
പാത്രങ്ങൾ മോറിയും അമ്മായിയമ്മയുടെ ഭർത്സനങ്ങളേറ്റും അടുക്കളപ്പണികളൊതുക്കി ലേശം സമാധാനത്തിനായാണ് ചെന്താര പുഴയുടെ വക്കത്തു വന്നിരിക്കുന്നത്. മനോഹരമായ നീണ്ടുരുണ്ട വിരലുകൾ നിവർത്തിയും മടക്കിയും നോക്കി. ‘എത്ര പാങ്ണ്ടായിന് ന്റെ ബെരലോളും കൈയും കാണാന്. കരിക്കലം തേച്ചുതേച്ചു പറ്റെ തയമ്പ് പിടിച്ചിന്.’ എന്നവൾ കുണ്ഠിതപ്പെട്ടു.
ഉച്ചക്ക് ഒണക്കമീഞ്ചാറും കൂട്ടി ചോറു ബയിച്ച് തുണികളുമായി ചെന്താര പുഴയിലേക്ക് വരും. തുണികൾ നനച്ചു വിശാലമായ പാറയിൽ ആറാനിട്ട് കരയിൽ നിൽക്കുന്ന പച്ചിലക്കൂട്ടത്തിലെ അമ്മകറമ്പി പറിച്ചു കല്ലിൽ ഉരച്ചു പതച്ചു തലയിൽ തേച്ചുകഴുകുമ്പോൾ ചെറിയ ചൊറിച്ചിലുണ്ടാകുമെങ്കിലും വെള്ളത്തിലൊന്നു മുങ്ങിനിവരുമ്പോൾ അതങ്ങു മാറും. തേൻനിറവും അഴകൊത്ത ശരീരവും ലേശം ചുരുണ്ട മുടിയുമാണ് ചെന്താരയ്ക്ക്. എട്ടാം ക്ലാസിൽ പഠിപ്പു നിർത്തി പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന ചോയിന്റൊപ്പം ഒളിച്ചോടുമ്പോൾ ഇത്രയും ഭംഗി അവൾക്കുണ്ടായിരുന്നില്ല. സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന അവരുടെ പ്രണയവിവരമറിഞ്ഞു ചോയിന്റെ അമ്മ ചീരു, അരിവാളുമായി, ‘നിങ്ങ എന്തന്ന് മാഷുമ്മാരെ ചെറുബാല്യക്കാരെ പ്രേമിക്കാനാ ഈടാ പടിപ്പിക്കുന്ന്.’ എന്നും പറഞ്ഞു അട്ടഹസിച്ചുകൊണ്ട് സ്‌കൂളിലേക്ക് വന്നതിന്റെ പിറ്റേന്നായിരുന്നു ആ ഒളിച്ചോട്ടം.
ചെന്താര വിളമ്പിക്കൊടുക്കുന്ന ‘കുൾത്തും’ കുടിച്ചു അതിരാവിലെ പോയാൽ വൈകിട്ട് പുഴയിലിറങ്ങി കുളിച്ചു അമ്മയ്ക്കുള്ള മുറുക്കാനും ചക്ലിയുമായാണ് ചോയി, എന്നും വൈകിട്ട് വരിക. ചിലപ്പോൾ ചെന്താരയ്ക്ക് ഇഷ്ടമുള്ള എള്ളുണ്ട മടിക്കുത്തിൽ ഭദ്രമായി വെച്ചിട്ടുണ്ടാകും. അമ്മയ്ക്കുള്ള പൊതി അമ്മയെ ഏൽപ്പിച്ചു ചെന്താരയെയും കൂട്ടി അകത്തേയ്ക്ക് കയറി നന്നായി ഒന്നു സ്നേഹിക്കും. ആ സ്നേഹത്തോടൊപ്പം ചന്ദ്രിക സോപ്പിന്റെയും നാടൻ റാക്കിന്റെയും ഗന്ധവും കലർന്നിരിക്കും.
