മലയാളഭാഷയുടെ ജ്വാലാമുഖം

കവി, നാടകകൃത്ത്,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നവസാക്ഷരർക്ക് വേണ്ടിയുള്ള സൃഷ്ടികളുടെ കർത്താവ്… ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് വിശേഷണങ്ങൾ അനവധി. ഇപ്പോഴിതാ, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സിന്റെ 11 ദേശീയ അവാർഡുകൾ ഒരേ ദിവസം സ്വന്തമാക്കി മറ്റൊരു ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഭാഷയുടെ തണ്ടുറപ്പിനായി ജീവിതമുഴിഞ്ഞുവെച്ച ഡോ.എഴുമറ്റൂർ രാജ രാജവർമ്മ ഒരു അസാമാന്യപ്രതിഭയാണ്.

മനസ്സിൽ മാതൃഭാഷയോടുള്ള മധുരവും സുഗന്ധവും പേറി എഴുമറ്റൂർ ചെങ്ങഴശ്ശേരി കോയിക്കലിൽ നിന്ന് എഴുത്തിന്റെ സൈകതഭൂവിൽ എത്തിപ്പെട്ട ഇദ്ദേഹത്തിന് അക്ഷരം വരമായി കിട്ടിയതാണ്. മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധ രാഷ്ട്രഭാഷാ പ്രചാർ സമിതിയുടെ ഭാഷാ പുരസ്കാരം ലഭിച്ച ഇദ്ദേഹം ഡൽഹിയിലെ മലയാളഭാഷാപഠനത്തിന്റെ ശില്പിയും മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ ശാഖകളിൽ ഗ്രന്ഥരചന നിർവ്വഹിച്ച വ്യക്തിയുമാണ്. കേരളത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമിതനായ ആദ്യത്തെ കേരള സർക്കാർ ഭാഷാവിദഗ്ധൻ ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ തന്റെ കർമ്മമണ്ഡലങ്ങളിലൂടെ..

മലയാള ഭാഷാ സ്നേഹത്തിനു പിന്നിലെ സ്വാധീനങ്ങൾ ആരെല്ലാമാണ്?

മലയാള ഭാഷാസ്നേഹം ഒരു നിയോഗം പോലെ സംഭവിച്ചതാവാം. എഴുമറ്റൂർ നെയ്തല്ലൂർ കോയിക്കലിന്റെ ഒരു ശാഖയായ ചെങ്ങഴശ്ശേരി കോയിക്കലാണ് എന്റെ ജനനം. ചട്ടമ്പിസ്വാമികളുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച കുടുംബമാണ് എഴുമറ്റൂർ നെയ്തല്ലൂർ കോയിക്കൽ. മുത്തശ്ശന്മാരും അമ്മാവന്മാരുമൊക്കെ ചട്ടമ്പിസ്വാമികൾ സ്ഥാപിച്ച മതപാഠശാലയിൽ പഠിച്ച സംസ്കൃത പണ്ഡിതന്മാരായിരുന്നു. വൈകുന്നേരങ്ങളിലെ നാമജപവും രാമായണപാരായണവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കുടുംബക്ഷേത്രമായ പനമറ്റത്തുകാവ് ദേവീ ക്ഷേത്രത്തിലെ പടയണിപാട്ടുകളും ദൃശ്യങ്ങളും സംസ്കാരവും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഓലിക്കമുറിയിൽ രാമൻപിള്ള ആശാന്റെ നിലത്തെഴുത്ത് കളരി മുതൽ തുടങ്ങിയതാണ് ഭാഷാസ്നേഹം. ആധ്യാത്മിക പാഠശാലയിലെ അഞ്ചുവർഷത്തെ പഠനമാണ് മറ്റൊന്ന്. മലയാള ഭാഷയോടും ഭാരത സംസ്കാരത്തോടും ആദരവ് വളരാൻ ഇതെന്നെ സഹായിച്ചു. മലയാള ഭാഷാ അധ്യാപകരും എന്നെ സ്വാധീനിച്ചിട്ടുണ്ട് ഹൈസ്കൂളിൽ കാഥികനായ കുട്ടൻപിള്ള സാറായിരുന്നു മൂന്നുവർഷവും മലയാളം പഠിപ്പിച്ചത്. ഹൃദ്യമായ, അനുഭൂതി പകരുന്ന ക്ലാസുകളിലൂടെ മലയാളകവിതയുടെ ശാദ്വല ഭൂമികൾ കണ്ടു. മലയാളത്തിന്റെ ഗുരുനാഥനായ പ്രൊഫസർ എൻ കൃഷ്ണപിള്ളയുടെ ശിഷ്യനാകാൻ കഴിഞ്ഞതാണ് എന്റെ പരമഭാഗ്യം. മലയാളസാഹിത്യത്തിലെ വിവിധ ശാഖകളും അവയുടെ വഴികളും കൈവഴികളും രചനാ തന്ത്രങ്ങളും പരിചയപ്പെടാൻ അങ്ങനെ അവസരം കിട്ടി.

ഔദ്യോഗികഭാഷാ വകുപ്പിലെ ഭാഷാവിദഗ്ധൻ ആയിരുന്നല്ലോ. വിഷ്വൽ മീഡിയയിലെ ഭാഷയും നവമാധ്യമങ്ങളിലെ എഴുത്തുകാരുടെ ഭാഷയും എങ്ങിനെ വിലയിരുത്തുന്നു?

