
ചിത്തിരത്തോടിന്റെ അരിക് ചേർന്നു നടക്കുന്ന ദേവിക. കൈതപ്പൂമണം പാറ്റിയ പുലരിക്കാറ്റ് അവളിലെ ഓർമ്മച്ചില്ലകളെ തലോടി. കൈതച്ചെടി ഇലകൾക്കിടയിൽ ഒളിപ്പിച്ച പൂക്കളെ അടർത്തിയെടുത്തു അവൾ മുന്നോട്ട് നീങ്ങിയതും സാരിയിലാരോ പിടിച്ചു നിർത്തി.
“അമ്മാ, കൈതച്ചെടികൾ മുള്ളരികുകളുള്ള ഇലകളാലെത്ര ശ്രദ്ധയോടെയാണ്, സുന്ദരി പൂക്കളെ, ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്, അല്ലേ.?”
വേദ മോളുടെ ശബ്ദം. പിന്നോട്ടു നോക്കിയ അവൾ നിരാശയോടെ കൈത മുള്ളുകളിൽ കുരുങ്ങിയ സാരി നേരെയാക്കി.
“കൈതച്ചെടി പൂക്കളെ സംരക്ഷിക്കുന്നത് പോലെ എന്റെ സുന്ദരിപ്പൂവിനെ സംരക്ഷിക്കാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ല.” നെടുവീർപ്പിട്ടുകൊണ്ടു കൈതപൂക്കളെ അവൾ നെഞ്ചോടമർത്തിപ്പിടിച്ചു.
വേദയ്ക്ക് കൈതപ്പൂക്കൾ വല്യ ഇഷ്ടമായിരുന്നു. അലമാരയിലെ വസ്ത്രങ്ങൾക്കിടയിൽ പൂക്കളെ സൂക്ഷിച്ചു വെക്കുമായിരുന്നു. വേദമോളുടെ ഓർമ്മയിൽ പിച്ചവച്ചു അവൾ തോട് മുറിച്ചുകടന്നു. നീണ്ടു മെലിഞ്ഞ വയൽ വരമ്പിലൂടെ അമ്പലമുറ്റത്തേക്ക് കയറി.ഭഗവതിയെ തൊഴുതു. പുഷ്പാഞ്ജലിശീട്ടാക്കി തൃപ്പടിയിൽ വെച്ചു. പൂജാരി ശീട്ടെടുക്കാൻ കൈ നീട്ടിയതും പെട്ടെന്നത് പാറിപ്പോയി. ഭസ്മതട്ടിൽ കത്തിനിന്ന കർപ്പൂരം കറുത്ത ധൂപങ്ങളെ നിശ്വസിച്ചു.
ദേവികയുടെ മുഖം വിളറി. മച്ചിലെ ഫാനിൽ ചൂണ്ടി, ചിരിയോടെ പൂജാരി പറഞ്ഞു,
“ശീട്ടൊന്നും വേണ്ട. സനന്ദ്, ഉത്രാടം നക്ഷത്രമല്ലേ. ഏറെ പരിചയമായി പേരും നക്ഷത്രവും.” വിളറിയ ചിരിയിൽ ഉത്തരമോതി, പ്രസാദവും വാങ്ങി, നേർത്ത മേഘക്കൂട്ടങ്ങളിൽ പടർന്ന വേദയോടൊപ്പം ദേവിക വീട്ടിലേക്ക് നടന്നു.
—
നിറമടർന്ന ഉമ്മറത്തൂൺ ചാരിയിരുന്ന ആനന്ദൻ ദേവികയെ കണ്ടതുമെഴുന്നേറ്റു.
“ഏട്ടത്തിയമ്മ വന്നിട്ടിറങ്ങാമെന്ന് കരുതി. അമ്മയും കൂടെ വരുന്നുണ്ട്.”
