മറ്റുള്ളവരുടെ ദുർബുദ്ധിയിൽ അണഞ്ഞുപോകുന്ന ജീവിതങ്ങൾ…

2017 ഏപ്രിൽ: ആസ്ട്രൽ പ്രൊജക്ഷൻ വിശ്വാസിയായ കേഡൽ ജിൻസൺ രാജ സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരുടെ ജീവനെടുത്തു.

2022 ഒക്ടോബർ: കേരളം നരബലി എന്ന വാർത്ത അവിശ്വസനീയതയോടെ കേട്ടു.

2024 ഏപ്രിൽ: മറ്റൊരു ഗ്രഹത്തിൽ ജീവിക്കാനായി അരുണാചൽപ്രദേശിൽ പോയി മൂന്ന് അഭ്യസ്തവിദ്യർ ആത്മഹത്യ ചെയ്തു.

ഈ മൂന്നു വാർത്തകളും മലയാളികളെക്കുറിച്ചാണ്! അതായത് ഈ ജീവിക്കുന്ന ജീവിതത്തിനപ്പുറം കൂടുതൽ മനോഹരമായ ജീവിതമുണ്ടെന്നു വിശ്വസിച്ച് മറ്റുള്ളവരെക്കൂടി ഇല്ലാതാക്കുന്ന ചില മനുഷ്യരുടെ ദയാശൂന്യതയാണ് ഈ മൂന്നു വാർത്തകളിലും പൊതുവായുള്ളത്. നരബലിയാകട്ടെ, ആസ്ട്രൽ പ്രൊജക്ഷനാകട്ടെ, അന്യഗ്രഹവാസമാകട്ടെ, ഇതൊക്കെ അതിൽ വിശ്വസിക്കുന്നവരുടെ മാത്രം ബോധ്യങ്ങളിൽ നിന്നും ഉരിഞ്ഞിരിയുന്നവയാണ്. ആ ബോധ്യങ്ങൾ പലതരത്തിലാണു രൂപപ്പെടുന്നത്. നിലവിലെ ഭൂമിക്ക് എന്തോ ചില പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ ഭൂമിയുടെ പുറത്ത് മറ്റൊരു ഗ്രഹത്തിലോ, എന്തിന് ഭൂമിക്കടിയിലോ പോലും മറ്റൊരു ലോകമുണ്ടെന്നും അവിടെ പരിപൂർണ സുഖമാണെന്നും വിശ്വസിക്കുന്ന പഠിപ്പും വിവരവും ഉള്ളവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്തിന്, ഭൂമി ഉരുണ്ടതല്ലെന്നും ചന്ദ്രനിൽ മനുഷ്യൻ പോയിട്ടില്ല എന്നും, ബഹിരാകാശത്തുപോലും മനുഷ്യർ പോയിട്ടില്ലെന്നും വിശ്വസിക്കുന്നവർ ഉണ്ടെന്നറിയുമ്പോഴോ? ഭൂമിയിൽ മതങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ എന്നു വാദിക്കുമ്പോൾ, സയൻസ് എന്നുപറഞ്ഞുകൊണ്ട്, ഭൂമിയിലെ മനുഷ്യർ ഏതോ അന്യഗ്രഹ ജീവികൾ സൃഷ്ടിച്ചതാണെന്നു വാദിക്കുന്നവർ ഒരു മതത്തിലും വിശ്വസിക്കുന്നവരല്ല എന്നു മറക്കരുത്. ഏകീകൃത മതങ്ങൾ ഈ ഊഹാപോഹ സിദ്ധാന്തികളേക്കാൾ ഭേദമെന്നേ പറയാനാകൂ. മന്ത്രവാദം, സാത്താൻ സേവ, ജിന്നുകളുടെ ഒഴിപ്പിക്കൽ വിദ്യകൾ ഇങ്ങനെ മനുഷ്യൻ്റെ ചിന്തയിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന ഭാവനകൾക്ക് അന്ത്യമില്ല.

എന്നാൽ ഇതിലും അപകടം പിടിച്ച, എന്നാൽ നമ്മൾ തീർത്തും നിരുപദ്രവം എന്നു കരുതുന്ന മറ്റു ചില വിശ്വാസങ്ങളുണ്ട്. അതിൽ ചിലതു ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതാണ്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ എന്ന രണ്ടു വിഭാഗങ്ങൾക്കപ്പുറം ഇന്ന് നൂറുകണക്കിനു ഡയറ്റിങ് ഭക്ഷണക്രമങ്ങൾ നിലവിലുണ്ട്. അതിൽ ചിലതാകട്ടെ തീർത്തും ആത്മഹത്യാപരവും. കൂടാതെ ഭക്ഷണവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങളും കൂടിയാകുമ്പോൾ എല്ലാം ജോറാകുന്ന അവസ്ഥ. മെലിയാൻ എത്രവിധം ഡയറ്റുകളാണെന്ന് ആർക്കും നിശ്ചയമില്ല. പ്രോട്ടീൻ ഡയറ്റ്, കീറ്റോ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ്… അങ്ങനെ ആ ചെയിൻ അനന്തമായി നീളുമ്പോൾ, ചിലർ വാരിവലിച്ചു തിന്നിട്ട് ശർദ്ദിച്ചു കളയുന്നവരാണ്. ചിലർ നട്സ് മാത്രം തിന്നുന്നവരാണ്, മറ്റു ചിലർ കാർബോഹൈഡ്രേറ്റ് വിരുദ്ധരാണ്. ചിലർ പാലിനേയും പടിക്കു പുറത്താക്കുന്നവരാണ്. ഈ പലവിധ പ്രകടനങ്ങൾക്കിടയിൽ ജീവൻ നഷ്ടമാകുന്ന ഇൻഫ്ലുവൻസർമാർ എത്രയോ പേർ!