‘ചോയിന്റൊപ്പം താമസം തൊടങ്ങിയപ്പോത്തൊട്ട് അമ്മേന്റെ കലമ്പലും തൊടങ്ങി. ഞാന് ചോയിട്ടനെക്കായിലും ജാതീല് മുന്തിയതായേനെക്കൊണ്ട് അമ്മക്ക് പേടിയാന്ന്. അയിനക്കൊണ്ടാന്ന് ഓറ് ഈ അലസിയെല്ലാംണ്ടാക്കുന്നതപ്പാ. ഞാന് ഒരുമിനിറ്റ് ബെർത്തെ ഇരിക്ക്ന്നത് കണ്ടാല് ഓർക്ക് പിരാന്താന്ന്.‘ എന്നാണ് ചെന്താരയുടെ ഭാഷ്യം. പക്ഷേ കാര്യം അതുമാത്രമല്ല. പുഴയ്ക്ക് അക്കരെയുള്ള കുയ്യങ്ങാട്ട് കോളനിയിലുള്ളതാണ് ചെന്താര. ചെന്താരയുടെ അമ്മയും ചോയീന്റെ അമ്മയും അത്ര രസത്തിലല്ല. ആ ഇഷ്ടക്കേടും കൂടിയാണ് അവർ ചെന്താരയോട് കാണിക്കുന്നത്.
‘ഓള നായനാര്ടെ ജാഗേൽക്ക് പണിക്ക് ബിടാൻ പറഞ്ഞാല് ഓൻ കേക്കൂല്ലാ. ഓൻ നയിച്ചു കൊണ്ടര്ന്നത് തുന്നിറ്റ് ഒരേ ഒർക്കം. നമ്മളെ പെണ്ണുങ്ങ എല്ലാരും പണിക്ക് പോന്ന്. ഓൾക്ക് പോയാല് എന്ത്ന്ന്. ഒളാര് ആത്തേമ്മയാ?’ എന്നാണ് അമ്മ, ചോയ്ക്ക്ന്നത്.
അയിനക്കൊണ്ട് പണിക്ക് പോന്ന കാര്യം പറഞ്ഞപ്പോ ചോയിട്ടൻ പറഞ്ഞത്. ‘നീ ഈടത്തെ കാര്യങ്ങള് നോക്കിയാ മതീപ്പ. നമ്മക്ക് മൂന്നാൾക്കും ഇല്ലത് ഞാന് നയിച്ചു കൊണ്ടര്ന്ന്ണ്ട്.’ എന്നാന്ന്.
അതൊന്നുമല്ല സയിക്കാൻ കയ്യാത്തത്. രാത്രിക്കാന്ന് അമ്മേന്റെ ബരുത്തങ്ങള് പൊറത്തു ബര്വ. ‘കൈകാൽബലിക്കുന്ന് ഊരബലിക്ക്ന്ന് ഒന്ന് തടിത്താണേന്നും പറഞ്ഞു അത്തും പിത്തും ബൈരം കൊടുക്കല്ന്നേ. പിന്ന അമ്മ ഒറങ്ങുവോളം തടവിത്തടവി എനക്ക് കയ്യാണ്ടാകും. ഞാന് എത്തുമ്പോൾക്കും ചോയിട്ടൻ ഒർങ്ങിറ്റിണ്ടാവും. പിന്നെ ഓറ ഒണർത്താണ്ട് മാറിക്കെടക്കും. കുഞ്യോളുണ്ടായിറ്റന്നും പറഞ്ഞു അമ്മ കലമ്പല്ന്നേ. ഞാനെന്താക്കാൻ?’ ചോയിട്ടനോട് പറയുമ്പ പറയും.
“കുഞ്ഞിയിണ്ടാമ്പോ ഇണ്ടാട്ടേ. അമ്മക്ക് നമ്മയല്ലാതെ ആരാന്നില്ലത്. നീ ഷമിച്ചേറപ്പാ.”
‘നമ്മളാള് അങ്ങനെ പറയുമ്പ നമ്മ ഷമിക്കണ്ടേ?’