ദേവിക ഒന്നും പറയാതെ, ചന്ദനം ലക്ഷമി അമ്മയുടെ നെറ്റിയിൽ തൊട്ടു.
“അവനെ ഇവിടെ വാഴ്ത്തിക്കാനുള്ള തീരുമാനം മാറ്റില്ലെന്നറിയാം. പക്ഷേ അവനോടൊപ്പം ഇവിടെ കഴിയാൻ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ട്.”
ലക്ഷ്മിഅമ്മ സങ്കടം കണ്ണിലൊഴുക്കി ആനന്ദനൊപ്പം മുറ്റത്തിറങ്ങി നടന്നു. ഭർത്താവിന്റെ അനുജനും അമ്മയും പോയ വഴിയേ പോയ മനസ്സിനെ തിരിച്ചുപിടിച്ചു അവൾ അടുക്കളയിലേക്ക് നടന്നു. കഞ്ഞിയും ചെറുപയറും പാത്രത്തിലാക്കി കിഴക്കേ മുറിയിലേക്ക് നടന്നു. കിടക്കയിൽ നിന്നും അശോകനെ ചുമരോട് ചാരിയിരുത്തി. പുരികത്തിലൂറിക്കൂടിയ വിയർപ്പിനെ ചേലത്തുമ്പിലാക്കി കഞ്ഞി കോരി കൊടുത്തു. ചുണ്ട് തൂവിയ കഞ്ഞി ഇടുതു കൈ ഒപ്പി.
“ഞാൻ പോയ് വരാം. എട്ടു മണിക്കാണ് പാസ്സഞ്ചർ ട്രെയിൻ.” ഭർത്താവിനെ ഒന്നൂടി നോക്കി ദേവിക വീട്ടിൽ നിന്നിറങ്ങി.
—
പാസ്സഞ്ചർ വണ്ടി മാത്രം നിർത്തുന്ന റെയിൽവേ സ്റ്റേഷനിൽ പതിവ് തിരക്കില്ലായിരുന്നു. കാലിയായ കോൺക്രീറ്റ് ബെഞ്ചിൽ അവൾ ചാരിയിരുന്നു. പ്ലാറ്റ്ഫോമിലൂടെ റെയിലിന് പടിഞ്ഞാറ് ഭാഗത്തുള്ള ശാരദ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളെ പിൻതുടർന്ന ദേവികയുടെ മനസ്സ് ഭൂതകാല ജാലകത്തിലൂടെ സ്കൂളിന്റെ മുറ്റത്തെത്തി.
സ്കൂൾ മുറ്റത്ത് പന്തലിച്ചു നിൽക്കുന്ന അലസി മരച്ചോട്ടിലേക്ക് ആനന്ദനോടൊപ്പം നടക്കുമ്പോൾ പ്രകൃതി നിശബ്ദമായിരുന്നു. കാലുകൾ മണ്ണിലൊട്ടി നാവും കണ്ണുകളും ചലിക്കാത്ത കുറേ മനുഷ്യർ മരച്ചോട്ടിൽ നിൽക്കുന്നു. ദേവികയെ കണ്ടതും നിശ്ചല രൂപങ്ങൾ ഒരേ താളത്തിൽ മാറി വഴിയൊരുക്കി. അലസിപ്പൂക്കൾ വിരിച്ച ചുവന്ന മെത്തയിൽ പാതികണ്ണടച്ചു ചുണ്ടിലൊരു വിതുമ്പൽ അവശേഷിപ്പിച്ചു വേദ ഉറങ്ങുന്നു. ഗളഞരമ്പുകൾ നിറം മാറിയിരിക്കുന്നു. വെള്ള ചുരിദാർടോപ്പിൽ ചുവപ്പ് ചുരുണ്ടുകൂടി കിടക്കുന്നു. വാവിട്ട് നിലവിളിക്കാനോ, വാരിയെടുക്കുവാനോ തുനിയാതെ, കുനിഞ്ഞിരുന്നു വേദയുടെ മുടിയിഴകളിൽ പറ്റിയ അലസിപ്പൂക്കൾ തട്ടികൊണ്ടു ദേവിക മന്ത്രിച്ചു.
