്നെയല്ലേ?”
അവൻ കുഞ്ഞിനോട് വാത്സല്യം കാണിച്ചുകൊണ്ട് കൂടെ കിടത്തുന്നതിനെക്കുറിച്ച് അഥർവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ആ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിങ്ങളുടെ അനിയനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ‘അവൻ എന്റെ അനിയനാണ്’ എന്നോ ‘എന്റെ മകനെ അവൻ നോക്കും’ എന്നോ പറഞ്ഞതുകൊണ്ട് മാത്രം ഒരു അച്ഛന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല, ക്രിസ്റ്റഫർ. സ്വന്തം കുഞ്ഞ് ആരുടെ കൈകളിലാണ് സുരക്ഷിതമെന്നും ആരുടെ കൈകളിൽ സുരക്ഷിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തവും ഒരു അച്ഛനുണ്ട്.”
അഥർവ് നിങ്ങളില്ലാത്ത സമയത്ത് നേരിട്ട കാര്യങ്ങളാണ് ഇപ്പോൾ പോലീസ് അന്വേഷണത്തിലേക്ക് എത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിഷയത്തിൽ ഇടപെട്ടത്.
ക്രിസ്റ്റഫറും പാർവതി ഞെട്ടി പരസ്പരം നോക്കി , വിശ്വസിക്കാനാവാത്ത വാർത്ത കേട്ടപ്പോൾ ക്രിസ്റ്റഫർ വീണ്ടും പറഞ്ഞു,
“ഇത് കള്ളമാണ് എന്നെ എല്ലാവരും കൂടെ വഞ്ചിക്കുകയാണ്, എൻറെ മകന് അങ്ങനൊരു അവസ്ഥ വന്നിട്ടില്ല”
ഗണപതി അയ്യർ അഥർവിനെ ക്യാബിനിലേക്ക് വിളിച്ചു, എന്നിട്ട് അവനോട് പറഞ്ഞു “മോൻ നേരത്തെ അങ്കിളിനോട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോൾ ഒന്നുകൂടെ പറയണം.”
മുൻപ് ആ കുഞ്ഞു പറഞ്ഞപ്പോൾ ഗണപതി അയ്യർ ചെവി പൊത്തിയ കാര്യങ്ങൾ അയാൾ ആ സദസ്സിനു മുമ്പിൽ ഒന്നുകൂടെ തളർന്ന മനസ്സുമായി കേട്ടു. ആ കുഞ്ഞു പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഇരു മാതാപിതാക്കളും കസേരയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു തുടങ്ങി. വ്യവഹാരങ്ങളും തർക്കങ്ങളും പരിഹാരങ്ങളുമായി ഇരുന്ന അയ്യരുടെ വക്കീൽ ഓഫീസ് പതിയെ ഒരു കുടുംബാന്തരീക്ഷം ആയി മാറി.
ക്രിസ്റ്റഫറും ഇരുകൈകളും ഗണപതി അയ്യർക്ക് നേരെ കൂപ്പികൊണ്ട് പറഞ്ഞു, “ഞങ്ങളോട് ക്ഷമിക്കൂ, എൻറെ കുഞ്ഞിനെ എനിക്ക് തരൂ ഞാൻ നോക്കിക്കോളാം, അവനൊരു പോറൽ പോലും ഞാൻ കൊണ്ടുപോയി കൊള്ളാം ഞാൻ ജോലി ചെയ്യുന്നിടത്താണെങ്കിൽ കൂടി ഞാൻ നോക്കിക്കോളാം”
ഇത് കേട്ട പാർവതി അലറി. “ഞാൻ സമ്മതിക്കില്ല….. എൻറെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം സാർ, അവനെ എൻറെ കൂടെ വേണം സർ അയാളെ മാത്രമല്ല ഇവനെയും പോലീസിൽ ഏൽപ്പിക്കണം.”
