
ആഴത്തിലുള്ള വേരോട്ടം
മുളയുടെ രഹസ്യം
ഒരു യുവാവ് തൻ്റെ നാട്ടിലെ ഏറ്റവും മികച്ച കർഷകനെ സമീപിച്ചു. എന്നിട്ട് തൻ്റെ ദുഃഖം പങ്കുവെച്ചു.
“ഞാൻ നിത്യവും കഠിനമായി പരിശ്രമിക്കുന്നു. എന്നിട്ടും ജീവിതത്തിൽ വലിയ മാറ്റമൊന്നും കാണുന്നില്ല. ഞാനൊരു പരാജയമാണോ?” അതുകേട്ട കർഷകൻ അവനേയും കൂട്ടി പുറത്തേക്കുനടന്നു. വഴിയരികിലെ തോട്ടുവക്കിൽ ഒരു മുളങ്കൂട്ടം കണ്ടു. അയാൾ ആ യുവാവിനേയും കൂട്ടി അതിനടുത്ത് എത്തി. എന്നിട്ടു ചോദിച്ചു,
“ഈ മുളയെക്കുറിച്ച് അറിയാമോ?”
“ഇല്ല.” യുവാവ് പറഞ്ഞു.
“ശരി, നീ മുളയുടെ തൈ കണ്ടിട്ടുണ്ടോ? ആദ്യ വർഷം വെള്ളമൊഴിച്ചാലും വലിയ വളർച്ച കാണില്ല. രണ്ടാം വർഷവും എന്തിന് മൂന്നാം വർഷവും അതിന് ഒരു മാറ്റവും കാണാനാകില്ല. നമ്മൾ കരുതും ഇതെന്തൊരു കഷ്ടമാണ്, വെള്ളവും വളവും കൊടുത്തിട്ടും വളരുന്നില്ലല്ലോ എന്ന്. നാലാം വർഷവും ഇതുതന്നെ കാണുമ്പോൾ ഈ തൈ ഇനി വളരുന്നില്ലെന്ന് തോന്നും. എന്നാൽ യഥാർത്ഥത്തിൽ ഭൂമിക്കടിയിൽ ഈ തൈയ്യുടെ വേരുകൾ പരന്നു വളർന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ വേരുകൾ മണ്ണിൽ പരമാവധി പടർന്നു കഴിഞ്ഞാൽപ്പിന്നെ കണ്ടു നിൽമ്പോൾ എന്ന കണക്കിൽ മുള വളരാൻ തുടങ്ങും. കുറഞ്ഞ സമയത്തിനുള്ളിൽ അത് അതിവേഗം ആകാശം തൊടും.”
കർഷകൻ മണ്ണിൽ കൈവെച്ചു. തുടർന്നു പറഞ്ഞു,
“മുകളിൽ ഒന്നും കാണാത്ത കാലത്താണ് താഴെ മണ്ണിനടിയിൽ ഏറ്റവും പ്രധാനപ്പെട്ട ജോലി നടക്കുന്നത്.”
ഇനി ശാസ്ത്രം എന്തു പറയുന്നു എന്നറിയാം.
പുതിയ ശീലങ്ങൾ രൂപപ്പെടുമ്പോൾ പലപ്പോഴും വലിയ ഫലങ്ങൾ ഉടൻ സംഭവിക്കണമെന്നില്ല. എന്നാൽ സ്ഥിരമായ പരിശീലനം തലച്ചോറിൽ ക്രമേണ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് ചെറിയ പുരോഗതിയെ വിലമതിക്കേണ്ടത് ആ വിധത്തിലാണ്. പുറത്ത് ഫലം വൈകിയാലും, ഉള്ളിൽ മാറ്റം നടക്കുന്നുണ്ട് എന്നതിലാണ് കാര്യം.
ഒരു ആത്മീയ ചിന്ത
വിത്ത് മണ്ണിനടിയിൽ കിടക്കുമ്പോഴും അത് സജീവമാണ്. അത് വളരാൻ തയ്യാറെടുക്കുകയാണ്. നമ്മുടെ ജീവിതത്തിലെ നിശ്ശബ്ദമായ കാലങ്ങൾ പരാജയത്തിന്റെ കാലമാകണമെന്നില്ല. അവ തയ്യാറെടുപ്പിന്റെ കാലമായിരിക്കാം. അത് അങ്ങനെ മനസിലാക്കാനാകണം. ചിലതെല്ലാം കാലം കൊണ്ടേ മൂപ്പെത്തൂ.
ഇന്നത്തെ പരിശീലനം
കഴിഞ്ഞ ഒരു മാസത്തിൽ നിങ്ങൾ സ്ഥിരമായി ചെയ്ത ഒരു നല്ല ശീലം എഴുതുക. ഇനി പറയട്ടെ, വലിയ ഫലം കണ്ടില്ലെങ്കിലും അത് തുടരണം.
കാരണം എല്ലാ മാറ്റങ്ങളും ആദ്യം വേരുകളിലാണ് സംഭവിക്കുന്നത്.
ചിന്തിക്കാൻ
ഇങ്ങനെ ഒരു കാര്യം നിങ്ങൾ തുടരുന്നുണ്ടോ? അത് എന്തുമാകാം. രാവിലെ അല്പം നേരത്തേ എഴുന്നേൽക്കുന്നതോ, ഒന്നു നടക്കാൻ പുറത്തേക്കിറങ്ങുന്നതോ ഒരു പാട്ടുകേൾക്കുന്നതോ എന്തുമാകട്ടെ, ഫലം കണ്ടിട്ടാണോ ശ്രമിക്കുന്നത്… അതോ ശരിയായ കാര്യമാണെന്ന് അറിഞ്ഞതുകൊണ്ടാണോ തുടർന്നുകൊണ്ടിരിക്കുന്നത്? ചിന്തിച്ചു കിട്ടിയ ഉത്തരം ഒന്ന് എഴുതണേ ആ നോട്ടുബുക്കിൽ.
ഇന്നത്തെ വാക്യം
“വേരുകൾ വളരുന്ന ശബ്ദം കേൾക്കാൻ കഴിയില്ല. എന്നാലോ ഒരുദിവസം ആ മരം എല്ലാവരും കാണും.”