“എഴുന്നേല്ക്ക് മോളെ, അച്ഛന് മരുന്നു കൊടുക്കാൻ സമയമായി.”
പ്രതികരിക്കാത്ത വേദയിൽ നിന്ന്, ദേവികയുടെ നോട്ടം നാലഞ്ചാളുകൾ പിടിച്ചു നിൽക്കുന്ന രൂപത്തിൽ പതിഞ്ഞു. കൈയ്യിൽ ചോരയൊട്ടിയ കത്രികയും ചോരപൂക്കളം തീർത്ത ഷർട്ടുമായി ഒരു രൂപം. അന്നു മനസ്സിലാണ്ട രൂപം വീണ്ടും മിഴിപടലത്തിൽ തെളിഞ്ഞു വരുമ്പോഴാണ് തീവണ്ടിയുടെ ചൂളം വിളി അവളെ ഞെട്ടിച്ചത്.
ട്രെയിനിറങ്ങി പകച്ചു നിൽക്കുന്ന ചെറുപ്പക്കാരന്റെ അടുത്തെത്തി ദേവിക.
“സനന്ദ് “
ഞെരുക്കത്തോടെ നീങ്ങിയകന്ന ട്രെയിൻ ട്രാക്കുകൾക്കപ്പുറത്തെ സ്കൂളിനെ സനന്ദിനു കാണിച്ചുകൊടുത്തു. അവനോടൊപ്പം നടക്കുമ്പോൾ നിത്യ പരിചിതമായ ഇടവഴികളിൽ ഒരു അപരിചിതത്വ ഉഷ്ണം അവൾ അനുഭവിച്ചു.
—
വീടിന്റെ ഉമ്മറപ്പടി കയറി, ദേവിക സനന്ദിന്റെ കൈയ്യിലുള്ള ബാഗ് വാങ്ങി വെച്ചു.തെക്ക് ഭാഗത്തുള്ള മുറി തുറന്നു.
“വേദയുടെ മുറിയാണ്. ഞാനെന്നും തുടച്ച് വൃത്തിയാക്കി വെക്കും. മോൻ വിശ്രമിച്ചോളൂ. അപ്പോഴേക്കും അമ്മ ഊണ് തയ്യാറാക്കാം.”
“അമ്മ” വിളി നോവൂട്ടിയതും അവനൊന്നു ഞെരുങ്ങി.
അടുക്കും ചിട്ടയോടും വെച്ചിരിക്കുന്ന ഒരു കൊച്ചു മുറി. കൈതപ്പൂവിന്റെ നറു ഗന്ധം മുറിയിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുറിയുടെ ഇടത് ഭാഗത്തുള്ള മരമേശയിൽ പുസ്തകങ്ങൾ അടുക്കി വെച്ചിരുക്കുന്നു. ചുമരിൽ ഫിസിക്സ് സൂത്രവാക്യങ്ങളും രസതന്ത്രത്തിലെ ആവർത്തനപ്പട്ടികയും ഒട്ടിച്ചു വെച്ചിട്ടുണ്ട്. അതിനു താഴെയായി ചുവന്ന മഷിയിൽ “ഡോ: വേദ അശോക്, M.B.B.S” എന്ന് എഴുതി വെച്ചത് വായിച്ചപ്പോൾ സനന്ദിന്റെ തൊണ്ടയിൽ ഗദ്ഗദം കുരുങ്ങി നിന്നു. കട്ടിലിൽ തളർന്നിരുന്നു. കണ്ണുകളടച്ചെങ്കിലും മുറിയിലുള്ള കാഴ്ചകൾ അരിച്ചിറങ്ങി കണ്ണുകളെ പൊള്ളിച്ചു. കുറ്റബോധത്തിന്റെ കനലടുപ്പിൽ നൊന്തൊലിച്ച മനസ്സ് പിന്നോട്ടൊഴുകി.
