
ഒരു ശതമാനത്തിന്റെ അത്ഭുതം
ഒരു ശിൽപി ഒരു വലിയ കല്ല് കൊത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതുവഴി പോകുന്ന ഗ്രാമവാസികൾ ദിവസവും ഈ കാഴ്ച കാണുമായിരുന്നു. ആദ്യ ദിവസങ്ങളിൽ സത്യത്തിൽ അവർ കാര്യമായി അയാളെ ശ്രദ്ധിച്ചിരുന്നില്ല. കരിങ്കല്ലിൽ തട്ടിത്തെറിക്കുന്ന ഉളിയും ചുറ്റികയും തീപ്പൊരിയും അല്ലാതെ പ്രത്യേക വിശേഷമൊന്നുമില്ല. ദിവസങ്ങൾ കടന്നുപോയി. എന്തോ ഒന്ന് രൂപപ്പെടുന്നുണ്ട് എന്നല്ലാതെ മറ്റു പ്രത്യേകതയൊന്നുമില്ല. ആ കല്ലും ശില്പിയും അവർക്കൊരു സാധാരണ കാഴ്ച മാത്രമായി.
ഒരു മാസം കടന്നു പോയപ്പോൾ വഴിയാത്രക്കാരിൽ ഒരാൾ ചുറ്റുമുള്ളവരോടു പറഞ്ഞു, “ഇയാളിത് എന്താണ് ചെയ്യുന്നത്? കുറേ നാളായല്ലോ തട്ടുന്നു മുട്ടുന്നു… ചിലരൊക്കെ ഭാഗ്യം ചെയ്തവരാണ്. കണ്ടില്ലേ വെറുതെ കല്ലിനോട് കഥ പറഞ്ഞ് നേരം കളയുന്നത്! ഈ നേരത്ത് വയലിൽ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ഉപകാരമുണ്ടാകുമായിരുന്നു. അല്ലേ?”
“അതെയതേ ….” കൂടെയുള്ളവർ ശില്പിയെ നോക്കി പുച്ഛിച്ചു.
പിന്നീടാരും അയാളെ ശ്രദ്ധിക്കാതെയായി. കുറച്ചു ദിവസങ്ങൾ കൂടി കടന്നുപോയി. ഗ്രാമീണർ വൈകുന്നേരം മടങ്ങിവരും വഴി അതുകണ്ടു! ശില്പിയുടെ മുന്നിൽ ഒരു സുന്ദരശില്പം! ജീവൻ തുടിക്കുന്ന കണ്ണുകൾ, വടിവൊത്ത ശരീരസൗന്ദര്യം തുളുമ്പുന്ന ശില്പം! അത്തരത്തിലൊന്ന് അവർ ആദ്യമായി കാണുകയായിരുന്നു.
ആ കൂട്ടത്തിൽ ഒരാൾ ചോദിച്ചു,
“ഈ ശിൽപം എപ്പോഴാണ് ഉണ്ടാക്കിയത്?”
ശിൽപി ചിരിച്ചു.
“ഞാനെന്നാണോ ഈ ശിലയിൽ ഉളി കൊണ്ട് ആദ്യമായി കൊത്തിയത് ആ നിമിഷം മുതൽ ഈ ശില്പം ഉണ്ടാകാൻ തുടങ്ങി.”
ശാസ്ത്രം പറയുന്നതു കേട്ടാലോ?
ചിന്തയിലെ മാറ്റങ്ങൾ പെട്ടെന്ന് അനുഭവപ്പെട്ടു തുടങ്ങില്ല. ചെറിയ ശീലങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ, അവയുടെ ഫലം പിന്നീട് വ്യക്തമായി തെളിഞ്ഞുവരികയാണ് ചെയ്യുക. ഇന്ന് ചെറിയതെന്ന് തോന്നുന്ന ഒരു നല്ല ശീലം തുടരുന്നത് നാളെയുടെ വലിയ മാറ്റത്തിന്റെ അടിത്തറയാകും.
ആത്മീയ കാഴ്ചപ്പാട്
ഒരു വിത്ത് മണ്ണിനടിയിൽ വേരുകൾ പടർത്തുമ്പോൾ ആരും കാണില്ല. അതുകൊണ്ട് അത് വളരുന്നില്ല എന്നല്ല അർത്ഥമാക്കേണ്ടത്.
ഇന്ന് സ്വയം ചോദിക്കൂ
“എൻ്റെ ജീവിതത്തിൽ തുടങ്ങിവെച്ച ചെറിയ ഒരു ശീലം പിന്നീട് വലിയൊരു മാറ്റം കൊണ്ടുവന്നിട്ടുണ്ടോ?”
ഇന്നത്തെ ജീവിതപരീക്ഷണം
ഇതു വരെ ആരംഭിക്കാത്തതും എന്നാൽ അത്യാവശ്യം എന്നു കരുതുന്നതുമായ ഒരു നല്ല ശീലം അഞ്ച് മിനിറ്റ് മാത്രം ചെയ്യുക. അത് ഇന്നുതന്നെ ആരംഭിക്കണം. കൂടുതൽ നേരമതു തുടരാൻ തോന്നിയാലും അതു തുടരരുത്. വെറും അഞ്ചു മിനിറ്റു മാത്രം. കാരണം നമ്മുടെ ലക്ഷ്യം ആവേശമല്ല, തുടർച്ചയാണ്.
ഇന്നത്തെ വാക്യം
“മാറ്റം സംഭവിക്കുന്നത് ഒരു വലിയ തീരുമാനത്തിലൂടെയല്ല; ദിവസവും ആവർത്തിക്കുന്ന ചെറിയ തീരുമാനങ്ങളിലൂടെയാണ്.”