ആശയവിനിമയ ഉപാധികൾ എന്ന നിലയിൽ മാധ്യമങ്ങൾക്ക് നിത്യജീവിതത്തിൽ പ്രധാന പങ്കുണ്ട്. അവർ ധർമ്മരക്ഷകരാകണം എന്ന് മാത്രം. നവമാധ്യമങ്ങളിലെ എഴുത്തുകാരോട് സ്നേഹമാണ്. മൂല്യബോധമുള്ളവരാകണം അവർ. എന്നാൽ സത്യഅസത്യങ്ങൾ അറിയാതെ, കാര്യകാരണങ്ങൾ അന്വേഷിക്കാതെ, സാമൂഹിക മര്യാദകൾ പാലിക്കാതെ, ആശയവ്യക്തത ഇല്ലാതെ, ഭാഷാപ്രയോഗനിയമങ്ങൾ അറിയാതെ, ഭാഷ ഉപയോഗിക്കുന്നതാണ് ഏറെയും കണ്ടുവരുന്നത്. ദൃശ്യമാധ്യമങ്ങളിലെ ഭാഷാ വൈകല്യം-മുഖ്യമായും സീരിയലുകളിലെ ഭാഷാ വൈകല്യം-സംബന്ധിച്ച് മുൻപ് നിയമസഭയിൽ ഒരു ചോദ്യം വന്നിരുന്നതായി ഓർക്കുന്നു. ബന്ധപ്പെട്ട ഫയൽ സെക്രട്ടേറിയറ്റിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായിഎത്തി. കുടുംബ കലഹവും, ആത്മഹത്യയും, കൊല്ലേണ്ട വഴികളും, ചതിയും, വഞ്ചനയും തുടങ്ങി മനുഷ്യമനസ്സിനെ മലിനമാക്കുകയും സമൂഹശാന്തിയെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന സീരിയലുകളിലെ ഭാഷമാത്രം നന്നാക്കിയിട്ട് എന്തുകാര്യം? സീരിയലുകളുടെ കഥ, തിരക്കഥ, സംഭാഷണം, നിർമാണം തുടങ്ങി എല്ലാ കാര്യങ്ങളിലും സർക്കാരിന് നിയന്ത്രണമില്ലാതെ ഭാഷയിൽ മാത്രം നിയന്ത്രണം കൊണ്ടുവരുന്നതിൽ അർത്ഥമില്ല എന്നായിരുന്നു എന്റെ അന്നത്തെ മറുപടി. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ആകാം എന്നതാണ് ഇന്നത്തെ മുദ്രാവാക്യം അപ്പോൾ മൂല്യങ്ങൾക്ക് എന്തുവില? അടച്ചാക്ഷേപിക്കുകയല്ല, ഭാഷാപരിശീലനമില്ല എന്നൊരു കുഴപ്പമുണ്ട്. ഭാഷാപ്രയോഗവൈകല്യങ്ങൾ ഇന്നുണ്ട് എന്നത് ഒരു സത്യമാണ്.

നാടകാചാര്യനും സാഹിത്യ കുലപതിയുമായിരുന്ന പ്രൊഫസർ എൻ. കൃഷ്ണപിള്ളയുമായുള്ള ബന്ധത്തെപ്പറ്റി പറയാമോ?

ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് പ്രൊഫ. എൻ. കൃഷ്ണപിള്ള.12 വർഷം അദ്ദേഹത്തിന്റെ എഴുത്തുകാരനായിരുന്നു. ‘പ്രതിപാത്രം ഭാഷണഭേദം’ എന്ന ഗ്രന്ഥത്തിന്റെ രചന ഉൾപ്പെടെ നിരവധി എഴുത്തുകളിൽ പങ്കാളിയായിരുന്നു. ആത്മകഥാപരവും ചോദ്യോത്തര രൂപത്തിലുള്ളതുമായ ‘അനുഭവങ്ങൾ അഭിമതങ്ങൾ’ 197 ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതിയെടുത്ത് തയ്യാറാക്കിയ ഗ്രന്ഥമാണ്. അത് അന്ന് കലാകൗമുദിയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്നു. 1988 ജൂലൈ 10 ന് ആണ് കൃഷ്ണപിള്ളസാറിന്റെ മരണം. ഒരു വർഷത്തിനുള്ളിൽ തന്നെ പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകി. എം. കെ. ജോസഫ്, ഒ.എൻ.വി, ചെമ്മനം ചാക്കോ, ആനന്ദക്കുട്ടൻ, സാനുമാഷ് തുടങ്ങിയവരും കൃഷ്ണപിള്ളസാറിന്റെ ശിഷ്യരും, സുഹൃത്തുക്കളും, സഹപ്രവർത്തകരും, കുടുംബാംഗങ്ങളും ഒക്കെയായി ആലോചിച്ചാണ് ഈ ഫൗണ്ടേഷനു രൂപം നൽകിയത്. കഴിഞ്ഞ 32 വർഷങ്ങളായി അതിന്റെ സെക്രട്ടറിയായി തുടരുന്നു. കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനങ്ങളുടെ പട്ടികയിൽ ഈ സ്വയംഭരണ സ്ഥാപനം ഇടംപിടിച്ചു എന്നത് സന്തോഷകരമാണ്. സർക്കാർ സ്ഥാപനമല്ലെങ്കിലും സർക്കാരിന്റെ ഗ്രാൻഡ് ഉണ്ട്. നിരന്തരം പ്രോഗ്രാമുകൾ നടക്കുന്ന ഒരു സ്ഥാപനമാണ് ഇന്നിത്.

ഗ്രന്ഥങ്ങൾക്ക് അവതാരികകൾ എഴുതാറുണ്ടല്ലോ? അവതാരികകൾ ഒരു ഗ്രന്ഥത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമുള്ളതാണ്? അതിന്റെ ധർമ്മങ്ങൾ എന്താണ്, അല്ലെങ്കിൽ എന്താവണം? വിശദീകരിക്കാമോ?

ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടുത്തുകയും ഗ്രന്ഥസഞ്ചാരം സുഗമമാക്കുന്നതിന് പ്രയോജകീഭവിക്കുന്ന ഞെക്കുവിളക്കുകൾ വായനക്കാരന് നൽകുകയും ചെയ്യുന്ന പ്രവേശകമാണ് അവതാരിക. വായനയിലൂടെയോ പരിചയത്തിലൂടെയോ ഗ്രന്ഥകാരനെ അറിയാമെങ്കിൽ ആ അറിവും അനുഭവവും കുറഞ്ഞ വാക്യങ്ങളിൽ അവതരിപ്പിക്കുന്നു. ഗ്രന്ഥത്തിലെ ഉള്ളടക്കം, പ്രസക്തി, മൗലികത പ്രയോജനം എന്നിവ വിവരിക്കുന്നതോടൊപ്പം വായനക്കാരൻ പുസ്തകത്തെ എങ്ങനെ സമീപിക്കണം എന്ന് ഉപദേശിക്കുക എന്നതും അവതാരികയുടെ ധർമ്മമാണ്. ഗ്രന്ഥകാരന്റെ സർഗ്ഗശക്തിയാണ് അവതാരികാകാരന്റെ ലക്ഷ്യം. അവതാരികകൾ മണ്ഡനപരമാണ്, പ്രോത്സാഹജനകമാണ്, അനുഗ്രഹദായകവുമാണ്. അവതാരികാരചന ചിലർക്കെങ്കിലും പുസ്തക പ്രസാധനത്തിന് ഉള്ള ഒരു ശുപാർശയാണ്, ചിലർക്ക് അതൊരു പരസ്യപ്പലകയാണ്, മറ്റു ചിലർക്ക് അത് സ്നേഹബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ്. അവതാരിക അനുഗ്രഹവും അംഗീകാരവുമായി കരുതുന്നവരാണ് ഏറെയും.

ആകാശവാണിയിൽ ഏറ്റവും കൂടുതൽ ഇനങ്ങളിൽ പങ്കെടുത്ത വ്യക്തി ആണല്ലോ. ആകാശവാണിയുമായുള്ള ബന്ധത്തെപ്പറ്റി പറയാമോ?

എന്നെ ഞാനാക്കിയത് ആകാശവാണിയാണ്. ആകാശവാണിയുടെ വൈവിധ്യമാർന്ന പരിപാടികളിൽ പങ്കാളിയായിട്ടുണ്ട്. ഒരു ശ്രോതാവ് എന്ന നിലയിലാണ് ആദ്യമായി റേഡിയോയുമായി ബന്ധം ആരംഭിക്കുന്നത്. ബാല്യകാലത്ത് മനസ്സിന്റെ വിശപ്പു മാറ്റിയിരുന്നത് എഴുമറ്റൂർ ശ്രീബാലകൃഷ്ണവിലാസം ഗ്രന്ഥശാലയിലെ പുസ്തക ശേഖരവും അവിടുത്തെ റേഡിയോയുമായിരുന്നു. അവിടെവച്ച് ശങ്കരനാരായണൻ, ഗോപൻ, പ്രതാപൻ, രാമചന്ദ്രൻ തുടങ്ങിയവരുടെ ശബ്ദവിന്യാസം അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് ഒരു ഓർമയാണ്. ഞാൻ എഴുതിയ പല ഗാനങ്ങളും എസ്.രത്നാകരൻ, എം. ജി രാധാകൃഷ്ണൻ, കെ. പി ഉദയഭാനു തുടങ്ങിയവരുടെ സംഗീത സംവിധാനത്തിൽ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. നാഗവള്ളി ആർ എസ്. കുറുപ്പ്, ജഗതി എൻ.കെ ആചാരി, ടി. പി രാധാമണി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ് തുടങ്ങി നിരവധി പ്രതിഭകളുടെ വിഹാര ഭൂമിയായിരുന്നു ആകാശവാണി. പിന്നീട് അവിടെ എന്റെ സാഹിത്യജീവിതം വളരുകയായിരുന്നു.

ഏതൊക്കെ പ്രോഗ്രാമുകളാണ് ആകാശവാണിയിൽ അവതരിപ്പിച്ചിട്ടുള്ളത്?

ഞാൻ എഴുതിയ ഇരുപതോളം ഗാനങ്ങൾ സംഗീതപാഠത്തിൽ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 1980ൽ ഉള്ളൂർ സ്മാരകത്തിൽ നിന്ന് പ്രക്ഷേപണകല എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്സ് എടുത്തു. ഞങ്ങൾ 30 വിദ്യാർഥികളായിരുന്നു അന്നുണ്ടായിരുന്നത്. അഭിമുഖത്തിലൂടെ അഭിരുചി പരിശോധിച്ചതിനുശേഷം ആയിരുന്നു പ്രവേശനം. കൈനിക്കര കുമാരപിള്ള, നാഗവള്ളി ആർ. എസ്.കുറുപ്പ്, ശ്യാമളാലയം കൃഷ്ണൻ നായർ, കോന്നിയൂർ ആർ നരേന്ദ്രനാഥ്, എസ് ഗുപ്തൻ നായർ, പ്രതാപവർമ്മ തുടങ്ങി നിരവധി പ്രമുഖർ നേതൃത്വം നൽകിയ നാല്പതിലേറെ ക്ലാസുകൾ. നിരവധി പ്രമുഖരുമായി അഭിമുഖം നടത്താൻ ആകാശവാണി എനിക്ക് അവസരം തന്നു. ശബരിമല മകരവിളക്കിന് ദൃക്സാക്ഷി വിവരണങ്ങൾ നടത്തി. ഭാഷാശുദ്ധിയുടെ പ്രാധാന്യം അടിസ്ഥാനമാക്കിയുള്ള ‘മൊഴിയഴക്’ എന്നൊരു പ്രക്ഷേപണപരമ്പര ഉണ്ടായിരുന്നു. അതിന്റെ മധുര സ്മരണകൾ ഇന്നും മനസ്സിൽ ഉണരുന്നു.

