സുഗന്ധിക  

പുറത്ത് മഞ്ഞ് പെയ്ത് എൻ്റെ മുറ്റത്തേയും ചെടികളെയും വിറങ്ങലിപ്പിക്കുന്നുണ്ട്. കർട്ടൻ നീക്കി വിടർന്നുല്ലസിച്ചു നിൽക്കുന്ന പൂക്കളെ നോക്കി, സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ എട്ടു മണിയായിട്ടും വെളിച്ചം പരന്നിട്ടില്ല. നാട്ടിലാണെങ്കിൽ ഈ സമയത്ത് വിയർത്തൊഴുകാൻ തുടങ്ങും ഫെബ്രുവരിയാണ് മുറ്റത്ത് കണ്ണിമാങ്ങകൾ വീണു കിടപ്പുണ്ടാവും.

തുടരെയുള്ള കോളിംഗ് ബെല്ലിൻ്റെ ശബ്ദം അലോസരപ്പെടുത്തിയെങ്കിലും പണിക്കാരി സുഗന്ധിക വന്നില്ലെങ്കിൽ ഒരു കാര്യവും നടക്കില്ല എന്ന് നല്ല ബോധ്യമുള്ളതിനാൽ വേഗം പോയി വാതിൽ തുറന്നു

ഏറെ സൗന്ദര്യമുള്ള അവൾ നിറചിരിയോടെ കടന്നുവന്നു. ഇനി എൻ്റെ വീട് അവളുടെ സ്വന്തമാവും, അതിഥി മുറികളും കിടപ്പുമുറികളും അവൾ തൂത്തു തുടയ്ക്കാനും ഒരുക്കിവയ്ക്കാനും വ്യഗ്രത കാണിയ്ക്കും, എന്നിട്ട് എൻ്റെ മനസ്സിനിണങ്ങിയ വിധത്തിൽ എൻ്റെ വീടിനെ മാറ്റിത്തരും ഓരോ ദിവസവും വീടിനെ പുതിയ രൂപത്തിലേക്ക് മാറ്റുന്നതിൽ അവൾ മിടുക്കു കാണിച്ചു

ഉച്ചയാവുമ്പോഴേക്കും മഞ്ഞുമാറി ഒരു കുഞ്ഞു ചൂട് വീടിനു ചുറ്റും പടരാൻ തുടങ്ങുമ്പോൾ, ഞങ്ങൾ പുതിയ പൂച്ചെടികളും, പച്ചക്കറികളും നടാൻ തുടങ്ങും. തോട്ടം നന്നായി പരിപാലിക്കുന്നതിനാൽ തൊട്ടടുത്ത പള്ളിയിലെ വറീതു ചേട്ടൻ നല്ല പൂ വിത്തുകൾ കൊണ്ടുത്തരും

സുഗന്ധികയുടെ നടപ്പിലും അവൾ ചെയ്യുന്ന ജോലികളിലും എന്തോ മാന്ത്രികത ഉണ്ട് എന്ന് തോന്നിയിട്ടുണ്ട് എന്നെ ഈ വിധം പെരും മടിച്ചിയാക്കുന്നതിലും അവൾക്ക് വലിയ പങ്കുണ്ട്.’ എന്നാലും എൻ്റെ വീട് ഞാനിഷ്ടപ്പെടുന്നതു പോലെ എന്നും എനിക്ക് തരുന്ന അവളെ ഞാനുള്ളാലെ ബഹുമാനിച്ചിരുന്നു.

ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഏറെ നിർബന്ധിച്ചാലും അവൾ ഒരിക്കലും എൻ്റെ കൂടെ ഭക്ഷണം കഴിച്ചില്ല. ഈ ഒന്നര വർഷത്തിനിടക്ക് അവൾ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല, എപ്പോഴും ഓരോരോ പണികളുമായി വീട്ടിലും പറമ്പിലുമായി നടക്കും

നാലുമണിക്ക് അവൾ പോയിക്കഴിഞ്ഞാൽ ഈ വീടിൻ്റെ ഏകാന്തത എന്നെ ശ്വാസംമുട്ടിക്കാൻ തുടങ്ങും, ശനിയാഴ്ചയാവാൻ കാത്തിരിക്കും. ഒരുപാട് വാക്കുകൾ ഈ മുറിയിൽ കേൾക്കാൻ ആളില്ലാതെ വിറങ്ങലിച്ച് കിടക്കും, തമാശകൾ ചിരിയുടെ ശബ്ദമില്ലാതെ ചുമരിൽ തട്ടിതടഞ്ഞു വീഴും ,പിന്നെ പുസ്തകങ്ങളിൽ ഞാനെന്നെ പൂഴ്ത്തിവയ്ക്കും. അതിൽ പൂത്തുലഞ്ഞ് ഞാനാ ദിവസത്തെ അസ്തമിപ്പിച്ച് പുതിയ പുലരിക്കായ് കാത്തിരിക്കും

