കാക്കകൾ

പരിചിതനായ കോഫിമേക്കർ പാൽപ്പതയിൽ വരച്ചിട്ട ചോക്ലേറ്റ് നിറമുള്ള പ്രണയച്ചിഹ്നങ്ങൾ തുളുമ്പാതെ നിന്ന കാപ്പുചീനോ കോഫിയുടെ കപ്പുകൾക്ക് ഇരുപുറവും ശലഭയും സൗഭഗും ഇരുന്നു.

തിളച്ചുറഞ്ഞ ടാറിൽ കരുവാളിച്ച റോഡിൻെറ ഓരം പറ്റി കൊടുംവെയിലത്ത് കുറച്ച് ഏറെ ദൂരം നടന്ന് വന്നവരാകയാൽ കഫ്റ്റീരിയയ്ക്കുള്ളിൽ തണുപ്പിനപ്പുറമുള്ള കുളിരായിരുന്നു.

ശലഭ രണ്ട് കപ്പുകളിലേക്കും സാഷെയിൽ നിന്നും പഞ്ചസാര സാവധാനം വിതറി പ്രണയചിഹ്നങ്ങളിൽ മധുരം കിനിഞ്ഞിറങ്ങാൻ വിട്ടിട്ട് മസ്കാര മിനുങ്ങുന്ന ഇമകൾക്കിടയിലെ മിഴിയിലെ അനിശ്ചിതത്വങ്ങൾ പ്രത്യക്ഷതയുടെ അനിവാര്യതകളാൽ മറച്ച് തീവ്രമായ ഏതോ ചോദ്യത്തിന് മുന്നോടിയെന്നോണം ചോദിച്ചു;

“പിതൃക്കൾ ബലിച്ചോറുണ്ണാൻ വന്നാരുന്നോ  ….”

കയ്പ്പിലേക്ക് മായാൻ വെമ്പുന്ന പാൽപ്പതയിലെ പ്രണയചിഹ്നങ്ങൾ ഉടമ്പടിയില്ലാത്ത അതിസൗഹൃദത്തിലെ  പതിവ് പോലെ പരസ്പ്പരം മാറ്റുന്നതിനിടയിൽ സൗഭഗ്‌ പറഞ്ഞു;

“തൈരിൽ കുഴച്ച ചോറുരുള മുറ്റത്തെ ചാണകം മെഴുകിയ മൺപീഠത്തിലെ തൂശനിലയിൽ വച്ച് പല ആവർത്തി കൈനനച്ച് കൊട്ടി….”

ശലഭ പ്രണയചിഹ്നത്തെ വലിച്ച് കുടിച്ച് കപ്പ് തിരികെ വച്ചു.

“ബലിക്കാക്കകൾ എത്രയെണ്ണം വന്നു….”

കാപ്പിയുടെ കയ്പ്പിലെ കലർപ്പാണ് മധുരം എന്നറിഞ്ഞ് സൗഭഗ്‌ സ്റ്റിറർ കൊണ്ട് കപ്പിലെ പ്രണയചിഹ്നത്തെ മെല്ലെ ചുഴറ്റി.

“കറുത്ത് സുന്ദരനായ ബലിക്കാക്ക വരുമെന്നാശിച്ചെങ്കിലും ഒന്ന് പോലും വന്നില്ല”

“അതെന്തേ ?” പിതൃക്കളുടെ പ്രീതിയില്ലായ്മയെക്കുറിച്ചേറ്റ നേരിയ ആകുലതയോടെ ശലഭ ചോദിച്ചു.

“എൻെറ പിതൃക്കൾ കാക്കയായി വരുമെന്ന് കരുതുന്നത് ഒന്നോർത്താൽ മൗഢ്യമാ…” സൗഭഗിൻെറ  ഉള്ളിലെ വരൾച്ചയിൽ നിറങ്ങൾ  കിനിഞ്ഞു.

ജീവിതകാലുഷ്യങ്ങൾ കാല്പനികതയാൽ വീണ്ടും പ്രണയാതുരമായി.