ഭാഷ ജനങ്ങളെ വേർതിരിക്കുകയോ വർഗീകരിക്കുകയോ ചെയ്യുന്നുണ്ടോ? ( ഭാഷാടിസ്ഥാനത്തിൽ ആണല്ലോ സംസ്ഥാനങ്ങളുടെ രൂപീകരണം വരെ )

പതിനൊന്നാം ശതകത്തിൽ സ്പെയിനിൽ ഇസബെല്ലാരാജ്ഞി അധികാരത്തിലേറിയപ്പോൾ അവിടുത്തെ ബിഷപ്പ് രാജ്ഞിക്കു പാരിതോഷികമായി നൽകിയത് ഭാഷയുടെ ഒരു വ്യാകരണഗ്രന്ഥമായിരുന്നു. അധികാരത്തിലേറുമ്പോൾ എന്തിനാണ് വ്യാകരണഗ്രന്ഥം എന്ന് രാജ്ഞി ചോദിച്ചു “ഭാഷ സാമ്രാജ്യം സൃഷ്ടിക്കു”മെന്ന് ബിഷപ്പ് പറഞ്ഞുവത്രേ. രാജ്ഞി ആ ഗ്രന്ഥം പഠിക്കുകയും ഭാഷാ പഠനത്തിലൂടെ ജനജീവിതം മനസ്സിലാക്കുകയും ചെയ്തു. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ മുഴുവൻ ഒരുമിച്ചു നിർത്താൻ ആ ഭാഷ പ്രയോജനപ്പെടുത്താം എന്ന് സ്വന്തം അനുഭവത്തിലൂടെ അവർക്ക് ബോധ്യമായി.

ഭാരതത്തിലെ ഭിന്നഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരമുള്ള ജനങ്ങൾ ചെറിയ ചെറിയ നാട്ടുരാജ്യങ്ങളായി തമ്മിൽ കലഹിച്ചു കഴിയുമ്പോഴാണല്ലോ ബ്രിട്ടീഷുകാർ ഇവിടെ എത്തുന്നതും ക്രമേണ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതും. ഇവിടുത്തെ ജനങ്ങളെ ഒരു കോളനി സംസ്കാരത്തിനു കീഴിൽ കൊണ്ടുവരാൻ അവരെ ഏറ്റവുമധികം സഹായിച്ചത് മെക്കാളെ പ്രഭു ഇവിടെ പ്രചരിപ്പിച്ച ഇംഗ്ലീഷ് ഭാഷയാണ്. ഭാഷയ്ക്ക് സാമ്രാജ്യം സൃഷ്ടിക്കാൻ കഴിയും എന്ന് ഇത് തെളിയിക്കുന്നു. ഭാഷ എന്നത് ഒരു വികാരമാണ്. മലയാളിക്ക് മലയാളിയോടും തമിഴന് തമിഴരോടും, ബംഗാളിക്ക് ബംഗാളികളോടും ഉള്ള വൈകാരികമായ അടുപ്പത്തിന് കാരണം ഭാഷയുടെ സാമാന്യ സ്വഭാവമായ വൈകാരികതയാണ്. അവർ ഒരേ സംസ്കാരം ഉള്ളവരാണ്. അതുകൊണ്ട് ഭാഷ സംസ്കാരമാണ് എന്നു പറയാം.

ഭാഷയിൽ മലയാളപദങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ഒന്ന് പറയാമോ? അന്യഭാഷാ പദങ്ങൾ മലയാളത്തിൽ സ്വീകരിച്ചിട്ടുണ്ടല്ലോ?

കടലിൽ കിടക്കുന്ന മഞ്ഞുമലയുടെ ചെറിയൊരു ഭാഗം വെള്ളത്തിനു മുകളിൽ കാണുമ്പോൾ അതിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുന്നു. വലിയ ഭാഗമാണ് ചെറിയ ഭാഗത്തെ താങ്ങിനിർത്തുന്നത് ഇതുപോലെ ഭാഷയിൽ ഓരോപദവും നിലനിൽക്കുന്നത് അതിനെ താങ്ങി നിർത്തുന്ന ഒരു സംസ്കാരം ഉള്ളതുകൊണ്ടാണ്. ഒരാളുടെ പേര് കേൾക്കുമ്പോൾ അയാളുടെ രൂപഭാവങ്ങളോടെ ഉള്ള ഒരു ചിത്രമാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്. അതുകൊണ്ടാണ് പദശ്രവണത്തിൽ നമുക്ക് വിവിധ വികാരങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ പരിചയത്തിൽ ഇല്ലാത്ത സംസ്കാരങ്ങളിൽ ഉണ്ടായ പദങ്ങൾ കേൾക്കുമ്പോൾ നാം വികാരഹീനരായി നിന്നു പോകുന്നതും അതു കൊണ്ടു തന്നെ. കരണ്ടകം, കൊരണ്ടി, ചിമ്മിനി, റാന്തൽ, കൊഴിക്കൽ, പാറ്റൽ ഒക്കെ നമ്മുടെ നിത്യവ്യവഹാരത്തിൽ നിന്ന് അകന്നു പോവുകയാണ്. ഇന്റർനെറ്റ്, ഇമെയിൽ, കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, സോഫ്റ്റ്‌വെയർ മൗസ്, ക്ലിക്ക് തുടങ്ങി എത്രയോ പദങ്ങൾ പുതുതായി വന്നു ചേരുന്നുണ്ട്. മാറിവരുന്ന ജീവിത സാഹചര്യങ്ങൾക്കൊത്ത് ഭാഷയും മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ ഈ മാറ്റം സ്വത്വത്തെ ഹനിക്കുന്നതാകരുത്. അന്യഭാഷാ പദങ്ങൾ സ്വീകരിക്കുന്നതോടൊപ്പം അന്യഭാഷകൾക്ക് അടിപ്പെടാതെ നോക്കേണ്ടതായുണ്ട്. ഒരു നദി, അതൊഴുകുന്ന പ്രദേശങ്ങളിലെ ഔഷധവീര്യം ഉൾക്കൊള്ളുന്നതുപോലെ, ഒരു ഭാഷ അതു സംസാരിക്കുന്ന ജനങ്ങളുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്നു.

