ശേഷം

താഴ് വാരത്തു നിന്നും മെല്ലെ മലമ്പാതയിലേക്കു കാറ് പ്രവേശിച്ചു. പോകേണ്ടുന്നത് മലമുകളിലേക്കാണ്. വളരെക്കുറച്ചു വീടുകൾ കൃഷിയിടങ്ങൾക്കിടയിൽ ചിതറിക്കിടപ്പുണ്ട്. തട്ടുതട്ടായി തിരിച്ച പാടങ്ങൾ പച്ച പുതച്ചു കിടക്കുന്നു. കയറ്റം കയറിവന്ന ക്ഷീണം കൊണ്ടാവും കാറ് ഒരു ഇരമ്പലോടെയാണ് മലമുകളിലേക്ക് എത്തിയത്. ഒരു പോസ്റ്റ് ഓഫീസും അതിനോടു ചേർന്ന ചായക്കടയും ഒരു ചെറിയ അനാദിക്കടയും മാത്രമുള്ള ഒട്ടും തിരക്കില്ലാത്ത ഈ ഗ്രാമത്തിലെത്തിയാൽ ആർക്കും തോന്നും കാലം ഇവിടെ നിശ്ചലമാക്കപ്പെട്ടിരിക്കുന്നുവെന്ന്. കൃഷിയും പിന്നെ മഫ്ലർ നെയ്ത്തും, മുയലും ആടും പശുവും കോഴിയും ഒക്കെ വളർത്തിയും   പരിപാലിച്ചും ജീവിതം പുലർത്തുന്ന മനുഷ്യരുടെ നാട്. ഇവിടേക്ക് ഈ മഞ്ഞുകാല സായംകാലത്ത് ഞാനെത്തിയതിനു കാരണമുണ്ട്. കഴിഞ്ഞ ഇരുപതു വർഷങ്ങളായി എനിക്കൊപ്പം വളരുന്ന ഒരു ചോദ്യമുണ്ട് എന്റെ ഉള്ളിൽ. ആ ചോദ്യത്തിനൊരു ഉത്തരം കിട്ടാനുള്ള അവസാന സാധ്യതയാണ് ഈ ദിവസം. ഉത്തരം കിട്ടുമെങ്കിൽ അത് ഇന്നു സംഭവിക്കും. ഇല്ലെങ്കിൽ ഇനി ഒരിക്കലും അതു കിട്ടുകയുമില്ല. കാരണം, അങ്കിൾ ചാക്കോ ഇന്നലെ രാത്രി ജീവിതത്തിനു വിരാമമിട്ടു കഴിഞ്ഞു.

ഇന്ന് എന്നെ ഈ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് അങ്കിൾ.

അതിരാവിലെ വന്ന ഫോൺകോൾ പള്ളിയിൽ നിന്നും സിസ്റ്ററമ്മയുടേതാണ് എന്നു കണ്ട നിമിഷത്തിൽ ഞാൻ കാതോർത്തത് ഈ വാർത്ത തന്നെയാണ്. കാരണം, വർഷത്തിൽ ഒരിക്കൽ  ഹാപ്പി ക്രിസ്മസ് എന്നു  പരസ്പരം ആശംസകൾ പറയാനായി മാത്രം സംഭവിക്കുന്ന വിളി, ഇങ്ങനെയൊരു അസമയത്ത് സംഭവിക്കണമെങ്കിൽ അതൊരു ശുഭവാർത്തയാകുമെന്നു ചിന്തിക്കാതിരിക്കാൻ മാത്രം ജീവിത പരിചയം എനിക്കിന്നുണ്ട്. പൊടുന്നനെ മനസ്സിൽ ഓടി വന്നത് അങ്കിൾ ചാക്കോയെത്തന്നെയാണ്. അതിനാൽ സിസ്റ്ററമ്മയ്ക്ക് ഒട്ടും ആമുഖമൊരുക്കേണ്ടി വന്നില്ല.

“ചാക്കോച്ചേട്ടൻ പോയി. നീ വരണം. നീ വരാതെ ബോഡി എടുക്കരുത് എന്നു പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. എത്രയും വേഗം പുറപ്പെടൂ.”

