
സ്വപ്നങ്ങളാണ് അടുത്തകാലത്ത് അവളെ കൂടുതൽ അസ്വസ്ഥയാക്കിയത്. ആദ്യമൊക്കെ അവൾ അവയെ വെറും സ്വപ്നങ്ങളായി കണ്ടു. പക്ഷെ പലതും വളരെ ഭയപ്പെടുത്തുന്നതും അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതും ആയിത്തീർന്നു. രാത്രിയിലെ ഉറക്കക്കുറവ് പകലിലെ ജോലികളിൽ ശ്രദ്ധിക്കുന്നതിന് പലപ്പോഴും തടസ്സമായി. ശാരീരിക ക്ഷീണവും പുറമെ.
ഒരു രാത്രി…
ഒരു വലിയ നായ അവളുടെ പിന്നാലെ ഓടുന്നു. അവൾ ഓടുന്നു. പരമാവധി വേഗത്തിൽ ഓടിയകലാൻ ശ്രമിക്കുന്നു. പക്ഷെ കാലുകൾക്ക് മുന്നോട്ട് കുതിക്കാൻ ആവുന്നില്ല.. നായ അടുത്തെത്തുന്നു… അവൾ നിലവിളിക്കാൻ ശ്രമിക്കുന്നു.
ശബ്ദം പുറത്തുവരുന്നില്ല… നെഞ്ചിടിപ്പോടെ ഞെട്ടിയുണരുന്നു…വിയർപ്പിൽ കുളിച്ചു, ശബ്ദം നിലച്ച് …
പകലിൽ അവൾ ആ വീട്ടിന്റെ ഏകാന്തതയിൽ ഇല്ലാതാകുന്നു. കാറ്റ് കടന്നുവരാൻ മടിക്കുമ്പോൾ മാത്രം ആ വീടിന്റെ ജാലകം തുറക്കപ്പെടുന്നു. അല്ലെങ്കിൽ ഏതോ പ്രേതാലയം കണക്കെ ആ വീട് അന്ധകാരത്തിൽ തലയുയർത്തി നിൽക്കുന്നു.
മുറ്റത്തെ പൂക്കളിൽ പാറിനടക്കാൻ എത്തിയിരുന്ന ചിത്രശലഭങ്ങൾ ഇപ്പോൾ വരുന്നില്ല. മതിൽകെട്ടിൽ ചാടിക്കയറി മരത്തിലേക്ക് കയറി ഒളിച്ചിരുന്ന ഓന്തും പച്ചിലകൾക്കിടയിൽ നുഴഞ്ഞു കയറി വന്ന അരണകളും എവിടെയാണാവോ. പക്ഷെ വല്ലപ്പോഴും മുറ്റത്തും അരത്തിണ്ണകളിലും സ്ഥാനം പിടിച്ച വലിയ പാമ്പുകൾ ഭയപ്പെടുത്തുന്നു. സ്വപ്നത്തിലും വന്ന് ഭയപ്പെടുത്തുന്ന അതെ പാമ്പുകൾ. അതിനാൽ പുറത്തിറങ്ങാൻ തന്നെ വളരെ പേടിയാണ്.
ഈയിടെയായി സ്വപ്നങ്ങൾക്ക് ചില മാറ്റങ്ങൾ വന്നിരിക്കുന്നു…
താൻ ആകാശത്തിലൂടെ പറന്നു പോവുകയാണ്. താഴെ മരങ്ങളും നദികളും കുന്നുകളും പിന്നിലേക്കു പാഞ്ഞു പോകുന്നു. പറക്കൽ അവസാനിപ്പിക്കണം എന്ന് മനസ്സ് പറയുന്നുണ്ട്. പക്ഷെ കഴിയുന്നില്ല. ഒടുവിൽ എവിടെയോ വീണുപോകുന്നതിനു മുമ്പേ ഉറക്കം ഞെട്ടിയുണരുന്നു. ഒരേ സമയം ഭീതിയും ആശ്ചര്യവും നൽകുന്ന സാഹസിക സ്വപ്‌നങ്ങൾ!
