
ഏഴു ദിവസത്തിൽ ജീവിതം മാറുന്ന അത്ഭുതം
അനു ഒരു ചെറിയ ബിസിനസ് നടത്തുകയാണ്. അഞ്ച് മാസമായി വരുമാനം കുറഞ്ഞു കുറഞ്ഞാണ് വരുന്നത്. വീട്ടിൽ നല്ല സാമ്പത്തിക സമ്മർദ്ദമുണ്ട്. വാടക, കറണ്ടു ചാർജ്, ശബളം, മറ്റു ചെലവുകൾ…. അനുവിന് രാത്രി ഉറക്കമില്ലാതായ നാളുകൾ ആയിരുന്നു അവ. അപ്പോഴാണ് ഫോണിൽ ഒരു പരസ്യം കണ്ടത്.
“ഈ അത്ഭുത മനഃശക്തി കോഴ്സ് ചെയ്താൽ ഏഴു ദിവസത്തിൽ നിങ്ങളുടെ ജീവിതം മാറും. പണവും വിജയവും നിങ്ങളെ തേടിയെത്തും.”
ആദ്യ ദിവസം അവൾ സംശയിച്ചു. എന്നിട്ടും രണ്ടു മൂന്നു വട്ടം ആവർത്തിച്ച് പരസ്യം കണ്ടു. പിറ്റേന്ന് അതേ പരസ്യം വീണ്ടും കണ്ടു.മൂന്നാം ദിവസം പരസ്യത്തിലെ ആൾ പറഞ്ഞു,”ഞാൻ ഈ കോഴ്സ് ചെയ്ത ശേഷമാണ് എന്റെ ജീവിതം മാറിയത്.”
അതോടെ വലിയ ആശ്വാസത്തോടെയും വിശ്വാസത്തോടെയും അവൾ കോഴ്സിനായി പണം അടച്ചു. കോഴ്സ് ആരംഭിച്ചു. ആദ്യത്തെ ആവേശം രണ്ടു ദിവസം നീണ്ടുനിന്നു. മെല്ലെ, ഇതുകൊണ്ട് തൻ്റെ പ്രശ്നം പരിഹരിക്കപ്പെടില്ല എന്നവൾ തിരിച്ചറിഞ്ഞു.
വീണ്ടും പഴയപടി, സമ്മർദ്ദം, ഉറക്കമില്ലായ്മ ഒക്കെ കടന്നുവന്നു. അവൾ മറ്റൊരു കോഴ്സ് അന്വേഷിച്ചു. അവളെ നന്നായി അറിയുന്ന സുഹൃത്ത് ചോദിച്ചു, “നിനക്ക് വേണ്ടിയിരുന്നത് ഒരു പുതിയ കോഴ്സായിരുന്നോ? അതോ നിൻ്റെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികളാണോ?” അവൾ നിശ്ശബ്ദയായി.
കഥ അവിടെ നിൽക്കട്ടെ, ശാസ്ത്രം ഇതിൽ എന്തു പറയുന്നു?
ഭയം, നിരാശ, നിസ്സഹായത എന്നിവ കൂടുമ്പോൾ തലച്ചോർ, “ഉടൻ പരിഹാരം” തേടാൻ ശ്രമിക്കും. ഇത് മനുഷ്യ മനസ്സിന്റെ സ്വാഭാവിക പ്രതികരണമാണ്. ചിന്താതലം മാറുന്നത് ഒരൊറ്റ ദിവസം കൊണ്ടല്ല. ചെറിയ ശീലങ്ങൾ, ആവർത്തിക്കുന്ന പരിശീലനം, അനുഭവങ്ങൾ, ചിന്തയിലെ മാറ്റം എന്നിവയിലൂടെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി പ്രവർത്തിക്കുന്നത്. അതുകൊണ്ട്… വേഗത്തിൽ ലഭിക്കുന്ന അത്ഭുതങ്ങളെക്കാൾ, പതുക്കെ വളരുന്ന/ വളർത്തിയെടുക്കുന്ന സ്വന്തം ശീലങ്ങളെ വിശ്വസിക്കാൻ പഠിക്കണം.
ആത്മീയ പ്രതിഫലനം
വിശ്വാസം എന്നത് അത്ഭുതങ്ങളെ അടിസ്ഥാനമാക്കി ആകരുത്. സത്യം സ്വീകരിച്ച് അതിലൂടെ നടക്കാൻ തുടങ്ങുന്നതാണ്.
പരിശീലനം
ഇന്ന് ഒരു പേപ്പറിൽ രണ്ട് കോളം വരയ്ക്കുക.
“ഞാൻ ഇപ്പോൾ അന്വേഷിക്കുന്ന, പെട്ടെന്നുള്ള പരിഹാരം…”
“എന്റെ പ്രശ്നത്തിന് യഥാർത്ഥത്തിൽ വേണ്ട ചെറിയ നടപടി…”
ആദ്യ കോളത്തിൽ, ഇപ്പോൾ നിങ്ങളെ ആകർഷിക്കുന്ന ഒരു അത്ഭുത പരിഹാരം എഴുതുക. രണ്ടാമത്തെ കോളത്തിൽ, നിങ്ങളുടെ യഥാർത്ഥ പ്രശ്നത്തെ നേരിടാൻ ഇന്ന് ചെയ്യാൻ കഴിയുന്ന ഒരു ചെറിയ, യാഥാർത്ഥ്യബോധമുള്ള നടപടി എഴുതുക. അത് ഇന്ന് തന്നെ ചെയ്യുക. അവസാനം സ്വയം ചോദിക്കുക: “എനിക്ക് ഇപ്പോൾ വേണ്ടത് ഒരു അത്ഭുതമാണോ… അതോ ഒരു തുടക്കമാണോ?”
ഇന്നത്തെ വാക്യം
“പെട്ടെന്ന് കിട്ടുന്ന പരിഹാരം ആശ്വാസം നൽകാം; എന്നാൽ പതുക്കെ വളർത്തിയെടുക്കുന്ന ശീലങ്ങളാണ് ജീവിതത്തെ മാറ്റുന്നത്.”