അതുപറഞ്ഞ് മറുപടിക്കു കാക്കാതെ അപ്പുറത്ത് ഫോൺ കട്ടായി.

ഞാനത് അറിഞ്ഞാൽ ഭൂമിയുടെ ഏതു കോണിൽ നിന്നായാലും എത്തുമെന്ന് ഇത്രയും ഉറപ്പോ ആ മനുഷ്യന്? നീണ്ട ഇരുപതു വർഷങ്ങൾക്കിപ്പുറം ഞാൻ അങ്കിളിനെ കാണാൻ പോകുന്നു. ഇക്കുറിയും ആ ഇളം നീല ക്രോഷ്യ ചെയ്ത ചെറുകുഷ്യനിട്ട കസേര അവിടെയുണ്ടാക്കുമോ? അതോ….

രണ്ടു ജോഡി ഡ്രസ്സും എടുത്തുവെച്ച് ആറു മണിക്കൂർ നീണ്ട ഡ്രൈവിന് ഇറങ്ങുമ്പോൾ മനസിൽ ശൂന്യതയായിരുന്നു. നീണ്ട നേരത്തെ ഡ്രൈവുണ്ട്. വേണമെങ്കിൽ ഒരു ടാക്സി പിടിച്ചാൽ മതി. എന്നാൽ അപരിചിതനായ ഒരാളുടെ പോലും സാമിപ്യം ഞാൻ ആഗ്രഹിച്ചില്ല. പലതവണ ഉരുവിട്ട ചോദ്യം അതിന്റെ ഉത്തരം… ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല. അതിനു തടസ്സം വരാൻ പാടില്ല. അങ്കിൾ മാത്രമായിരുന്നു മനസ്സിൽ. ഇരുപതു കൊല്ലം അങ്കിളിൽ കാലം തീർത്ത മാറ്റം എന്തൊക്കെയാകും എന്നുമാത്രം ചിന്തിച്ചു.

അങ്കിളിനെ ആദ്യം കാണുന്നത് അച്ചാച്ചന്റെ അമ്മവീട്ടിൽ മൂന്നാം ക്ലാസിലെ സ്കൂൾ അവധിക്കു വന്നപ്പോഴാണ്. പിന്നീട് ഒരു വർഷം കൂടി ഞാൻ ഇവിടെ വന്നിട്ടുണ്ട്. പിന്നെ അപ്പ ഞങ്ങളെ, എന്നെയും മമ്മിയേയും ദുബായിലേക്കു കൂട്ടിയതോടെ നാട്ടിലെ ജീവിതവും മലമുകളിലേക്കുള്ള ആ വരവും അവസാനിച്ചു. ദുബായ് നഗരത്തിന്റെ പളപളപ്പുള്ള ജീവിതത്തെ തീർച്ചയായും മലമുകളിലെ തീർത്തും സാവകാശമുള്ള ജീവിതം കൊണ്ടു ഭ്രമിപ്പിക്കാനാവില്ല. അതിനാൽത്തന്നെ നഷ്ടമാകുന്ന അവധിക്കാലയാത്രകൾ എന്നെ തെല്ലും സ്പർശിച്ചിരുന്നുമില്ല. ഒപ്പം, പിന്നീട് ഒരിക്കലെങ്കിലും അങ്കിൾ എന്നെ അന്വേഷിച്ചതായി ഞാനറിഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് ഞാനങ്കിളിനെ മറന്നില്ല എന്നതിനും അങ്കിൾ മരിച്ചശേഷം ഞാൻ അവിടെ എത്തണമെന്ന് അങ്കിൾ എന്തിന് ആഗ്രഹിച്ചു എന്നതിനും എനിക്കുത്തരമില്ല.