—
പ്ലസ് ടു ഒന്നാംവർഷ രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിലൂടെ കണ്ണോടിച്ച സനന്ദ് നിരാശ പുരട്ടി പേപ്പർ ഡെസ്ക്കിനു മുകളിലിട്ടു. പിന്നിലിരിക്കുന്ന ശരത്തും നിർമ്മലും നിസ്സംഗ ഭാവത്തോട് ഐക്യഭാവം പ്രകടിപ്പിച്ചു. മുൻബെഞ്ചിലിരുന്ന വേദയുടെ ഉത്തരക്കടലാസിലേക്ക് കണ്ണുകൾ വഴി നടന്നതും അവന്റെ ഉത്തരക്കടലാസിൽ മഷി പുരണ്ടു.
“അളിയാ, നീ രക്ഷപ്പെട്ടു അല്ലേ.?”
പരീക്ഷാഹാളിനു പുറത്തിറങ്ങിയതും ശരത്തോടിയെത്തി.
“നിനക്കറിയാമോ, വേദ ഉത്തരങ്ങൾ ആർക്കും കാണിച്ചു കൊടുക്കില്ല. നിന്നോടൊരു നീക്കുപോക്കൊക്കെ കാണുന്നുണ്ട്.”
പിന്നീടൊരു വൈകുന്നേരം, മേളപ്പെരുക്കത്തോടെ, അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയിൽ, പുസ്തകം ഷർട്ടിനുള്ളിലാക്കി കഞ്ഞിപ്പുരയിൽ നിൽക്കുമ്പോൾ, അതിലേ കടന്നുവന്ന വേദ,കുടക്കീഴിൽ ഇടം നൽകിയതും, അവളുടെ കൈതപ്പൂമണമാസ്വദിച്ചതും മനസ്സിലൂടെ കടന്നു പോയി.
സ്കൂൾ വാർഷിക ദിനത്തിലെ അനൗൺസ്മെന്റ് ചെവിയിൽ വീണ്ടും മുഴങ്ങി.
“സ്‌റ്റേജിൽ വേദയും കൂട്ടരും അവതരിപ്പിക്കുന്ന സംഘനൃത്തം.”
രാഗരാധയായി മോഹനരാഗം ആടി സ്റ്റേജിൽ നിന്നിറങ്ങി വന്ന അവളുടെ അരികിലേക്ക് ഓടുകയായിരുന്നു. അഭിനന്ദിക്കാൻ വാക്കുകൾ കിട്ടാതെ കിതച്ചപ്പോൾ, അവളുടെ മൂക്കിനു മുകളിൽ പറ്റി നിന്ന വിയർപ്പുതുള്ളിയിലായിരം സ്വപ്നകിരണങ്ങൾ കണ്ടു. മറ്റു കാഴ്ചകളൊക്കെ മാഞ്ഞുപോയിരുന്നു. നടന്നകലുന്നതിനിടെ വേദ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിലെത്തിയ ശരത്ത് പറഞ്ഞ വാക്കുകൾ വീണ്ടും കേട്ടു.
“കണ്ടോ നീ, അവളുടെ സ്നേഹം. ഇനിയെന്തിനാ വൈകിക്കുന്നത്? എല്ലാം തുറന്ന് പറയൂ.”
അടുത്ത ദിവസം രാവിലെ സ്കൂൾ മൈതാനിയിലെ മൂവാണ്ടൻ മാവിന്റെ വേരിനു മുകളിൽ ഇരിക്കുമ്പോഴായിരുന്നു നിലാചന്തമായി വേദ പിന്നിലുദിച്ചത്.