‘റോമിലെ വേദശ്രീക്ക്’, ‘അയർലൻഡിലെ രാജ്നന്ദിനിക്ക്’ എന്നീ യാത്രാവിവരണങ്ങൾ എഴുതിയിട്ടുണ്ടല്ലോ? ഏറെ സ്വാധീനിച്ച സഞ്ചാര സാഹിത്യകാരന്മാർ ആരൊക്കെയാണ്? അവരൊക്കെ എത്രമാത്രം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്?

മലയാളത്തിലെ ഏറ്റവും വലിയ സഞ്ചാരസാഹിത്യകാരൻ എസ്.കെ.പൊറ്റക്കാടാണ്. അദ്ദേഹത്തിന്റെ കൃതികൾ ഇറങ്ങിയ കാലത്ത് തന്നെ ചൂടോടെ വായിച്ചിരുന്നു. ‘വർത്തമാനപുസ്തകം’, ‘ഊർശ്ളേം യാത്രാവിവരണം’ തുടങ്ങി ബിലാത്തിവിശേഷം, ഹിമഗിരിവിഹാരം എന്നിങ്ങനെ മലയാളത്തിലിറങ്ങിയ മിക്ക സഞ്ചാരസാഹിത്യകൃതികളും വായിച്ചിട്ടുണ്ട്.

ബാല്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ‘ഗള്ളിവേഴ്സ് ട്രാവൽസ്’ പിന്നീട് സംഗൃഹീത പുനരാഖ്യാനം ചെയ്യുവാനും സാധിച്ചു. വായിച്ച സഞ്ചാര സാഹിത്യകൃതികളെല്ലാം ഊർജ്ജം പകർന്നിട്ടുണ്ടെങ്കിലും ,സ്വന്തം അനുഭവത്തിന്റെയും, അറിവിന്റെയും, പരിചയത്തിന്റെയും വെളിച്ചത്തിൽ എഴുതാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. കലാകൗമുദിയിൽ രണ്ട് കൃതികളും ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോൾ തന്നെ അവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

വിവിധ സാഹിത്യശാഖകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ടല്ലോ? ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യശാഖ ഏതാണ്?

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യശാഖ ജീവചരിത്രമാണ്. എൻ കൃഷ്ണപിള്ള, എം കെ ജോസഫ്, ഇടയാറന്മുള കെ.എം വർഗീസ്, പി.കെ.പരമേശ്വരൻ നായർ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ എന്നിവരുടെ ജീവചരിത്രം എഴുതി. മലയാളത്തിലെ ഏറ്റവും വലിയ ജീവചരിത്രകാരനായ പി.കെ പരമേശ്വരൻ നായരുടെ ജീവചരിത്രരചന ഒരു വെല്ലുവിളി തന്നെയായിരുന്നു.

ജെയിംസ് ബോസ്വെൽ എഴുതിയ സാമുവൽ ജോൺസൺന്റെ ജീവചരിത്രം, ലിറ്റൺ സ്ട്രാച്ചിയുടെ “എമിനെന്റ് വിക്ടോറിയൻസ്” തുടങ്ങി പല പ്രമുഖ ജീവചരിത്രഗ്രന്ഥങ്ങളും പഠിച്ചിട്ടുണ്ട്.

കഥകൾ എഴുതിയിട്ടുണ്ടോ?

കഥകളും, കുട്ടിക്കഥകളും എഴുതിയിട്ടുണ്ട്. എഴുപതുകളുടെ അവസാനമാണ് കഥയെഴുത്തിൻന്റെ കാലം. ലോ കോളേജ് മാഗസിനിലാണ് ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് മലയാള മനോരമ ആഴ്ചപ്പതിപ്പ്, പൂമ്പാറ്റ തുടങ്ങി വിവിധ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചു. എന്നാൽ അതു സമാഹരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ഇന്നുവരെ തോന്നിയിട്ടില്ല. അതിനുള്ള യോഗ്യത അവയ്ക്കുണ്ടെന്നു ഒരു ബോധ്യം വന്നിട്ടില്ല.

ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കാൻ കഴിയുന്ന സാഹിത്യസൃഷ്ടി നോവലാണെന്നു പറയാറുണ്ട്. ആധുനിക നോവൽ സാഹിത്യം ഭാഷയെ തന്നെ പുതുക്കിപ്പണിയുന്നു എന്നത് ശരിയല്ലേ? ആഖ്യാനപരമായ മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു.?

