രേഖയുടെ നോവൽ പഠനങ്ങൾ – 8 : വിഷാദത്തിന്റെ ശരീരഘടന തേടി

അജയ് പി. മങ്ങാടിൻറെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ വായന

ചില വ്യക്തികളിലേക്ക് നമ്മളറിയാതെ ആഴ്ന്നുപോകുന്നതിന് കാരണമെന്താണ്? ചില വിജനമായ വഴിത്താരകൾ മനസ്സിൽ തണുപ്പാവുന്നതെങ്ങനെ? പല സ്വരങ്ങളാൽ ചുറ്റപ്പെടുമ്പോഴും ഒരാന്തരികമൗനത്തിൽ സ്വയം മറന്നുപോകുന്നതെന്തുകൊണ്ട്? പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത നമ്മോടു കൂടിയ ചില ഇഷ്ടങ്ങളാണ് ഇതിനൊക്കെ കാരണം. വായനയിലെ ആനന്ദത്തിനു പിന്നിലുള്ളതും പൂർണമായി വ്യാഖ്യാനിക്കാനാവാത്ത ഇത്തരം ഇഷ്ടങ്ങളാണ്.

ഇരട്ടവാലൻ കരണ്ട ജീവിതങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഒരു പുസ്തകഷെൽഫിലാണ് വായിച്ച പുസ്തകങ്ങൾക്കും അറിഞ്ഞ മനുഷ്യർക്കുമുള്ള ആദരവായി അജയ് പി. മങ്ങാട് സൂസന്നയുടെ ഗ്രന്ഥപ്പുര പണിഞ്ഞിരിക്കുന്നത്. താനനുഭവിച്ച അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള ഭാവനയുടെ ചെറുത്തുനിൽപ്പായി അതിനെ അവതരിപ്പിക്കുന്നു. വിവിധ ബ്ലോക്കുകൾ ഒന്നിച്ചുചേർത്തൊരു രൂപം ചമയ്ക്കാൻ ശ്രമിച്ച് പലതവണ പരാജയപ്പെടുന്ന പൈതലിന്റെ ഭാവമാവും ആദ്യം വായനക്കാരനനുഭവിക്കുക. സൂസന്നയെ കണ്ടെത്തുന്നതോടെ ആ ശ്രമം വിജയിക്കുന്നു.

സൂസന്നയ്ക്ക് ഏഴു വയസ്സ് പ്രായമുള്ളപ്പോൾ അമ്മ മരിച്ചതാണ്. ഊരുചുറ്റി നടന്ന അച്ഛൻ തണ്ടിയെക്കന്റെ മൂത്ത സഹോദരി, നഴ്‌സായ മേരിയമ്മയാണ് സൂസന്നയെ വളർത്തിയത്. മേരിയമ്മയുടെ മരണത്തോടെ മുഴുക്കുടിയനായ അച്ഛനെ രക്ഷിക്കാൻ സൂസന്ന പഠനം നിർത്തി. സൂസന്നയുടെ ഗ്രന്ഥപ്പുര മാത്രമല്ല അവളുടെ മൗനവും വാക്കും ചലനവും എന്തിനേറെ പുസ്തകവായനയുടെ രീതിശാസ്ത്രം വരെ കഥാകാരൻ വിശകലനവിധേയമാക്കുന്നുണ്ട്.

അലിയും അഭിയും ചേർന്ന്, അഭിയുടെ അച്ഛൻ പറഞ്ഞുകേട്ട അറിവനുസരിച്ച് നീലകണ്ഠൻ പരമാരയുടെ അവസാന രചനയുടെ കയ്യെഴുത്തുപ്രതി തേടിയാണ് മറയൂരിലുള്ള സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്ക് യാത്രയാവുന്നത്. ലോകസാഹിത്യത്തിന്റെ ഏടുകൾ മറിച്ചുമറിച്ചു പോകുന്ന അവർക്കൊപ്പമാണ് വായനക്കാരും മുന്നേറുന്നത്.

