
ഒരു തീരുമാനം
ഒരു ബിരുദാനന്തര ബിരുദധാരി ആകണമെന്നത് സുചിത്രയുടെ വലിയ ആഗ്രഹമായിരുന്നു. എല്ലാ വർഷവും അഡ്മിഷൻ സമയത്ത് അവൾ അത് ഓർക്കും. എന്നിട്ടു സ്വയം പറയും അടുത്ത കൊല്ലമാകട്ടെ, ഉറപ്പായും ഞാൻ ചേരും. എന്നാൽ ആ അടുത്ത കൊല്ലം ഒരിക്കലും സംഭവിച്ചില്ല. ഡിഗ്രി കഴിഞ്ഞ ആദ്യ വർഷം, പൊടുന്നനെ വന്ന വിവാഹാലോചന ആയിരുന്നു കാരണമെങ്കിൽ പിന്നീട് ഗർഭകാലം, കുഞ്ഞ്, കുഞ്ഞിനെ സ്കൂളിൽ ചേർക്കൽ എന്നിങ്ങനെ പലതായി കാരണങ്ങൾ.
അങ്ങനേയിരിക്കേ ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടയിൽ അവളുടെ പഴയ ഡയറി കൈയിലെത്തി. അതിൽ, പന്ത്രണ്ട് വർഷം മുൻപ് അവൾ ഇങ്ങനെ എഴുതിയിരുന്നു:
“എനിക്ക് പോസ്റ്റ് ഗ്രാജുവേഷന് ചേരണം.”
കുറച്ചുനേരം അവൾ ആ വാചകം നോക്കി നിന്നു. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും ആ ആഗ്രഹം അവിടെത്തന്നെയുണ്ട്.
അവൾ അന്നുതന്നെ ഒരു തീരുമാനമെടുത്തു.
“ഇനി വൈകിക്കില്ല. ഇന്നുതന്നെ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ കയറി അഡ്മിഷനു വേണ്ട കാര്യങ്ങൾ മനസ്സിലാക്കണം. അടുത്ത അഡ്മിഷൻ സമയത്ത് എല്ലാം തയ്യാറായിരിക്കണം. അന്നുതന്നെ അഡ്മിഷനു വേണ്ട കാര്യങ്ങൾ, വിവിധ യൂണിവേഴ്സിറ്റികൾ, കോഴ്സുകൾ തുടങ്ങിയവ സ്വയം സെർച്ച് ചെയ്തുതുടങ്ങി. ദൈനംദിന ജോലികൾക്കിടയിൽ നിന്നും കുറച്ചു സമയം മാത്രം അതിനായി മാറ്റിവെച്ചു. എല്ലാ ദിവസവും അതുമായി ബന്ധപ്പെട്ട ഒരു ചെറു വിവരമെങ്കിലും കൂടുതലായി മനസിലാക്കുക എന്നതായിരുന്നു നിശ്ചയം.
ആഴ്ചകൾ പിന്നിട്ടപ്പോൾ, ചേരേണ്ട യൂണിവേഴ്സിറ്റിയെക്കുറിച്ച്, കോഴ്സിനെക്കുറിച്ച്, അതിൻ്റെ ഫീസ്, അതിനു വേണ്ട പണം എങ്ങനെ കണ്ടെത്താം എന്നു തുടങ്ങി പാസ്സായാൽ അടുത്ത ചുവട് എന്താകണം എന്നതു വരെ കിറുകൃത്യം പ്ലാൻ അവൾക്ക് തയ്യാറാക്കാനായി. ആഴ്ചകൾ കഴിഞ്ഞപ്പോൾ അവളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റം സംഭവിച്ചു. അത് ഒരു വെറും മോഹത്തെക്കുറിച്ച് നിരാശയോടെ തിരിഞ്ഞു നോക്കുന്നതിനപ്പുറം, അതുനേടാനുള്ള വഴി കൃത്യമായി കണ്ടെത്തി കോഴ്സിലേക്ക് യഥാർത്ഥത്തിൽ പ്രവേശിക്കുന്ന തലത്തിൽ എത്തിയിരുന്നു. അതായത് ലക്ഷ്യത്തെക്കുറിച്ചുള്ള അവളുടെ സ്വന്തം തിരിച്ചറിവ് മാറിയിരുന്നു.