കടലിൽ അകപ്പെട്ട് പ്രയാസത്തോടെ നീന്തി തീരം തേടുന്നതാണ് മറ്റു ചില ദിവസങ്ങളിലെ സ്വപ്നം. പ്രയാസങ്ങൾക്കൊടുവിൽ രക്ഷയും അഭയവും ഉണ്ടാവുന്ന സ്വപ്നങ്ങളെ അവൾ ഇപ്പോൾ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.
പ്രിയപ്പെട്ടവന്റെ മുറിയിലേക്ക് കടന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകൾ കൊണ്ട് ശരീരം അടിമുടി പൊതിയും. അടക്കി വെച്ച ഓരോ സാധനങ്ങളിലും ആ മുറിയുടെ ഓരോ കോണിലും അദ്ദേഹത്തിന്റെ ഗന്ധവും ശബ്ദവും ഇപ്പോഴുമുണ്ട്. ഇനിയും വരുമെന്ന് താൻ പ്രതീക്ഷിക്കുമ്പോഴും വരില്ലെന്ന് ഉറപ്പിച്ചു പറയുന്നവരോട് തനിക്ക് ദേഷ്യവും വെറുപ്പുമാണ്. അറിയുന്തോറും കൂടുതൽ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് തന്റെ കരവും പിടിച്ചു കൊണ്ടുപോയവനെ, വാക്കുകൾ കൊണ്ട് അറുത്ത് മാറ്റുന്നവരെ ആര് ഇഷ്ടപ്പെടാനാണ്..
വിരഹത്തിന്റെ വേദനകളെല്ലാം നെടുവീർപ്പുകളായി മുറിയിൽ വിങ്ങി നിൽക്കുന്നുണ്ട്. മാസത്തിലൊരിക്കൽ മാത്രമാണ് വീട്ടിൽ ഒരു മറ്റൊരു ശബ്ദം കൂടി ഉയർന്നു കേൾക്കുക. അത് മകൻ വരുമ്പോഴാണ്. ബാംഗ്ലൂരിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്നു, അവൻ. അച്ഛന്റെ കരുതലോ സ്നേഹമോ അവനു കൈമുതലായി കിട്ടിയിട്ടുണ്ടോ എന്നറിയില്ല. വീട്ടിലെത്തിയാലും അവൻ പുറത്തേക്കെങ്ങും ഇറങ്ങാറില്ല. സുഹൃത്തുക്കളോ പരിചയക്കാരോ അവനെ തേടി വരാറുമില്ല. അവൻ അങ്ങോട്ടും പോകുന്നതും കണ്ടിട്ടില്ല. അവന് പത്തു വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. അതിനു ശേഷം അവൻ ഇങ്ങിനെയാണ്.
വല്ലപ്പോഴും അമ്മെ എന്നൊരു വിളി വരും.
അവനു വേണ്ടി ഒന്നും അവൻ ആവശ്യപ്പെടുന്നില്ല. ഇടക്ക് തന്റെ കണ്ണുകളിൽ അങ്ങിനെ നോക്കി എന്റെ അമ്മക്ക് സുഖമല്ലേ എന്ന് ചോദിക്കും. അച്ഛൻ ഇട്ടിട്ടു പോയ ഒരു അമ്മയുടെ നോവുകൾ തന്റെ കണ്ണിൽ നിന്നും അവൻ വായിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായിരിക്കുന്നു. കൂടുതൽ ചോദിക്കാതെ തന്നെ ആ നോവിന്റെ തീരം അവൻ ഒരുപാട് തവണ അളന്നിട്ടുണ്ടാകും.