മരിച്ചവന്റെ തണുപ്പ് ആത്മാവിൽ വീണ് പൊള്ളി പതിനഞ്ചാം വയസ്സിൽ നാടുവിട്ട ചന്ദ്രൻ, പെണ്ണിന്റെ നിറവായി ചന്ദ്രനിലൂടെ നാമറിയുന്ന ജല, എറണാകുളം മഹാരാജാസും അവിടുത്തെ പബ്ലിക് ലൈബ്രറിയും ഗൂഢാനന്ദഭരിതമായ ബോട്ട് ജെട്ടി, കണ്ണിൽമാത്രം നോക്കി സംസാരിക്കുന്ന സി എ വിദ്യാർത്ഥിയായ അമുദ, പരാജയപ്പെട്ട എഴുത്തുകാരനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇഖ്ബാൽ, ജപ്പാനീസ് ഹൈക്കു കവിയെ ഇഷ്ടപ്പെട്ടിരുന്ന സബീന, പരസ്പരം ആളിക്കത്തിക്കാനും വെള്ളമൊഴിച്ചു കെടുത്താനും അവർ മാത്രം മതിയെന്ന് അമുദയ്ക്കൊപ്പം തിരിച്ചറിഞ്ഞ ഫാത്തിമ, അമുദയുടെ അച്ഛൻ അഖിലൻ, കണ്ണിൽ നോക്കുമ്പോൾ ലജ്ജകൊണ്ട് നോട്ടം പിൻവലിക്കുന്ന അലി എന്നിവരൊക്കെയാണ് പല നിറമുള്ള പുറംചട്ടകളോടെ ഗ്രന്ഥപ്പുരയിലുള്ളത്. ഒരു നോവലെങ്ങനെ കവിതയാകാമെന്ന്, വായിക്കുന്നവരുടെ ഏറ്റവും സ്വകാര്യമായ വൈകാരികലോകത്തിനനുസരിച്ച് വൈവിധ്യപൂർവ്വം അതിനെ എങ്ങനെയൊക്കെ അനുഭവിക്കാമെന്ന് ഈ കൃതി കാട്ടിത്തരുന്നു.

ഗൂഢാനന്ദഭരിതമായ ഏകാന്തത

പുസ്തകങ്ങൾക്കും അക്ഷരങ്ങൾക്കുമൊപ്പമുള്ള ജീവിതം ചിലപ്പോൾ ഏറ്റവും ആനന്ദകരവും മറ്റുചിലപ്പോൾ ഏറ്റവും വിരസവുമാകാം. ഗൂഢാനന്ദഭരിതമായ ഏകാന്തതകളിലൊന്നാണ് വായന.

ഒരുപാട് പുസ്തകങ്ങളെ പരാമർശിച്ചുകൊണ്ട് വായനയെന്ന ആ കഥാപാത്രത്തിന്റെ വളർച്ചയും തളർച്ചയുമാണ് കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും പുസ്തകങ്ങളും എഴുത്തുകാരും എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ഒരു ഭാവനാലോകത്ത് കൂടിയാണ് ഈ കഥാപാത്രം സഞ്ചരിക്കുന്നത്.

കാഫ്കയുടെ മെറ്റമോർഫോസിസും നെരൂദയുടെ പ്രണയകവിതകളുമൊക്കെ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും അത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു രൂപാന്തരവും സംഭവിക്കാതെ മന്ദതാളത്തിലാണ് നോവൽ മുന്നേറുന്നത്.

ഒരിക്കലും കവിതകൾ വായിക്കാതിരുന്ന അഭി നെരൂദയുടെ ‘പ്രണയ ശതകവും’ Residence on Earth, Twenty love poems and a song of despair തുടങ്ങിയ രചനകൾ വായിക്കുകയും അതിൽ ജീവിക്കുകയും ചെയ്യുന്നതറിയുമ്പോൾ പ്രണയം ഒരു മനുഷ്യനെ കവിയാക്കി മാറ്റുന്നതെങ്ങനെയെന്ന് നാമറിയുന്നു. യൗവനം കൊണ്ട് മാത്രമറിയാവുന്ന ഗന്ധവും ചെറുപ്പത്തിന്റെ പ്രകമ്പനത്താൽ ഉണരുന്ന വികാരവും വായനക്കാരൻ ആസ്വദിക്കുന്നു.

ഫ്ലുബെർട്ടിന്റെ മദാംബോവറിയും ലൂയിസ് കാരളിന്റെ അത്ഭുത ലോകത്തിലെ ആലീസും അഹ്മതോവയുടെ കവിതാസമാഹാരവും റോബർട്ട് ബർട്ടന്റെ Anatomy of meloncholy യും പരാമർശിക്കപ്പെടുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങളെ അക്കരയിക്കരെ കടത്താൻ ദസ്തേയ്വ്സ്കിയും ടോൾസ്റ്റോയിയും എത്തുന്നു. ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാർ, കുറ്റവും ശിക്ഷയും, ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ് ഇവയും വ്യത്യസ്ത അവസരങ്ങളിൽ പരാമർശവിധേയമാകുന്നു..

ലോകത്തിലെ യഥാർത്ഥ ആനന്ദങ്ങൾ ഒളിഞ്ഞിരിക്കുന്നവയാണ്. അതിന്റെ സത്ത വിവരിക്കാൻ ശ്രമിച്ചാൽ വാക്കുകൾക്കതീതമായി അവ വഴുതിപ്പോകും . ആ ആനന്ദം, സ്വന്തമാകുന്നവർക്ക് അനുഭവിക്കാനല്ലാതെ അതിന്റെ രസനീയത അതേ പോലെ സംവേദനം ചെയ്യാനാവില്ല. അതിനുള്ള ഓരോ ശ്രമവും പരാജയപ്പെടുമെന്ന് നോവൽ ഓർമിപ്പിക്കുന്നു.

