
കാലം മാറുന്നത്
ഒരു സ്ത്രീക്ക് വർഷങ്ങൾക്ക് മുൻപു പോയ ഒരിടത്തേക്കു പോകേണ്ട ആവശ്യം വന്നു. ആദ്യ യാത്രയിൽ കണ്ട വഴിയിലെ വലിയൊരു കുഴിയും, അടച്ചിട്ട ഒരു പാലവും ചുറ്റി വളഞ്ഞ് മണിക്കൂറുകൾ നഷ്ടപ്പെടുത്തിയത് അവർ മറന്നിരുന്നില്ല. അന്നത്തേതിനു ശേഷം അവർ ആ വഴി പിന്നീട് യാത്ര ചെയ്തിട്ടും ഇല്ല. വർഷങ്ങൾക്കു ശേഷം വീണ്ടും അവിടേക്കു പോകാനൊരുങ്ങുമ്പോൾ ഒരു മുൻപിൻ ചിന്തയുമില്ലാതെ അവർ ആ വളഞ്ഞു ചുറ്റിപ്പോകേണ്ട വഴിയാണ് തിരഞ്ഞെടുത്തത്.
ഇതു മനസിലാക്കിയ സുഹൃത്ത് അവരോടു ചോദിച്ചു, “എന്തിനാണ് ഇത്രയും ദൂരം ചുറ്റിപ്പോകുന്നത്? വേറെ വഴിയുണ്ടല്ലോ?”
അവർ പറഞ്ഞു, “ആ വഴി ശരിയല്ല. വലിയ കുഴികളാണ് റോഡിൽ, മാത്രവുമല്ല ആ പാലം അടച്ചിട്ടിരിക്കുകയുമാണ്.”
അയാൾ ചിരിച്ചു.
“അത് വർഷങ്ങൾക്ക് മുൻപല്ലേ? ഇപ്പോൾ അവിടെ പുതിയ പാലമുണ്ട്.”
അവൾ കുറച്ചുനേരം നിശ്ശബ്ദയായി. കാലം വരുത്തുന്ന മാറ്റം അവരുടെ ചിന്തകളിൽ കടന്നുവന്നിരുന്നില്ല.
കഥയെന്തുമാകട്ടെ, ശാസ്ത്രം എന്തു പറയും ഇവിടെ?
നമ്മുടെ മസ്തിഷ്കം മുൻ അനുഭവങ്ങളിൽ നിന്ന് ലോകത്തെക്കുറിച്ച് ചില പ്രതീക്ഷകളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നു. അവ പലപ്പോഴും നമ്മെ സഹായിക്കുന്നു. പക്ഷേ പഴയ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിശ്വാസം ഇന്നത്തെ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടമെന്നു നിർബന്ധമില്ല..
ആത്മീയ കാഴ്ചപ്പാട്
ജീവിതത്തിൽ ഒരിക്കൽ നമ്മെ സംരക്ഷിച്ച ഒരു ഭയം പിന്നീട് നമ്മെ തടയുന്ന മതിലായി മാറാം. അതുകൊണ്ട് പഴയ അനുഭവങ്ങളെ തള്ളിക്കളയേണ്ടതില്ല. അവയിൽ നിന്ന് പഠിക്കണം. എന്നാൽ അവയെ നമ്മുടെ ഭാവിയുടെ വിധിയായി മാറ്റേണ്ടതില്ല.
നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ സത്യമായിരുന്നെങ്കിലും ഇന്ന് മാറിയിരിക്കാവുന്ന ഒരു ഓർമ/ വിശ്വാസം കണ്ടെത്തുക. ഉദാഹരണത്തിന്:
“എനിക്ക് ഇത് ചെയ്യാൻ കഴിയില്ല.”
“ആളുകൾ എന്നെ അംഗീകരിക്കില്ല.”
“ഞാൻ മാറിയാൽ മറ്റുള്ളവർ എന്ത് കരുതും?”
അതിനുശേഷം ചോദിക്കുക: “ഇത് ഇന്നത്തെ യാഥാർത്ഥ്യമാണോ, അതോ പഴയ അനുഭവത്തിന്റെ മാപ്പാണോ?”
ഇന്നത്തെ പരിശീലനം
രണ്ട് വരികൾ എഴുതുക:
“എന്റെ പഴയ ചിന്ത പറയുന്നത്…”
“എന്റെ ഇന്നത്തെ ജീവിതം കാണിക്കുന്നത്…” ശേഷം ഒരു ചെറിയ പുതിയ ചുവട് തിരഞ്ഞെടുക്കുക.
ഇന്നത്തെ വാക്യം
“പഴയ വഴികൾ നമ്മെ പഠിപ്പിക്കട്ടെ; പക്ഷേ അവ നമ്മുടെ ഭാവിയെ തീരുമാനിക്കേണ്ടതല്ല.”