‘ചോറ് ബയിച്ചിറ്റ് അമ്മ അപ്പർത്തെ ബീട്ടില് നൊണ പറയാൻ പോയിറ്റ്ണ്ടാവും. അപ്യേം മോശോന്ന്വല്ല. ചായകുടിക്ക്ന്ന നേരാമ്പോൾക്കാണ് അമ്മ മടങ്ങി ബരുന്നത്. അപ്പളേക്കും അകോല്ലാം അടിച്ചു ചാണം തെളിച്ചു കരിമ്പിച്ചിക്ക് കഞ്ഞിബെള്ളവും പ്ലാവിലെം കൊടുത്തിറ്റ് ബേണം ലേസം കെടക്കാൻ. അന്നെല്ലാം തുണി തിരുമ്പാൻ ബരുമ്പോ കരിമ്പിച്ചീനേം കൊണ്ടരാർന്നു. ഇപ്പോ ഉജേകേന്റെ കടച്ചീനാ പോയക്കരേലെ കുഞ്ഞീഷ്ണൻ നാനാരെ തെങ്ങിൻ പോരേടത്തില് കെട്ടുന്ന്ണ്ട്. അയിനെക്കൊണ്ട് ആട തീറ്റിയില്ല. അപ്പോ ഏടെങ്കിലും പോയിറ്റ് നല്ല ഏകരോല്ല തോട്ടിക്ക് പ്ലാവ്മ്മന്ന് എല ചെത്തീറ്റ് കൊണ്ടരും. എല്ലെങ്കി തായെ ബീണ് കെടക്കുന്ന എല കോല്മ്മ കുത്തിക്കുത്തി എട്ക്കും. ചെലപ്പോ പൊയക്കരേലെ തോലും ബള്ളീം പറിച്ചിറ്റ് കൊടുക്കും. അയിനോടെങ്കിലും എന്തെങ്കും മിണ്ടാലൊന്നോർത്തിറ്റാന്ന് മൈത്തിരിനോട്, ആടിന മേങ്ങിയത്.
റെയിലുവണ്ടിപോലെ കേറി വരുന്ന ജീവിതപ്രശ്നങ്ങൾ ഓർത്തുകൊണ്ട് ചെന്താര, ശാന്തമായൊഴുകുന്ന പുഴയുടെ വശത്തെ കുഴിയിലെ വെള്ളത്തിലേക്ക് കല്ലുകൾ എറിഞ്ഞു ചുറ്റോളങ്ങൾ ഉണ്ടാകുന്നത് അസ്വദിച്ചിരിക്കുമ്പോൾ പതിവുപോലെ തോളിലൊരു സഞ്ചിയുമായി നരച്ച മുടിയും നീണ്ട താടിയുമുള്ള അദ്ദേഹം വന്നു. സഞ്ചി കരയിൽ വെച്ചിട്ട് പുഴയിലിറങ്ങി കൈകാലുകളും മുഖവും കഴുകി വെള്ളം കവിൾകൊണ്ട് നിവർന്നുനിന്ന് വെള്ളത്തിലേക്ക് നീട്ടിത്തുപ്പി. പുഴയിലേക്ക് വീഴുന്ന വെള്ളത്തുള്ളികളിൽ മഴവില്ല് വിരിയുന്നത് കൗതുകത്തോടെ നോക്കിയിരിക്കുന്ന പെൺകുട്ടിയെ ഒന്ന് ചിരിച്ചുകാണിച്ചിട്ട് തന്റെ സഞ്ചിയെടുത്തു തോളിലിട്ടു.
“കുട്ടിയുടെ പേരെന്താ?”
“ചെന്താര.”
ചിരപരിചിതനായതുകൊണ്ടാണ് പേര് പറഞ്ഞത്.
“ഇവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തേ?”
“ദേ കണ്ടിറ്റേ..ന്റെ തുണിയാറാൻ.”
ഒട്ടും സംശയിക്കാതെ അവൾ മറുപടിയും കൊടുത്തു. പിന്നാലെ ഒരു ചോദ്യവും.