Untitled design – 1

മനസ്സെന്ന പ്രഹേളിക

പൊതുവേ അന്തർമുഖരാണ് നോവലിലെ കഥാപാത്രങ്ങൾ. എല്ലാവരും സംസാരിക്കുന്നത് സാഹിത്യമാണ്. ദസ്തയേവ്സ്കിയെ പോലെയുള്ള എഴുത്തുകാരെ ചങ്ങാടമാക്കി ജീവിതത്തിന്റെ പല കരകളിലേക്കവർ യാത്ര ചെയ്യുന്നു . നിസാരകാര്യങ്ങളിൽ പോലും ഹീനമായ ആത്മശൂന്യതയിൽ വിറങ്ങലിച്ചു പോകുന്ന മനുഷ്യരുടെ പ്രതിനിധിയാണ് അലി. സൂസന്നയുടെ കത്ത് അഭിക്ക് വന്നതിന്, തന്റെ കത്തിന് സൂസന്ന മറുപടി അയക്കാഞ്ഞതിനൊക്കെ അലി ഉറഞ്ഞുപോകുന്നു .

ഒരു പ്രതീക്ഷയുടെ മേൽ നിരന്തരം ആത്മാവിനെ പണിയെടുപ്പിക്കുമ്പോഴുണ്ടാകുന്ന ക്ഷീണം പ്രകടമാകുന്ന കഥാപാത്രമാണ് പോൾ .പൊതുവേ പോളിന് സംസാരം കുറവാണ്. കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള സംസാരതടസ്സം അതിനൊരു കാരണമാണ് . എന്നാൽ ലൂക്കായുടെ സുവിശേഷം പറയുന്ന ഭാഗത്ത് അവന്റെ ആത്മവിശ്വാസം പ്രകടമാണെന്ന് കഥാകൃത്ത് പറയുന്നുണ്ട്. ഇഷ്ടം നൽകുന്ന ആധികാരികതയെ ഇവിടെ അക്ഷരങ്ങൾ ധ്വനിപ്പിക്കുന്നു .

തന്നെ കാത്തുനിന്ന കവിതകൾക്കൊപ്പം പുറപ്പെട്ടു പോകുന്നവളാണ് ലക്ഷ്മി. അജ്ഞാതവും വിദൂരവുമായ ഭൂപ്രദേശങ്ങളിലൂടെ ഒറ്റക്കുസഞ്ചരിക്കുന്നവൾ. അടക്കിവെച്ച നെടുവീർപ്പുകളുടെ സ്ഥാനത്ത് നെരൂദയുടെ കവിതകൾ ലക്ഷ്മിയെ അജ്ഞാതവും വിദൂരവുമായ പ്രദേശങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി. സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു. വരണ്ടുണങ്ങിയ മനസ്സുമായി അതുവരെ ജീവിച്ചിരുന്ന ലക്ഷ്മി നെരൂദയുടെ കവിതകൾ തമിഴിലേക്കു മൊഴിമാറ്റി.

തന്റെ എല്ലാ കാമങ്ങളേയും എഴുത്തിലേക്ക് കേന്ദ്രീകരിക്കാനായാൽ രതിലഹരി അനുഭവിക്കാനാവുമെന്ന് പറയുന്ന ഫ്ലോബറിനെ നെഞ്ചേറ്റുന്നയാളാണ് ഇക്ബാൽ . കൂട്ടിത്തൊട്ടാൽ ഉത്സവക്കിലുക്കം കേൾക്കുന്ന രണ്ട് പെൺശരീരങ്ങളാണ് അമുദയും ഫാത്തിമയും. മനസ്സും ശരീരവും ഒരുപോലെ തീവ്രമായി അവർ പങ്കിടുന്നകാലത്തു തന്നെയാണ് അമുദ അലിയിലേക്കെത്തുന്നത്. പനിക്കിടക്കയിൽ അലിയും അമുദയും പങ്കിട്ട പ്രണയപ്പനിയെ അസഹിഷ്ണുതയുടെ വന്യമായ പ്രതികരണങ്ങളിലൂടെ ഫാത്തിമ എതിർക്കുന്നു. അതേ ഫാത്തിമതന്നെ കൃഷ്ണനൊളിപ്പിച്ചുവച്ച ലൈംഗികമോഹങ്ങളെ കുത്തിപ്പുറത്തിട്ട് ആശ്വാസം കൊള്ളാൻ തന്റെ പെണ്ണത്തത്തെ പങ്കുവയ്ക്കുന്നു. ഇവിടെയൊക്കെ പിണഞ്ഞു ചേർന്നുപോയ സ്ത്രീപുരുഷബന്ധങ്ങളെ മനുഷ്യമനസ്സിന്റെ നിഗൂഢത കൊണ്ടല്ലാതെ ഇഴപിരിക്കാൻ കഴിയുന്നില്ല.