ശനിയും ഞായറും ഈ വീട് നിറയെ വെളിച്ചമുള്ളതാവും ആ ദിവസങ്ങളിൽ മാത്രമാണ് ഇത് വീട്ടാവുന്നത് അമലിൻ്റെ ബൈക്കിൽ ഞാനീ കൊടൈക്കനാലിൻ്റെ വഴികൾ മുഴുവൻ കറങ്ങും. പൈൻ തോട്ടങ്ങളിൽ പ്രണയം വിരിക്കും, വർത്തമാനം പറഞ്ഞ് പറഞ്ഞ്, ചിരിച്ച് ചിരിച്ച് എനിക്ക് തളർച്ച വരും. ഒരാഴ്ചകൂട്ടിവച്ചതു മുഴുവൻ പറഞ്ഞ് തീർക്കാനുള്ള വ്യഗ്രത. ആ ദിവസങ്ങളിൽ സുഗന്ധികയെ ഞാൻ മറന്നുപോവും. അവൾ എന്നത്തേയും പോലെ വീട്ടുകാര്യങ്ങൾ ഭംഗിയായി നടത്തും. എന്നെ ഇവിടെ തനിച്ചാക്കി പോവുന്നതിൽ അമലിനും വിഷമമുണ്ടായിരുന്നു കമ്പനിയുടെ ക്വാർട്ടേഴ്സ് ഇവിടെയാണ് കിട്ടിയത് ഒപ്പം ഒരു കെയർ ടേക്കറെയും, അതാണ് സുഗന്ധിക. കല്യാണം കഴിഞ്ഞ് വരുമ്പോൾ ഇവിടത്തെ ബ്രാഞ്ചിലായിരുന്നു അമൽ പിന്നീടാണ് ദൂരേയ്ക്ക് മാറിയത്, അവിടെ അവർ നാലു പേർ ചേർന്ന് വാടകയ്ക്കെടുത്ത വീട്ടിലാണ് താമസിക്കുന്നത്.

ഒരിക്കൽ അമൽ ഇവിടെയുള്ള ദിവസമാണ്, കൊടിയ വയറു വേദന എന്നെ അലോസരപ്പെടുത്തിയപ്പോൾ ഉറങ്ങാൻ കഴിയാതെ പാതിരാത്രിക്ക് പുസ്തകവുമെടുത്ത് വായനാമുറിയിൽ ഞാൻ അഭയം തേടി.  മഞ്ഞുവീഴുന്നതിനാൽ ജനവാതിൽ അടക്കാതിരിക്കില്ല. കർട്ടൻ വലിച്ചിടാൻ മറന്നതാണോ എന്നറിയില്ല…. സുഗന്ധികയുടെ വീടിൻ്റെ മുകളിൽ ഒരു ദിവ്യപ്രകാശം പോലെ എന്തോ ഒന്ന് കണ്ടു, പെട്ടെന്ന് ആ വീടിൻ്റെ മേൽക്കൂര മൊത്തമായി കത്തുന്നതും. പേടിയോടെ ആർത്തു കരഞ്ഞപ്പോൾ ഓടി വന്ന അമൽ ഒന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞാശ്വസിപ്പിച്ചു. പക്ഷെ ഞാനാകെ അന്ന് രക്തത്തിൽ കുളിച്ചിരുന്നു, എല്ലാ മാസത്തേയും പോലെ എന്ന് കരുതി അന്ന് ഡോക്ടറെ കണ്ടില്ല. ഞാൻ പിറ്റേന്ന് നോക്കുമ്പോൾ സുഗന്ധികയുടെ വീട് അങ്ങനെതന്നെയുണ്ട്. ദൂരെയാണെങ്കിലും എനിയ്ക്കിവിടെ നിന്ന് നോക്കിയാൽ കാണുന്ന ഒരു വീടാണത്.

വയറു വേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അമ്മയും മുത്തശ്ശിയും ഉപദേശിക്കും വേഗം ഒരു കുഞ്ഞുണ്ടായാൽ ഈ വയറു വേദന നിൽക്കും, നിങ്ങളിങ്ങനെ കുട്ടിക്കളിയുമായി നടന്നിട്ടാണ്. സത്യം പറഞ്ഞാൽ ഞാനും അതാഗ്രഹിക്കാൻ തുടങ്ങിയിരുന്നു