വൈകുന്നേരം കൊച്ചു സൈക്കിളുമെടുത്ത് വെറുതേ ചുറ്റാനിറങ്ങിയ ദിവസമാണ് ഞങ്ങളുടെയൊരു അയൽപക്കമായ ചാക്കോ അങ്കിളിന്റെ  വീട് ഞാനാദ്യം ശ്രദ്ധിച്ചത്. വിശാലമായ തോട്ടങ്ങൾക്കു നടുവിലെ രണ്ടു വീടുകൾ തമ്മിലുള്ള ദൂരം ഒട്ടും ചെറുതല്ലായിരുന്നു. നല്ല വെള്ളപെയിൻ്റ് അടിച്ച, ഓടുമേഞ്ഞ വലിയ കണ്ണാടിജനലുകൾ ഉള്ള ആ വീടിനു ചുറ്റും അതിമനോഹരമായ പൂന്തോട്ടമുണ്ടെന്നു ഞാൻ കണ്ടതും അന്നുതന്നെയാണ്. സൈക്കിൾ ചവിട്ടി അങ്കിളിന്റെ  വീടിനു മുന്നിലെത്തുമ്പോൾ ആദ്യം കണ്ടത് വരാന്തയിലെ മൂന്നു കസേരകളും അതിനു മുന്നിലെ മനോഹരമായ റേന്ത പിടിപ്പിച്ച വിരിയിട്ട ടീപോയും ആണ്. മുറ്റത്ത് വിടർന്നു നിന്ന റോസാപ്പൂക്കളേക്കാൾ മനോഹരമായിത്തോന്നി അങ്കിളിന്റെ മുഖത്തെ ചിരി.

“ആഹാ ആൽബർട്ടിന്റെ മോനല്ലേ? നിങ്ങൾ എപ്പോഴാണ് എത്തിയത്? ഇന്നലെ രാത്രിയാണോ? വണ്ടിയുടെ ശബ്ദം കേട്ടു എന്നാണ് ഓർമ.”

അങ്കിൾ പറഞ്ഞു.

ഞാൻ അതെയെന്നു തല കുലുക്കി. പിന്നെ സൈക്കിളിൽ നിന്നിറങ്ങി തുറന്നുകിടന്ന ഗേറ്റു വഴി പൂന്തോട്ടത്തിലേക്കു കയറി.

“വാ, ഇങ്ങു കേറി വാ, നീ ദാ ഇവിടെ ഇരിക്ക്. ഞാൻ കാപ്പി എടുക്കാം. പിന്നെ നിനക്കു കേക്ക് ഇഷ്ടമല്ലേ? നമുക്കു കാപ്പിയും കേക്കും കഴിക്കാം എന്താ? “

ഇത്രയും പറഞ്ഞ് അങ്കിൾ അകത്തേക്കു പോയി.

ഞാനാദ്യം കണ്ട കസേരയിൽ ചാടിക്കയറി ഇരുന്നു.

അപ്പോഴേക്കും വെണ്ണയുടേയും മൊരിഞ്ഞ മാവിൻ്റേയും വാനിലയുടേയും മണം പൊങ്ങുന്ന കപ്പ്കേക്കും കാപ്പിയുമായി അങ്കിളെത്തി.

മൂന്നു കപ്പിൽ കാപ്പിയുണ്ട്. മൂന്നു കപ്പ് കേക്കും!

ആദ്യദിവസം രണ്ടുപേർക്കു മുന്നിൽ വെച്ച മൂന്നു കപ്പു കാപ്പി എന്നെ തീരെ അതിശയിപ്പിച്ചില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന മൂന്നാമത്തെ കസേരയിലെ കുഷ്യനും മേശവിരിയും മാത്രമേ ശ്രദ്ധിച്ചുള്ളൂ. അത് അത്രക്കും സുന്ദരമായിരുന്നു. കാപ്പി കുടിച്ചു, കേക്കും കഴിച്ചു. ഞങ്ങൾ രണ്ടു പേരും.

പിന്നെ അവശേഷിച്ച ആ ഒരു കപ്പു കാപ്പി, സോസർകൊണ്ടു മൂടിവെച്ച് അങ്കിൾ എന്റെ കൈ പിടിച്ച് തോട്ടത്തിലേക്ക് ഇറങ്ങി. കുറേ കാഴ്ചകൾ എനിക്കു കാട്ടിത്തന്നു. പുഴുവായി ഇലകരണ്ടു തിന്നുന്ന ചിത്രശലഭപ്പുഴുവിൻ്റെ ജീവിതവും മുന്തിരി പറിക്കാൻ നോക്കി പരാജയപ്പെട്ട കുറുക്കൻ്റെ കഥയുമൊക്കെ അങ്കിളാണ് എനിക്കു പറഞ്ഞു തന്നത്.