കാർമേഘം സൂസന്നയെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. പ്രേമത്തിനായി ദാഹിച്ച കാർമേഘത്തോട് സൂസന്ന കാരുണ്യം മാത്രമാണ് കാട്ടിയത് . തള്ളിക്കളയാതെ, ഒഴിവാക്കാതെ അവളുടെ പരിസരത്തൊക്കെ അയാളെ നിർത്തി . അവൾ പ്രേമാർദ്രയാകുന്നതോ ശരീരഭാഷ മാറുന്നതോ സ്വരം നേർക്കുന്നതോ കണ്ണുകൾ പുഞ്ചിരിക്കുന്നതോ ചുണ്ടുകൾ വിറയ്ക്കുന്നതോ അയാൾക്കൊരിക്കലും അനുഭവിക്കാനായില്ല . പ്രണയത്തിന് മാത്രം സ്വന്തമാകുന്ന ഒരു സാമ്രാജ്യം കാർമേഘത്തിന് നിഷേധിച്ച സൂസന്നയ്ക്ക് മറ്റാരിൽ നിന്നും അത് ലഭിക്കുന്നുമില്ല.

തനിക്കു പ്രവേശനമില്ലാത്ത ഒരു ലോകത്ത് അഭിരമിക്കുന്നവളാണ് സൂസന്നയെന്ന് ജോസഫറിയുന്നത് വൈകിയാണ് . പുസ്തകങ്ങൾ തീർക്കുന്ന അവളുടെ രഹസ്യലോകത്ത് താനില്ലെന്ന തിരിച്ചറിവിൽ നിന്നാവാം ജോസഫ് ബൈബിളിലേക്കും വെള്ളക്കുപ്പായത്തിലേക്കും തിരിഞ്ഞത്. ഇവിടെയൊക്കെ കടങ്കഥകൾക്കുത്തരം തേടുന്ന മനുഷ്യമനസ്സുകളും അവയ്ക്ക് അപ്രാപ്യമായ അഭയസ്ഥാനങ്ങളും കഥാകാരൻ വരച്ചു കാട്ടുന്നു.

ജീവനൊടുക്കിയ അമ്മയുടെ മുടിപ്പിന്നുകൾ കൊണ്ട് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയാണ് ഈഡിപ്പസ് രാജാവ് . പകയോപ്രതികാരമോ ഒരു കാര്യം ആസൂത്രണം ചെയ്തു നടപ്പിലാക്കി വിജയിപ്പിക്കുന്നതിലെ ആനന്ദമോ ഒക്കെയാവാം ഓരോ കുറ്റകൃത്യത്തിനും കാരണം . കണ്ടെത്തിയാലും വിശദീകരിക്കാൻ പറ്റാത്ത ദുരൂഹത ഓരോ കുറ്റകൃത്യത്തിലും ഇരുട്ട് വിരിച്ചിട്ടുണ്ടാവും. മാക്ബത്ത് ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയപ്പോൾ അമുദ മൊഴിമാറ്റിയത് മരണത്തിലെ ഈ ദുരൂഹതയെക്കൂടിയാണ് .
കൊലപാതകം കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാതകിയെ ഇരയാക്കുന്നതെങ്ങനെയെന്ന് ലേഡിമാക്ബത്തിന്റെ പാപപീഢയുടെ നെടുവീർപ്പുകളെ അക്ഷരമാക്കിക്കൊണ്ട് അമുദ വ്യക്തമാക്കുന്നു. പരിഭാഷ തീർന്ന ദിവസം തന്റെ നഗ്നതയ്ക്ക് ചുറ്റും നീന്തിത്തുടിക്കുന്ന പരൽമീനുകളെയാണ് അമുദ സ്വപ്നം കാണുന്നത്. പാപപുണ്യസങ്കല്പങ്ങൾക്കപ്പുറം മനസ്സിന്റെ അധോതലങ്ങളിൽ പരതുന്ന മനോവിശകലനം( സൈക്കോ അനാലിസിസ്) ഇവിടെ സാധ്യമാകുന്നു. മത മൂല്യബോധങ്ങളിൽ അഗാധമായ വിള്ളലുകൾ സൃഷ്ടിച്ച സിഗ്‌മണ്ട് ഫ്രോയിഡിന്റെ ഇന്റർപ്രട്ടേഷൻ ഓഫ് ഡ്രീംസ് ഇവിടെ ഓർക്കാതിരിക്കാനാവില്ല.

ഓരോ മനുഷ്യനിലും സൂക്ഷ്മരൂപത്തിൽ വസിക്കുന്ന വിഷാദത്തെ വായനക്കാരൻ തിരിച്ചറിയുന്നു. അത് സ്ഥൂലരൂപമായി മാറി സ്വയം അപരിചിതരായിത്തീരാതിരിക്കാൻ എത്രത്തോളം സംഘർഷമാണ് ഓരോരുത്തരും അനുഭവിക്കുന്നതെന്നോർത്ത് അത്ഭുതം കൂറുന്നു.

