
എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാനാദ്യം ചെയ്തത് മുന്നിൽ കണ്ട ടെലിഫോൺ ബൂത്തിൽ നിന്ന് ഞാൻ ഇന്ത്യയിൽ വന്നിറങ്ങിയ കാര്യം വീട്ടുകാരെ വിളിച്ചറിയിക്കലായിരുന്നു.
എന്നോടൊപ്പം ഹരിലാലിന്റെ ബോഡിയുണ്ടെന്നും അത് അയാളുടെ ബീഹാറിലെ ഏതോ കുഗ്രാമത്തിലെ വീട്ടിലെത്തിക്കാനുള്ള കമ്പനിയുടെ ദൌത്യവുമായാണ് ഞാൻ വന്നിരിക്കുന്നതെന്നുമുള്ള കാര്യം പറഞ്ഞില്ല. ഈ ബോഡി ഏൽപിച്ചു കഴിഞ്ഞ് ഒന്ന് വീട്ടിൽ വന്ന് പോകാനുള്ള നാലഞ്ചു ദിവസത്തെ അവധി മാത്രമേ കമ്പനി എനിക്ക് തന്നിട്ടുള്ളൂ എന്ന കാര്യവും ഞാൻ രഹസ്യമാക്കി വെച്ചു.
കമ്പനി അധികൃതർ നിർദ്ദേശിച്ചത് പോലെ ബോഡി അവിടെ നിന്ന് അടുത്ത റെയിൽവേസ്റ്റേഷൻ വരെ എത്തിക്കാനായി എയർപോർട്ട് അധികൃതർ ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ട് ഞാനും കൂടെ കൂടി.
നഗരത്തിൽ നിന്ന് വളരെ അകലെയായിരുന്നു ഞങ്ങൾ എത്തിച്ചേർന്ന സ്റ്റേഷൻ. വളരെ ചെറുതായിരുന്നു അത്. ഏറെ പഴക്കവും തോന്നിച്ചു. ചുറ്റും പൊന്തക്കാടുകളല്ലാതെ മനുഷ്യവാസം ഇല്ലാത്ത ഒരു വനപ്രദേശം. അവിടെയാണ് എംബാമിഗ് ചെയ്തയച്ച ഹരിലാലിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തുക എന്ന് രാമചന്ദ്രൻ സാറ് പറഞ്ഞിരുന്നു. അവിടെ വെച്ച് ബോഡി അവർക്ക് കൈമാറുകയും കമ്പനി കൊടുത്ത പേപ്പറിൽ അവരെക്കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്യുക. ശേഷം തോമസിന് സ്വന്തം വീട്ടിലേക്ക് പോകാം. ആറ് ദിവസത്തിനുള്ളിൽ കമ്പനിയിലേക്ക് തിരിച്ചെത്തണം. ഇങ്ങനെയായിരുന്നു സാറെന്നോട് മനസ്സ് കുളിർപ്പിച്ച ആ കാര്യം പറഞ്ഞത്.
നാട്ടുകാരനും കമ്പനിയിലെ ഹെഡ്ക്ലാർക്കുമായ രാമചന്ദ്രൻ സാറാണ് അപകടത്തിൽ മരിച്ച ഹരിലാലിന്റെ ബോഡി നാട്ടിലെത്തിക്കാൻ എന്നെ സെലക്റ്റ് ചെയ്തത്. അതൊരു ലോട്ടറി ആയിരുന്നു. ഫ്രീ ടിക്കറ്റ്. നാലഞ്ചു ദിവസം വീട്ടിൽ ചെലവഴിക്കാൻ അവസരം. ഒക്കെ രാമചന്ദ്രൻ സാറിന്റെ കരുണ. ഹരിലാലിന്റെ ബന്ധുക്കളെ കാത്തിരിക്കുന്നതിനിടയിലെ നേരങ്ങളിൽ അതൊക്കെ ഓർത്തു കൊണ്ടിരുന്നപ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഒപ്പം ജോലി ചെയ്യുന്നു എന്നതൊഴിച്ചാൽ ഹരിലാലിന്റെ നാടോ വീടോ അറിയില്ല. ഈ നിൽക്കുന്ന സ്റ്റേഷൻ പോലും പാറ്റ്ന എന്നു കേട്ടിട്ടേയുള്ളൂ. കുറച്ചു മുമ്പ് വന്നിറങ്ങിയത് അവിടത്തെ എയർപോർട്ടിലാണ്.
