
ലിസ്ബണിൽ നിന്നു വന്ന കപ്പൽ കൊച്ചി അഴിമുഖത്ത് നങ്കൂരമിട്ടിട്ട് 10 വർഷമായി.
കപ്പലിന്റെ ക്യാപ്റ്റൻ കൊയ്ലൊക്ക് പക്ഷെ തിരിച്ചു പോകാൻ തോന്നിയില്ല. തേജോ നദിയുടെ തീരത്ത് മുങ്ങിമരിച്ച ഇസബെല്ലിന്റെ ഓർമ്മകൾ അവനെ കൊച്ചിയിലെ ഈ ചെറിയ ചായക്കടയിൽ തളച്ചിട്ടു.
കടയുടെ പേര് ‘Pacheco’. പഴയൊരു പോർച്ചുഗീസ് നാവികന്റെ പേര്. ഇവിടെ വരുന്നവർക്ക് കൊയ്ലൊ ഒരു കട്ടൻ ചായ ഇട്ടുകൊടുക്കും. കൂടെ ഒരു കഥയും.
ഇന്ന് മഴയുള്ള സായാഹ്നമാണ്. കടയിലേക്ക് പരിചയമില്ലാത്ത ഒരു പെൺകുട്ടി കയറി വന്നു. അവളുടെ കണ്ണുകൾക്ക് ഇസബെലിന്റ നിറം.
“ഒരു ചായ.” അവൾ പറഞ്ഞു. ശബ്ദം കടലുപോലെ ശാന്തം.
കൊയ്ലൊയുടെ കൈ വിറച്ചു. 10 വർഷത്തിന് ശേഷം ആദ്യമായി സമാവർ തിളച്ചു തൂവി.
“നിന്റെ പേരെന്താ മോളേ?” Coelho ചോദിച്ചു.
“മരിയ .” അവൾ പറഞ്ഞു. “എന്റെ അമ്മയുടെ പേര് ഇസബെൽ , അമ്മ പറയുമായിരുന്നു, ലിസ്ബണിൽ നിന്ന് ഒരു കപ്പൽ വരുമെന്ന്. അതിലെ ക്യാപ്റ്റന് നല്ല ചായ ഉണ്ടാക്കാൻ അറിയാമെന്ന്.”
ആ ചായയുടെ രുചിയേക്കുറിച്ച് പറയാത്ത പുലരികളില്ലായിരുന്നു. ആ മസാലമണത്തേക്കുറിച്ചും. അമ്മ പറഞ്ഞറിഞ്ഞതുപോലെ ഒരു നല്ല മസാലമണം.
അതുകേട്ട് കൊയ്ലൊ സ്തബ്ദനായി. ഇസബെലിന്റ മകൾ.
കുറച്ചുനേരം രണ്ടുപേരും നിശബ്ദരായി.
പുറത്ത് മഴ പെയ്യാൻ തുടങ്ങി.
കൊയ്ലൊ അടുപ്പിൽ പുതിയൊരു കട്ടൻ വെച്ചു. ഇത്തവണ പഞ്ചസാര ഇല്ല. ഇഞ്ചി ഇല്ല. വെറും കണ്ണുനീരിന്റെ ഉപ്പ് മാത്രം. ആ ഉപ്പിൽ നഗ്നനേത്രങ്ങൾക്കു നടന്നടുക്കാനാവാത്ത ഇരുണ്ടഗാധമായ കടലൊരു കവിതയായി.
ആകാശം തുറന്നുവിട്ട അസ്വസ്ഥതയുടെ വേലിയേറ്റത്തിലൂടെ, അസ്ഥിത്വബോധത്തെ ഉൾക്കൊണ്ട വിശ്വാസത്തിന്റെ നിഗൂഢ മാനം അഥവാ ജീവിക്കുന്നയീ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു ആന്തരീക യാത്ര..
അങ്കലാപ്പുകൾക്കപ്പുറം അനന്തമായ ആനന്ദത്തിന്റെ, സമാധാനത്തിന്റെ, ഉറവിടംതേടി എത്രയലഞ്ഞാലും
അകലമളക്കാനാവാത്തവർ അതിവിദൂരത്തുനിന്നു വീക്ഷിച്ചാൽ നീണ്ടുപരന്ന നീലാകാശവും പച്ചച്ചേലചുറ്റിയ ഭൂമിയുമെത്ര മനോഹരമാണ്. അതിലൂടെയിറങ്ങി നടക്കോമ്പോഴാണറിയുക കല്ലും മുള്ളും കടലും കായലും കാറ്റുംകോളുമായി അകപ്പെട്ടുപോയ അതിസങ്കീർണ്ണമായ സമസ്യകളാൽ ജീവിതം ചോർന്നുപോകുന്നെന്ന്. മൗനംകൊണ്ട് എത്രമറപിടിച്ചാലും മനസ്സിന്നിടനാഴിയിൽ പൂക്കും വാക്കുകൾക്ക് വെളിച്ചത്തെ പ്രണയിക്കാതിരിക്കാനാവുമോ? ആ വെളിച്ചം പ്രതീക്ഷയിലേക്കു വഴിതെളിക്കുമെങ്കിൽ മേഘത്തേപോലെ മൗനിയായിരിക്കാം, മന്ദമാരുതനേപോലെ മന്ദഹസിക്കാം.
