
മനസ്സിൻ്റെ കളി
അരുൺ അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചാണ് സ്വന്തം ബിസിനസ് തുടങ്ങിയത്. അത്യാവശ്യം എതിർപ്പുകൾ അതിജീവിക്കേണ്ടി വന്നു അതിന്. നല്ല ശമ്പളം നഷ്ടപ്പെടുത്തി റിസ്ക് ഏറ്റെടുക്കുന്നതിനോട് പലർക്കും താത്പര്യം ഉണ്ടായിരുന്നില്ല. തുടക്കം നഷ്ടത്തിൽ ആണ് ആരംഭിച്ചത്. അത് തുടർന്നുള്ള രണ്ടു മാസം ആവർത്തിച്ചതോടെ അരുണിനും സ്വയം സംശയം തുടങ്ങി. എടുത്തു ചാട്ടമായോ എന്നയാൾ സ്വയം ചോദിച്ചു. ഈ സമയം ഒരു സുഹൃത്ത് പറഞ്ഞു,
“ഇത് നീ കൂട്ടിയാൽ കൂടില്ല. വലിയ വലിയ കമ്പനികൾ പോലും ബുദ്ധിമുട്ടുകയാണ്. അപ്പോഴാ…”
ആ ഒരു വാചകം അവന്റെ മനസ്സിൽ പതിഞ്ഞു. അടുത്ത ദിവസം ഒരു കസ്റ്റമർ അരുണിൻ്റെ കമ്പനി നൽകിയ സർവ്വീസിനെക്കുറിച്ച് പരാതി പറഞ്ഞു. അവൻ ചിന്തിച്ചു:”ശരിയാണ്.. ഞാൻ ശരിക്കും പരാജയമാണ്.”.
ഇതിനിടയിൽ അന്നു തന്നെ ഒരു നല്ല റിവ്യൂ വന്നു, ഒരു വലിയ ഓർഡറും കിട്ടി. എന്നാൽ അതു രണ്ടും അവൻ ശ്രദ്ധിച്ചില്ല. അന്നു വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു: “ഇന്ന് എന്തൊക്കെയാണ് വിശേഷങ്ങൾ?”
അവൻ പറഞ്ഞു: “ഒരു കസ്റ്റമർ പരാതി പറഞ്ഞു, വലിയ ബഹളം ഉണ്ടാക്കി. ഒരു വിധത്തിലാണ് സമാധാനിപ്പിച്ചത്.”
ഭാര്യ ചിരിച്ചുകൊണ്ട് ചോദിച്ചു: “ബാക്കിയുള്ളവർ?”
അപ്പോഴാണ് അവൻ ചിന്തിച്ചത്, ഇന്നാണ് തനിക്ക് നല്ല റിവ്യൂവും കിട്ടിയത് ഒപ്പം പുതിയ ഓർഡറും വന്നത്. എന്നിട്ടും താൻ കുറവുകളിൽ മാത്രം ശ്രദ്ധിച്ചു. അതിനുതകുന്ന സംഭവങ്ങൾ മാത്രമാണ് മനസ്സിൽ മുന്നിട്ടുനിന്നത്.
ശാസ്ത്രം പറയുന്നത്
തലച്ചോറിന് ഒരു സ്വഭാവമുണ്ട്. നമ്മൾ ആദ്യം വിശ്വസിക്കുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്ന വിവരങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും, അതിനു വിരുദ്ധമായ വിവരങ്ങൾ എളുപ്പം അവഗണിക്കുകയും ചെയ്യാം. അതുകൊണ്ടാണ് ഒരാൾ ലോകം മുഴുവൻ അവസരങ്ങൾ കാണുമ്പോൾ, മറ്റൊരാൾ ലോകം മുഴുവൻ പ്രശ്നങ്ങൾ മാത്രം കാണുന്നത്. ന്യൂറോപ്ലാസ്റ്റിസിറ്റി പറയുന്നത്: പുതിയ അനുഭവങ്ങൾ മാത്രം പോരാ. അവയെ ശ്രദ്ധിക്കാനും പരിശീലിക്കണം.
ആത്മീയ പ്രതിഫലനം
ദൈവം നമുക്കു മുന്നിൽ വാതിൽ തുറക്കും. എന്നാൽ, അടഞ്ഞ വാതിൽ മാത്രം നോക്കി നിന്നാൽ തുറന്ന വാതിലുകൾ എങ്ങനെ കാണും?
പരിശീലനം
ഇന്ന് നിങ്ങളെ അലട്ടിയ ഒരു സംഭവമെങ്കിലും തിരഞ്ഞെടുക്കുക.
ആദ്യം എഴുതുക: “സംഭവിച്ചതിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് എന്താണ്?”
ഇനി അതേ സംഭവത്തെ വീണ്ടും ഓർക്കുക.
നിങ്ങൾ ശ്രദ്ധിക്കാതെ പോയ മൂന്ന് കാര്യങ്ങൾ കണ്ടെത്തുക.
അവയിൽ ഒന്ന് നല്ലതായിരിക്കാം, ഒന്ന് നിഷ്പക്ഷമായിരിക്കാം, മറ്റൊന്ന് നിങ്ങളുടെ നിയന്ത്രണത്തിലുള്ളതായിരിക്കാം.
അവസാനം സ്വയം ചോദിക്കുക: “ഞാൻ കണ്ടത് മുഴുവൻ സംഭവമായിരുന്നോ, അതിലെ ഒരു ഭാഗം മാത്രമായിരുന്നോ?”
ഇന്ന് ഒരു ചെറിയ തീരുമാനമെടുക്കുമ്പോൾ, പ്രശ്നം മാത്രം നോക്കാതെ അതിനൊപ്പം ലഭ്യമായ ഒരു അവസരവും കണ്ടെത്താൻ ശ്രമിക്കുക.
ഇന്നത്തെ വാക്യം
“ഒരു മോശം സംഭവം കൊണ്ട് ഒരു ജീവിതത്തെ നിർവചിക്കരുത്; ചിത്രം മുഴുവൻ കാണുമ്പോഴാണ് മനസ്സ് യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നത്.”