പിന്നെ ആ വെക്കേഷൻകാലം മുഴുവനും വൈകുന്നേരം ഞങ്ങൾ ഒന്നിച്ചാണ് ചെലവിട്ടത്. അതിൽ ഒരു വൈകുന്നേരം  ഞാനാ ചോദ്യം ആദ്യമായി ചോദിച്ചു.

“അങ്കിൾ എന്തിനാണ് എന്നും ആ മൂന്നാമത്തെ കപ്പിലെ കാപ്പി?”

അങ്കിളൊന്നു ചിരിച്ചു.

“അതോ? അതൊരാളു വരാനുണ്ട് മോനേ….”

അതിൽപ്പിന്നെ ഞാനാ മൂന്നാമനെ കാത്തിരിക്കാൻ തുടങ്ങി. അങ്കിൾ ഒരിക്കൽ പോലും ആ മൂന്നാമത്തെ കസേരയിൽ ഇരിക്കാൻ എന്നെ അനുവദിച്ചിട്ടില്ല.

”മോനേ അതാ ഗസ്റ്റിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ, മോൻ ഇവിടെ ഇരുന്നോളൂ. വഴക്കിന്റെ രൂപത്തിൽ അല്ലെങ്കിലും അങ്കിൾ ഒരിക്കലും ആ കസേരയിൽ എന്നെ ഇരുത്തിയിട്ടില്ല. ആ വരുന്ന ആളോട് എനിക്ക് വല്ലാത്തൊരു ദേഷ്യമോ അസൂയയോ തോന്നുകയും ചെയ്തിരുന്നു. കാരണം, കേക്കുകൾ കൊണ്ടുവയ്ക്കുമ്പോൾ രണ്ടാമതൊരണ്ണം വേണമെന്നു പറഞ്ഞാൽ അകത്തു പോയി ഒന്ന് എടുത്തു കൊണ്ടുവന്നു തരുന്നതല്ലാതെ ആ മൂന്നാമത്തെ കേക്കിലേക്ക് അങ്കിൾ നോക്കുക പോലും ചെയ്തിരുന്നില്ല. ആ രണ്ടു മാസവും മൂന്നാമനെ കാണാനായി മാത്രം ഞാൻ കൃത്യമായും അങ്കിളിന്റെ വീട്ടിലെത്തി. അങ്കിളിനെ പരീക്ഷിക്കാനായി മാത്രം രണ്ടാമതും കാപ്പിയും കേക്കും ആവശ്യപ്പെട്ടു. വീട്ടിലെത്തിയാലും അങ്കിളിന്റെ  മുറ്റത്തേക്ക് ഒരു നോട്ടം ഞാനെപ്പോഴും കരുതിവെച്ചു. എന്നെ അതിശയിപ്പിച്ച് ഒരാളും ആഗേറ്റു തുറന്നു കടന്നു വന്നില്ല, ആ ഒരു നാളിലും!

ആ വെക്കേഷനുശേഷം സത്യത്തിൽ അങ്കിളിനെ ഏറെക്കുറെ മറന്നു തുടങ്ങുമ്പോഴാണ് അഞ്ചാം ക്ലാസിലെ വേനലവധി വന്നെത്തിയത്. അപ്പ തന്നെയാണ് അപ്പച്ചന്റെ വീട്ടിലേക്ക് കൊണ്ടുവിട്ടതും. ആ വെക്കേഷനും ഞാൻ മുൻവർഷത്തേതുപോലെ ചാക്കോ അങ്കിളിൻ്റെ പിന്നാലെ കൂടിയിരുന്നു. 

ആ വർഷം എന്റെ ആകാംക്ഷയ്ക്കു കുറച്ചുത്തരംകിട്ടി. അതും വീട്ടിൽ മുതിർന്നവരുടെ സംസാരത്തിൽ നിന്ന്.