“എനിക്ക് ഒരുപാട് പഠിക്കാനുണ്ടമ്മേ… ശരിക്കും പറഞ്ഞാ വരാനൊന്നും സമയം ഇല്ല. പക്ഷെ എന്റമ്മക്ക് ഞാനല്ലേയുള്ളൂ.. ഒരു നേരമെങ്കിലും അമ്മയുടെ കണ്ണുകളിൽ ചെറിയ സന്തോഷമെങ്കിലും എനിക്ക് കാണണം…”
“മോൻ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട. ഇപ്പൊ പഠിക്കേണ്ട സമയല്ലെ .. അതാണ് പ്രധാനം. ഞാൻ ഇവിടെയൊക്കെ ഇങ്ങിനെ ജീവിക്കും…”
ഇന്ന് മഴയുടെ രാത്രിയാണ് എന്ന് തോന്നുന്നു. ഇടിയും കാറ്റും മഴയെ അനുഗമിക്കുന്നുണ്ട്. മുകൾ നിലയിൽ ഓടുകൾ ഇളകിയതിനാൽ ഒലിച്ചിറങ്ങുന്ന വെള്ളം ഗോവണിയുടെ തണ്ടിലൂടെ താഴെ തറയിലേക്ക് അരിച്ചെത്തുന്നുണ്ട്. വല്ലപ്പോഴും സഹായിക്കാൻ എത്തുന്ന പണിക്കാരൻ കൃഷ്ണനോട് കുറച്ചായി പറയുന്നതാണ് അതൊന്നു നേരെയാക്കിത്തരാൻ. അവനു എപ്പോഴും പണിത്തിരക്കാണ്. അതാവും വരാത്തത്.
ഇടിമിന്നലിൽ കറന്റ് പോയപ്പൾ അവൾ മെഴുകുതിരി കത്തിച്ചു വെച്ചു. അത് കാറ്റത്ത് കെടാനായി ചാഞ്ചാടുന്നുണ്ട്.
മകൻ ഉറങ്ങിയോ ആവൊ.. അവൾ വാതിൽ പതിയെ തുറന്ന് മകന്റെ മുറിയിലേക്ക് കടന്നു. ഇടതു വശം ചെരിഞ്ഞു അൽപ്പം കമിഴ്ന്നുള്ള കിടപ്പാണ് എപ്പോഴും അവന്. ഒരു തലയിണയെ കെട്ടിപ്പിടിച്ചിട്ടുമുണ്ടാകും. പാവം എന്റെ കുട്ടി. അച്ഛനില്ലാത്ത കുട്ടിയായി വളരേണ്ടി വന്നല്ലോ അവന്!
മുറിയിൽ നിന്നും ഇറങ്ങാൻ നേരത്താണ് അത് ശ്രദ്ധിച്ചത്. തലയിണക്കൊപ്പം ഒരു കടലാസ്സ് പോലെ എന്തോ ഒന്ന് അവൻ കയ്യിൽ പിടിച്ചിരിക്കുന്നു. എന്താണത്?. പതിയെ അവന്റെ കയ്യിൽ നിന്നും അടർത്തിയെടുത്തപ്പോഴാണ് മനസ്സുപിടഞ്ഞത്.. അവനും അച്ഛനും മാത്രം ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ. ഒരു പിറന്നാൾ സമയത് എടുത്തതാണ്.
മനസ്സിൽ നിന്നും അറിയാതെ ഒരു വിതുമ്പൽ പുറത്തുവന്നപ്പോൾ അവൻ ഉണർന്നു.
എന്തിനാണമ്മേ അച്ഛൻ എന്നെ വിട്ടുപോയത്?.
അവൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ആദ്യമായാണ് അവന്റെ മുഖം ഇത്രയും വൈകാരികതയോടെ കാണുന്നത്…
അറിയില്ല മോനെ – എന്ന് പറയാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല. അല്പനേരത്തേക്കു കണ്ണടച്ച് നിന്നു. മൗനം ആ മെഴുകുതിരിവെട്ടത്തോടൊപ്പം നിശ്ചലമായി!
മോനുറങ്ങിക്കോ..