അതിൽ ദാരുണമായിത്തോന്നുന്നത് റഷ്യയിൽ നിന്നുള്ള ഒരു വാർത്തയാണ്. കോസ്മോസ് എന്നു പേരുള്ള ഒരു മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം കിട്ടാതെ പോഷകാഹാരക്കുറവുകൊണ്ടു മരിച്ചു. കുട്ടിയുടെ അച്ഛൻ മാക്‌സിം ലൂട്ടി ഒരു ഇൻഫ്ലുവൻസറാണ്. ഇയാളുടെ വിശ്വാസം മനുഷ്യർക്കു ജീവിക്കാൻ ഭക്ഷണം ആവശ്യമില്ല, വെറും സൂര്യപ്രകാശം ഏറ്റാൽ മാത്രം മതി എന്നാണ്. അതു പരീക്ഷിക്കാൻ ഒരാളെക്കിട്ടണം, അതിനയാൾ കണ്ടെത്തിയ വഴിയായിരുന്നു ആ കുഞ്ഞ്. ശൈത്യകാലത്ത് കുഞ്ഞിനെ തണുത്ത വെള്ളത്തിൽ കുളിപ്പിച്ചും, മുലപ്പാൽ നുണയേണ്ട കുഞ്ഞിൻ്റെ വിശപ്പാറ്റാൻ അതിനെ വെയിലുകൊള്ളിച്ചും ഒരു മാസംകൊണ്ട് കുഞ്ഞിനെ മൃതപ്രായനാക്കി. കുഞ്ഞിൻ്റെ അമ്മ, ഭർത്താവിൻ്റെ കണ്ണുവെട്ടിച്ച് ഇടയ്ക്കു നൽകിയ മുലപ്പാലാണ് കുഞ്ഞിൻ്റെ ജീവൻ അത്ര ദിവസം നിലനിർത്തിയത്. പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനും ലൂട്ടി അനുവദിച്ചില്ല. ജനിക്കുമ്പോൾ മുതൽ ഭക്ഷണം നൽകാതിരുന്നാൽ കുഞ്ഞ് സൂര്യപ്രകാശത്തിൻ നിന്നും ഊർജം സ്വീകരിച്ചു ജീവിക്കുമെന്നായിരുന്നു അയാൾ കരുതിയത്. അങ്ങനെ തൻ്റെ വിശ്വാസം ശരിയാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാമെന്നും അയാൾ കണക്കുകൂട്ടി. ഏതായാലും മനുഷ്യക്കുട്ടിയല്ലേ, അതിൻ്റെ ജീവൻ നഷ്ടമായി. തുടർന്ന് പോലീസ് ലൂട്ടിയെ അറസ്റ്റ് ചെയ്തു. അതോടെ ലൂട്ടിയുടെ ഇത്തരം വിചിത്രചിന്തകൾ അപ്പാടെ മാറുകയും ശുദ്ധ വെജിറ്റേറിയൻ ആയി അറിയപ്പെട്ടിരുന്നയാൾ പൊടുന്നനെ നോൺ വെജിറ്റേറിയൻ ആവുകയും ചെയ്തു. അതായത് കിട്ടേണ്ടത് കിട്ടിയപ്പോൾ അയാൾക്ക് സ്വബോധം തിരിച്ചുകിട്ടി എന്നും പറയാം.

അപ്പോൾ ചോദ്യം ഇതാണ്, ചിലർ അവരുടെ മതിഭ്രമം കൊണ്ട് വിശ്വസിക്കുന്ന കാര്യങ്ങളിലേക്ക് മറ്റു നിരപരാധികളെ പിടിച്ചിട്ട് അവരുടെ ജീവനെടുക്കുന്നതു നീതിയോ? വിശ്വാസമാകാം അന്ധവിശ്വാസമായാൽ അത് അപകടമാണ്. ഇനി ചിലർ, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം കഥകൾ മെനയും, അതവർ പറഞ്ഞു പറഞ്ഞ് സത്യമാണെന്ന് അവരും ചുറ്റുമുള്ള കുറേയേറെപ്പേരും വിശ്വസിക്കുന്ന അവസ്ഥയിലും എത്തിക്കും. കപടകഥകൾ നിരപരാധിയെക്കുറിച്ചാണ്. അയാൾ ആത്മഹത്യയിൽ അഭയം പ്രാപിച്ചാലോ? അവിടെയും നഷ്ടം ഇരയാക്കപ്പെട്ടവർക്കു മാത്രം.നിർഭാഗ്യവശാൽ ലോകമിന്ന് ഇത്തരം നിർഭാഗ്യവാന്മാരുടേതാണ്. അവിടെ സത്യത്തിനുവേണ്ടി വാദിക്കാൻ ആർക്കും കഴിയില്ല. ഇനിയും ഉണ്ടാകും കുറേ മരണങ്ങൾ, മറ്റുള്ളവരുടെ ദുർബുദ്ധിയിൽ അണഞ്ഞുപോകുന്ന ജീവിതങ്ങൾ!

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.