പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 35

ഒരു വീട്ടിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ഒരു മുറിയുണ്ടായിരുന്നു. അവിടെ പഴയ സാധനങ്ങൾ, പെട്ടികൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ അങ്ങനെ എല്ലാം കൂട്ടിയിട്ടിരുന്നു. ഒരു ദിവസം അവിടുത്തെ വീട്ടുകാരി ആ മുറി തുറന്ന് വൃത്തിയാക്കാൻ തീരുമാനിച്ചു: രാവിലെ അവർ പണി തുടങ്ങി. ആദ്യം ഓരോ ഭാഗങ്ങളായി അടുക്കണം. പഴയ ഇരുമ്പു പെട്ടികളിൽ പൊടിഞ്ഞു തുടങ്ങിയ കത്തുകളും രേഖകളും കുറേയുണ്ട്. ഒപ്പം പഴയ ഫോട്ടോകൾ, രസീതുകൾ, ബാങ്ക് പാസ് ബുക്കുകൾ, പഴയ തുണികൾ ഒക്കെ പല ഭാഗങ്ങളിൽ ചിതറിക്കിടപ്പുണ്ട്.

അവർ അത് വേർതിരിക്കാൻ തുടങ്ങി. ഉച്ചയായി. പണി ഒന്നുമായിട്ടില്ല. തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ് കാര്യങ്ങൾ. സത്യം പറഞ്ഞാൽ ആ മുറി പൊടി കൊണ്ടു മൂടി. വലിച്ചു നിലത്തേക്കിട്ടതു കൂടി ആയപ്പോൾ കാലെടുത്തു വയ്ക്കാനാകാത്ത സ്ഥിതി. അവർ ആകെ ക്ഷീണിച്ചു. തുടങ്ങിയത് അബദ്ധമായോ എന്നായി ചിന്ത. തന്നെക്കൊണ്ട് ഇത് ചെയ്യാനാകില്ല എന്നു തന്നെ അവർക്കു തോന്നി. വൈകുന്നേരം മകളെത്തി. സങ്കടപ്പെട്ടിരിക്കുന്ന അമ്മയെ കണ്ട് മകൾ പറഞ്ഞു.

“അമ്മയെന്തിനാണ് വിഷമിക്കുന്നത്? ഇന്നുതന്നെ ഈ മുറി വൃത്തിയാക്കേണ്ട അത്യാവശ്യമൊന്നുമില്ല. ഇന്നു നമുക്ക് ഏതെങ്കിലും ഒരു പെട്ടി തുറന്നുനോക്കി ആവശ്യമില്ലാത്തത് കളഞ്ഞ് വൃത്തിയാക്കാം. അങ്ങനെ കുറേശ്ശെയായി മുറി മൊത്തം വൃത്തിയാക്കാം. എന്താ?”

അവൾ നിലത്ത് കിടന്നിരുന്ന ഒരു ചെറിയ പെട്ടി എടുത്തു.

“ഇന്ന് ഈ ഒരു പെട്ടി മാത്രം തീർക്കാം.” അവർ രണ്ടു പേരും ചേർന്ന് ആ പെട്ടി വൃത്തിയാക്കി.

അടുത്ത ദിവസം മറ്റൊന്ന്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മുറി മൊത്തമായും വൃത്തിയായി. ഒറ്റ ദിവസം കൊണ്ടല്ല, എല്ലാ ദിവസവും കുറേശ്ശെ വെച്ച്. വൃത്തിയായ മുറിയിലെ കട്ടിലിൽ മനോഹരമായി കിടക്ക വിരിച്ച് അവർ അതിൽ മലർന്നു കിടന്നു. അവരുടെ ചുണ്ടിലൊരു ഹൃദ്യമായ ചിരി വിടർന്നു. ഒരിക്കലും കഴിയില്ലെന്നു ചിന്തിച്ച, എടുത്തു ചാട്ടമെന്നു ചിന്തിച്ച് സങ്കടപ്പെട്ട അതേ മുറിയിൽ ഇന്ന് സുഗന്ധം നിറഞ്ഞിരിക്കുന്നു. അവർ മന്ത്രിച്ചു,
“ജീവിതവും ഇതുപോലെയാണ്….”

ശാസ്ത്രം പറയുന്നതെന്ത്?

വലിയൊരു മാറ്റത്തെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അതുകൊണ്ട് വലിയ ലക്ഷ്യങ്ങളെ ചെറിയ, ചെയ്യാൻ കഴിയുന്ന ഘട്ടങ്ങളാക്കി മാറ്റുന്നത് തുടർച്ച നിലനിർത്താനും ഒപ്പം ലക്ഷ്യത്തെ ഭേദിക്കാനും സഹായിക്കും. ജീവിതം ഒറ്റയടിക്ക് മാറ്റാൻ ശ്രമിക്കേണ്ടതില്ല. തൊട്ടടുത്ത ആദ്യ ചുവടുവയ്ക്കുകയാണ് പ്രധാനം.

ആത്മീയ കാഴ്ചപ്പാട്

ജീവിതത്തിൽ എല്ലാം ഒരേ ദിവസം ശരിയാക്കണമെന്നില്ല.
ചില വേദനകൾക്ക് സമയം വേണം.
ചില ബന്ധങ്ങൾക്ക് പരിധികൾ വേണം.
ചില സ്വപ്നങ്ങൾക്ക് പരിശ്രമം വേണം.
ചില മാറ്റങ്ങൾക്ക് ക്ഷമ വേണം.
ദൈവം നമുക്കു മുന്നിൽ മുഴുവൻ പാതയും ഒരുമിച്ച് കാണിക്കണമെന്നില്ല. അടുത്ത ഒരു ചുവട് മാത്രം മതിയാകും മുന്നേറ്റത്തിന്.

ഇന്നത്തെ ജീവിതപരീക്ഷണം

ഇന്ന് ഡയറിയിൽ എഴുതുക:
“എന്റെ ജീവിതത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ട ഒരു കാര്യം…”
അതിനുശേഷം:
“അതിൽ ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ ചുവട്…” ആ ഒരു ചുവട് മാത്രം ചെയ്യുക.

ഇന്നത്തെ വാക്യം

“ജീവിതം മുഴുവൻ ഒരുമിച്ച് മാറ്റേണ്ടതില്ല; ഇന്ന് മാറ്റാൻ കഴിയുന്ന ഒരു ചെറിയ ഭാഗം മാറ്റിയാൽ മതി.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.