പതുക്കെയുള്ള അമ്മയുടെ തലോടലിൽ അവന്റെ തേങ്ങൽ ഒതുങ്ങി വന്നു. സങ്കടങ്ങൾ പുറത്തെ മഴയോടൊപ്പം പെയ്തു തീരട്ടെ. മഴയ്ക്ക് ശേഷം മണ്ണിൽ പ്രതീക്ഷകളുടെ പുതിയ നാമ്പുകൾ വിടരും. പ്രഭാതത്തിലെ ഇളം വെയിലിൽ അത് സ്വർണ്ണശോഭയോടെ തിളങ്ങി നിൽക്കും. അത്രയും കാലം മണ്ണിലെ ഇരുട്ടിൽ തലകുനിച്ചിരുന്നത് പിന്നെയാരും അറിയില്ല..
മഴ ഒന്ന് ഒതുങ്ങിയതായിരുന്നു. മഴ തെളിച്ചുകൊണ്ട് വന്ന കാറ്റിലും തണുപ്പിലും അവർ ആ കട്ടിലിൽ ഉറങ്ങി…
പിന്നീടെപ്പോഴോ മഴ വീണ്ടും കനത്തു വന്നു. ശക്തമായ ഇടിമിന്നൽ ശബ്ദത്തിൽ അവർ രണ്ടുപേരും ഞെട്ടിയുണർന്നു!
കാറ്റിൽ ജാലകങ്ങൾ ഇളകി. വീടിന്റെ പുറത്തു നിന്നും എന്തൊക്കെയോ അടർന്നു വീഴുന്നു. ജാലകത്തിനരികെ വെച്ച മെഴുകുതിരി പാതി തീർന്നു, കാറ്റിൽ അണഞ്ഞു പോയിരിക്കുന്നു. അവൾ ടോർച്ചെടുക്കാൻ തപ്പിത്തടഞ്ഞു.
അവൻ പറഞ്ഞു: അമ്മേ ആരോ വാതിലിൽ മുട്ടുന്ന പോലെ എനിക്ക് തോന്നുന്നു…
നിനക്ക് തോന്നിയതാവും. മഴയല്ലേ..
അല്ല… ആരോ തട്ടുന്നുണ്ട് ഉറപ്പാണ്..
രണ്ടു പേരും കാതുകൂർപ്പിച്ചിരുന്നു. ശരിയാണ് ആരോ തട്ടുന്നപോലെ തന്നെയാണ് തോന്നുന്നത്. നമുക്ക് നോക്കാം..
അവർ രണ്ടുപേരും ചങ്കിടിപ്പോടെ മുൻവശത്തെ വാതിലിനടുത്തെത്തി. ഈ നേരത്ത് ആരു വരാനാണ്!. വാതിൽ തുറക്കാതെ അവർ അവിടെത്തന്നെ നിന്നു!.
ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. വാ നമുക്ക് പോയികിടക്കാം അമ്മ പറഞ്ഞു. അവൻ വാതിലിനടുത്ത് നിന്നും തിരിച്ചു വരാൻ മടിയുള്ള പോലെ അവിടെ തന്നെ നിന്നു.
വീണ്ടും വാതിലിൽ തട്ടുന്ന ശബ്ദം. ഇത്തവണ അവർ വ്യക്തമായി കേട്ടു. മഴയുടെ ഓളങ്ങളെ കീറിമുറിക്കാൻ ശക്തിയിൽ ഒരു വിളിയും കേട്ടു: സീമേ വാതിൽ തുറക്ക്… ഇത് ഞാനാണ് ദാസേട്ടൻ .. നന്ദു… അച്ഛനാണ്, വാതിൽ തുറക്ക്…
ആ ശബ്ദം പുറത്തെ കടുപ്പമേറിയ ഇടിമിന്നലിനേക്കാൾ ശക്തിയായി അവരുടെ ഉള്ളിലേക്ക് പാഞ്ഞുകയറി. വർഷങ്ങളായി കേൾക്കാൻ കാത്തിരുന്ന, എന്നാൽ ഇനി ഒരിക്കലും കേൾക്കില്ലെന്ന് ഉറപ്പിച്ച ആ ശബ്ദം! ഇത്രയും കാലത്തെ കാത്തിരിപ്പും വേദനകളും ഒറ്റ നിമിഷം കൊണ്ട് ആ വാതിൽപ്പടിക്ക് പുറത്ത് തളംകെട്ടി നിന്നു.