അക്ഷരമെന്ന ആത്മബലി

ജീവിക്കാൻ ഭക്ഷണം പോലെ തന്നെ അക്ഷരവും അത്യാവശ്യമാകുന്ന കുറെ മനുഷ്യരെയാണ് ഈ നോവൽ അവതരിപ്പിക്കുന്നത്. പുതപ്പിനടിയിൽ ചുരുണ്ടിരുന്ന് വായിച്ച കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവലുകളിൽ നിന്നും അവരവരുടെ വായനകളുടെ വിശാലതകളിലേക്ക് അലിയും അഭിയും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു . സ്വന്തം വായനാസാമ്രാജ്യത്തിന്റെ ഇത്തിരി വട്ടത്തിലുള്ള കിണറ്റുതൊടികളിൽ പേക്രോം വയ്ക്കുന്നവർക്ക് ഒറ്റക്കുതിപ്പിന് മതിലുകൾ ഭേദിക്കാൻ ആഗ്രഹമുണരുന്നു. പരമാര പറയുന്ന കഥകൾ കേട്ട് വയറ്റിൽ വരുന്ന തരിപ്പിൽ നിന്നാണ് അച്ഛൻ എഴുതിത്തുടങ്ങിയതെന്ന് അഭി പറയുന്നുണ്ട്.

ഒരു വീടിനുള്ളിൽ ആരുമറിയാതെ പുതിയൊരു വീടുപണിതയാളാണ് അലി . അപരത്വത്തിന്റെ അസ്തിവാരം കെട്ടാൻ അയാൾ തുടങ്ങിയത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. 200 പേജുള്ള നോട്ട്ബുക്കിൽ ‘ഇരുനില ക്കെട്ടിടത്തിലെ ഭീകരൻ ‘എന്ന നോവലായിരുന്നു ആദ്യ പടി . പലപ്പോഴും ഉള്ളിലേക്ക് നോക്കി മാത്രം ജീവിച്ച വ്യക്തിയാണ് അലി. അയാൾ സൗഹൃദക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ടു നിന്നു . പങ്കിടലുകളുടെ സൗമ്യരൂപം ചിലപ്പോഴൊക്കെ പ്രകടമായെങ്കിലും കലാപങ്ങൾ സൃഷ്ടിക്കുന്ന പ്രക്ഷുബ്ധത അയാളിൽ അലയടിച്ചിരുന്നു. അവസാനം കരിമ്പിൻ പാടത്തിന് നടുവിൽ ചൂരൽക്കുട്ട കമഴ്ത്തിയതു പോലുള്ള വീട്ടിൽ തനിക്കു മാത്രം അനുഭവിക്കാനാവുന്ന സ്വാസ്ഥ്യവുമായി അയാളൊതുങ്ങുന്നു.

ജീവിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലരാശികൾ പോലും മനുഷ്യഭാവത്തിലേക്ക് അലിഞ്ഞുചേരുന്ന തണുപ്പാവുന്നതെങ്ങനെയെന്ന് നോവൽ കാണിച്ചുതരുന്നു . സ്വന്തം മനസ്സിന്റെ കടിഞ്ഞാണില്ലാത്ത പാച്ചിലിൽ ഭ്രാന്തമായ പ്രദേശങ്ങൾ താണ്ടുന്ന മനുഷ്യനാണയാൾ. നേടിയതൊക്കെയും വെറുതെയാണെന്ന് അയാൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. മറവുചെയ്തതൊക്കെ കുഴി തോണ്ടി മണപ്പിക്കുന്നു. അജ്ഞതയുടെ ജഡകോശങ്ങളെ പൊളിച്ചുകളഞ്ഞ് നിരന്തരം നവീകരിക്കുന്ന അലി
എഴുത്തുകാരന്റെ ആത്മഭാവം തന്നെയാണ്.