എവിടുന്നോ ആവാഹിച്ച ധൈര്യത്തിൽ, “വേദാ ” എന്നു വിളിച്ചതും അവൾ തിരിഞ്ഞു നിന്നപ്പോൾ കണ്ണിൽ നോക്കാതെ, ദൂരെ നോക്കി പറഞ്ഞു.
“വേദാ, എനിക്ക് നിന്നെ ഇഷ്ടമാണ്. ഇഷ്ടമാണെന്ന് പറഞ്ഞാല്‍, ഒത്തിരി ഇഷ്ടമാണ്. “
“സനന്ദേ, പഠനം മാത്രമാണെന്റെ ലക്ഷ്യം. നമ്മൾ നല്ല കൂട്ടുകാരല്ലേ.” മറുപടിക്കൊപ്പം ഒരു മുത്തശ്ശിചിരിചുണ്ടിൽ ഒട്ടിച്ചുവച്ചു.
അവളിൽ മാത്രം പൂത്തുലഞ്ഞ സ്കൂൾ ദിനങ്ങൾ പിന്നീട് വിരസമായി തീർന്നു. നിരാശ മനസ്സിൽ ആഴ്ന്നു തറച്ചപ്പോൾ വാശിയുടെ ഉറവകൾ പൊട്ടി. മരച്ചോട്ടിലും, വഴി വക്കിലും, ലൈബ്രറിയിലും നിഴലായ് അവളെ പിൻതുടർന്നു, സ്വന്തമാക്കണമെന്ന വാശിയോടെ.
“ഇഷ്ടമല്ല. ബുദ്ധിമുട്ടിക്കരുത്.” അവൾ ആയിരംവട്ടം സ്നേഹത്തോടും അപേക്ഷയായും കൈകൂപ്പി.
” സ്നേഹിച്ചു പോയി. ഇനി മറക്കാന്‍ വയ്യ.” പ്രണയത്തിന്റെ പ്രണയപല്ലവി ആവർത്തിച്ചു. അവളുടെ ഒഴിഞ്ഞുമാറ്റം, ക്ലാസിലെ സമർത്ഥനായ സിദ്ധാർത്ഥനുമായി കൂട്ടിക്കെട്ടി കൂട്ടുകാർ അവതരിപ്പിച്ചപ്പോൾ കൂടുതൽ പ്രകോപിതനായി.
പ്രശസ്ത മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്റർ നടത്തിയ പരീക്ഷയിൽ സ്കോളർഷിപ്പോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേദയെ അസംബ്ലിയിൽ വെച്ച് അഭിനന്ദിച്ചപ്പോൾ “അവൾ ഡോക്ടറായാൽ പിന്നെ നിനക്ക് ഒരിക്കലും അവളെ കിട്ടില്ല.”
അവൾ നഷ്ടപ്പെടുമോ എന്ന ഭീതിയിലേക്ക് കൂട്ടുകാർ ചിന്തകളെ കടിഞ്ഞാണില്ലാതെ ഓടിപ്പിച്ചു. അനുനയത്തിന്റെ അതിരുകളറ്റപ്പോൾ ആൺകരുത്തിന്റെ ഹുങ്ക് അങ്കുരിച്ചു.
“വേദാ, നീ എൻട്രൻസ് പരീക്ഷ എഴുതേണ്ട. എനിക്കതിഷ്ടമല്ല.”
“നീ ആരാ എന്റെ കാര്യം തീരുമാനിക്കാൻ? നീ പോടാ ചെറുക്കാ.”
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ ദിവസം പ്രിൻസിപ്പാളിന്റെ റൂമിൽ നിന്നും സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുമായി നടന്നു വരുന്ന വേദയെ തടഞ്ഞു നിർത്തി.
“നീ കോഴ്സിൽ ചേരാൻ തന്നെ തീരുമാനിച്ചു, അല്ലേ?”
“ഓ, അല്ലാതെ പിന്നെ.”
