
വിതയ്ക്കുന്നതു മാത്രമല്ല വിതയ്ക്കാത്തതും വളരും. ശ്രദ്ധ പ്രധാനം.
രണ്ട് തോട്ടങ്ങൾ
ഒരു ഗ്രാമത്തിലെ രണ്ട് അയൽവീടുകളിൽ ഓരോ അടുക്കളത്തോട്ടമുണ്ടായിരുന്നു. ഒരെണ്ണം അതിൻ്റെ ഉടമസ്ഥർ എല്ലാ ദിവസവും പുല്ല് പറിച്ചു, വെള്ളമൊഴിച്ചു. വളം ചെയ്തു പരിപാലിച്ചു പോന്നു. തൈകൾ മുളച്ചുപൊന്തി, വള്ളികൾ വീശി…. അതൊരു മനോഹരമായ അടുക്കളത്തോട്ടമായി രൂപാന്തരപ്പെട്ടു. എന്നാൽ അടുത്തതിലേക്ക് ആരും ഒന്നും ഒന്നും ചെയ്തില്ല. ഉടമസ്ഥർ ആ ഭാഗത്തേക്കു നോക്കുക പോലും ചെയ്തില്ല.
രണ്ടു മാസം കടന്നുപോയി. രണ്ടാമത്തെ തോട്ടത്തിൽ പുല്ലുകൾ നിറഞ്ഞു വളർന്നു. നട്ടുപിടിപ്പിച്ച ചെടികൾ കാണാനേ ഉണ്ടായിരുന്നില്ല.
ആ വീട്ടുകാരൻ അയൽക്കാരനോട് പരിഭവം പറഞ്ഞു, “കഷ്ടം! നോക്കൂ, ഞാൻ നട്ട ചെടികൾ ഒന്നുപോലും വളർന്നില്ല.എന്തുകൊണ്ടാണ് എന്റെ തോട്ടം ഇങ്ങനെയായത്?”
അയൽക്കാരൻ പറഞ്ഞു. “സുഹൃത്തേ നീ ഒന്നും ചെയ്തില്ല, അതുതന്നെ കാരണം.”
ശാസ്ത്രത്തിന് ഇതിൽ എന്തു പറയാനുണ്ട്?
തലച്ചോറും ഒരു തോട്ടം പോലെയാണ്. നല്ല ചിന്തകൾ, അല്ലെങ്കിൽ ഗുണപരമായ ചിന്തകൾ ബോധപൂർവം വളർത്തിയില്ലെങ്കിൽ, ഭയം, ഉത്കണ്ഠ, നെഗറ്റീവ് ശീലങ്ങൾ എന്നിവയാകുന്ന കളകൾ അവിടെ സ്വയം വളരാൻ ഇടയുണ്ട്. ചിന്തകളെ ശ്രദ്ധിക്കുക, വഴി തെറ്റുന്നവയെ നേർവഴിക്കു നടത്തുക. കളകൾ നിറയണോ അതോ വിളകൾ നിറയണോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്.
ആത്മീയ ചിന്ത
മനസ്സിനെ കളകളിൽ നിന്നും സംരക്ഷിക്കുന്നതും ഒരു ആത്മീയ പരിശീലനമാണ്.
ഇന്നത്തെ പരിശീലനം
ഇന്ന് നെഗറ്റീവ് ആയ കാര്യങ്ങളിലേക്കുള്ള സമയം കുറയ്ക്കുക. ഉദാഹരണത്തിന് ഒരാളുടെ കുറ്റം മറ്റൊരാളോട് പറയുന്നത്, സ്വന്തം കുറ്റം കണ്ടെത്തി ചിന്തിക്കുന്നത്, പഴയ കാര്യങ്ങൾ ഓർത്ത് സങ്കടപ്പെടുന്നത്, മറ്റുള്ളവരെ അവർ കേൾക്കാതെ അപഹസിക്കുന്നത്, സ്വയം മോശമെന്നു ചിന്തിക്കുന്നത്, ആരോടെങ്കിലും വഴക്കിടാൻ ഒരുങ്ങുന്നത് ഒക്കെ ഇന്നത്തേക്ക് ഒഴിവാക്കാൻ പറ്റുമോ?
പകരം 15 മിനിറ്റ് നല്ലൊരു പുസ്തകം വായിക്കുകയോ, പാട്ടുപാടുകയോ കേൾക്കുകയോ ചെയ്താലോ? ഇല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം ഒരു കാപ്പി കുടിച്ചാലോ? പുറത്തേക്കിറങ്ങി നടന്നാലോ?
ഇന്നത്തെ വാക്യം
” മറക്കാതിരിക്കുക, വിതയ്ക്കാത്തതും വളരും. ചോദ്യം ഇതാണ്: വളരുന്നത് / വളർത്തുന്നത് എന്താണ്?”