നോവലിന്റെ ആദ്യഭാഗത്തു നിന്ന് അവസാന ഭാഗത്തെ അലിയിലേക്കുള്ള ദൂരത്തെ സർഗ്ഗാത്മകതയുടെ അളവുകോൽ കൊണ്ടല്ലാതെ ഹരിക്കാൻ കഴിയുന്നില്ല.
മലയടിവാരത്തെ തെങ്ങും വാഴയും കരിമ്പും വളരുന്ന കൃഷിയിടത്തോട് ചേർന്ന് കാർമേഘം നടത്തുന്ന ഏഴാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അലി.
കരിമ്പുപാടത്ത് കാറ്റിളകുന്ന മൂളക്കം കേട്ട് ഇരുട്ടിലേക്ക് തുറിച്ചു നോക്കി ഇരിക്കുന്നുണ്ടയാൾ. മറ്റുള്ളവർ എഴുതി നീരു വറ്റിച്ച വാക്കുകളെ പകർത്തിവച്ചു സംതൃപ്തനാകാതെ അലി ഒക്കെയും കത്തിച്ചുകളയുന്നുമുണ്ട്. പിടിച്ചുകെട്ടാനാവാത്ത ചിന്തകളെ കടലാസിലേക്ക് പകർത്തുന്ന എഴുത്ത് എന്ന കർമ്മത്തിൽ വ്യാപൃതനാകാൻ അയാൾക്ക് കഴിയുന്നത് എത്രയോ ഭ്രാന്തമായ സഞ്ചാരങ്ങൾക്ക് ശേഷമാണ്. ആത്‌മബലിയാണ് സാഹിത്യമെന്ന ചുള്ളിക്കാടിന്റെ വാക്കുകളിലേക്കാണ് അലിയുടെ ജീവിതം നമ്മെ നയിക്കുന്നത്.

അഭിയും അലിയും തമ്മിലുള്ള സൗഹൃദം നേർത്ത സുഗന്ധം പകരുന്നതാണ്. സ്വകാര്യതകൾ മാനിച്ചു കൊണ്ടുള്ള ആ സൗഹൃദത്തിലും അലി വല്ലാതെ നോവുന്നുണ്ടെന്ന് വായനക്കാരനറിയുന്നു . ഉള്ളിലുറയുന്ന വിഷാദവും അപകർഷതാബോധവും അന്തർമുഖത്വവും സ്വയം സൃഷ്ടിച്ച ഏകാന്തതയുമൊക്കെ അലിയിൽ നിന്ന് എഴുത്തുകാരനിലേക്കുള്ള സംക്രമണത്തിന് അഗ്നിപകരുന്ന നെരിപ്പോടുകളാണ്. കാർന്നുതിന്നു വളരുന്ന പച്ചപ്പിൽ പുഴു പ്യൂപ്പയായി സമാധികൊള്ളുന്നതും വർണ്ണച്ചിറകുള്ള ചിത്രശലഭമായി പറന്നുയരുന്നതും അക്ഷരങ്ങളിലുടെ അനുഭവവേദ്യമാകുന്നു.

എഴുത്തിലെ പരാജയബോധത്താൽ നഷ്ടമായ സമചിത്തതയെ അകമേ നിന്ന് ചുരണ്ടിച്ചുരണ്ടി ഒരു കഥാകൃത്തിനെ രൂപപ്പെടുത്തിയെടുത്തതിന്റെ ചരിത്രവും കൂടിയാണ് ഈ നോവൽ. വായിക്കപ്പെടാതെ പോകുന്ന രചനകൾ എഴുത്തുകാരന് സമ്പാദിച്ചുകൊടുക്കുന്ന പരാജയബോധം, ഏകാന്തത എന്നിവ അഗാധതയിൽ എഴുത്തുകാരനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത് . എഴുത്തുകാരൻ പുനർജനിക്കുന്നു. പുസ്തകമായി അച്ചടിച്ചു വന്നാലും രചന പൂർത്തിയാകുന്നില്ല എന്നുള്ള സത്യം കഥാകാരൻ ഇതിൽ വിളിച്ചുപറയുന്നു. ഓരോ രചനയും എഴുത്തുകാരന്റെ മനസ്സിൽ തിരുത്തപ്പെട്ടുകൊണ്ടേയിരിക്കും അയാളുടെ മരണം വരെ.

താരള്യത്തിന്റെ ഉടുപ്പിട്ട ദൃഢത

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം നടന്നത് പെൺ മനസ്സുകളിലാണല്ലോ. സ്വത്വാഭിമാനത്തിലൂടെ തികഞ്ഞ ആത്മവിശ്വാസം കൈമുതലാക്കിയ ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ ആ വിപ്ലവത്തിൽ പൂത്ത രക്ത നക്ഷത്രങ്ങളാണ്. അതിഥികളെ സ്നേഹിതരെപ്പോലെ സ്വീകരിക്കുന്ന, വിചിത്ര സ്നേഹങ്ങളും ആകുലതകളും ഒരുമിച്ചുകൊണ്ടുപോകുന്ന സ്ത്രീയാണ് സൂസന്ന. അവൾ സാഹിത്യവും സംഗീതവും ശാസ്ത്രവും സംസാരിക്കുന്നു . ആയിരത്തൊന്ന് രാവുകളിൽ അനിയത്തിക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഷഹറാസാദിന്റെ പ്രതിരൂപമാണവർ. തനിക്ക് സ്വന്തമായിരുന്ന പുസ്തകശേഖരത്തിൽ നിന്ന് സാഹിത്യവും തത്വചിന്തയും വൈദ്യവും വായിക്കുന്നവൾ .കാണാപ്പാഠമായിരുന്ന കവിതകളിലും ചരിത്രപുസ്തകങ്ങളിലും ജീവിക്കുന്നവൾ. തണ്ടിയേക്കൻ നട്ടുവളർത്തിയ പശ്ചിമഘട്ടത്തിലെ അപൂർവ്വ സസ്യശേഖരത്തിൽ തന്റെ പകലുകളെ മേയാൻ വിട്ടവൾ.