അവൾ ചിരിച്ചു കൊണ്ട് വരാന്തയിലൂടെ നടന്നു പോകുന്ന സിദ്ധാർത്ഥിന്റെ അരികിലേക്ക് ഓടി പോയി. അവളുടെ പിന്നാലെ ഓടി കുറുകെ നിന്നു അല്പം ഒച്ചത്തിൽ പറഞ്ഞു.
“നീ ആ കോഴ്സിനു ചേരേണ്ട. “
“ഭീഷണിയാണോ. പലവട്ടം പറഞ്ഞിട്ടും നീ എന്താ ഇങ്ങിനെ മന്ദബുദ്ധിയായി പോയത്. “
അവൾ പുച്ഛിച്ചു കൊണ്ട് സിദ്ധാർത്ഥിന്റെ പിന്നാലെ പോയി. വാശിയോടെ വേദയുടെ പിന്നാലെ ഓടി, സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് തട്ടിയെടുത്ത് പിച്ചിയെറിഞ്ഞു, ഒരു ഭ്രാന്തനെ പോലെ അവളെ തള്ളി താഴെയിട്ടു. തടുക്കാൻ വന്ന സിദ്ധാർത്ഥിനെ ചവിട്ടി മാറ്റി.
“എല്ലാം പ്രിൻസിപ്പാളിനോട് പറയും.” എന്നു പറഞ്ഞ് എഴുന്നേറ്റ് ഓടിയ വേദയുടെ പിന്നാലെ വീണ്ടും ഓടി.
നഷ്ടപ്പെടുന്നു എന്ന വേദനയിൽ മുള പൊട്ടിയ നിരാശയും സങ്കടവും നിയന്ത്രിക്കാനാവാതെ, സ്കൂൾ ഗാർഡന്റെ മുൻവശത്ത് വെച്ച് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു. ഓടി വന്ന സിദ്ധാർത്ഥനും കുട്ടികളും പിടിച്ചു മാറ്റുമ്പോൾ വേദ വീണ്ടും കുതറി ഓടാനുള്ള ശ്രമമായിരുന്നു. പെട്ടന്നാണ് ചെടി വെട്ടാൻ വെച്ച കത്രിക കൈയ്യിലാക്കി വേദയുടെ നെഞ്ചിൽ ആഞ്ഞു കുത്തിയതു. മുഖത്ത് കടും ചോര തെറിച്ച് പൊള്ളിയപ്പോൾ സനന്ദ് ഞെട്ടിയുണർന്നു. മുന്നിൽ ദേവിക നില്ക്കുന്നു.
“മോൻ, സ്വപ്നം കണ്ടോ?”
മുഖം അമർത്തി അവൻ നെറ്റിയിൽ പൊടിഞ്ഞ അസ്വസ്ഥത തുടച്ചു.
“വിശക്കുന്നുണ്ടാവും, അല്ലേ?”
നിർബന്ധിച്ചു അവനെ തീൻ മേശയുടെ മുമ്പിലിരുത്തി തൂശനിലയിട്ട് സദ്യ വിളമ്പി.
“തൂശനിലയിൽ സദ്യയുണ്ണാൻ വേദയ്ക്ക് വല്യ ഇഷ്ടമാ. മോനിഷ്ടമല്ലേ?”
ദേവികയുടെ ചോദ്യങ്ങളും സ്നേഹ വാക്കുകളും അവനിൽ നോവ് കുത്തിവരച്ചു.
” ഭക്ഷണം കഴിക്കാൻ പേടിയുണ്ടോ?”
കണ്ണിൽ ദയനീയത ചിതറിപ്പരത്തി അവൻ ഇരുന്നു.