“നിങ്ങളെ ജോലിയെന്തപ്പാ? നിങ്ങ എന്നും ഇങ്ങനെ ഏട്യാന്ന് പോന്നത്?”
അതിനുള്ള മറുപടിയായി ഒരു മറുചോദ്യമാണ് അയാളിൽനിന്നും ഉണ്ടായത്.
“ചെന്താരയ്ക്ക് വായിക്കാനറിയോ?”
അറിയാമെന്നവൾ തലയാട്ടി.
“ഞാൻ സ്കൂൾ മാഷായിരുന്നു. പെൻഷൻ പറ്റി. ഇപ്പൊൾ ഇവിടെ വായനശാലയിലാണ് ജോലി ചെയ്യുന്നത്. ഗ്രാമത്തിലുള്ളവരെയെല്ലാം പുസ്തകങ്ങൾ വായിപ്പിക്കാൻ ഞങ്ങളൊരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുക എന്നതാണ് അത്.”
ബായിച്ചാൽ വിവരോം ബുദ്ധിയും ഉണ്ടാകുമെന്നും അറിവുണ്ടാകുമെന്നും ഉസ്‌കൂളിൽ പഠിക്കുമ്പോ ഗോപാലൻ മാഷ് എപ്പളും പറയുന്നത് ചെന്താരയോർത്തു. കോളനീല് ആരും ബായിക്കൊന്നുല്ല. ആണുങ്ങയെല്ലാം പണിക്ക് പോയിറ്റ് ബൈന്നേരം റാക്കും കുടിച്ചിറ്റ് ബരും. എന്നിറ്റ് പെണ്ണുങ്ങയുമായിറ്റ് കലമ്പലും ബിളീംന്നേ. ചെറ്യേ കുട്ടിയായിരിക്കുമ്പോന്നെ പെണ്ണ് കുഞ്ഞ്യൊളെ മംഗലം കയിപ്പിക്കും. അപ്യേം പണിക്ക് പോകും. പിന്ന ആര് എന്ത് ബായിക്കാൻ.
“ചെന്താരയ്ക്ക് വായിക്കാൻ പുസ്തകങ്ങൾ വേണോ?” ഓരോന്നോർത്ത് നിൽക്കെ സഞ്ചിയിൽ നിന്നും ഒരു പുസ്തകമെടുത്തു മാഷ് അവൾക്ക് നീട്ടി.
“ഇത് വായിച്ചിട്ട്, കളയാതെ തിരിച്ചുതരണം.”
പുസ്തകം രണ്ടുകയ്യും നീട്ടി വാങ്ങി തിരിച്ചുംമറിച്ചും നോക്കി. ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ ആയിരുന്നത്. പലകൈകൾ മറിഞ്ഞെത്തിയ പുസ്തകം വശങ്ങൾ ചുരുണ്ടും കവർപേജുകൾ ഇളകിയുമിരുന്നു.
അവൾ പുസ്തകം തുണിക്കെട്ടിനുള്ളിൽ ഭദ്രമായി വെച്ചു. അപ്പോളേക്കും മാഷ് പോയിരുന്നു. ‘അമ്മ ബരുന്നതുവരെ ബായിക്കാൻ സമയോണ്ട്. എല്ലെങ്കി പുസ്തകവുമെടുത്ത് കരിമ്പിച്ചീന മേയ്ക്കാൻ വർക്കിയേട്ടന്റെ തോട്ടത്തിൽക്ക് പൂവാം’ എന്ന് അവൾ പോംവഴിയും കണ്ടെത്തി.
വൈകിട്ട് പുസ്തകം കാട്ടിയപ്പോൾ ‘നീ ബായിച്ചോണേ.’ എന്നു ചോയി അനുവാദം കൊടുത്തു.