അതിൽ ചിലത് ഇങ്ങനെയായിരുന്നു. അങ്കിളിന്റെ ഭാര്യ മരിച്ചിട്ട് കാലം കുറേക്കഴിഞ്ഞിരിക്കുന്നു. ആ വീട്ടിൽ അങ്കിൾ താമസം തുടങ്ങി ആദ്യ വർഷം തന്നെ അവർ മരിച്ചു. അവരുടെ ആഗ്രഹം പോലെയാണത്രേ അങ്കിൾ ലണ്ടനിൽ നിന്നും ഈ നാട്ടിൽ വന്നതും ഇങ്ങനെയൊരു സ്ഥലം കണ്ടെത്തുന്നതും വീടുവയ്ക്കുന്നതും താമസിക്കുന്നതും ഒക്കെ. അങ്കിളിന് മക്കളുണ്ട്. അവരൊക്കെത്തന്നെ ആ നാട്ടിൽ ജനിച്ചു വളർന്നവരായതുകൊണ്ടുതന്നെ ഈ നാട്ടിലേക്കു വന്നിട്ടേ ഇല്ല. (പിൽക്കാലത്ത് അതേക്കുറിച്ച് ചിന്തിച്ചപ്പോൾ  ആ പറഞ്ഞതിൽ എനിക്കത്ര വിശ്വാസം വന്നില്ല, മക്കളുണ്ടെങ്കിൽ ഒരിക്കലെങ്കിലും വരില്ലേ?)

പിന്നെ കേട്ടത് ആ വീട് അങ്കിളിന്റെ ഭാര്യ ഉണ്ടായിരുന്നപ്പോൾ എങ്ങനെ സൂക്ഷിച്ചിരുന്നോ അതുപോലെ തന്നെയാണ് തുടർന്നും സൂക്ഷിക്കുന്നത് എന്നതാണ്.

അതു ശരിയാകും എന്നെനിക്കും തോന്നിയിട്ടുണ്ട്. കുറച്ചധികം പുസ്തകങ്ങൾ ഉള്ള ആ വീട്ടിൽ പാചകവും പൂന്തോട്ട പരിചരണവും വീട് വൃത്തിയാക്കലും അങ്കിൾ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. കൃഷിപ്പണിക്കു മാത്രമാണ് രണ്ടു പേർ വന്നുപോയിരുന്നത്. അതും എന്നുമുള്ള കാര്യവുമല്ല. വീട്ടിലേക്കു വേണ്ട സാധനങ്ങൾ മാസത്തിലൊരിക്കൽ അങ്കിൾ തന്നെ പോയി വാങ്ങി വരികയാണ് പതിവെന്നും അറിഞ്ഞത് അപ്പോഴാണ്. എന്നാൽ ഈ കേട്ട കഥകളിലൊന്നും അവിടേക്കു കടന്നു ചെല്ലുന്ന മൂന്നാമതൊരാളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ല. അതെന്താ മറ്റാരും ആ മൂന്നാം കസേര കണ്ടിട്ടല്ലേ ഇത്ര കാലം!

അഞ്ചാം ക്ലാസ്സിലെ ആ അവധിക്കാലത്ത്, എനിക്കന്നു പത്തു വയസ്സുണ്ട്,  എനിക്കായി പുതിയ സൈക്കിൾ അവിടെ റെഡിയായിരുന്നു. എന്റെ ഊരുചുറ്റൽ പകൽ തന്നെ തുടങ്ങിയിരുന്നു. അപ്പച്ചനൊപ്പം കൃഷിയിടത്തിലേക്കും താഴ് വാരത്തിലേക്കുമുള്ള യാത്രകളിലും ഞാൻ അങ്കിളിന്റെ വീട് മറന്നില്ല. പണിക്കാരോ നാട്ടുകാരോ അല്ലാതെ മറ്റാരും ആ വീട്ടിലേക്കു കടന്നു ചെന്നതായി ഞാൻ കണ്ടില്ല. ഒരാളേയും ആ കസേരയിൽ ഇരുത്തുന്നതായും എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഒടുവിൽ അവധിക്കാലത്തിന്റെ ഒടുവിലൊരു ദിവസമാണ് ഞാനങ്കിളിനോട് ആ ചോദ്യം വീണ്ടും ചോദിച്ചത്. അപ്പോൾ ഞങ്ങൾ രണ്ടുപേരും മുയൽക്കൂടിനരികിൽ നിൽക്കുകയായിരുന്നു.