ശാസ്ത്രം പറയുന്നതു കേട്ടാലോ?
ഒരു പുതിയ ശീലം രൂപപ്പെടുമ്പോൾ നമ്മൾ ചെയ്യുന്ന പ്രവൃത്തി മാത്രമല്ല മാറുന്നത്. ആ പ്രവൃത്തിയെക്കുറിച്ചുള്ള നമ്മുടെ സ്വയം തിരിച്ചറിവും ക്രമേണ മാറുകയാണ്. “ഞാൻ ഇത് ചെയ്യണം” എന്ന ചിന്തയിൽ നിന്ന് “ഞാൻ ഇത് ചെയ്യുന്ന ഒരാളാണ്” എന്ന തിരിച്ചറിവിലേക്ക് മാറുമ്പോൾ, ആ ശീലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ട് മാറ്റം എല്ലായ്പ്പോഴും വലിയ ലക്ഷ്യത്തിൽ നിന്ന് തുടങ്ങണമെന്നില്ല. നമ്മൾ നമ്മളെക്കുറിച്ച് പറയുന്ന ചെറിയ വാക്കുകളിൽ നിന്നുപോലും അത് തുടങ്ങാം.
ആത്മീയ കാഴ്ചപ്പാട്
പലപ്പോഴും നമ്മൾ ദൈവത്തോട് ഒരു വലിയ മാറ്റത്തിനായി പ്രാർത്ഥിക്കും. അതിനുശേഷം നമ്മൾ എടുക്കേണ്ടത് ഒരു ചെറിയ തീരുമാനമായിരിക്കണം. അതു ചിലപ്പോൾ,
ഒരു ഫോൺ കോൾ,
ഒരു അന്വേഷണം,
ഒരു പുതിയ ശീലം.
ഒരു “ഇല്ല” പറച്ചിൽ,
ഒരു “അതെ” പറച്ചിൽ,
ഒരു ആദ്യചുവട് എന്നിങ്ങനെ പ്രാർത്ഥന വഴികാട്ടിയാകാം.എന്നാൽ മുന്നോട്ടേക്കുള്ള ആ ആദ്യ ചുവട് വെക്കേണ്ടത് നമ്മളാണ്.
എൻ്റെ മാറ്റം എത്രത്തോളം? സ്വയം വിലയിരുത്താം.
“ഞാൻ നേടാൻ ആഗ്രഹിക്കുന്ന കാര്യത്തേക്കാൾ, അതിലേക്ക് പോകുന്ന വഴിയിൽ ഞാൻ എത്രത്തോളം മാറണം?” അത് ഒരു വരിയിൽ എഴുതുക.
ഉദാഹരണത്തിന്:
“എനിക്ക് പരീക്ഷ ജയിക്കണം” എന്നതിന് പകരം, “ഞാൻ ദിവസവും പഠിക്കുന്ന ഒരാളാകണം.”
ഇന്നത്തെ ജീവിതപരീക്ഷണം
ജീവിതത്തിൽ ഏറെക്കാലമായി മാറ്റിവെച്ചിരിക്കുന്ന ഒരു കാര്യം തിരഞ്ഞെടുക്കുക.
അതിൻ്റെ തുടക്കത്തിനായി വെറും 5 മിനിറ്റ് മാറ്റിവയ്ക്കുക.
ഫലം പ്രതീക്ഷിക്കരുത്. പൂർത്തിയാക്കാൻ ശ്രമിക്കരുത്. ആരംഭിക്കുക മാത്രം ചെയ്യുക. അവസാനം ഡയറിയിൽ എഴുതുക: “ഇന്ന് ഞാൻ ആരംഭിച്ചു.”
ഇന്നത്തെ വാക്യം
“വലിയ മാറ്റങ്ങൾ ആരംഭിക്കുന്നത് വലിയ തീരുമാനങ്ങളിൽ നിന്നല്ല ‘ഇന്നു ഞാൻ തുടങ്ങുന്നു’ എന്ന ചെറിയ തീരുമാനത്തിൽ നിന്നാണ്.”