ശബ്ദം നഷ്ടപ്പെട്ട്, ശ്വാസമടക്കി അവൾ വിറയ്ക്കുന്ന കൈകളോടെ ചുമരിലേക്ക് ചാരി. അവളുടെ നെഞ്ചിടിപ്പ് ആ മുറിയെപ്പോലും പ്രകമ്പനം കൊള്ളിച്ചു.എന്നാൽ നന്ദുവിന് ഒട്ടും കാത്തുനിൽക്കാൻ കഴിയുമായിരുന്നില്ല. ആ കണ്ണുകളിൽ വർഷങ്ങളായി അടക്കിവെച്ച സങ്കട കടൽ ആ നിമിഷം ഇരമ്പിപ്പാഞ്ഞു. അവൻ ധൃതിയിൽ ഓടിച്ചെന്നു വാതിലിന്റെ കുറ്റി വലിച്ചൂരി.
വാതിൽ തുറക്കപ്പെട്ടു.
ഉമ്മറപ്പടിയിൽ അച്ഛൻ!
മഴയിൽ പാതി നനഞ്ഞ്, കാലത്തിന്റെ അടയാളങ്ങൾ മുഖത്തു വീണു പക്വമായ അതേ ദാസേട്ടൻ. കയ്യിലെ കുട തിണ്ണയിലേക്ക് വെച്ച് അയാൾ വിറയ്ക്കുന്ന കരങ്ങളോടെ മകനെ ചേർത്തുപിടിച്ചു.
“അച്ഛാ…”
നന്ദുവിന്റെ ചുണ്ടുകളിൽ നിന്നും ആ വിളി വർഷങ്ങൾക്കു ശേഷം ഒരു സങ്കടപ്പെരുമഴയായി പുറത്തുവന്നു. അവന്റെ കുഞ്ഞുനാൾ മുതലുള്ള ഏകാന്തതയും നഷ്ടബോധവും ആ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു ഇല്ലാതാവുകയായിരുന്നു.
സീമ വിറയ്ക്കുന്ന കാലുകളോടെ, അവിശ്വാസത്തോടെ ഉമ്മറത്തേക്ക് ഇറങ്ങിവന്നു. അവരുടെ കണ്ണുകൾ പരസ്പരം കോർത്തു. കാതങ്ങളോളം സഞ്ചരിച്ച കിതപ്പോടെ, വാക്കുകൾ കിട്ടാതെ ആ കണ്ണുകൾ നിശ്ശബ്ദമായി സംസാരിച്ചു. മാപ്പിരക്കലിന്റെയും, പറയാൻ ബാക്കിവെച്ച സങ്കടങ്ങളുടെയും, ചോദിക്കാതെ പോയ ചോദ്യങ്ങളുടെയും ഒരായിരം ഭാരം ആ നിശ്ശബ്ദതയിൽ അലിഞ്ഞുപോകുന്നത് അവർ അറിഞ്ഞു. ഇത്രയും കാലം അനുഭവിച്ച മുറിവുകൾ ആ ഒരൊറ്റ നോട്ടത്തിൽ മാഞ്ഞുപോകുന്നതുപോലെ…
“അകത്തേക്ക് വരൂ ഏട്ടാ…”
ചുണ്ടുകൾ വിറച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
അവർ അകത്തേക്ക് കടക്കുമ്പോൾ പുറത്ത് ആർത്തലച്ചു പെയ്ത മഴ പതിയെ ശാന്തമായിരുന്നു. വീടിന്റെ ഹൃദയത്തിലേക്ക് വെളിച്ചം പകർന്നു നൽകിക്കൊണ്ട് അണഞ്ഞുപോയ കറന്റും അതേ സമയത്ത് തിരിച്ചുവന്നു!