ഏറെ നേരമായി ഞാൻ നിന്ന സ്റ്റേഷൻ പരിസരത്തെ വിജനതയിലേക്കാണ് ഒരു ടാക്സി ഡ്രൈവർ വന്നു ചേർന്നത്. പഴയൊരു പ്രീമിയർ പദ്മിനി കാർ ഞരക്കത്തോടെ നിർത്തി. ഒരിരയെ കിട്ടിയ ആഹ്ലാദത്തോടെ എന്റെ നേർക്ക് വന്നു കൊണ്ട് അയാൾ പറഞ്ഞു.
“സാബ് ടാക്സി ഉണ്ട്. എവിടെ പേകണം എന്ന് പറഞ്ഞാൽ മതി.”
“ബന്ധുക്കൾ വരും.”
ടാക്സിക്കാരന്റെ മുഖത്തെ മിന്നലാട്ടങ്ങൾ നിലച്ചു. അയാൾ പിൻവാങ്ങി. ഏന്തി വന്ന ഒരു നായ ബോഡിക്കരികെ കുറച്ചു നേരം നിന്നു. സ്പിരിട്ടിന്റെ ഗന്ധം ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ അത് അവിടം വിട്ട് പാളം മുറിച്ചു കടന്നു പൊന്തക്കാട്ടിൽ മറഞ്ഞു.
മധ്യവയസ്കനായ സ്റ്റേഷൻമാസ്റ്റർ ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. ചക്കുംകുറ്റി പോലുള്ള ടിഫിൻ കേരിയർ വിദഗ്ദമായി അയാൾ അടർത്തി മാറ്റി. പിന്നെ ശബ്ദമുണ്ടാക്കാതെ ഓരോന്നും തുറന്ന് മേശമേൽ നിരത്തി വെച്ചു. നരച്ച ജാലകയഴികൾക്കിടയിലൂടെ അകത്തേക്കു കടന്നു വരുന്ന വെളിച്ചത്തിന്റെയും കാറ്റിന്റെയും ലഭ്യത അയാൾ ഉറപ്പു വരുത്തി. വയർലസ്, നിരത്തിവെച്ച പാത്രങ്ങൾക്കടുത്തു വെച്ചു. അതും അയാൾ തിന്നു കളയുമോ എന്ന മട്ടിലായിരുന്നു ഒരുക്കങ്ങൾ. വെളുത്ത കോട്ട് ഊരിവെച്ചു കൊണ്ട് മീറ്റിങ് ഹാളിൽ ഇരിക്കുന്നതു പോലെ അയാൾ ഇരുന്നു സവിസ്തരം തിന്നാൻ ആരംഭിച്ചു.
അജ്ഞാതമായ ഒരിടത്ത് ചാർച്ചക്കാരെത്താത്ത ഒരു ശവത്തിന് കാവൽ നിന്ന എന്നെ വകവെക്കാതെ പകൽ കുറുകി. പരുപരുത്ത സിമെന്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട് ഹരിലാലിന്റെ ഉറ്റവർക്ക് വേണ്ടി ദാഹിച്ച് ഞാൻ ഇരിപ്പ് തുടർന്നു.
മെല്ലെ ഞാൻ പരിഭ്രാന്തനായിക്കൊണ്ടിരുന്നു. അപരിചിതമായ ഏതോ ഇടമാണ്. ഒപ്പമുള്ളത് ഒരു മൃതദേഹമാണ്. ടാക്സിക്കാരൻ ഇപ്പോഴും പ്രത്യാശ കൈവിട്ടിരുന്നില്ല. കെവിൻ കാർട്ടറുടെ കഴുകനെപ്പോലെ അയാൾ എന്റെ മടുപ്പുകളിൽ കൂർപ്പിച്ച കണ്ണുകളോടെ വട്ടമിട്ടു കൊണ്ടിരുന്നു.
ഇപ്പോൾ പഴകി തേഞ്ഞ രണ്ടു കൊടികളുമായി സ്റ്റേഷൻമാസ്റ്റർ പുറത്തിറങ്ങി. പാളത്തിന്റെ ഇരുവശങ്ങളിലേക്കും ദീർഘമായി നോക്കി. കുറെ മുമ്പ് കണ്ട എന്നെ അവിടെ തന്നെ വീണ്ടും കണ്ടപ്പോൾ നേരെ അടുത്തേക്കു വന്നു.
“നിങ്ങൾ എന്തിനാണ് ഇവിടെ നിൽക്കുന്നത്?”