ഇത് കേട്ട് ഗണപതി അയ്യർ നിശ്ചയദാർഢ്യത്തോടെ ചോദിച്ചു. “ഒരു മാസം കഴിഞ്ഞ് പാർവതി യുകെക്ക് പോകുമ്പോൾ ഇവനെ ആരും നോക്കും. പറയൂ ആര് നോക്കും ?”
കണ്ണുകൾ തുടച്ചുകൊണ്ട് പാർവതി പറഞ്ഞു, “എൻറെ ‘അമ്മ ഉണ്ട് അവർ നോക്കിക്കോളും”
“എന്നാലും പാർവതി അവനെ ഇപ്പോൾ യുകെക്ക് കൊണ്ടുപോകില്ല. മാതാപിതാക്കളുടെ കയ്യിൽ തന്നെ വീണ്ടും ഏൽപ്പിക്കുന്നു. അങ്ങനെ മാതാപിതാക്കളുടെ കയ്യിൽ ഏൽപ്പിച്ച ഒരാളാണ് എൻറെ മുന്നിലിരിക്കുന്ന ഈ പിതാവ് , എന്ത് വിശ്വാസത്തിൽ ഞാൻ നിങ്ങളെ ഏൽപ്പിക്കുക ?”
“എൻറെ വീട്ടിൽ അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ല എൻറെ കുഞ്ഞിനെ ഇനി തരൂ ഞാൻ നോക്കിക്കോളാം”
അയ്യർ വീണ്ടും ചോദിച്ചു “പാർവതി യുകെ പോകുമ്പോൾ ഇവനെ കൂടെ കൊണ്ടുപോകാമോ..?”
പാർവതി മറുപടി പറഞ്ഞു, “ഇപ്പോൾ കഴിയില്ല, സാർ, പക്ഷെ ഞാൻ അവനെ കൊണ്ടു പൊക്കോളാം,യുകെക്ക് തന്നെ..”
“ഇങ്ങനെ ഒരു കാലയളവിന്റെ കാര്യം പറഞ്ഞതാണ് ക്രിസ്റ്റഫർ ഈ കുഞ്ഞിനെ അയാളുടെ വീട്ടിൽ ഏൽപ്പിച്ചത്. അവനൊരു അപകടം പറ്റിയതിനു ശേഷമാണ് അയാൾ പറയുന്നത് അയാളുടെ ജോലിസ്ഥലത്തേക്ക് അവനെ കൊണ്ടുപോവുക, അതിൻറെ മറ്റൊരു വേർഷൻ ആണ് പാർവതിയും പറയുന്നത്. നിങ്ങൾ പോകുമ്പോൾ അവന്റ അച്ഛന്റെ വീട്ടിൽ കൊച്ചപ്പനാണെന്ന് പറയുന്ന ആളാണ് അവനെ ഉപദ്രവിച്ചത്. അത് പോലെ ഇവിടെയും നിങ്ങളുടെ വീട്ടിലും നിങ്ങൾ ഇല്ലാത്തപ്പോൾ ഒരാൾ വന്നാൽ, ഇനി നിങ്ങൾ ഇരുവരുടെയും സാന്നിധ്യത്തിൽ പോലും അവർ സുരക്ഷിതമല്ല, അത് കൊണ്ട് അവനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കുകയാണ് അതിനാണ് അവർ ഈ ഓഫീസിൽ വന്നിരിക്കുന്നത്”
ഇത് കേട്ട പാർവതി കൈകൂപ്പി കൊണ്ട് , “ഞാൻ നോക്കിക്കൊള്ളാം സാർ ,എനിക്ക് തരൂ എന്റെ മകനെ”
ഇത് കേട്ട ഗണപതി അയ്യർ ശാന്തമായി പറഞ്ഞു, “ഒരുപാട് താമസിച്ചു പാർവതി. ഇവനിന്ന് ഈ നാടിന്റെ കുഞ്ഞാണ്, ഈ കേസിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്, ഈ ഒരു സാഹചര്യത്തിൽ അവനെ ഫോസ്റ്റർ കെയർ ആക്കാനാണ് അവരുടെ തീരുമാനം”