ഇടയ്ക്കിടെ നാടു വിട്ടു പോവുകയും തിരികെ വരികയും ചെയ്യുന്ന ചന്ദ്രന് തന്റെ മനസിലും ശരീരത്തിലും ഇടം നൽകിയ പെണ്ണാണ് ജല. അന്ധനായ മ്യുസിഷൻ കൃഷ്ണന് താമസസ്ഥലവും സംരക്ഷണവും നൽകുന്നവളാണ് ഫാത്തിമ . കാലിന്റെ നീളക്കുറവ് കാര്യമാക്കാതെ സൈക്കിൾ ചവിട്ടി ജീവിതത്തിലും സാഹിത്യത്തിലും ഒരുപോലെ മുന്നേറുന്നവളാണ് ലക്ഷ്മി. ആർത്തവ ദിവസങ്ങളിൽ മാത്രമാണ് അമുദ കവിതയെഴുതുന്നത് . കൊച്ചിയിലെ ഒരു സ്കൂളിൽ ഫിസിക്കൽ ട്രയിനറാണ് ഫാത്തിമ. ഒരു റസ്റ്റോറന്റിന്റെ പിൻഭാഗത്താണ് ഫാത്തിമയുടെ വീട്. വീട്ടിൽ അവളും അമ്മയും മാത്രം. വീടിനോടു ചേർന്നുള്ള ഒറ്റമുറി വലതുകണ്ണിനു മാത്രം കാഴ്ചയുള്ള കൃഷ്ണന് താമസിക്കാനായി നൽകുന്നു . കരാട്ടെ ബ്ലാക്ക് ബെൽറ്റുണ്ട് ഫാത്തിമയ്ക്ക് . അവൾ സ്കൂളിൽ പോയി പഠിച്ചിട്ടില്ല. ഫാത്തിമയ്ക്കും അമുദയ്ക്കുമിടയിൽ ലെസ്ബിയനിസത്തിന്റെ ആഴങ്ങളെ തൊട്ടറിയാൻ സാധിക്കുന്നു . സ്ത്രീപുരുഷബന്ധത്തോളം തന്നെ തീവ്രമാണ് ലെസ്ബിയൻസിടയിലുണ്ടാവുന്ന വൈകാരികതയുടെ ആഴമെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു. ലെസ്ബിയന്റെ അന്തസിനേയും അവകാശങ്ങളേയും അംഗീകരിക്കാൻ നിയമങ്ങൾ നിർമ്മിച്ചെങ്കിലും മനസുകൊണ്ടവരെ തീണ്ടാപ്പാടകലെ നിർത്തി അയിത്തം കൽപ്പിക്കുന്നവരാണ് നമ്മൾ. മനുഷ്യന്റെ നൈസർഗിക ചോദനകളെ അംഗീകരിക്കാൻ കഴിയാത്തതാണല്ലോ മലയാളി മനസ്സ്. പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന വിശുദ്ധവചനം സൗകര്യപൂർവ്വം മറന്നുകൊണ്ട് കല്ലേറു തുടരുന്നവർക്കിടയിൽ എഴുത്തുകാരനെങ്കിലും വ്യത്യസ്തനാവാതിരിക്കാൻ കഴിയില്ലല്ലോ.

പുരുഷനിൽ സ്ത്രീയും സ്ത്രീയിൽ പുരുഷനുമുണ്ട്. പരസ്പരം ഒന്നു ചേരുന്ന സ്ത്രീപുരുഷഭാവത്തിനപ്പുറം ഒരു വ്യക്തിയിൽത്തന്നെയുള്ളതും അത്ര പ്രകടമാകാതെ പോകുന്നതുമായ സ്ത്രീയിലെപുരുഷഭാവത്തെയും പുരുഷനിലെ സ്ത്രീഭാവത്തെയുമല്ലേ അർദ്ധനാരീശ്വര സങ്കല്പം ഓർമ്മിപ്പിക്കുന്നത്. അനുപാതം തെറ്റിപ്പോയ പൗരുഷവും സ്ത്രൈണതയും ഒരു വ്യക്തിയുടെ അപരാധമല്ല. അത്തരത്തിലുള്ള ഒരുപാട് സന്തുലനങ്ങളുടെ നൂൽപ്പാലത്തിലാണ് ഓരോ വ്യക്തിയും ജീവിക്കുന്നത് . ജനറ്റിക്കായ കാരണങ്ങളാൽ ആ നൂൽപ്പാലത്തിൽ നിന്ന് കാൽ വഴുതിപ്പോകുന്നവരെ പരിഹാസത്തിന്റെ വറചട്ടിയിലിട്ടിളക്കാതെ ചേർത്തുപിടിക്കാൻ തക്ക മാനസികവളർച്ച നേടിയ ഒരു തലമുറ എന്നെങ്കിലും കേരളത്തിലുണ്ടാകുമോ ?