“വിഷം ചേർത്ത് നിന്നെ കൊല്ലാനൊന്നും എനിക്ക് ആവില്ല. മകൾ നഷ്ടമായ വേദന അനുഭവിച്ച എനിക്ക് ഒരമ്മയെ കൂടി വേദനിപ്പിക്കാനാവില്ല?. വെറുക്കപെട്ടവനായി മുദ്രകുത്തുമ്പോൾ നിന്റെ അമ്മയുടെ നീറുന്ന വേദനയെ കുറിച്ച് ഒരു വട്ടം ചിന്തിച്ചിരുന്നോ? ജയിലിൽ നിന്നും നീ ഇങ്ങോട്ടാണ് വരുന്നതെന്ന് നിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്.”
ദേവികയുടെ മുഖം ചുവന്നിരുന്നു.
“വേദ മോളുടെ ജീവന്റെ തുടിപ്പ് അവസാനമായി തൊട്ടതും കണ്ടതും കേട്ടതും നീ ആണ്. നിന്റെ കണ്ണുകളും കാതുകളും നീയും എനിക്ക് എന്റെ മോളാണ്.” നിയന്ത്രണം വിട്ടുപോയ കണ്ണുനീർ ദേവികയുടെ കവിളിൽ ചാലെഴുതി.
തല കുമ്പിട്ടിരുന്ന അവന്റെ മുമ്പിൽ ഒരു കെട്ട് കടലാസ് ദേവിക വച്ചു.
“വേദയുടെ ജന്മദിനങ്ങളിലും ചരമദിനങ്ങളിലും നിന്റെ പേരിൽ അമ്പലങ്ങളിൽ നടത്തിയ വഴിപാട് ശീട്ടുകൾ ആണിവ.”
ഉരുട്ടിയെടുത്ത ചോറുരുള സനന്ദ് ഇലയിൽ വെച്ചു.
“നെയ്യ് പായസമെങ്കിലും കഴിക്കൂ. വേദക്ക് ഇഷ്ടപെട്ട ഭഗവതിയുടെ പ്രസാദം ആണ്. ” ദേവിക പായസം അവന്റെ കൈയ്യിൽ വെച്ചു കൊടുത്തു.
ദേവികയുടെ ഓരോ വാക്കുകളും സ്നേഹ തലോടലുകളും സനന്ദിനെ ശിക്ഷിച്ചു കൊണ്ടിരുന്നു. അന്നനാളം തൊട്ടിറങ്ങുന്ന പായസം അനുഭൂതിയോടെ ദേവിക നോക്കി.
“ഒരു കൂടപ്പിറപ്പായും കൂട്ടുകാരനായും അവൾ നിന്നെ ഇഷ്ടപ്പെട്ടിരുന്നു. കൊല്ലുമെന്നു നീ ഭീഷണിപ്പെടുത്തിയത് പ്രൻസിപ്പാളെ അറിയിക്കാം എന്നു പറഞ്ഞപ്പോൾ
അവനെന്നെ നുള്ളിനോവിക്കാൻ പോലും ആവില്ല. അത്രയ്ക്കും ഇഷ്ടമാ എന്നു പറയുമായിരുന്നു. പക്ഷേ… ” സനന്ദ് അവിശ്വസനീയതയോടെ ദേവികയെ നോക്കി.
“സ്വന്തം ഇഷ്ടങ്ങൾക്കുമപ്പുറത്തായിരുന്നു, അവൾക്ക് അച്ഛൻ. ഡോക്ടറാവുക എന്ന മോഹത്തിനു പിന്നിൽ വേദന തിന്നു ജീവിക്കുന്ന അവളുടെ അച്ഛന്റെ കഥയാണ്.” സങ്കടവും വേദനയും ഒരുക്കി ദേവിക അവനെ വാക്കുകളുടെ വിരുന്നൂട്ടി.