നമ്മുടെ ഇതിഹാസമായ മഹാഭാരതതിലേതുപോലെ ഇത്ര സമഗ്രമായി ജീവിതം മറ്റൊരിടത്തും ആവിഷ്കരിച്ചിട്ടില്ല. ഭാരതത്തിലല്ലാതെ മറ്റൊരിടത്തും ഇത്ര ബൃഹത്തും മഹത്തുമായ ഒരു കൃതി ഉണ്ടായിട്ടില്ല. ഈ കൃതിയുടെ തണലിൽ ഇരുന്നുകൊണ്ട് അല്പകാല ചരിത്രം മാത്രമുള്ള ആധുനിക നോവലാണ് ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്നത് എന്നു പറയാൻ കഴിയുന്നില്ല. തീർച്ചയായും അതിന് മറ്റ് ആധുനിക സാഹിത്യ രൂപങ്ങളേക്കാൾ വിശാലമായ ഭൂമികയുണ്ട്. ഇതിഹാസങ്ങളും മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും എല്ലാം ലഘു കവിതകൾക്കും രണ്ടുവരി കവിതകൾക്കും വഴിമാറിയപ്പോൾ പുതിയ കാലത്ത് നാം നോവലിനെ വലുതായി കാണുന്നു. തകഴിയുടെ ‘കയർ’ വിലാസിനിയുടെ ‘അവകാശികൾ’ ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ തുടങ്ങിയുള്ള കൃതികളിലെ ജീവിതാവിഷ്കാരവും സമഗ്ര ചൈതന്യവും ഓർമിച്ചുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്.

ഭാഷാനവീകരണം നോവലിൽ നടക്കുന്നുണ്ട്. പുതിയ ജീവിതസാഹചര്യങ്ങൾ ആവിഷ്കരിക്കാൻ പുതിയ ഭാഷ വേണം. ഈ പുതുമ എക്കാലത്തെയും എഴുത്തുകാർ എല്ലാ വിഭാഗങ്ങളിലും പരീക്ഷിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. ചെറുകഥയിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നു, നോവലിലുമുണ്ട്, വൈജ്ഞാനികരംഗത്തുമുണ്ട് . ഏതുതരം വിജ്ഞാനവും ആവിഷ്കരിക്കത്തക്കവണ്ണം താൻ വ്യാപരിക്കുന്ന ഭാഷയെ സജ്ജമാക്കുക എന്നതാണ് അയാളുടെ വെല്ലുവിളി, അതിൽ നേടുന്ന വിജയമാണ് ധന്യത.

ഭാരതീയ സാഹിത്യത്തിൽ പുതുമയും ശക്തിയുമുള്ള ശാഖയാണല്ലോ ദലിത് സാഹിത്യം. ഗൗരവമായ പഠന ഗവേഷണങ്ങൾക്ക് ഇവ വിധേയമായിട്ടുണ്ടോ?

സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ജനവിഭാഗങ്ങളിൽ നിന്ന് ദളിതർ അനുഭവിക്കേണ്ടിവന്ന അടിമത്തത്തിന്റേയും യാതനകളുടെയും സത്യസന്ധമായ ആവിഷ്കാരമാണ് അത്തരം സാഹിത്യത്തിന്റെ ഉള്ളടക്കം. സമത്വവും സ്വാതന്ത്ര്യവും നീതിബോധവും സ്വജനവിഭാഗങ്ങളിൽ ഉണർത്തുക എന്നതാണ് ഇത് ലക്ഷ്യമാക്കുന്നത്. സ്വത്വസ്ഥാപനം എന്നർത്ഥം. മഹാനായ ഡോ.അംബേദ്കറുടെ ദർശനങ്ങളാണ് ദളിത് സാഹിത്യത്തിന്റെ അടിസ്ഥാനം. അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചതോടെ ദളിത് സാഹിത്യത്തിൽ ബൗദ്ധിക ദർശനങ്ങളും, പിൽക്കാലത്ത് മാർക്സിസ്റ്റ് ചിന്തകളും പ്രബലമായി. ദളിതർക്ക് വേണ്ടി മറ്റുള്ളവർ എഴുതുന്നത് ദളിത് സാഹിത്യമല്ല, ദളിത്പക്ഷ സാഹിത്യമാണ്.

ഭാരതത്തിൽ ദളിത് സാഹിത്യപഠനങ്ങൾ ഗൗരവബുദ്ധ്യാ നടക്കുന്നത് മഹാരാഷ്ട്രയിൽ ആണെന്ന് തോന്നുന്നു. കേരളത്തിൽ അയ്യങ്കാളിയുടെയും കെ.പി.കറുപ്പൻറെയും മറ്റും ശക്തമായ നേതൃത്വം ദലിത് സമൂഹത്തെ ഉണർത്തുകയുണ്ടായി. അവരുടെ രചനകളെക്കാൾ കൂടുതൽ അവർക്കുവേണ്ടി മറ്റുള്ളവർ എഴുതി. അതിനാൽ ഗവേഷകർ ത്യാജ്യ-ഗ്രാഹ്യ വിവേചനബുദ്ധി കൊണ്ട് ഈ രംഗത്ത് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ശിൽപ്പമായി കഴിഞ്ഞാൽ ശില്പി വേണ്ട എന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ് ദലിതരുടെ ഉന്നമനത്തിനും അവരുടെ സാഹിത്യത്തിന്റെ വികാസത്തിനും വിഘാതമായിരിക്കുന്നത് എന്ന് തോന്നുന്നു.

ഏതു വിഷയത്തിലായിരുന്നു ഗവേഷണം ?