ലെസ്ബിയൻ ബന്ധങ്ങളിൽത്തന്നെ ഒരാളിൽ കാർക്കശ്യവും അധീശത്വവും ഏറെ പ്രകടമാവും. പുരുഷത്വത്തിന് സ്വന്തമായ ധാർഷ്ട്യമാണത്. ഈ മേൽക്കൈ ഫാത്തിമയുടെ ചലനങ്ങളിൽ പ്രകടമാണ്. സ്ത്രൈണതയുടെ മുഖമുദ്രകളെന്ന് കരുതപ്പെടുന്ന പ്രണയലോലമായ തരള ഭാവമാണ് അമുദയിലുള്ളത്. ഫാത്തിമയോടു ചേരുമ്പോൾ അവൾ തേന്മാവിൽ പടരുന്ന മുല്ലവള്ളിയാകുന്നത് അതുകൊണ്ടാണ്.

ആഴമറിയാത്ത നിഗൂഢതകൾ

സാഹിത്യത്തെയും സംഗീതത്തെയും അവസാനകാലത്ത് തിരസ്കരിച്ച ടോൾസ്റ്റോയിയെപോലെ അപഗ്രഥിച്ചു നിഗമനത്തിലെത്താനാവാത്ത കുറെ സ്വഭാവസവിശേഷതകളുമായി സൂസന്ന എന്ന കഥാപാത്രം നോവലിൻ്റെ ആദ്യന്തം വായനക്കാരനെ അലട്ടുന്നുണ്ട്. ഗ്രന്ഥപ്പുരയിലെ അയ്യായിരത്തിലേറെ പുസ്തകങ്ങൾ രണ്ട് ദിവസംകൊണ്ടാണ് അവർ അഗ്നിയ്ക്കിരയാക്കിയത്. അവ്യാഖ്യേയമായ ജീവിതപാഠങ്ങൾ ഇഴപിരിച്ചെടുക്കുന്ന എഴുത്തുകാരനെപ്പോലെ സവിശേഷമായ ഒരേകാന്തതയെ പ്രണയിക്കാൻ കഴിയാത്ത വായനക്കാരന് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ തണുപ്പ് എത്രത്തോളം അനുഭവിക്കാനാകുമെന്ന് സംശയമുണ്ട്.

പൗരാണികതത്വചിന്തകനായ ഡെമോക്രാറ്റസിനെ ആഖ്യാതാവായി സങ്കല്പിച്ച് പാതിരിയായ റോബർട്ട് ബർട്ടന്റെ അനാട്ടമി ഓഫ് മെലങ്കളി എന്ന ആയിരത്തിലധികം പേജുകളുള്ള പഠനഗ്രന്ഥത്തിന്റെ വിവർത്തനമാണോ പരമാരയുടെ പുസ്തകം എന്നന്വേഷിച്ച് അഭിയും അലിയും കൂടിയാണ് പശുപതിയുടെ വീട്ടിലെത്തുന്നത്. പരമാരയുടെ പുസ്തകം തേടിയുള്ള അവരുടെ യാത്ര നോവലിന്റെ അന്ത്യത്തിലാണ് പൂർണമാകുന്നത്.

ആദ്യ രചനയുടെ പിറവിയും ആദ്യവായനയുടെ സുകൃതവും മനുഷ്യമനസ്സിലുണ്ടാക്കുന്ന വൈകാരിക മാറ്റങ്ങൾ കഥാപാത്രങ്ങളിലൂടെ പ്രകടമാകുന്നുണ്ട്. കഥാവസാനത്തിൽ ആത്മാവിൽ ചോര വാർന്നൊഴുകുന്ന മുറിവുകളുമായി അലയുന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ നിസ്സഹായത അനാവൃതമാക്കുന്നു. എഴുത്തുകാരനിലേക്കുള്ള സംക്രമണത്തിൽ ഒരു വായനക്കാരൻ പേറുന്ന നെരിപ്പോടുകളും വ്യക്തമാകുന്നു. എല്ലാ പുസ്തകങ്ങൾക്കും എല്ലാ അക്ഷരങ്ങൾക്കുമപ്പുറം ദുർബലവും ദുസ്സഹവുമായ വികാരങ്ങളുടെ കെട്ടുപാടുകളിൽപ്പെട്ട് ശാന്തിക്ക് വേണ്ടിയലയുന്ന മനുഷ്യ ജീവിതമാണ് ഈ നോവലിലുള്ളത് .

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു