
ആരുടെ തെറ്റ്
ഒരു ഓഫീസിൽ മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താൻ പ്രത്യേക കഴിവുണ്ടായിരുന്ന ഒരു സീനിയർ സ്റ്റാഫ് ഉണ്ടായിരുന്നു. ഒരു ചെറിയ തെറ്റ് കണ്ടാൽ മതി, “ഇത് പോലും ശരിയായി ചെയ്യാൻ അറിയില്ലേ?” എന്ന് മേലധികാരി കേൾക്കേ ശാസിക്കുന്നതായിരുന്നു ഇദ്ദേഹത്തിൻ്റെ വിനോദം. മറ്റ് സ്റ്റാഫുകൾ കേൾക്കെയും കേൾക്കാതെയും അയാൾ കുറ്റങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു ഫോൺ കോൾ ആരെങ്കിലും എടുക്കാതിരുന്നാൽ, “ഇവരെക്കൊണ്ട് എങ്ങനെ ജോലി നടക്കും?” എന്ന് ഉച്ചത്തിൽ പറയും. ഒരു ഇമെയിൽ അയക്കാൻ കുറച്ച് വൈകിയാൽ,“ഇവരോട് എത്ര പറഞ്ഞാലും കാര്യമില്ല.” എന്നാവും പരാതി.
അങ്ങനെ ഓരോ ദിവസവും ആരുടെയെങ്കിലും ഒരു കുറവ് അയാളുടെ സംസാരവിഷയമാകും. അയാളുടെ വാക്കുകളിൽ സദാ മറ്റുള്ളവരുടെ തെറ്റുകൾ ഉണ്ടായിരുന്നു. പക്ഷേ ഒരു കാര്യം ആരും അധികം ശ്രദ്ധിച്ചിരുന്നില്ല.
സ്വന്തം തെറ്റുകളെക്കുറിച്ച് അയാൾ ഒരിക്കലും സംസാരിച്ചിരുന്നില്ല എന്ന കാര്യം. അങ്ങനെ ഒരു ദിവസം ഓഫീസിൽ വലിയൊരു പ്രശ്നമുണ്ടായി. ഒരു പ്രധാനപ്പെട്ട ഫയലിൽ സംഭവിച്ച പിഴവ്, കസ്റ്റമർ ചൂണ്ടിക്കാണിച്ചതോടെ ഉണ്ടായ പ്രശ്നമായിരുന്നു അത്. കേട്ടപാതി അയാൾ പതിവുപോലെ തന്നെ സ്റ്റാഫിൽ ഒരാളെ കുറ്റപ്പെടുത്താൻ തുടങ്ങി.
“ഞാൻ നേരത്തെ പറഞ്ഞതല്ലേ, ഇവനെക്കൊണ്ട് ഇതൊന്നും പറ്റില്ലെന്ന്. ശ്രദ്ധയില്ലാത്ത ആളാണ്.” ഇങ്ങനെ ആ പറച്ചിൽ തുടർന്നു.
മറ്റുള്ളവർ പതിവുപോലെ മിണ്ടാതിരുന്നു. എന്നാൽ ഓഫീസിൽ പുതുതായി വന്ന മാനേജർ അവിടെ ഉണ്ടായിരുന്നു. അവൾ മെയിലുകൾ പരിശോധിച്ചു, എന്നിട്ടു പറഞ്ഞു:
“ഒരു നിമിഷം, ആ ഫയൽ അയച്ചത് ആരാണെന്ന് നോക്കട്ടെ…?”
മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. അവൾ പറഞ്ഞു, ഫയൽ അയച്ചത്… എല്ലാവരേയും കുറ്റപ്പെടുത്തുന അയാൾ തന്നെയായിരുന്നു.
അയാൾ നിശ്ശബ്ദനായി, തലകുനിച്ചു. ആരും ചിരിച്ചില്ല. ആരും അയാളെ കുറ്റപ്പെടുത്തിയില്ല. ആ മാനേജറും അയാളെ നോക്കിനിന്നില്ല. അവൾ ആ പ്രശ്നം പരിഹരിക്കാനുള്ള ജോലിയിലേക്ക് തിരിഞ്ഞു.
കുറച്ചുനേരം കഴിഞ്ഞ് അവൾ പറഞ്ഞു: “തെറ്റ് ആരുടേതാണെന്ന് കണ്ടെത്തുന്നത് എളുപ്പമാണ്. പക്ഷേ, സ്വന്തം തെറ്റ് സമ്മതിക്കുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.”
അയാൾ അവളെ നോക്കി. മറുപടി പറയാൻ അയാളുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. അന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ, ആദ്യമായി അയാൾക്ക് തോന്നി, “മറ്റുള്ളവരുടെ കുറവുകൾ കാണാൻ ഇത്രയും സമയം ചെലവഴിച്ചപ്പോൾ, സ്വന്തം കുറവുകൾ കാണാൻ ഒരിക്കൽ പോലും ശ്രമിച്ചില്ലല്ലോ” എന്ന്.
ശാസ്ത്രം എന്തു പറയുന്നു?
മറ്റുള്ളവരുടെ തെറ്റുകൾ നിരന്തരം ചൂണ്ടിക്കാണിക്കുന്നത് ചിലപ്പോൾ സ്വന്തം ഇമേജ് സംരക്ഷിക്കാനുള്ള ഒരു പ്രതിരോധ മാർഗം ആകാം. സ്വന്തം കുറവുകളിലേക്ക് നോക്കുന്നതിനേക്കാൾ മറ്റൊരാളുടെ കുറവ് കണ്ടെത്തുന്നത് മനസ്സിന് എളുപ്പമായിരിക്കും. അതുകൊണ്ട് ചിലർ മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ വലുതാക്കി കാണിക്കുകയും, സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കുകയും ചെയ്യും.
ആത്മീയ ചിന്ത
മറ്റൊരാളുടെ കുറവ് കാണാൻ കണ്ണുകൾ മാത്രം മതി. സ്വന്തം കുറവ് കാണാൻ ഒരു കണ്ണാടി വേണം. സദാ മറ്റുള്ളവരെ തിരുത്തുന്നതിന് മുൻപ് ഒരിക്കൽ സ്വയം നോക്കാൻ കഴിയുമോ? എങ്കിൽ അതാണ് യഥാർത്ഥ ആത്മപരിശോധന.
ഇന്നത്തെ പരിശീലനം
ഇന്ന് ഒരാളെ കുറ്റപ്പെടുത്തണമെന്ന് തോന്നിയ ഒരു നിമിഷം ഓർക്കുക. ഒരു വരി മാത്രം എഴുതുക:
“അയാളുടെ തെറ്റിന് മുൻപ്, ഞാൻ കാണാതെ പോയത് എന്തായിരുന്നു?”
ചിലപ്പോൾ മറ്റൊരാളുടെ കുറവ് ചൂണ്ടിക്കാണിക്കുന്ന വിരൽ, പതുക്കെ തിരിഞ്ഞ് നമ്മളിലേക്കും വരും. അപ്പോൾ അവിടെ കാണുന്നത് ഒരു കുറ്റക്കാരനെ അല്ല ഒരു മനുഷ്യനെയാകും.
ഇന്നത്തെ വാക്യം
മറ്റൊരാൾക്കു നേരെ ചോദ്യം ഉയർത്തും മുൻപ് അവനവൻ്റെ പ്രവൃത്തി വിലയിരുത്തുന്നത് നല്ലതാണ്.