റെയിൽവെ സ്റ്റേഷനിൽ എന്തിനാണ് നിൽക്കുന്നതെന്ന് തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ കാര്യങ്ങൾക്ക് ഒരു അടിസ്ഥാനം ഉണ്ടാവട്ടെ എന്നു കരുതി കമ്പനി തന്ന ഡോക്യുമെന്റ്സ് തന്നെ ഞാൻ അങ്ങേർക്ക് കാട്ടിക്കൊണ്ട് കാര്യങ്ങൾ എളുപ്പമാക്കി. മാസ്റ്റർ സമയമെടുത്ത് അത് വായിച്ചു. ബോഡി കിടക്കുന്ന പെട്ടിയിലും എന്റെ മുഖത്തും കുറച്ചു സമയം നോക്കി ഉറപ്പു വരുത്തി. പിന്നെ സാവധാനം നേരത്തേ ടിഫിൻ കേരിയർ തുറന്ന പോലെ വാക്കുകൾ അടർത്തിക്കൊണ്ട് പറയാൻ തുടങ്ങി.
ഒരു മൃതദേഹവുമായി അജ്ഞാതമായ ദേശത്തിലേക്ക് ഇറങ്ങിത്തിരിച്ച എന്റെ സാഹസികത വിശ്വസിക്കാനാവുന്നില്ല എന്നയാൾ സൂചിപ്പിച്ചു.
വീട്ടിൽ പോകാൻ ചുളുവിൽ കിട്ടുന്ന ഒരവധിയാണ് ഈ സാഹസികതയ്ക്ക് പിന്നിലെന്ന് അറിയാതെയുള്ള അഭിനന്ദനം.
മാസ്റ്റർ പിന്നീട് കാര്യത്തിലേക്ക് കടന്നു.
“ഇതൊരു മൃതശരീരമാണ്. അധികനേരം വെച്ചിരിക്കാൻ കഴിയില്ല. എന്തെങ്കിലും ഉടനെ ചെയ്യണം. നിങ്ങൾ പറഞ്ഞ സ്ഥലം അടുത്തൊന്നുമല്ല. അവിടേക്ക് വിവരം അറിയിക്കാൻ കമ്പി മാർഗ്ഗമേ കഴിയൂ. അതിനാണെങ്കിൽ പോസ്റ്റ് ഓഫീസ് വരെ പോകണം. അതും ഇവിടെയെങ്ങുമില്ല. ഇനി ചെയ്താലും വിവരമറിഞ്ഞ് എത്താൻ സമയമെടുക്കും. വഴി അത്രയും ദുർഘടമാണ്. ഒരുപക്ഷെ ഹരിലാൽ മരിച്ച കാര്യം കമ്പനി അറിയിച്ചത് അവർ അറിഞ്ഞു കൂടി കാണില്ല.”
മാസ്റ്റർ എന്തോ ആലോചിച്ചു. ശേഷം ഡ്രൈവറെ കാണിച്ചു കൊണ്ടു പറഞ്ഞു.
“ഇനി ചിന്തിക്കാനൊന്നുമില്ല. വേഗം ഇയാളോടൊപ്പം പോകുക. പണം കൊടുത്താൽ ഇയാൾ ആ വഴിക്ക് കൊണ്ടു വിടും.”
മാസ്റ്റർ ഡ്രൈവറുടെ നേർക്ക് തിരിഞ്ഞു.
“പെട്ടി എടുത്ത് വണ്ടീൽ കേറ്റ്. ചാർജ് ഇയാൾ തരും.”
കേൾക്കേണ്ട താമസം കാത്തിരുന്നത് പോലെ ആ കഴുകൻ പറഞ്ഞു.
“വരൂ സാർ നമുക്ക് പെട്ടി കയറ്റാം.”
അതിനിടയിൽ ഒരു ഗുഡ്സ് കടന്നു പോയി. പച്ചക്കൊടി കാട്ടാൻ സമയം കിട്ടുന്നതിനു മുമ്പ് ശരവേഗത്തിൽ അത് പാഞ്ഞുപോയി. അത് പാഞ്ഞുപോയ പാളത്തിലേക്ക് നോക്കി മാസ്റ്റർ വിഷണ്ണനായി നിന്നു.
റോഡിൽ നിന്ന് ചെമ്മൺ പാതയിലേക്ക് കടക്കുമ്പോൾ ഡ്രൈവർ പറഞ്ഞു.