കൊയ്ലൊ ആ കണ്ണുനീർ ചായ അവളുടെ നേരെ നിട്ടി.
അതവന്റ ജീവിതമായിരുന്നു. കല്ലും മുള്ളും കടലുംകോളും എല്ലാം അലിഞ്ഞു ചേർന്നത്. നിനക്കിത് രുചിച്ചു നോക്കാനാവുമൊ? ദൂരെനിന്നും കാണുന്ന മനോഹാരിത ഇതിനില്ല. അതാണ് സത്യം.
അന്ന് ഇസബെലിനൊപ്പം മുങ്ങിപ്പോയത് അവൻറ ആത്മാവാണ്. ആത്മാവു നഷ്ടപ്പെട്ട അവൻ്റെ കപ്പലാണ് ഇന്നീ “Pacheco Tea shop” ഇവിടെ വരുന്നവർ അതിലെ യാത്രക്കാരും.
അവനിപ്പോഴും യാത്രയിലാണ്…, ഓർമ്മകളിലൂടെ. ചായയാണ് അവന്റ ദിശാസൂചി.
ഇസബലിനു പിന്നാലെയുള്ള യാത്ര ഇന്നു മരിയയിൽ വന്നു നിൽക്കുന്നു.
Pacheco ബോർഡുതൂക്കിയ ചായക്കടയുടെ നീലച്ചുവരിലേക്കുനോക്കി കൊയ്ലൊ കപ്പലിന്റ ലോഗ്‌ബുക്കിൽ അവസാനമായി എഴുതിയ വാചകമോർത്തു.
ക്യാപ്റ്റൻ സ്ഥാനം രാജി വെക്കുന്നു.ഇസബെൽ ഇല്ലാതായ കടലിൽ ഇനി ഞാനില്ല.
മരിയ ചോദിച്ചു “താങ്കൾ ഒരു ക്യാപ്റ്റനാണൊ? കൊയ്ലൊ”
അതെ.
ഒരു ക്യാപ്റ്റൻ എന്തിനാ ചയക്കട നടത്തുന്നത്?
കൊയ്ലൊ ചിരിച്ചു, കടലെന്നെ പുറത്താക്കി. ഇന്നെനിക്ക് തിരയിളക്കാൻ പറ്റുന്ന ഒരേയൊരു കടൽ ഈ സമാവറാണ്.
കൊയ്ലൊ അവളുടെ കണ്ണുകളിലേക്കു നോക്കി. 10 വർഷത്തെ മൗനം. സമാവർ നിറഞ്ഞു തുളുമ്പി. മഴ പുറത്തും ഉള്ളിലും. അവൾക്ക് അവളന്വേഷിച്ച് കാത്തിരുന്ന അച്ഛനെ കിട്ടി.
മോളെ…. നോക്കു.
ഒരു പതിറ്റാണ്ടു മരവിച്ചുപോയ കടൽ ഇന്ന് വീണ്ടും തിരയിളകുന്നു. എന്റ കാത്തിരിപ്പിന് ഇനി കണ്ണുനീരിൻ്റെ ഉറപ്പില്ല. തേനിന്റ മധുരമാണ്. സമാവർ ഇനി തിളക്കുന്നത് വേദന കൊണ്ടല്ല. Pacheco യുടെ ഈ പുതിയ അതിഥിയെ സ്വീകരിക്കാനാണ്.
മഴ തോർന്നു.
മേലെ ചെരിവിൽ ഏഴു വർണ്ണങ്ങൾ പീലിവിരിച്ചു. ഒരു തിരിച്ചുവരവിനെ വരവേൽക്കാൻ.
മരിയ അനുസരണയോടെ ആ ചായക്കോപ്പ ചുണ്ടോടു ചേർത്തു.
ആ ഒരൊറ്റ സിപ്പിൽ തേജൊനദിയും ഭാരതപ്പുഴയും കൈകോർത്തു. ലിസ്ബണിലെ നിലാവും വെയിലും ഒന്നായി.
ഇസബെലിന്റെ മൗനവും കൊയ്‌ലോയുടെ കണ്ണീരും ഒന്നായി. പുറത്ത് കടൽ ഇരമ്പുന്നു. അത് ആർത്തുകരച്ചിലല്ല. താരാട്ടുപാട്ടാണ്.മേഘംപോലെ മൗനിയായ പിതാവും മന്ദമാരുതൻ പോലെ ചിരിക്കുന്ന മകൾക്കും കേട്ടുറങ്ങാനുള്ള താരാട്ട്.
സമാവറിലെ ചായപോഞ്ചിയിലെ വെന്ത മസാലമണം ആ കരയാകെ പരന്നു. ആ സുഗന്ധചായയുടെ രുചിയറിയിക്കാൻ Pocheco യിലെ സമാവർ തിളച്ചുകൊണ്ടേയിരിക്കുന്നു.