“അവർ വരുന്നെങ്കിലത്‌ മയിലായോ കുയിലായോ ആയിരിക്കും ….” ചുരുണ്ട് ഇടതൂർന്ന് പൊന്ത പോലെയുള്ള എണ്ണമയമില്ലാത്ത മുടി ഇരുകൈയ്യിലേയും ദുർബലമായ വിരലുകൾ കടത്തി പലവുരു ഇളക്കി സൗഭഗ്‌ ചിതറിച്ചു .

“എണ്ണയാക്കാൻ കൊന്ന മയിലിൻെറ പിന്മുറക്കാരൻ…” യൗവ്വനാരംഭത്തിലെ  ഇല്ലായ്മകളിലും ഗരിമ ഒരു ചെറുചിരിയായി.

ശലഭയുടെ ജീൻസിലെ കീറലുകളിലൂടെ വീണ്ടും കുളിരരിച്ച് കയറി.

“എൻെറ പിതൃക്കൾ തത്തയായും പ്രാവായും വന്നാലാണെനിക്ക് ഇഷ്ട്ടം …”

ശലഭ കാപ്പിയുടെ കയ്പ്പ് ആസ്വദിക്കുന്നതിനിടയിൽ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന അരക്ഷിതത്വത്തിൽ ചകിതയായി എന്തോ ഓർത്തു.

“സിംഹമായോ പുലിയായോ പിതൃക്കൾക്ക് വരാനാകുമായിരുന്നെങ്കിൽ …”

ജീവിതമേൽപ്പിച്ച നിസ്സഹായതകളുടെ ദൗർബ്ബല്യവുമായാകാം വരുന്നതെന്നോർത്തപ്പോൾ ശലഭ സ്വയം തിരുത്തി:

“വേണ്ട”

“എൻെറ ആത്മാവ് വരുന്നെങ്കിൽ അത് പൊന്മാനായായിരിക്കും…അല്ലെങ്കിൽ മരംകൊത്തി….”

സൗഭഗ് കയ്പ്പിലലിഞ്ഞ പ്രണയചിഹ്നത്തിൽ മരണത്തിൻെറ മധുരിമയാർന്ന നേരിയ പൊടിപ്പുണ്ടാകുന്നതറിഞ്ഞു.

പിതൃക്കൾ അതിശക്തരായ അമാനുഷരായി നിഷേധിക്കപ്പെട്ട നെറിയുറപ്പിക്കാൻ ഒരു ദിവസത്തേക്ക് മടങ്ങി വരുമെന്ന് മനസ്സിൽ കൊതിച്ചെങ്കിലും പകയാർന്ന അമാനുഷികതകളുടെ ബലാബലം എന്ന സംഭീതമായ ഡാർക്ക് സീനിൽ നിന്നും  ശലഭ പിൻവാങ്ങി.  

“പിതൃക്കൾക്ക് പക്ഷേ കാക്കയാകാനല്ലേ പറ്റൂ…”

കൈയ്യിലെ ചെറിയ തൂവാലയാൽ വിയർപ്പും പൊടിയും തുടച്ചപ്പോൾ  ശലഭയുടെ  മുഖത്തെ കറുപ്പ് കൂടുതൽ മിഴിവുറ്റതായി.

മധുരത്തെ തുലോം നേർത്തതാക്കിയ കയ്പ്പ് കലർന്ന വിയർപ്പുമായി കൊടും വെയിലത്ത്  നിരത്ത് വക്കിലൂടെ വളരെ ദൂരം നടന്ന് അവർ ഇരുവഴി പിരിഞ്ഞു.   

കാർട്ടൂണിസ്റ്റ്, കഥയെയുത്തുകാരൻ, യൂട്യൂബർ, ചെറുസിനിമാ സംവിധായകൻ. അഞ്ച് ചെറുകഥാ സമാഹാരങ്ങൾ ഉണ്ട്. ഭാഷാപോഷിണിയിൽ " അതീന്ദ്രിയം" എന്ന കാർട്ടൂൺ സ്ട്രിപ്പ് വരച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, പാട്രിയോട്ട് എന്നിവയിൽ ഒരു കാലത്ത് വരച്ചിരുന്നു.