പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 2

ആർക്കാണു നിങ്ങൾ ചോറൂട്ടുന്നത്?

രണ്ടു ചെന്നായ്ക്കളുടെ കഥ

ഒരു വൈകുന്നേരം മുത്തച്ഛനും പേരക്കുട്ടിയും വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. കുട്ടി ചോദിച്ചു, “മുത്തച്ഛാ… എനിക്കു ചിലപ്പോൾ നല്ല കുട്ടിയാകണം എന്നു തോന്നും. എന്നാലോ ചിലപ്പോൾ ദേഷ്യവും അസൂയയും പേടിയും ഒക്കെ മനസ്സിൽ നിറയും. അപ്പോൾ ഞാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തും. അവർ കാരണമാണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടായതെന്നു പറയും. അമ്മയോടു വഴക്കിടും. എന്തുകൊണ്ടാണ് ഇങ്ങനെ?”

മുത്തച്ഛനൊന്ന് ആലോചിച്ചു. പിന്നെ പറഞ്ഞു,

“എല്ലാ മനുഷ്യരുടേയും ഉള്ളിൽ രണ്ടു ചെന്നായ്ക്കളുണ്ട്. ഒന്നു സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും ധൈര്യത്തിന്റെയും ചെന്നായ. മറ്റൊന്നു ഭയത്തിന്റെയും കോപത്തിന്റെയും അസൂയയുടെയും നിരാശയുടെയും ചെന്നായ. അവ രണ്ടും എല്ലാ ദിവസവും പരസ്പരം പോരാടിക്കൊണ്ടിരിക്കുകയാണ്.”

“അപ്പോൾ ജയിക്കുന്നത് ഏത് ചെന്നായയാണ്?” കുട്ടി ചോദിച്ചു.

മുത്തച്ഛൻ പുഞ്ചിരിച്ചു.
“നീ ആർക്കാണോ എല്ലാ ദിവസവും ഭക്ഷണം കൊടുക്കുന്നത് ആ ചെന്നായ വിജയിക്കും.”

ഇതൊരു നാടോടിക്കഥയാണ്. ഇതും ന്യൂറോപ്ലാസ്റ്റിസിറ്റിയുമായി ബന്ധമുണ്ട് എന്നു പറഞ്ഞാലോ? ഞാനല്ല, ശാസ്ത്രം എന്നു പറയുന്നു എന്നു നോക്കാമിനി. നമ്മുടെ തലച്ചോർ ആവർത്തിച്ച് ഉപയോഗിക്കുന്ന ചിന്താപാതകളാണ് കൂടുതൽ ശക്തമാകുക. നമ്മൾ ദിവസവും ഭയത്തെക്കുറിച്ചു ചിന്തിച്ചാൽ, ഭയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ കൂടുതൽ സ്വാഭാവികമാകും. എന്നാൽ ദിവസവും നന്ദി പ്രകടിപ്പിക്കാനും, ക്ഷമിക്കാനും, ശാന്തമായി പ്രതികരിക്കാനും പരിശീലിച്ചാൽ, അതുമായി ബന്ധപ്പെട്ട നാഡീപാതകൾ ക്രമേണ ശക്തമാകും. തലച്ചോർ നല്ലതും ചീത്തയും തിരഞ്ഞെടുത്ത് ഏതെങ്കിലും ഒന്നിനെ ശക്തമാക്കുന്നില്ല. ഏറ്റവും കൂടുതൽ ആവർത്തിക്കുന്നതിനെ മാത്രമാണ് അത് ശക്തമാക്കുന്നത്. അപ്പോൾ നിത്യവും മറ്റുള്ളവരുടെ കുറ്റമോ, സ്വന്തം കുറവുകളോ ഭയങ്ങളോ ഒക്കെ ഓർത്ത് പഴയകാല പ്രാരാബ്ദങ്ങളും നഷ്ടങ്ങളും ഓർത്ത് ജീവിച്ചാൽ, അത്തരം കാര്യങ്ങൾ തന്നെയാവും എപ്പോഴും ചുറ്റിൽ. എന്നാൽ ഒന്നു മാറാൻ തയ്യാറായാലോ? ചിന്തകളെ നിരീക്ഷിക്കാൻ തുടങ്ങിയാൽ മെല്ലെ മാറ്റവും വന്നു തുടങ്ങും എന്നു പറയാം…

ഇതിൻ്റെ ആത്മീയ വശം കൂടി നോക്കാം.

എല്ലാ ആത്മീയ പാരമ്പര്യങ്ങളും ഒരു കാര്യം ആവർത്തിക്കുന്നു. മനസ്സിനെ ജയിക്കുന്നവനാണ് യഥാർത്ഥ വിജയി. പുറത്തുള്ള യുദ്ധങ്ങളെ ജയിക്കുന്നതിന് മുമ്പ്, ഉള്ളിലെ യുദ്ധത്തിൽ ഓരോ ദിവസവും ചെറിയ വിജയങ്ങൾ നേടണം. ഇത് ഏറെക്കുറെ എല്ലാ മതങ്ങളും പല മട്ടിൽ പറയുന്നുമുണ്ട്.

ഇന്നത്തെ പരിശീലനം

ഇന്ന് ഒരു കാര്യം മാത്രം ശ്രദ്ധിക്കുക.മോശം ചിന്തകൾ കടന്നുവരുമ്പോൾ അത് അടിച്ചമർത്തരുത്. പകരം സ്വയം ചോദിക്കുക:
“ഇപ്പോൾ ഞാൻ ഏതു ചെന്നായ്ക്കാണ് ഭക്ഷണം കൊടുക്കുന്നത്?” ഈ ഒരു ചോദ്യം മാത്രം നമ്മുടെ പല പ്രതികരണങ്ങളെയും മാറ്റിത്തുടങ്ങും.

ഒന്നും നിരീക്ഷിക്കാതെ, പരീക്ഷിക്കാതെ നമുക്ക് വിശ്വസിക്കണ്ട. ഒന്നു നിരീക്ഷിച്ചാലോ നമ്മുടെ ചിന്തകൾ ഏതു വഴിക്കാണെന്ന്? ഞാൻ നിരീക്ഷിച്ചു തുടങ്ങി. വഴിതെറ്റുമ്പോൾ കുരുത്തക്കേടു കാട്ടുന്ന കുട്ടിയെ ശാസിക്കുന്നതു പോലെ ഒരു വടിയുമായി എൻ്റെ ചിന്തകളുടെ പിന്നാലെയുണ്ട്.
നിങ്ങളുടെ അഭിപ്രായം അറിയിക്കണം. കൂടുതൽ ചിന്തിക്കാൻ ഒരു കാര്യം കൂടി, ഇന്ന് കൂടുതൽ സമയം ചെലവഴിച്ചത് പ്രതീക്ഷയോടൊപ്പമാണോ, ഭയത്തോടൊപ്പമാണോ? അതിനുത്തരം തേടണേ…

ഇന്നത്തെ വാക്യം

“നമ്മുടെ ഭാവി നിർണയിക്കുന്നത് വലിയ തീരുമാനങ്ങളല്ല. നമ്മൾ ദിവസവും പോഷിപ്പിക്കുന്ന ചിന്തകളാണ്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.