എന്നാൽ എന്തുകൊണ്ടോ, സുഗന്ധികയുടെ വീടിൻ്റെ മേൽക്കൂരയിലെ വെളിച്ചം ഇടയ്ക്കിടെ എന്നെ അലോസരപ്പെടുത്താൻ തുടങ്ങി, എന്നാൽ അവളോടത് ചോദിക്കാൻ എന്തുകൊണ്ടോ എനിക്ക് ധൈര്യം വന്നില്ല. പലപ്പോഴും ഒരു ജ്വാല ഉയർന്നു പൊങ്ങുന്നത് ഞാൻ കാണുക പതിവായി, ആ ദിവസങ്ങളിലെല്ലാം രക്തസ്രാവത്താൽ ഞാൻ ക്ഷീണിക്കാനും

ഓണത്തിന് നാട്ടിൽ ചെന്നപ്പോഴാണ് മുത്തശ്ശി എൻ്റെ മുടിയിൽ ഇളം ചൂടുള്ള എണ്ണ തേച്ചുപിടിപ്പിക്കുന്നതിനിടയിലാണ് ‘ഞാനീ കാര്യം പറഞ്ഞത് , അപ്പോൾ എന്നോടൊന്നും പറഞ്ഞില്ലെങ്കിലും മുത്തശ്ശി എന്തൊക്കെയോ കണക്കുകൂട്ടിയിരുന്നു. തിരിച്ചു വരുന്നതിൻ്റെ തലേ ദിവസം കളത്തിലെ പൂജ കഴിഞ്ഞ് എൻ്റെ കൈയിൽ ഒരേലസ്സ് മുത്തശ്ശി കെട്ടിത്തന്നു. നാട്ടിൽ നിന്ന പതിനഞ്ചു ദിവസം വല്ലാത്ത സന്തോഷമായിരുന്നു. ‘ അമലിനെ കല്യാണത്തിനു മാത്രം കണ്ട ബന്ധുക്കളുടെ വീടുകളിലൊക്കെ പോയി രാവിലെ ചിറയിൽ കുളിച്ച് ഭഗവാനെ തൊഴുതു ചക്കപ്പുഴുക്കും ഇലയടയും മതിയാവോളം കഴിച്ചു. തിരിച്ച് കൊടൈക്കനാലിൽ എത്തിയപ്പോൾ സുഗന്ധിക വന്നില്ല, എനിക്കാണേൽ വല്ലാത്ത ക്ഷീണം.  ഓഫീസിൽ പോവാൻ മടി കാണിച്ച അമലിനോട് കുഴപ്പമില്ല പൊയ്ക്കൊളൂന്ന് പറഞ്ഞു. എന്നാൽ അമൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത തളർച്ചതോന്നി..

ബോധം മറയുന്നതിന് മുൻപ് ആരോ കോളിംഗ് ബെല്ലിൽ അടിയ്ക്കുന്ന ശബ്ദം കേട്ടിരുന്നു. ബോധമില്ലാതെ കിടന്ന എന്നെ ആരാണ് ആശുപത്രിയിൽ എത്തിച്ചത്?

കണ്ണ് തുറന്നപ്പോൾ കണ്ടത് അമ്മയെയാണ് . വല്ലാത്ത സന്തോഷം തോന്നി, എന്നാൽ അമ്മയ്ക്കൊപ്പം നിൽക്കുന്ന സ്ത്രീ ആരാണ് ?എല്ലാം അറിയുന്ന പോലെ എന്നോട് പെരുമാറുകയും ചെയ്യുന്നു അമൽ അടുത്തു വന്നപ്പോൾ ഞാനത് ചോദിക്കുകയും ചെയ്തു , സുഗന്ധിക’എന്ന ഉത്തരം എന്നെ ഞെട്ടിച്ചു !!

ഇതുവരെ എൻ്റെ കൂടെ ഉണ്ടായിരുന്ന സുഗന്ധിക ഇതായിരുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോൾ എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി . അമ്മ എൻ്റെ മൂർദ്ധാവിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു , അതൊന്നും ചിന്തിക്കണ്ട നിൻ്റെ വയറ്റിലെ കുഞ്ഞുവാവയെ കുറിച്ച് മാത്രം ചിന്തിക്കൂ. അമൽ എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു. എന്നാലും , ആ സുഗന്ധിക ആരായിരുന്നു?

എൻ്റെ മനസ്സിലെ സുഗന്ധികയുടെ ചിത്രം വരച്ചുവച്ചതുകണ്ട് സുഗന്ധിക ചോദിച്ചു , ചേച്ചിക്കറിയ്യോ ഇവരെ? പത്തുവർഷം മുൻപ് ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നു , തമിഴ് നാട്ടുകാരി മഹാലക്ഷ്മി . മൂന്നു മാസം ഗർഭിണിയായിരിക്കെയാണ് ഒരു ബൈക്ക് ആക്സിഡൻ്റിൽ ഭർത്താവും ഭാര്യയും മരിച്ചത്.

കോഴിക്കോട് സ്വദേശിനി ആണ്. മലപ്പുറം, കൊണ്ടോട്ടി ഗവ: ജി യു പിഎസിൽ അധ്യാപിക.