
ഭയത്തിൻ്റെ വില
സുരേഷ് ഒരു ബിസിനസ്സുകാരനാണ്. വളരെ മികച്ച രീതിയിൽ മുന്നേറിയിരുന്ന ബിസിനസിൽ പെട്ടെന്നാണ് അയാൾക്കു നഷ്ടം നേരിടേണ്ടി വന്നത്. അയാളുടെ ധൈര്യം ചോർന്നു. പലരും ഉപദേശിച്ചു. അതിനേക്കാൾ ആരോടും ഉപദേശം തേടുന്ന സ്ഥിതിയിലായി അയാൾ. ആദ്യം കണ്ട ജോതിഷി പ്രത്യേക കല്ല് ധരിക്കാൻ ആവശ്യപ്പെട്ടു. ഇനി ഒരാൾ പൂജയാണ് നിർദേശിച്ചത്. അടുത്ത ആൾ, കുറച്ചധികം പണം വാങ്ങി മന്ത്രം ഉപദേശിച്ചു. ദിവസം കഴിയുന്തോറും കെട്ടുകൾ മുറുകി വന്നു. സുരേഷ് ഓരോന്നും ചെയ്തു. എന്നിട്ടും അയാളുടെ ഭയം കുറഞ്ഞില്ല, പ്രശ്നങ്ങൾ ഒഴിഞ്ഞില്ല. ഒരു ദിവസം അയാളുടെ മകൾ ചോദിച്ചു.
“അച്ഛാ… അച്ഛനിപ്പോൾ സമാധാനം അന്വേഷിക്കുകയാണോ അതോ ഭയന്ന് ഓടുകയാണോ?” ആ ചോദ്യം അയാളെ ചിന്തിപ്പിച്ചു.
അന്ന് രാത്രി ആദ്യമായി അയാൾ തന്റെ മൊബൈലിലെ നോട്ട്പാഡിൽ ഇങ്ങനെ എഴുതി, “എന്റെ ഭയമാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. ഞാനായിരുന്നില്ല….”
ഈ അവസ്ഥ പല വിധത്തിൽ നമ്മൾ കടന്നു പോകുന്നതാണ്. ഇതിൻ്റെ പിന്നിലെ ശാസ്ത്രമെന്താണ്?
അമിതമായ ഭയവും സമ്മർദ്ദവും ഉള്ളപ്പോൾ, മനുഷ്യൻ ഉറപ്പും അഭയവും തേടും. അതുകൊണ്ട് തന്നെ, ഉറപ്പായ ഫലം വാഗ്ദാനം ചെയ്യുന്ന ആളുകളെയോ രീതികളെയോ ചിലർ എളുപ്പത്തിൽ വിശ്വസിക്കും. ന്യൂറോപ്ലാസ്റ്റിസിറ്റി നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. ശാന്തമായ മനസ്സാണ് മികച്ച തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ സഹായിക്കുന്നത്. അതുകൊണ്ട് മനസ്സിനെ ആദ്യം ശാന്തമാക്കുക. ശേഷം തീരുമാനം എടുക്കുക. ഏതു പ്രതിസന്ധിയേയും അതിജീവിക്കാനാകുമെന്നും, അതിനായി ശാന്തമായി പരിഹാരം കണ്ടെത്തുമെന്നും വിശ്വസിക്കുന്നതാണ് പുറമേ നിന്നുള്ള ഏത് പരിഹാര വാഗ്ദാനങ്ങളേക്കാളും വിശ്വസിക്കാവുന്നത്.
ആത്മീയ പ്രതിഫലനം
ആത്മീയത ഒരിക്കലും ഭയത്തെ വളർത്തുന്നതല്ല. പ്രതിസന്ധികളിലും വിവേകത്തോടെ ജീവിക്കാൻ പഠിപ്പിക്കുന്നതാണ്.
ഇന്നത്തെ പരിശീലനം
ഇന്ന് നിങ്ങൾ എടുക്കാൻ പോകുന്ന ഒരു പ്രധാന തീരുമാനത്തെ തിരഞ്ഞെടുക്കുക.
ആദ്യം ഒരു നിമിഷം നിശ്ശബ്ദമായി ഇരിക്കുക. ഉടൻ തീരുമാനിക്കേണ്ടതില്ല.
ഒരു പേപ്പറിൽ എഴുതുക: “ഈ തീരുമാനത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്താണ്?”
അതിന് താഴെ എഴുതുക: “ഈ ഭയത്തിന് യഥാർത്ഥ തെളിവുണ്ടോ, അതോ എന്റെ മനസ്സ് സൃഷ്ടിക്കുന്ന ഒരു സാധ്യത മാത്രമാണോ?”
ഇനി മൂന്നാമതായി എഴുതുക: “ഭയം ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് തീരുമാനിക്കുമായിരുന്നു?”
ഇന്ന് കഴിയുമെങ്കിൽ, ആ തീരുമാനത്തിന്റെ കാര്യത്തിൽ ഒരു ചെറിയ യാഥാർത്ഥ്യപരമായ നടപടി മാത്രം എടുക്കുക. ഭയത്തെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതില്ല. ഭയത്തോടൊപ്പം വ്യക്തമായി ചിന്തിക്കാൻ പഠിക്കുക.
ഇന്നത്തെ വാക്യം
“ഭയം എനിക്ക് മുന്നറിയിപ്പ് നൽകാം; പക്ഷേ എന്റെ ജീവിതത്തിന്റെ തീരുമാനം എടുക്കേണ്ടത് ഭയമല്ല, വിവേകമാണ്.”