പുസ്തകവായന തുടങ്ങിയപ്പോൾ ‘പാത്തുമ്മേന്റെ ആടും കരിമ്പിച്ചിയും ഒരുപോലെയാന്നല്ലോ’ എന്ന് ചെന്താരയ്ക്ക് തോന്നി. പുസ്തകം തിരിയെക്കൊടുക്കുമ്പോൾ അക്കാര്യം അത്ഭുതത്തോടെ മഷിനോട് പറഞ്ഞു. “തുന്നാൻ പറ്റാത്തതെല്ലാം അയിനും ബേണം. ഓള മേയ്‌ക്കുംബളാണ് ബായിക്കുന്നതെങ്കി ഓള് ബന്നിറ്റ് പുസ്തകം തുന്നാങ്കളിക്കും. പിന്ന ഏടെങ്കിലും കെട്ടീറ്റേ ബായിക്കാമ്പറ്റൂ.”
മാഷ് അതുകേട്ട് ചിരിച്ചു.
ചെന്താരയുടെ വായന കഴിയുന്നതിനനുസരിച്ചു പുസ്തകങ്ങൾ മാറിമാറിവന്നു. വായനയിൽ അറിഞ്ഞതും മനസ്സിലായതുമായ കാര്യങ്ങൾ ചെറുകുറിപ്പുകളായി എഴുതിവയ്ക്കാൻ ഒരു ബുക്കും പേനയുംകൂടി ഷേണായി മാഷ്, ചെന്താരയ്ക്ക് നൽകി. അങ്ങനെ എഴുതിയ കുറിപ്പുകൾ മാഷിനെ ഏൽപ്പിച്ചു. വായന ചെന്താരയെ പുതിയൊരു ലോകത്തേക്ക് നയിച്ചു. മാഷുടെ ബഹുമാനത്തോടെയുള്ള പെരുമാറ്റം അവളെ ഉണ്മയുള്ളവളാക്കി.
ഇത്രയും ബഹുമാനത്തോടെ ആരും ഇതുവരെ അവളോട് ഇടപെട്ടിരുന്നില്ല. അമ്മ അവൾക്കൊരു വിഷയമേ അല്ലാതായി. ചെന്താരയുടെ മാറ്റം അമ്മ ശ്രദ്ധിച്ചു.
‘പൊയെല് പോയിപ്പോയി ഓൾക്ക് കൂളി കൂടിയോപ്പാ?’ അമ്മ, ചോയിയുടെ അടുത്തെത്തി. ചോയി ഒരു മാറുചോദ്യമെറിഞ്ഞു അമ്മയുടെ നാവടക്കി.
“അമ്മേന്റെ ഏതെങ്കും കാര്യത്തിന് കൊറവ് ബന്നിനാ, ഇല്ലാലോ.”
ഇല്ലെന്നവർ തലയാട്ടി.
“എന്നാല് ഓക്ക് കൂളീം ബോളീമൊന്നും കൂടിറ്റുമില്ല. ഇനി അമ്മ, അയ്‌നക്കൊണ്ട് ഓൾക്ക് അലസിയിണ്ടാക്കല്ലപ്പാ.”
ഭാര്യയെ ന്യായീകരിച്ചുള്ള മകന്റെ സംസാരം അത്ര രസിച്ചില്ലെങ്കിലും അവർ മറുപടിയൊന്നും പറഞ്ഞില്ല.
വായന മുന്നേറി. മാഷുമായി പുസ്തകങ്ങളെക്കുറിച്ചു അവൾക്കറിയാവുന്നതുപോലെ പുഴക്കരയിൽ വെച്ചു സംവാദങ്ങൾ നടത്തി. അതിൽനിന്നും കൂടുതൽകൂടുതൽ ഉൾവെളിച്ചം കിട്ടിക്കൊണ്ടിരുന്നു. അവളിൽ ആത്മവിശ്വാസം വളർന്നു. വെറുതേയിരിക്കുന്ന സമയങ്ങളിൽ ലൈബ്രറിയിലെ പുസ്‌തകങ്ങൾ അടുക്കിവയ്ക്കുക വായനശാല വൃത്തിയാക്കുക തുടങ്ങിയ ചെറിയ ജോലികളും മാഷ് അവളെ ഏൽപ്പിച്ചു. ലൈബ്രറിയുടെ ആ വർഷത്തെ ഏറ്റവും നല്ല വായനക്കാരിക്കും ആസ്വാദനക്കുറിപ്പിനുമുള്ള സമ്മാനം ചെന്താരയ്ക്കായിരുന്നു. ചോയിയും അതിൽ അഭിമാനിച്ചു. ചെന്താര ട്രോഫിയും പുസ്തകങ്ങളും ഏറ്റുവാങ്ങുമ്പോൾ ചോയി സദസ്സിൽ നെഞ്ചുവിരിച്ചിരിക്കുന്നുണ്ടായിരുന്നു.