“സാറിന് ബാഗ്യൊണ്ട്. ഞാൻ പോകാൻ തുടങ്ങുമ്പൊഴാ സാറ് വന്നത്. ഞാൻ പോയിരുന്നെങ്കിൽ സാറ് പെട്ടുപോയേനെ. ഒരു വണ്ടീം ഇവിടുന്ന് കിട്ടില്ല. അടുത്ത ടൌൺ മുസഫർപൂരാണ്. എഴുപത് കിലോമീറ്റർ പോണം. അവിടെ ചെന്നാ ബില്ലാപൂർ വരെ ബസ്സുണ്ട്. അവിടുന്ന് നിങ്ങൾക്ക് പോകേണ്ട ശഹദുള്ളപൂരിലേക്ക് കാളവണ്ടികൾ കിട്ടും.”
താൽപര്യമില്ലാതെ മൌനത്തോടെ ഞാൻ പുറത്തേക്ക് നോക്കി. ചെറിയ പഴയ കെട്ടിടങ്ങൾ. നാട്ടു കവലകൾ. അവ ഒഴിഞ്ഞപ്പോൾ ഗ്രാമത്തിന്റെ വിജനതകൾ. കാറിലേക്ക് വന്ന ഇളംകാറ്റിൽ മെല്ലെ മയങ്ങിത്തുടങ്ങുമ്പോൾ കഴിഞ്ഞ നാല് ദിവസങ്ങളുടെ ഓർമകൾ എന്റെ മനസ്സിൽ പടർന്നു.
ഞായറാഴ്ച രാവിലെ ഒമാനും യമനുമിടയിലെ മിലിട്രി ക്യാമ്പിലേക്കുള്ള ജനറേറ്റർ താനും ഹരിലാലും ചേർന്ന് പിക്കപ്പിലേക്ക് കയറ്റുകയാണ്. കമ്പനിയുടെ ഗേറ്റ് കടക്കുന്നു. മനുഷ്യജീവികൾ അവസാനിക്കുന്നയിടം സർഫൈത്ത് ബോർഡറിലെ നാദാപുരംകാരനായ ഉസ്മാനിക്കാന്റെ മുബാറക് സ്റ്റോറാണ്. അവിടുന്നങ്ങോട്ട് മരുഭൂമിയാണ്. മൈലുകളോളം അറ്റം കാണാത്ത റൂബൽകാലി മരുഭൂമി.
പതിവുപോലെ ഉസ്മാനിക്കാന്റെ കടയിൽ നിന്ന് ചായയും ബിസ്കറ്റും കഴിച്ചു. രണ്ടു കുപ്പി വെള്ളം വാങ്ങി. എന്നും പിരിയുമ്പോൾ ഉസ്മാനിക്കാന്റെ ഭയപ്പാടോടെ ഉള്ള ചോദ്യം വന്നു. “തോമസ്സേ, പെട്രോളും ഓയലുമൊക്കെ സ്റ്റോക്കില്ലേ, സൂക്ഷിച്ചു പോണേ..”
“ഇതിപ്പൊ ആദ്യായിട്ടൊന്നും അല്ലല്ലോ ഉസ്മാനിക്കാ. പോയിപ്പോയി എനിക്കിപ്പോ ചെറിയ പള്ളീന്ന് കോട്ടയത്തേക്ക് പോകുന്നത് പോലെയാ.”
ഉസ്മാനിക്ക അതുകേട്ടു ചിരിച്ചു കൊണ്ടിരുന്നു. പിക്കപ്പ് സ്റ്റാർട്ട് ചെയ്യുമ്പോൾ യാത്ര പറയുന്നതിനിടയിൽ ഞാൻ ഉസ്മാനിക്കാനോട് പറഞ്ഞു. “ഒരീസം ഉസ്മാനിക്ക ഞങ്ങളോടൊപ്പം വാ. മരുഭൂമീം ബോർഡറും കണ്ടിട്ട് തിരിച്ചു വരാം.”
“അയിന് ഇതിനപ്പുറം ഞമ്മക്ക് പ്രവേശനം ഇല്ലാലോ, കണ്ടാ ആർമിക്കാര് വെടിവെച്ച് കൊല്ലൂലേ.”
ആ തമാശ മനസ്സിലായതു പോലെ ഹരിലാൽ ചിരിച്ചു. മറുപടിയും പറഞ്ഞു.
“മിലിട്രിവാലോക്കാ ഹം ബോലേഗാ.. യേ മേരാ ദോസ്ത് ഉസ്മാൻ ഭായി ഹെ.. ഷൂട് മത് കരോ” അത് കേട്ട് ഉസ്മാനിക്കയും ചിരിച്ചു. ആ ചിരിയിൽ നിന്നാണ് പുറപ്പെട്ടത്.
പതിവുപോലെ മുഹമ്മദ് റാഫിയുടെ സ്വർഗ്ഗീയ സ്വരം വണ്ടിയിലെ ടേപ് റിക്കാർഡറിൽ നിന്ന് ഒഴുകി പരക്കുന്നത് കേട്ടുകൊണ്ട് ഹരിലാൽ മയങ്ങി.
വണ്ടി ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മൂലവട്ടം സൈമന്റെ പെട്ടിക്കട എന്നു ഞാൻ വിളിക്കാറുള്ള സുൽത്താൻ ഖാബൂസ് സ്റ്റേഷന് നൂറു കിലോമീറ്റർ ഇപ്പുറത്തെ ഒറ്റശിഖരം മാത്രമുള്ള ശിശിരവൃക്ഷം കാണാതിരുന്നതോടെ ശരീരമാസകലം വിറക്കാൻ തുടങ്ങി. ഹരിലാൽ നല്ല ഉറക്കത്തിലാണ്. വണ്ടി നിന്നപ്പോൾ അയാൾ ഉണർന്നു.
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ട് ഹരിലാൽ ചോദിച്ചു. “ക്യാ ഹുവാ”
മുന്നിലെ അനന്തമായ മരുഭൂവിലേക്ക് നോക്കി വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“വഴി തെറ്റി. നമ്മൾ ഒരുപാട് ദൂരം വന്നുകഴിഞ്ഞു.”
ഹരിലാലിന്റെ മുഖത്തെ ചോര ഒറ്റ നിമിഷം കൊണ്ട് വാർന്നു പോയി. നാല് ഭാഗത്തേക്കും പിടലി വെട്ടിച്ച് എന്നെ തുറിച്ചു നോക്കി. “തോമസ് ഭായ്, ഇനി നമ്മളെന്തു ചെയ്യും?”
കരഞ്ഞുകൊണ്ടാണ് ഹരിലാൽ ചോദിച്ചത്. എനിക്ക് മറുപടിയില്ലായിരുന്നു.
വെപ്രാളത്തോടെ ഹരിലാൽ പുറത്തേക്കിറങ്ങി. ഭ്രാന്തനെപ്പോലെ മുന്നോട്ടു നടന്നു.
ഞാൻ ഉറക്കെ വിളിച്ചു. “നിക്കൂ ഹരി ഭായ്.” അയാളത് കേട്ടില്ല. രക്ഷയുടെ വഴിതേടി നാലുഭാഗത്തും നോക്കിക്കൊണ്ട് മുന്നോട്ടു തന്നെ നടന്നു. ഹരിലാലിനെ തടയാനായി ഞാൻ പുറത്തിറങ്ങി. ചുട്ടുപൊള്ളുന്ന തീ താഴെയും മുകളിലും. ഒറ്റ നിമിഷം കൊണ്ട് മുഖം കരിഞ്ഞു. ഒരടി നടക്കാൻ കഴിഞ്ഞില്ല. ഒരു മരുക്കാറ്റ് സമതലമായി കണ്ടയിടം നിമിഷനേരം കൊണ്ട് ഒരു മണൽ തിട്ടയായി രൂപം കൊള്ളിച്ചു. കാറ്റിൽ നിന്ന് കണ്ണിലേക്ക് പാറി വന്ന മണൽതരികൾ കണ്ണിനെ മുറിച്ചു. കാറ്റൊടുങ്ങിയപ്പോൾ ഞാൻ മുന്നോട്ടു നോക്കി. മണൽകെട്ടിൽ ഒരൊട്ടകപ്പുറത്ത് കമിഴ്ന്നു കിടക്കുന്നതു പോലെ ഹരിലാൽ കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ മുന്നോട്ടേക്കു നടന്നു. അപ്പോഴേക്കും കാലുകൾ ഊർന്നു ഞാനും പഴുത്ത മണലിലേക്കു വീണു.
ഏതൊക്കെയോ ഗ്രാമങ്ങളും വഴികളും കടന്ന് ഹരിലാലിന്റെ ദേശത്തെത്തുമ്പോൾ അപരിചിതമായ മറ്റൊരു പകൽ ആ ഗ്രാമകവലയിൽ കാത്തു നിന്നിരുന്നു.
ജിദാത്ത് ക്യാംപിൽ വച്ചെടുത്ത എന്റെയും ഹരിലാലിന്റെയും ഫോട്ടോ പേഴ്സിൽ നിന്ന് എടുത്ത് ഞാൻ ആ ദേശക്കാരെ കാണിച്ചു. ഓരോരുത്തരും അത് നോക്കി ആരെന്ന് അറിയാനായി ശ്രമം. ഗ്രാമത്തിലെ എല്ലാ വിവരവും അറിയുന്ന ചിന്തനും പാർട്ടി നേതാവ് ഗവ്ലക്കും കൂടി ഹരിലാലിനെ അറിയില്ലെന്ന് പറഞ്ഞപ്പോൾ എല്ലാവരും ഉറപ്പിച്ച് പറഞ്ഞു.
“ഇത് ശഹദുള്ളപൂരാണ്. നിങ്ങൾ കൊണ്ടുവന്ന ആളുടെ വിവരം കണ്ടിട്ട് അത് ഇവിടെയല്ല, ഉബൈദുള്ളപൂരാവാനാണു സാധ്യത. ഏതായാലും എത്രയും പെട്ടെന്ന് നിങ്ങൾ അങ്ങോട്ടേക്ക് തിരിക്കൂ. ഇതൊരു ഡെഡ്ബോഡിയല്ലേ. അധിക നേരം വെച്ചിരിക്കാൻ കഴിയില്ലല്ലോ.”
അങ്ങനെയാണ് വീണ്ടും യാത്ര തുടങ്ങിയത്. സഹായത്തിന് ഗണേഷും ഗവ്ലയും കൂടെ വന്നു. ചെമ്മൺ പാതയിൽ നിന്ന് രണ്ടു വഴികൾ പിരിയുന്നിടത്ത് നിന്ന് ഊടുവഴി തെരഞ്ഞെടുത്താണ് നടത്തമാരംഭിച്ചത്.
ഒരു തനി കുഗ്രാമത്തിന്റെ കാഴ്ചകൾ. വയൽ, കുളങ്ങൾ, പശുക്കൾ, തോടുകൾ.
ഗ്രാമീണർ ഒരു ശവമഞ്ചവും മൂന്ന് ആളുകളും നടന്നു പോകുന്നത് കൌതുകത്തോടെ നോക്കി. അവിടം കഴിഞ്ഞപ്പോൾ കാടായി. അരയാലുകൾ മുത്തച്ഛന്മാരെപ്പോലെ വഴിയിൽ കാലും നീട്ടിയിരുന്നു. പിന്നെ അവരുടെ തടിമാടന്മാരായ മക്കൾ, ഇടയിൽ ബാല്യം വിടാത്ത മുൾച്ചെടികൾ, ഒരു തോട്. ഞങ്ങൾ വിശ്രമിച്ചും മുഖം കഴുകിയും തളർച്ച മാറ്റി. വീണ്ടും നടന്നു. വഴിയിൽ പൊട്ടിപ്പൊളിഞ്ഞ ഒരു കോവിലിന്റെ അവശിഷ്ടങ്ങൾ. മുമ്പ് കാട്ടിൽ ജീവിച്ചിരുന്ന സമൂഹത്തിന്റെ ഗോത്രദൈവങ്ങൾ കുടിയിരുന്ന ഇടമാവാം. എവിടുന്നോ ഒരു മുരൾച്ച വന്നലച്ചപ്പോൾ ഗണേഷ് പറഞ്ഞു. “ആരോ അമ്പെയ്തിട്ടുണ്ട്.” പറഞ്ഞു തീരും മുൻപ് നടുകുടലിൽ കൂർമ്പൻ അമ്പു തറഞ്ഞ ഒരു കാട്ടുപന്നി മുന്നിൽ വന്നു വീണു.
“വേഗം നടക്കൂ” ഭയപ്പാടോടെ അത് കണ്ട്കൊണ്ട് ഗവ്ല പറഞ്ഞു.
“ഇതിന്റെ പിന്നാലെ വരുന്നവർ നമ്മളെ കണ്ടാൽ അപകടമാണ്.”
അവർ പറഞ്ഞത് കേട്ട് എനിക്കും പേടിയായി. കാട്ടിലെ ദർഭപുല്ലുകൾ മുറിപ്പെടുത്തിയ കാലിലെ വേദന കൂട്ടാക്കാതെ ഞാനും അവർക്ക് ഒപ്പിച്ച് നടന്നു.
കുറേ ചെന്നപ്പോൾ ഗണേഷ് പറഞ്ഞു. “ഇനി ഇറങ്ങിയാ നാട്ടുകവലയായി. അവിടെ നിന്ന് ടാക്സി കിട്ടും. ആമ്പുലൻസ് കിട്ടും. സാറിന് അതിൽ കയറി പോകാം.” മിഴിച്ചു നിന്ന എന്നോട് തുടർന്ന് പറഞ്ഞത് ഗവ്ലയാണ്.
