പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 15

ഒരു പ്രശസ്ത ശില്പിയുടെ അടുത്ത് ഒരു യുവാവ് ജോലി പഠിക്കാനെത്തി. അവിടെ വലിയൊരു പാറയിൽ നിന്ന് അതിമനോഹരമായ ഒരു പ്രതിമ രൂപം കൊത്തിയെടുക്കുകയായിരുന്നു ശില്പി.

യുവാവ് ചോദിച്ചു.

“ഈ പ്രതിമ അങ്ങ് എങ്ങനെ സൃഷ്ടിച്ചു?”

ശില്പി ചുറ്റിക താഴെവെച്ച് പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, “ഞാൻ ഒന്നും സൃഷ്ടിച്ചിട്ടില്ല.”

യുവാവ് അമ്പരന്നു. “പിന്നെ?” അയാൾ ചോദിച്ചു

“ഈ പ്രതിമ ആദ്യം മുതൽ ഈ പാറയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഞാൻ അതിന് ആവശ്യമില്ലാത്ത ഭാഗങ്ങൾ മാത്രം നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.”
യുവാവ് നിശ്ശബ്ദനായി. ആ ദിവസം അവൻ ശില്പമുണ്ടാക്കുന്നതിനേക്കാൾ വലിയ ഒരു സത്യം പഠിച്ചു.

ഒരുപക്ഷേ…നമ്മുടെ ജീവിതവും ഇങ്ങനെ തന്നെയായിരിക്കാം.

ശാസ്ത്രം എന്ത് പറയുന്നു?

വ്യക്തിത്വവളർച്ച എന്നത് എല്ലായ്പ്പോഴും പുതിയ എന്തെങ്കിലും കൂട്ടിച്ചേർക്കലല്ല. ചിലപ്പോൾ അത് അനാവശ്യമായ ശീലങ്ങൾ, തെറ്റായ വിശ്വാസങ്ങൾ, സ്വയം ചെറുതായി കാണുന്ന ചിന്തകൾ എന്നിവ പതുക്കെ ഒഴിവാക്കുന്ന പ്രക്രിയ കൂടിയാണ്. തലച്ചോറിലെ പഴയ പ്രതികരണശീലങ്ങളെ മാറ്റി പുതിയവ പരിശീലിക്കുമ്പോൾ, പുതിയ പെരുമാറ്റരീതികൾ ക്രമേണ സ്വാഭാവികമാകാം.

ആത്മീയ ചിന്ത

ഒരു സത്യം പറയട്ടെ, നിങ്ങൾ അന്വേഷിക്കുന്ന ആ പെർഫെക്ട് മനുഷ്യൻ നിങ്ങളിൽത്തന്നെയുണ്ട്. നിരാശയും ഭയവും സംശയവും നീങ്ങിയാൽ മാത്രം മതിയാകും അതു പ്രകടമാകാൻ.

ഇന്നത്തെ പരിശീലനം

ഇന്ന് ഒരു പേപ്പറിൽ രണ്ട് ചോദ്യങ്ങൾ എഴുതുക.

“എന്നെ മുന്നോട്ട് നയിക്കുന്ന ഒരു ശീലം ഏത്?”

“എന്നെ പിന്നോട്ട് വലിക്കുന്ന ഒരു ശീലം ഏത്?”

ഇന്ന് രണ്ടാമത്തേതിൽ നിന്ന്, വെറും ഒരു പടി മാത്രം അകന്നുനിൽക്കാൻ ശ്രമിക്കുക.

ചിന്തിക്കാൻ

ഞാൻ പുതിയ ഒരാളാകാൻ ശ്രമിക്കുകയാണോ… അതോ യഥാർത്ഥ എന്നെ കണ്ടെത്തുകയാണോ?

ഇന്നത്തെ വാക്യം

“ശില്പി പ്രതിമ ഉണ്ടാക്കിയതല്ല. ആവശ്യമില്ലാത്തത് നീക്കം ചെയ്തു. ജീവിതം പലപ്പോഴും അങ്ങനെയാണ്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.