‘പ്രാചീന കേരളകവികളെകുറിച്ചുള്ള ഐതിഹ്യങ്ങളും അവയുടെ സാഹിത്യവിമർശന മൂല്യവും’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ജോർജ് ഫ്രെയ്സറുടെ ‘ഗോൾഡൻ ബോ ‘എന്ന ബൃഹത് ഗ്രന്ഥത്തിൽ നിന്നാരംഭിച്ചു, ആ പഠനം. ശങ്കരാചാര്യർ മുതൽ കുഞ്ചൻനമ്പ്യാർ വരെയുള്ള കവികളെ വിശദമായി പഠിച്ചു. ‘ഐതിഹ്യങ്ങളും സാഹിത്യവിമർശന മൂല്യവും’ എന്ന പേരിൽ ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അത്ഭുതജനകമായ ഒരു യാദൃശ്ചികത, ജോർജ് ഫ്രെയ്സർ പഠനം നടത്തി പുസ്തകമെഴുതിയ സ്ഥലമായ നേമി (റോം, ഇറ്റലി ) സന്ദർശിക്കാൻ പിന്നീട് സാധിച്ചു എന്നതാണ്.

ബാലസാഹിത്യകാരനും കൂടിയാണല്ലോ അങ്ങ്? മലയാളത്തിൽ ബാലസാഹിത്യകൃതികൾ ശുഷ്കമാണോ?

സർഗ്ഗാത്മകവും വൈജ്ഞാനികവുമായിട്ടുള്ള ബാലസാഹിത്യം ശുഷ്‌ക്കമാണെന്ന അഭിപ്രായമില്ല. വിവിധ ബാലസാഹിത്യ ശാഖകളിലായി 13 പുസ്തകങ്ങൾ ഞാനെഴുതിയിട്ടുണ്ട്. ശിശുകവിതകൾ, ബാലകവിതകൾ, കഥകൾ, പുനരാഖ്യാനങ്ങൾ, പ്രശ്നോത്തരി എന്നിങ്ങനെ. ‘ഗളളിവറുടെ സഞ്ചാരം’ ജോനഥൻ സ്വിഫ്റ്റ് രചിച്ചത് ഒരു ആക്ഷേപഹാസ്യകൃതി എന്ന രീതിയിലാണ്. പിന്നീടത് ലോകമെമ്പാടുമുള്ള കുട്ടികൾക്കിഷ്ടപ്പെടുന്ന കൃതിയായി മാറി. ഇങ്ങനെ ചില കൃതികൾ ബാലസാഹിത്യകൃതികൾ ആയി പരിണമിക്കുന്നുണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള രചനകൾ നാടോടി സാഹിത്യത്തിലും സാഹിത്യചരിത്രത്തിലെ കാവ്യശാഖയിലും ഗദ്യ ശാഖയിലും ഒക്കെയുള്ള കൃതികളിൽ നിറഞ്ഞുനിൽക്കുന്നു. നാമത് വേണ്ടവിധം കണ്ടെത്തി സമാഹരിച്ചു പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്.

ബാലസാഹിത്യകൃതികളും ബാലമാസികളും ഉൾക്കൊള്ളുന്ന ബാലസാഹിത്യശാഖയെപറ്റി പറയാമോ?

എന്താണ് ബാലസാഹിത്യം? കുട്ടികൾ എഴുതുന്നതാണോ, കുട്ടികൾക്കുവേണ്ടി മുതിർന്നവർ എഴുതുന്നതാണോ, കുട്ടികൾക്കുവേണ്ടി കുട്ടികൾ എഴുതുന്നതാണോ? കുട്ടികൾക്ക് വേണ്ടിയല്ലാതെ എഴുതിയ എത്രയോ രചനകൾ കുട്ടികൾക്ക് പ്രയോജനപ്പെടുന്നവയാകുന്നുണ്ട് . ‘മരം വരയ്ക്കാൻ ചിത്രകാരൻ മരമാകണം’ എന്ന് പറയുന്നതുപോലെ കുട്ടികൾക്കുവേണ്ടി എഴുതണമെങ്കിൽ എഴുത്തുകാരനിലെ കുട്ടിത്തം ഉണരണം. കുട്ടിത്തത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. ബാലസാഹിത്യരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായത് കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ പാഠപുസ്തക കമ്മിറ്റി (1867) വന്നതോടുകൂടിയാണ്. പദ്യ പാഠാവലി, പദ്യമഞ്ജരി തുടങ്ങിയവ കുട്ടികൾക്ക് വേണ്ടി അന്ന് തയ്യാറാക്കിയിരുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ശൈശവസാഹിത്യം , ബാലസാഹിത്യം, കൗമാര സാഹിത്യം എന്നിങ്ങനെ ശാസ്ത്രീയമായ വിഭജനം വേണം. അതാതു പ്രായത്തിലുള്ളവർക്ക്‌ അഭിരുചികളിൽ മാറ്റമുണ്ടാവും. പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികളെ പ്രായമനുസരിച്ച് പല വിഭാഗമായി തിരിക്കുന്നുണ്ട്. നമ്മൾ എല്ലാം ബാലസാഹിത്യമായി പരിഗണിക്കുകയാണ്. ഈ സാഹിത്യവിഭജനം സർഗാത്മക സാഹിത്യത്തിലും വൈജ്ഞാനിക സാഹിത്യത്തിലും വേണം.

ഒരു ഉത്തമ ബാലസാഹിത്യ ഗ്രന്ഥത്തിന്റെ ലക്ഷണം എന്തായിരിക്കും?

ബാലകരെ ഉത്തമരാക്കുന്ന സാഹിത്യമാണ് ഉത്തമ ബാലസാഹിത്യം. പുതിയൊരു ലോകം സാക്ഷാത്കരിക്കാൻ വേണ്ട ഇച്ഛാശക്തിയും കർമ്മശക്തിയും നേടാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ബാലസാഹിത്യത്തിന്റെ ലക്ഷ്യം.