“സാറ് അന്വേഷിച്ചെത്തിയ സ്ഥലം കറക്ടാണ്. എന്നാൽ നിങ്ങൾ കൊണ്ടു വന്ന മരിച്ച ആൾ ഇവിടുത്തുകാരനല്ല. ഒരു ശവവും കൊണ്ട് ഏറെ നേരം ചുറ്റുന്നത് നല്ലതല്ല. അതുകൊണ്ട് ശവം അയാളുടെ വീട്ടിലെത്തിക്കൂ. അല്ലെങ്കിൽ വന്നയിടത്തേക്ക് തന്നെ തിരിച്ചു പോകൂ. വേഗം.”
“അതിനി സാധ്യമല്ല.”
മരവിപ്പ് മാറാതെ ഞാനങ്ങനെ എന്തോ പറഞ്ഞു.
“എങ്കിൽ നിങ്ങളുടെ നാട്ടിലേക്കാവട്ടെ. അവിടേക്കല്ലേ നിങ്ങൾ പോകാൻ പോകുന്നത്.”
കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ അവർ ഒരാംബുലൻസിൽ എന്നെ പിടിച്ചു കയറ്റി. അങ്ങനെയാണ് അവർ ഒരുക്കിത്തന്ന ആംബുലൻസിൽ ഞാൻ നാട്ടിലേക്ക് തിരിച്ചത്. വീട്ടിലെ വഴിയിലേക്ക് തിരിയുമ്പോൾ തന്നെ ആളുകൾ എന്റെ വീടിനെ പൊതിഞ്ഞത് കണ്ടു.
വഴി നിറയെ വാഹനങ്ങൾ. അവിടവിടെ വട്ടം കൂടി നിൽക്കുന്ന ചെറു സംഘങ്ങൾ. കാറിന്റെ മുകളിൽ കെട്ടിയ ശവപ്പെട്ടി കണ്ടതോടെ ചിലർ അടുത്തേക്ക് എത്തി. കാത്തിരുന്ന കണക്കെ, പെട്ടി താഴെ ഇറക്കാൻ തുടങ്ങി.
വാർത്ത നേരത്തേ അറിഞ്ഞിട്ടുണ്ട്. നന്നായി. എല്ലാം സവിസ്തരം ആവർത്തിക്കേണ്ടതില്ലല്ലോ. ആളുകളുടെ കൈകൾ വിടുവിച്ച് അപ്പച്ചൻ നിലവിളിയോടെ പാഞ്ഞുവരുന്നത് കണ്ടപ്പോൾ അന്തംവിട്ടു. ആരോ മരിച്ചതിന് അപ്പച്ചന് എന്തിനാണീ ദെണ്ണം?
മുറ്റത്ത് വാടക കസേരകൾ നിരത്തിയിട്ടിരിക്കുന്നു. ബന്ധുമിത്രാദികളും നാട്ടിലെ ഒരുവിധം ആളുകളുമൊക്കെ അവിടെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. എന്നെ എന്നും എയർപോർട്ടിലേക്ക് കൊണ്ട് വിടുകയും കൊണ്ട് വരികയും ചെയ്യുന്ന ജെയിംസ് മൂലക്കൊരു കസേരയിൽ ഇരുന്നു വിതുമ്പുന്നു. ഇത്തവണ യാത്ര നേരിട്ട് അല്ലാത്തത് കൊണ്ട് വരുന്ന വിവരം ഞാനവനെ അറിയിച്ചിരുന്നില്ല.
ഒന്ന് പറഞ്ഞ് രണ്ടിന് ഞാനുമായി ഉടക്കാറുള്ള കൊച്ചാപ്പിയുടെ കരച്ചിൽ കാണാനായിരുന്നു രസം.
അവന്റെ ആരോ ചത്തത് പോലുള്ള നിലവിളി. അമ്മച്ചിയും ജെസ്സിയും റാഹേലുമൊക്കെ ഹാളിൽ പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു നിർത്താതെ കരയുന്നു. ആരൊക്കെയോ സമാധാനിപ്പിക്കുന്നു. നിലവിളിച്ചുകൊണ്ട് മറിയാപ്പച്ചി കാറിൽ വന്നിറങ്ങുന്നു. മഠത്തിൽ നിന്ന് കാതറീനും മറ്റു നാലഞ്ചു മണവാട്ടികളും വഴിയിലൂടെ നടന്നു വന്നു. മൊബൈൽ കാതിൽ വെച്ച് പോർട്ടിക്കോവിലെ സൈഡിൽ നിന്ന് അടക്കം പറയുന്ന വിജുമോനെ അപ്പോഴാണ് കാണുന്നത്. കാനഡയിൽ നിന്ന് ഇവനെപ്പോ വന്നു. ഇനി ജെറിയുടെ വെഡ്ഢിങ്ങനേ നോക്കേണ്ടൂ എന്നു പറഞ്ഞിട്ട് , ഈശോയേ അതാ ജെറി.