CWC ചെയർമാൻ ആയുള്ള ആനന്ദ് നാഥ് ആശ്വസിപ്പിക്കുവാൻ എന്ന രീതിയിൽ പർവതിയോടും ക്രിസ്റ്റഫറിനോടുമായി പറഞ്ഞു. “നിങ്ങൾ പേടിക്കണ്ട, ഈ കുഞ്ഞു പൂവിനെ ഞങ്ങൾ ആണ് ഏറ്റെടുത്തിരിക്കുന്നത്. അവന്റെ സംരക്ഷണം ഇനി ഞങ്ങളുടെ കയ്യുകളിലാണ്, സാധാരണ അവനെ ചിൽഡ്രൻസ് ഹോമിൽ ആക്കുകയാണ് പതിവ്, അതിനു വിപരീതമായി തന്നെ ഒരു ഫോസ്റ്റർ കെയറിനു അപേക്ഷ തന്ന ഒരു ദമ്പതികൾ അവനെ ഏറ്റെടുക്കാൻ തയ്യാറായേക്കുകയാണ്”
ഇത് കേട്ട ക്രിസ്റ്റഫർ കരഞ്ഞു കൊണ്ട് പറഞ്ഞു, “സാർ അവന്റെ അമ്മയ്ക്ക് സമ്മതമാണെങ്കിൽ അവനെ അവരുടെ കൂടെ തന്നെ വിടൂ, എനിക്ക് കുഴപ്പമില്ല അവൻ അവിടെ സുരക്ഷിതമായിരിക്കും. എന്റെ കുഞ്ഞിനെ അവന്റെ അമ്മേടെ കൂടെ തന്നെ വിടൂ.”
ഇത് കേട്ട് ആനന്ദ് നാഥ് പറഞ്ഞു, “ക്രിസ്റ്റഫർ, നിങ്ങൾ പേടിക്കേണ്ട. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കുഞ്ഞിന് ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷിതമായ ഒരു അന്തരീക്ഷമാണ്. നിങ്ങളുടെ വീട്ടിലും പാർവതിയുടെ വീട്ടിലും ഇപ്പോൾ അവന് സുരക്ഷിതമായി തുടരാൻ കഴിയില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടത്”
“ഇത് ദത്തെടുക്കൽ അല്ല. കുട്ടിയുടെ മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ സ്ഥാനം ഇതോടെ ഇല്ലാതാകുന്നുമില്ല. പക്ഷേ ഇപ്പോൾ അവന്റെ സംരക്ഷണത്തിനായി കമ്മിറ്റി തീരുമാനിക്കുന്ന രീതിയിലാണ് അവൻ കഴിയേണ്ടത്. അവനെ ഫോസ്റ്റർ കെയറിൽ പാർപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം.”
“ഫോസ്റ്റർ കുടുംബത്തിന്റെ യോഗ്യതയും സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിരിക്കുന്നത്. അവന്റെ ക്ഷേമം കമ്മിറ്റി നിരന്തരം വിലയിരുത്തുകയും ചെയ്യും. നിങ്ങളെ അവനെ കാണുന്നതിൽ നിന്ന് പൂർണ്ണമായി വിലക്കുകയല്ല; പക്ഷേ സന്ദർശനത്തിന്റെ രീതിയും സമയവും കുട്ടിയുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും”
ഇപ്പോൾ നിങ്ങൾ രണ്ടുപേരും ചെയ്യേണ്ടത് ഒന്ന് മാത്രമാണ്, ഈ കുഞ്ഞിന് കുറച്ചുകാലത്തേക്കെങ്കിലും സുരക്ഷിതമായി ശ്വാസമെടുക്കാൻ കഴിയുന്ന ഒരിടം കൊടുക്കുക. അവൻ അനുഭവിച്ച കാര്യങ്ങളിൽ നിന്ന് പുറത്തുവരാൻ അവന് സമയം വേണം.