“അങ്കിളേ, ആ കസേരയിൽ ഇരിക്കുന്ന ആൾ വന്നിരുന്നോ? ആ കസേരയിൽ ആരും ഇരുന്ന് ഞാൻ ഇതേവരെ കണ്ടിട്ടില്ലല്ലോ.”

“എല്ലാ വീട്ടിലും ഒരാൾ വൈകിയേ വരൂ. അയാൾക്കിരിക്കാൻ അപ്പോൾ ഒരു സ്ഥലം വേണ്ടേ?” അങ്കിൾ പുഞ്ചിരിച്ചു.

“അതാരാ അങ്കിളേ അങ്ങനെ വൈകി വരുന്നത്?”

“വരട്ടെ, വരുമ്പോൾ നിനക്കും കാണാമല്ലോ. എടാ, ഒഴിഞ്ഞ കസേരയുള്ള വീടുകളിലേക്ക് വഴി തെറ്റി വരുന്ന ഒരാൾക്കു കടന്നു വരാൻ മടിയുണ്ടാകില്ല.”

ആ പറഞ്ഞത് പിടി കിട്ടിയില്ലെങ്കിലും അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചതിൽ എനിക്കു സങ്കടം തോന്നി. പിറ്റേന്ന് അതു തുടരാതിരുന്നില്ല. കാരണം അവസാനം അങ്കിൾ പറഞ്ഞത് പത്തു വയസ്സുകാരന്റെ ബുദ്ധിക്ക് പിടികൊടുക്കുന്നതായിരുന്നില്ല.

പിറ്റേന്ന് കാപ്പിക്കപ്പും കൈയിലെടുത്ത്, അടച്ചുവെച്ചിരിക്കുന്ന മൂന്നാം കപ്പു നോക്കി ഞാൻ വീണ്ടും ചോദിച്ചു,

“അങ്കിളേ എന്താ ആ കസേരയിൽ ആരേം ഇരുത്താത്തത്?”

“നീ വലുതാകുമ്പോൾ നിനക്കത് പിടി കിട്ടും.” അത്രയും പറഞ്ഞിട്ട്, അങ്കിൾ അകത്തേക്കു നടന്നു.

“ആരേയും ഇരുത്താത്തതല്ല, എഴുന്നേൽപ്പിക്കാൻ എനിക്കു മനസ്സില്ലാഞ്ഞിട്ടാണ്.”  അങ്കിൾ അകത്തേക്കു നടക്കുമ്പോൾ പിറുപിറുക്കുന്ന ഒച്ചയിൽ പറഞ്ഞത് അങ്ങനെ തന്നെയല്ലേ? 

എന്റെ ഒഴിഞ്ഞ കാപ്പിക്കപ്പ് അകത്തുവെച്ചിട്ട് വരുന്ന വഴി അങ്കിൾ എന്നോടായി ഇങ്ങനെ പറഞ്ഞു. ” ഇരിപ്പിടം കൊടുക്കുന്നത് എളുപ്പമാണ് മോനേ, മനസ്സിലൊരിടം ഒഴിച്ചിടുന്നതാണ് പാട്.”

കേട്ടതിനെക്കുറിച്ച് വലിയ ധാരണയില്ലാതെ നാളെ മടങ്ങുമെന്ന വിശേഷവും പറഞ്ഞ്, രണ്ടുമൂന്ന് റോസാപ്പൂക്കളും ഇറുത്തെടുത്ത് സൈക്കിളുമുന്തി ഞാൻ വീട്ടിലേക്കു മടങ്ങി.

പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. ഇരുപതു വർഷം കടന്നു പോയിരിക്കുന്നു.

ഇപ്പോൾ എന്താവും അങ്കിൾ എന്നെ ഓർക്കാൻ കാരണം? ഈ ഇരുപതു വർഷങ്ങൾ എന്നെ ഓർക്കാതിരുന്നതും എന്താവും?