നാടക പ്രവർത്തനരംഗത്തെപ്പറ്റി പറയാമോ?

എഴുമറ്റൂർ സെൻട്രൽ ആർട്സ് ക്ലബ്ബ് ആയിരുന്നു എന്റെ നാടകക്കളരി. ഗാനരചയിതാവായി പ്രവേശിച്ച്, അഭിനേതാവായി, നാടകരചയിതാവായി. ‘മാവേലി ചരിതം’ ‘അനാദിമദ്ധ്യാന്തം’ എന്നിങ്ങനെ രണ്ട് ലഘുനാടകങ്ങളും, കാലത്രയം എന്ന ഒരു മുഴുനീളനാടകവും എഴുതി. “അനാദിമദ്ധ്യാന്തം” തിരുവനന്തപുരം ലോ കോളേജിൽ അവതരിപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടി. ‘ഭാരവാഹി’, ’കാടിന്റെ മക്കൾ’ തുടങ്ങി 9 ലഘുനാടകങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തു. കൃഷ്ണപിള്ള സാറിന്റെ ഗൗരവ സമ്പൂർണമായ നാടകങ്ങൾ വായിച്ചതോടെ ഞാൻ നാടകരചന നിർത്തി. പിന്നീട് വളരെക്കാലത്തിനുശേഷം പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷനു വേണ്ടി പ്രൊഫ.എൻ.കൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ നാടകങ്ങളെയും പ്രമേയമാക്കി ‘കൃഷ്ണായനം’ എന്ന നാടകമെഴുതി അവതരിപ്പിച്ചു.

പുതിയ എഴുത്തു പദ്ധതികൾ എന്തൊക്കെയാണ് ?

എന്റെ നൂറാമത്തെ പുസ്തകം ‘എഴുമറ്റൂരിന്റെ കവിതകൾ’ പുറത്തിറങ്ങി. കോട്ടയം കറന്റ് ബുക്‌സാണ് പ്രസാധകർ. ശ്രീകുമാരൻ തമ്പിസാർ ആണ് അവതാരിക എഴുതിയത്. പ്രാചീന അയർലൻഡിന്റെ രാജധാനിയായിരുന്ന ‘താര’ യുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യാത്രാവിവരണവും ( രഘുനന്ദാ താര വിളിക്കുന്നു ) ‘ ഡബ്ലിൻ ഡയറി ‘എന്ന ലഘുയാത്രാവിവരണ ഗ്രന്ഥവും തയ്യാറായി. നാടകങ്ങൾ സമാഹരിക്കുന്ന ജോലി നടക്കുന്നു. ഭരണഭാഷ സംബന്ധിച്ച് എഴുതിയ രണ്ടു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഗ്രന്ഥ രചനയും പുരോഗമിക്കുന്നു. ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് മലയാളഭാഷയുടെ സംഭാവന എന്ത് എന്ന് അന്വേഷിക്കുന്ന ഒരു പഠനഗ്രന്ഥം മുൻപ് എഴുതിയിരുന്നു. അത് സമൂലം പരിഷ്കരിച്ച ശേഷം പ്രസിദ്ധീകരിക്കണമെന്ന് ഒരു ആഗ്രഹമുണ്ട്. ‘ഐറിഷ് കഥകൾ’ അച്ചടിയിലാണ്’.

മലയാളത്തിൽ ഏറ്റവും കൂടുതൽ ഗ്രന്ഥനിരൂപണങ്ങളും അവതാരികകളും എഴുതി. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഭാഷാ പരിശീലനം തുടങ്ങുന്നതിന് നേതൃത്വം നൽകുകയും പാഠ്യപദ്ധതി തയ്യാറാക്കുകയും ചെയ്ത ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം. പ്രൊഫസർ എൻ. കൃഷ്ണപിള്ളയുടെ നാല് ജീവചരിത്രങ്ങൾ എഴുതി. ഒരു പ്രാദേശിക ഭാഷയ്ക്ക് അന്യദേശത്ത് ഏറ്റവും കൂടുതൽ പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചതിന്റെ ശിൽപിയും സൂത്രധാരനുമാണ് ശ്രീ എഴുമറ്റൂർ രാജരാജവർമ്മ.

ഒരു പുരാവൃത്ത പഠിതാവും കൂടിയാണ് ഇദ്ദേഹം. പടയണിപ്പാട്ടുകൾ , വള്ളംകളിപ്പാട്ടുകൾ, ഗ്രീക്ക്-റോമൻ ഇതിഹാസ പുരാണങ്ങൾ, അയർലൻഡിലെ പുരാവൃത്തങ്ങൾ, ഭാരതീയ വേദോപനിഷത്തുകൾ, പുരാണേതിഹാസങ്ങൾ എന്നിവകളെപ്പറ്റി അനേകം പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറ്റുകാൽ ‘അംബാപ്രസാദം’ അദ്ധ്യാത്മിക മാസികയുടെ മുഖ്യപത്രാധിപരാണ് ഇപ്പോൾ. കഴിഞ്ഞ എട്ടു വർഷങ്ങളിൽ എഴുതിയ എഡിറ്റോറിയലുകളുടെ സമാഹാരങ്ങളാണ് ‘മുഖപ്രസാദം’, ‘ആത്മജ്ഞാനത്തിന്റെ വഴികൾ’ എന്നീ ഗ്രന്ഥങ്ങൾ.

മലയാള ഭാഷയുടെ ആന്തരിക സംഗീതത്തെ അനവരതം തൊട്ടുണർത്താൻ ആ തൂലികയ്ക്കു കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കാം.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.