നിങ്ങൾക്ക് അവനെ നഷ്ടപ്പെടുന്നതല്ല ഇത്… അവനെ കുറച്ചുകാലത്തേക്ക് സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുകയാണ്.
ആനന്ദ് നാഥ് അഥർവിന്റെ മാതാപിതാക്കളെ നോക്കി കുറച്ചുനേരം നിശ്ശബ്ദനായി നിന്നു. പിന്നെ ഗണപതി അയ്യരെ നോക്കി പറഞ്ഞു:
“ഗണപതി സാർ… നിങ്ങൾ പറഞ്ഞ ആ കുടുംബം തയ്യാറാണ്. അവർ ഫോസ്റ്റർ കെയറിനായി നേരത്തെ തന്നെ അപേക്ഷ നൽകിയവരാണ്. അവരുടെ വീട്ടിലെ സാഹചര്യങ്ങളും, കുട്ടിയെ പരിപാലിക്കാനുള്ള അവരുടെ യോഗ്യതയും ഉൾപ്പെടെയുള്ള ഹോം അസസ്മെന്റും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ പരിശോധനയിലും അവരെ അനുയോജ്യരായാണ് കണ്ടെത്തിയിരിക്കുന്നത്.”
പിന്നെ അഥർവിന്റെ മാതാപിതാക്കളെ നോക്കി ആനന്ദ് നാഥ് തുടർന്നു: “അതുകൊണ്ട്, സാധാരണയായി ഒരു കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുന്നതിന് പകരം, ഇപ്പോഴത്തെ സാഹചര്യത്തിൽ അഥർവിന് സുരക്ഷിതമായ ഒരു കുടുംബാന്തരീക്ഷം നൽകുക എന്നതാണ് കമ്മിറ്റിയുടെ തീരുമാനം. എന്നിട്ട് ആനന്ദ്നാദ് ക്യാബിനു പുറത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു, “അതാ… അവരാണ് അവന്റെ ഫോസ്റ്റർ മാതാപിതാക്കൾ. അവന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങാൻ തയ്യാറായി നിൽക്കുന്നവർ..,അവരുടെ കൈകളിൽ ഈ കുഞ്ഞു പൂവ് എന്നും വാടാതിരിക്കും”
പെട്ടെന്ന് തന്നെ അയ്യരുടെ ഓഫീസിലേക്ക് അമ്മുക്കൊലുസു എന്ന ആരതിയും അവളുടെ പങ്കാളിയായ ലിവിങ്സ്റ്റനും കേറി വന്നു.
അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അയ്യർ പറഞ്ഞു, “മക്കൾ ഇല്ലാത്ത ഈ ദമ്പതികൾ വളരെ കാലം മുൻപേ ഫോസ്റ്റർ കെയർ പദ്ധതിക്കായി ഞങ്ങൾക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അഥർവിന് ഒരു വീട് ആവശ്യമുണ്ട്. ഇവർക്ക് ഒരു കുഞ്ഞിനെയും, അഥർവിനെ ഫോസ്റ്റർ കെയർ എന്ന പദ്ധതിയിലേക്ക് ഏറ്റെടുക്കുകയാണ്, ഈ നിൽക്കുന്ന രണ്ടു പേര് അവന്ർറെ പോറ്റമ്മയും പോറ്റച്ഛനും ആകും. ഇനിയൊന്ന് പറയട്ടെ, ഈ എം വി ഗണപതി അയ്യർ അവന്റെ അപ്പൂപ്പനും ആകും”
തന്റെ സമീപത്ത് നിൽക്കുന്ന അഥർവിനെ എടുത്ത് ഉയർത്തിയതിന് ശേഷം അയ്യർ പറഞ്ഞു “ഈ കുഞ്ഞു എന്റെ പേരകുട്ടിയായ് വളരും. നിങ്ങളിൽ സുരക്ഷിതമായ ഒരിടം അവനു ഉണ്ടെന്ന് നിങ്ങൾക്കും ഗവര്മെന്റിനും തോന്നുന്ന കാലയളവിൽ അവന്റെ ഉത്തരവാദിത്വം കൈമാറുന്നതിന് പറ്റി ആലോചിക്കാം”
അയ്യരുടെ വാക്കുകൾ കേട്ട് CWC ഉദ്യോഗസ്ഥർ എഴുന്നേൽക്കുന്നു, പാർവതിയും ക്രിസ്റ്റഫറും തലകുനിച്ചു നിൽക്കുന്നു . ആരതിയാകട്ടെ ഇതെല്ലം ഭേദിച്ച് കൊണ്ട് അയ്യരുടെ അരികിലേക്ക് നടന്നു കൊണ്ട് ആ കുഞ്ഞിനെ എടുത്തു എന്നിട്ട് അവന്റെ മുഖത്തെ നോക്കി പറഞ്ഞു “I may never be the perfect mother you deserve, but I promise you this—you will never have to grieve the absence of a mother’s love.”
ഈ വാക്കുകൾ കേട്ട ലിവിങ്സ്റ്റൺ ആധികാരിക പൂർവം ആ കുഞ്ഞിനെ തന്റെ കയ്യിൽ എടുത്തിട്ട് പറഞ്ഞു . “എല്ലാ കാലത്തും എല്ലാ നിഴലുകളിലും നിന്റെ അച്ഛന്റെ സ്നേഹത്തിന്റെ പ്രതിധ്വനിയായി ഞാൻ കൂടെയുണ്ടാകും മോനേ”
ആറു മാസങ്ങൾക്ക് ശേഷം,ഗേറ്റിൽ പത്രക്കാരൻ പത്രം കൊണ്ട് ഇടുന്നു. അതെടുക്കുവാന് ആയി ആദിത്യൻ എന്ന അമ്പു ഓടുന്നു, അതിനു പുറമ അഥർവ്. ഒടുവിൽ ആര്യൻ കൈക്കലാക്കിയ പത്രവുമായി ഓടുന്നു, അതിനു പുറകെ അഥർവും. ആര്യന്റെ കയ്യിൽ ഉണ്ടായിരുന്ന പത്രം അപ്പൂപ്പന് മുന്നിലെത്തിയ ഉടനെ അവൻ അഥർവിന്റെ തോളിൽ കൈയിട്ട് കൊണ്ട് അവനു കൈമാറുന്നു. അഥർവ് ആ പത്രം വാങ്ങി ചെറു പുഞ്ചിരിയോടെ അനങ്ങാതെ നിക്കുന്നു. അവന്റെ കയ്യിൽ നിന്ന് അത് വാങ്ങിയ ശേഷം ഗണപതി അയ്യർ തന്റെ ഉമ്മറത്തെ ചാര് കസേരയിൽ നീണ്ട് നിവർന്നു ഇരുന്ന് കൊണ്ട് തന്റെ കൈ വാക്കിനു സമീപത്തായി ഇരുന്ന റേഡിയോ ഓൺ ആക്കി. അതിൽ വന്ന ഭജനത്തിൽ വരികൾ ഇങ്ങനെ ആയിരിന്നു .
“പുനരപി മരണം പുനരപി ജനനം ,പുനരപി ജനനീജതരേ ശയനം”
ഈ വരികൾ കേട്ട്, ആ വരികൾ ഏറ്റു പാടിക്കൊണ്ട് സംതൃപ്തിയോടെ ചെറിയൊരു മയക്കത്തിനായി അയ്യർ കണ്ണടച്ചു.