വളരെക്കുറച്ചു ബന്ധുക്കൾക്കൊപ്പം പള്ളിസെമിത്തേരിയിൽ നിന്നും അടക്കം കഴിഞ്ഞു ഞാൻ നേരെ വന്നത് അങ്കിളിന്റെ വീട്ടിലേക്കു തന്നെയാണ്. എനിക്കായി എന്തോ ഒന്ന് അവിടെ കാത്തിരിപ്പുണ്ട് എന്ന തോന്നൽ ഉള്ളിൽ ശക്തമായിരുന്നു. അവസാനമായി അങ്കിളിന്റെ മുഖത്തേക്കു നോക്കുമ്പോൾ ഞാനത് വായിച്ചെടുത്തു. ആ അവസാന നിമിഷത്തിൽ അങ്കിൾ എന്തെങ്കിലുമൊന്നു സംസാരിക്കാൻ ആഗ്രഹിച്ചത് എന്നോടു മാത്രമാണെന്നും എനിക്കു തോന്നി. അങ്കിളിന്റെ ശ്വാസനിശ്വാസങ്ങൾ നിറഞ്ഞ ആ വീടിന്റെ മുറികളിലൊന്നിൽ അൽപ്പനേരമിരിക്കാൻ ഞാൻ അതിയായി കൊതിച്ചു. അവിടെ അവശേഷിച്ചിരുന്ന ചില ബന്ധുക്കളോടു ചിരിച്ചെന്നു വരുത്തി ഞാൻ അങ്കിളിന്റെ മുറിയിൽ പ്രവേശിച്ചു. എനിക്കായി എന്താണ് അങ്കിൾ അവിടെ കരുതി വെച്ചിരിക്കുക? മുറിയിലാകെ കണ്ണോടിച്ച് ഒടുവിലതു ഞാൻ കണ്ടെത്തി. ഒരു ചെറിയ മെറ്റൽ സൈക്കിൾ രൂപത്തിനു താഴെ ഒരു ചെറുകുറിപ്പ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു,

“മോനേ, 

എനിക്കറിയാം ഇന്നു നീ വരുമെന്ന്, നീ പലവട്ടം ചോദിച്ച ചോദ്യത്തിന് ഉത്തരം തരാതെ ഞാൻ എങ്ങനെ മടങ്ങും? നീ ജീവിച്ചെത്തുന്ന ഈ ദിവസത്തിനായി ഞാനതു മാറ്റി വെച്ചതാണ്. ആ കസേര അവിടെത്തന്നെയുണ്ട്.

ചാക്കോ, (ഒപ്പ്)

ആ കുറിപ്പും കൈയിലെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. ശരിയാണ്, ആ കസേര അവിടെത്തന്നെയുണ്ട്. മെല്ലെ ആ കുറിപ്പ് ഒന്നുകൂടി വായിച്ചശേഷം മടക്കി കസേരയിലെ ചെറുകുഷ്യൻ ഉയർത്തി അവിടെ വെച്ചു. 

ഇനിയാരേയും കാത്തുനിൽക്കേണ്ടതില്ലാത്തതിനാൽ മുറ്റത്തേക്കിറങ്ങി ഞാനാ വരാന്തയിലേക്ക് ഒന്നുകൂടി നോക്കി. ആരും എടുത്തു മാറ്റാത്ത മൂന്നു കാപ്പിക്കപ്പുകൾ ആ ടീപ്പോയിൽ ഇപ്പോഴുമുണ്ട്. എനിക്കുറപ്പുണ്ട്, മൂന്നാമത്തേത് ഇപ്പോഴും സോസറിനടിയിൽ കാത്തിരിക്കുകയാണ്, അതിന്റെ അവകാശിയെ…

ഒടുവിൽ എനിക്കു മനസ്സിലായി അങ്കിൾ ഒരാളെ കാത്തിരിക്കുകയായിരുന്നില്ല, ഒരാൾ വന്നാൽ മതി എന്ന വിശ്വാസത്തെയാണ് മനസ്സിൽ സൂക്ഷിച്ചിരുന്നത്.  കാറ്റിലടഞ്ഞുപോയ ഗേറ്റ്  തുറന്നു പുറത്തേക്കിറങ്ങിയ ശേഷം ഞാനാ ഗേറ്റ് ചാരിയിട്ടു.

അടഞ്ഞ ഗേറ്റു കണ്ട് ആരും കടന്നു വരാതിരിക്കരുത്. 

തണുപ്പു കൂടി വരുന്നു.

മലയിറങ്ങുമ്പോൾ എനിക്കറിയാം, ചില കാത്തിരിപ്പുകൾ അവസാനിക്കുകയില്ല, അവ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.