കുര്യാക്കോസച്ചൻ വിശുദ്ധ പുസ്തകം ഉയർത്തിപ്പിടിച്ചു കൊണ്ട് ഹാളിൽ നിന്ന് നിർദ്ദേശങ്ങൾ കൊടുക്കുന്നു. കുര്യാക്കോസച്ചന് എന്താണ് ഇവിടെ കാര്യം?
അപ്പോഴാണ് കണ്ടത്, പെട്ടി അകത്തേക്ക് കൊണ്ടുപോകുന്നു. വലിയ നിലവിളികൾ ഉയരുന്നു.
ഞാൻ വന്ന വാഹനം പിന്നോട്ട് എടുത്ത് വഴിയിലേക്ക് തിരിഞ്ഞു. പിന്നെ വേഗത്തിൽ പാഞ്ഞുപോയി. അവരുടെ കാശ് കൊടുത്തില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.
ബാക്കി കിട്ടിയ ചില്ലറ പേഴ്സിലേക്കിട്ട് ഗേറ്റിലേക്ക് കയറുന്ന ഫിലിപ്പോസച്ചനെ കണ്ടപ്പൊ മനസ്സിലായി. കണക്ക് മൂപ്പർ തീർത്തു. മറക്കാതെ തിരിച്ചു കൊടുക്കണം. കാര്യങ്ങൾ എഴുതി കമ്പനിയെ ബോധിപ്പിച്ചാൽ ടാക്സി കാശൊക്കെ അവർ തരും. രാമചന്ദ്രൻ സാറ് വാങ്ങിത്തരും.
നിലവിളികളും പ്രാർത്ഥനകളും ബഹളങ്ങളും ആളുകളുടെ വരവും ഒക്കെ കണ്ടപ്പോൾ എനിക്കൊരു സംശയം. ഇതൊക്കെ ജെസ്സി ഒപ്പിച്ചതാണോ? എല്ലാറ്റിനും അവൾക്ക് കുസൃതിയാണ്. അവൾ ഒപ്പിക്കാറുള്ള പുകിലിന് കണക്കില്ല. അപ്പച്ചന്റെ കയ്യീന്ന് കണക്കിന് കിട്ടിയാലും അവൾക്ക് എല്ലാം ഒരു തമാശയാണ്. പക്ഷെ അവളും വല്ലാതെ കരയുന്നുണ്ടല്ലോ.
ഇപ്പോൾ അകത്തു നിന്ന് കേട്ടത് വലിയൊരു നിലവിളിയാണ്. അമ്മച്ചിയുടെയും ജെസ്സിയുടെയും മറിയാപ്പച്ചിയുടെയും വലിയ നിലവിളിക്കിടയിൽ റാഹേലിന്റെ വിതുമ്പും സ്പഷ്ടമായി കേട്ടിരുന്നു.
കമ്പനിയുടെ പേപ്പറുമായി കോശിച്ചായൻ പുറത്തിറങ്ങുന്നു. ഇതെപ്പോ അങ്ങേരുടെ കയ്യിലെത്തി? അതുമായി നേരെ നടന്നു വന്നത് എന്റെ അടുത്തേക്കല്ല.. ഞാൻ നോക്കി നിൽക്കവേ..
അപ്പോഴാണ് ഞാൻ രാമചന്ദ്രൻ സാറിനെ കാണുന്നത്. ദൂരെ ഒരിടത്ത് മൂകനായി ഇരിക്കുന്നു.
സാറെന്താണ് ഇവിടെ?
കോശിച്ചായൻ കൊടുത്ത പേപ്പറും വാങ്ങി സാറ് പുറത്തേക്കിറങ്ങുന്നു. ഇതെന്തു കഥ.
ഞാൻ വേഗത്തിൽ സാറിന്റെ പിന്നാലെ ഓടി. അപ്പോഴേക്കും സാറ് പോയ കാർ വളവു തിരിഞ്ഞിരുന്നു. ഞാൻ തിരിച്ചു നടന്നു.
അപ്പോൾ മരിച്ച വീടും ഞാനും മാത്രം ബാക്കിയായി.