ഇതൊന്നും ഇഷ്ടപ്പെടാത്ത ചിലർ ‘ഓള് പെയച്ചുപോകും ബീടും മുടിയും’ എന്ന് അമ്മയെയും ചോയിയെയും പറഞ്ഞു ഭയപ്പെടുത്തി. ‘നെന്ന ഓള് കേസ് കൊടുത്തു ജെയിലിൽക്കയക്കും.’ എന്നുകൂടി ചെപ്പുർണി ഉദാഹരണസഹിതം വ്യക്തമാക്കുകകൂടി ചെയ്തപ്പോൾ അമ്മ ചീരുവിന് നിൽക്കക്കള്ളിയില്ലാതായി.
‘ഞാന് ഓള കൊറേ അലസിയാക്കിറ്റ്ണ്ടല്ലോ.’
എന്നവർ ഓർത്തു.
“ഏ ചോയി, നീ ഫോണിലും ടിവീലും മറ്റും ബരുന്ന ബാർത്ത കേക്ക്ന്നില്ലേ? ബർത്താക്കമ്മാരെ ചാടീറ്റ് കണ്ടോന്റെ ഒപ്പരം പോന്ന പെണ്ണുങ്ങളെപ്പറ്റി. ഓരിക്കൊന്നും സ്വാതന്ത്രം കൊടുത്തൂടാ. ഒടുക്കം നമ്മ അനുബവിക്കേണ്ടി ബരും. ആ മാഷ് ഓള ബശീകരിച്ചിറ്റില്ലന്ന് ആര് കണ്ടിന്?.”
“ആയിന് ആ മാഷ്‌ക്ക് ഓള അച്ഛനേക്കായിലും പ്രായോണ്ടല്ലോ.”
ചോയിയുടെ ആ വിശ്വാസത്തെയും ആദരവിനെയും ചിങ്കൻ വീണ്ടും ചോദ്യം ചെയ്തു.
“ആയിന് ഇപ്പോണ്ടാ പ്രായോം കാലോം. നീയെന്ത് ബോളനാന്ന്.”
അമ്മ പറഞ്ഞതും മാലിങ്കന്റെ വീട്ടിൽ റാക്ക്, കുടിച്ചിരിക്കുമ്പോൾ ചിങ്കൻ, പറഞ്ഞറിഞ്ഞ പുതിയ കാര്യങ്ങളും കൂടി കൂട്ടിവായിച്ചപ്പോൾ ചോയിക്കും ഒരു മനസ്സിളക്കം. ചെന്താരയെ വശീകരിക്കാൻ ചെന്നു അടിവാങ്ങി ഇളിഭ്യനായ ചിങ്കൻ, തന്റെ വിരോധം തീർത്തതായിരുന്നെന്നു ചോയി എങ്ങനെയറിയാൻ. ചെന്താര അക്കാര്യമൊന്നും ചോയിയോട് പറഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള കര്യങ്ങളൊക്കെ സ്വയം കൈകാര്യം ചെയ്യാനുള്ള ആർജ്ജവം അവൾ നേടിയിരുന്നു. അവളുടെ നടപ്പിലും എടുപ്പിലുമെല്ലാം ആ വ്യത്യാസം കാണാനുമുണ്ടായിരുന്നു.
അന്ന് വൈകിട്ട് ആദ്യമായി ചെന്താരയും ചോയിയും തമ്മിൽ കലഹിച്ചു.
