പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 39

എല്ലാ രാത്രിയും ഒരാൾ കൈയിലൊരു വിളക്കുമായി ഗ്രാമത്തിലെ വഴികളിലൂടെ നടക്കുമായിരുന്നു.
ഒരു ദിവസം ഒരു കുട്ടി ചോദിച്ചു. “ഈ ചെറിയ വിളക്ക് കൊണ്ട് കാര്യമുണ്ടോ? ഇത്തിരി ദൂരമല്ലേ കാണാൻ പറ്റൂ?”
അയാൾ പറഞ്ഞു, ” ശരിയാണ്, ഈ വിളക്കിലെ വെട്ടം കൊണ്ട് മുഴുവൻ വഴിയും കാണാൻ പറ്റില്ല.”
“അപ്പോഴെന്തു ചെയ്യും?” കുട്ടി ചോദിച്ചു.
“തൊട്ടു മുന്നിലെ കാഴ്ച കാണാമല്ലോ.” അയാൾ ഉത്തരം പറഞ്ഞു.
കുട്ടി വീണ്ടും ചോദിച്ചു. ” അപ്പോൾ ബാക്കി വഴിയോ?”
അയാൾ പറഞ്ഞു, “ഞാൻ ആദ്യത്തെ മൂന്ന് ചുവടുകൾ നടക്കുമ്പോൾ, അടുത്ത മൂന്ന് ചുവടുകളിലേക്കുള്ള വെളിച്ചം തെളിഞ്ഞു കിട്ടും. അങ്ങനെ മുന്നേറും.”

ശാസ്ത്രം

അനിശ്ചിതത്വം മനുഷ്യ മനസ്സിന് സ്വാഭാവികമായി അസ്വസ്ഥത ഉണ്ടാക്കാം. എന്നാൽ വലിയ ലക്ഷ്യങ്ങളെ ചെറിയ, വ്യക്തമായ അടുത്ത ചുവടുകളാക്കി മാറ്റുമ്പോൾ, പ്രവർത്തനം ആരംഭിക്കാൻ എളുപ്പമാകും. മാറ്റം തുടങ്ങുന്നതിന് മുഴുവൻ വഴിയും മുന്നിൽ വ്യക്തമായി കാണേണ്ടതില്ല. മുന്നേറുന്നതനുസരിച്ച് അത് നമുക്ക് മുന്നിൽ തെളിഞ്ഞു കിട്ടും. അടുത്ത ചുവട് കാണുന്നതിലാണ് കാര്യം.

ആത്മീയ കാഴ്ചപ്പാട്

വിശ്വാസം എന്നത് നൂറ് കിലോമീറ്റർ കാണുന്ന വെളിച്ചമല്ല. അടുത്ത ചുവടു തെളിയാൻ വേണ്ടതു മതി എന്ന തെളിച്ചമാണ്. “എന്റെ ജീവിതത്തിൽ ഒരു ചെറിയ തീരുമാനം വലിയൊരു മാറ്റത്തിന് തുടക്കമായിട്ടുണ്ടോ?” ഒന്നു ചിന്തിക്കൂ.

ഇന്നത്തെ ജീവിതപരീക്ഷണം

ഇന്ന് ഒരു വലിയ പ്രശ്നം തിരഞ്ഞെടുക്കുക. അതിനെ പരിഹരിക്കാൻ വേണ്ട അടുത്ത ഒരു ചെറിയ ചുവട് മാത്രം എഴുതുക. അത് ഇന്ന് തന്നെ ചെയ്യുക.

ഇന്നത്തെ വാക്യം

“ഇതുവരെ കഴിഞ്ഞുപോയതിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുടെ വെളിച്ചത്തിൽ ഭാവിയിലേക്കുള്ള ഒരു ചുവടുവയ്ക്കുമ്പോൾ ആണ് സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാകുന്നത്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.