
പൊട്ടിക്കേണ്ടത് ബലഹീനരാണെന്ന വിശ്വാസമാണ്
ഒരു ചെറിയ തെറ്റ്
ഒരു ദിവസം ഓഫീസിൽ പുതുതായി ജോലിയിൽ പ്രവേശിച്ച യുവതി ഒരു പ്രസന്റേഷൻ ചെയ്യുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ മുന്നിൽവെച്ച് അങ്ങനെയൊന്ന് പ്രസൻ്റ് ചെയ്യുമ്പോൾ പരിഭ്രമം കൊണ്ട് അവൾക്കു ചെറുപിഴവുകൾ പറ്റി. സഹപ്രവർത്തകരിൽ ചിലർ അതു പറഞ്ഞ് അവളെ കണക്കിനു കളിയാക്കി. അതിനുശേഷം, പ്രസന്റേഷൻ ചെയ്യാനുള്ള അവസരം വരുമ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറി.
“എനിക്ക് ഇതൊന്നും പറ്റില്ല,” അവൾ സ്വയം പറഞ്ഞു. കേട്ടു നിൽക്കുന്നവർ അത് ഒന്നുകൂടി പറഞ്ഞുറപ്പിച്ചു.
കുറേക്കാലം കഴിഞ്ഞു. പുതിയൊരു മാനേജർ എത്തി. ഇത്തവണ അവൾക്ക് ഒഴിഞ്ഞുമാറാനാകില്ല എന്നത് ഉറപ്പായിരുന്നു. അവൾ സീനിയർ സ്റ്റാഫാണ്. അവൾ തയ്യാറെടുത്തു. അന്ന് പ്രസൻ്റേഷനു മുന്നേ അവൾക്ക് ഒരു ചോദ്യം നേരിടേണ്ടി വന്നു.
“നിങ്ങളുടെ ഏറ്റവും വലിയ കഴിവ് എന്താണ്?” പുതിയ മാനേജർ ചോദിച്ചു.
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഒരിക്കൽ പറ്റിയ തെറ്റിനെ, എന്റെ കഴിവിന്റെ അളവുകോലാക്കാതിരിക്കാൻ ഞാൻ പഠിച്ചു.”
വർഷങ്ങളായി അവൾ തന്നെക്കുറിച്ച് ചിന്തിച്ചുറപ്പിച്ച ഒരു വാചകം അന്നാണ് മാറിയത്. തുടർന്നു നടന്ന പ്രസൻ്റേഷൻ എല്ലാവരെയും വിസ്മയിപ്പിച്ചു.
ശാസ്ത്രം എന്ത് പറയുന്നു?
നമ്മൾ നമ്മെക്കുറിച്ച് ആവർത്തിച്ച് പറയുന്ന കഥകൾ നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കും. മനഃശാസ്ത്രത്തിൽ ഇതിനെ self-beliefs അഥവാ self-schema എന്ന് വിളിക്കുന്നു. പുതിയ അനുഭവങ്ങളും ബോധപൂർവമായ പരിശീലനവും ഈ സ്വയംധാരണകളെ ക്രമേണ മാറ്റാൻ സഹായിക്കും.
ആത്മീയ ചിന്ത
സ്വയം അറിയുക എന്നത് സ്വയം കുറ്റപ്പെടുത്തുക എന്നല്ല. സത്യസന്ധമായി സ്വയം കാണുക എന്നതാണ്.
ഇന്നത്തെ പരിശീലനം
ഒരു പേപ്പറിൽ എഴുതുക.
“ഞാൻ എന്നെക്കുറിച്ച് വർഷങ്ങളായി വിശ്വസിക്കുന്ന മൂന്ന് കാര്യങ്ങൾ.” പിന്നെ സ്വയം ചോദിക്കുക:
“ഇവയിൽ ഏതാണ് യാഥാർഥ്യം? ഏതാണ് പഴയ കഥ?”
ഇന്നത്തെ വാക്യം
“ജീവിതത്തെ മാറ്റുന്നതിന് മുമ്പ്, നമ്മൾ സ്വയം കുറച്ചുകാട്ടുന്ന ആ പഴയ കഥ മാറ്റാൻ തുടങ്ങാം.”