“എനും നീ ഈ പൊസ്തകോന്നും ഈടാ കൊണ്ടരാമ്പാടില്ല. ആ മാഷിനേം കാണണ്ട.” ചോയി കല്പിച്ചു.
ചെന്താരയ്ക്ക് അതിലെ സാംഗത്യം മനസ്സിലായില്ല.
“അല്ല നിങ്ങ എന്തന്നാപ്പാ പറയ്ന്ന്?”
“അതന്നെ. ബായന..കൂയന ഒന്നും ബേണ്ടാന്ന്.” ചോയി വരാന്തയുടെ മൂലയ്ക്ക് കുത്തിയിരുന്നു പല്ലുഞെരിച്ചു.
ചീരു ഇപ്പുറത്തിരുന്നു എരിവ് കൂട്ടുന്നുണ്ടായിരുന്നു. ഒന്നു ശാന്തമാകട്ടെ എന്നുകരുതി ചെന്താര തൽക്കാലം അനുസരിച്ചു. കാര്യങ്ങൾ മാഷിനോട് പറയുകയും ചെയ്തു.
“സാരമില്ല. എല്ലാം ശരിയാകും. ഞാനവനെയൊന്ന് കാണട്ടെ.” എന്നദ്ദേഹം സാന്ത്വനിപ്പിച്ചിട്ട് നടന്നുപോയി.
ചെന്താര, അനുസരണക്കേടൊന്നും കാണിച്ചില്ലെങ്കിലും ഉള്ളിൽക്കയറിയ വിഷം പെരുകിപ്പെരുകി ചോയിയുടെ ബോധമണ്ഡലത്തെ മൂടിക്കളഞ്ഞു. അവന്റെ വിവേകം വികാരത്തിന് വഴിമാറി. പ്രായം ഇത്തിരി കൂടുതലുണ്ടെങ്കിലും തന്നെക്കാൾ എന്തുകൊണ്ടും യോഗ്യനാണ് മാഷ്. താനോ ചെളിയിലും ചേറിലും പണിയെടുക്കുന്ന വിയർപ്പുനാറുന്ന കാണാൻ ഒട്ടും പാങ്ങില്ലാത്തോൻ.
അതൊരു മഴക്കാലമായിരുന്നു.
അന്ന് വീടുകളിൽ പുസ്തകമെത്തിച്ചിട്ടു വരികയായിരുന്ന നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായ മാഷ് ചെളിയിലൂടെയും മറ്റും നടന്നുവന്നു പതിവുപോലെ കാലു കഴുകാനായി ഇരുകരമുറ്റിയൊഴുകുന്ന പുഴയിലേയ്ക്കിറങ്ങി.
വെള്ളത്തിലേക്ക് കുനിഞ്ഞതും മുതുകിന് എന്തോ കനമുള്ള വസ്തു വന്നുപതിച്ചു മാഷ് പുഴയിലേക്ക് മൂക്കുംകുത്തി വീണുപോയി. കുറച്ചുനേരം പതച്ചുനിന്നെങ്കിലും ഒഴുക്കിൽപ്പെട്ടു കൈകാൽ കുഴഞ്ഞു പുഴയുടെ അടിയിലേക്ക് താണു. ഉടുത്തിരുന്ന മുണ്ട് ഒരു വെളുത്ത ബലൂണ് പോലെ വെള്ളത്തിന് മുകളിൽക്കൂടി താഴേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു. അപ്പോളവിടെയെത്തിയ ചെന്താര, കരയിൽ ആ സഞ്ചിയും കുടയും കണ്ടു. പക്ഷേ അവിടെ മാഷില്ല. ചുറ്റും നോക്കിയ അവൾ നിറഞ്ഞൊഴുകുന്ന ജലപ്പരപ്പിൽ ആ കാഴ്ചകണ്ടു.
‘ന്റെ ഭഗോതീ…’
തുണിക്കെട്ട് അവിടെയിട്ടിട്ട് ഒരു നിലവിളിയോടെ അവൾ വെള്ളത്തിലേക്ക് ചാടി.