“അന്നവൾ മൂന്നാം ക്ലാസിലായിരുന്നു. ഓട്ടോ ഓടിച്ച് ക്ഷീണിച്ചു വീട്ടിലെത്തിയ അച്ഛൻ, അടുത്ത ദിവസത്തെ നൃത്തത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ മറന്നു പോയിരുന്നു. അവളുടെ വാശിക്കും കരച്ചിലിനും കീഴടങ്ങി ഓട്ടോ ഓടിച്ച് ടൗണിലേക്ക് പോയ യാത്രയിൽ ബസ്സ് ഇടിച്ചുണ്ടായ അപകടത്തിനു ശേഷം അദ്ദേഹം കിടക്കയിൽ നിന്നു എഴുന്നേറ്റിട്ടില്ല.”
ദേവിക പണിത നൊമ്പരമാപിനിക്കുള്ളിൽ സനന്ദ് നീറുമ്പോഴായിരുന്നു അടുത്ത മുറിയിൽ നിന്ന് പാത്രം വീഴുന്ന ശബ്ദം കേട്ടത്. ദേവിക അങ്ങോട്ട് ഓടി. പിന്നാലെ സനന്ദും. വിവിധ വികാരങ്ങൾ അശോകന്റെ മുഖത്ത് പേശീവല മെടഞ്ഞിരുന്നു. ദേവിക താഴെ വീണ പാത്രം എടുത്തു വെച്ചു. അശോകനു മുമ്പിൽ സനന്ദിന്റെ പശ്ചാതാപം മുട്ടുമടക്കി വിങ്ങിപൊട്ടി.
“ചേട്ടാ, ഒന്നു കണ്ണു തുറന്നു നോക്ക്. “
പലവട്ടം ദേവിക ആവിശ്യപ്പെട്ടിട്ടും അശോകൻ നനഞ്ഞ കണ്ണുകൾ തുറന്നില്ല. മുറിക്കകത്ത് നീണ്ടു പോയ മൗനത്തിന്റെ പ്രഹരം താങ്ങാനാവാതെ സനന്ദ് ഉമ്മറത്തേക്ക് നടന്നു. ചിത്തിരത്തോടിന്റെ ഓരം ചേർന്നു വീശിയ ഊമക്കാറ്റ് സനന്ദിനെ ശ്വാസം മുട്ടിച്ചു. അവൻ ഇറങ്ങി നടന്നു. ഉഷ്ണജ്വരം പടർന്ന തോട്ട് വരമ്പിലൂടെ അവൻ ഓടി. നിഴലുകൾ പത്തിവിടർത്തി ആടിയപ്പോൾ, ചിത്തിര തോട്ടിലേക്ക് എടുത്തു ചാടി. നീരൊഴുക്കിൽ അല്പം ആശ്വാസം കണ്ടു. ശരീരം വീണ്ടും ചുട്ടുപൊള്ളാൻ തുടങ്ങിയപ്പോൾ കഴുത്തോളം മുങ്ങി നിന്നു. ചൂട് വീണ്ടും ഇരച്ചുകയറിയപ്പോൾ തല വെള്ളത്തിൽ ആഴ്ത്തി വെച്ചു. തോട്ടുവള്ളികളിൽ മയങ്ങിയ ഉച്ചക്കാറ്റ് പൊടുന്നനെ ചൂളം വിളിച്ച് തെക്കോട്ട് പറന്നു.
വേദയുടെ ഓർമ്മഡയറി തിണ്ണമേൽ വെച്ച് സനന്ദിനെ അന്വേഷിച്ച് ദേവിക വീടിനു ചുറ്റം നടന്നു. ചിത്തിരത്തോട് കടന്നു വന്ന ഇളം കാറ്റ് ഉമ്മറത്തിണ്ണയിൽ വെച്ച ഡയറിയുടെ പേജുകൾ മറിച്ചിട്ടു വായിച്ചു.
“പ്രണയത്തിന് ആരെയും കൊല്ലാനാവില്ല. അതെന്നും പ്രതീക്ഷയാണ്, പ്രകാശമാണ്, പ്രത്യാശയാണ്. “












