
രണ്ട് എഴുത്തുകൾ
ഒരാൾ തന്റെ കൊച്ചുമകന് രണ്ട് ഡയറികൾ നൽകി. ആദ്യ ഡയറിയുടെ തലക്കെട്ട് “എനിക്ക് നഷ്ടപ്പെട്ടത്” എന്നും രണ്ടാമത്തതിൽ
“എനിക്ക് ലഭിച്ചത്” എന്നുമായിരുന്നു.
കൊച്ചുമകൻ ആദ്യം നഷ്ടങ്ങളുടെ ഡയറി വായിച്ചു. അതിൽ പരാജയങ്ങൾ, നഷ്ടങ്ങൾ, രോഗങ്ങൾ, വേർപിരിയലുകൾ… അങ്ങനെ തൻ്റെ അപ്പൂപ്പൻ കടന്നുപോയ എല്ലാ കഠിനപാതകളും അവൻ കണ്ടു. ഒക്കെ വായിച്ചവൻ കരഞ്ഞു. ശേഷം രണ്ടാമത്തെ ഡയറി തുറന്നു.
അതിൽ എഴുതിയിരുന്നത്, ആദ്യ ശമ്പളം, മകളുടെ ആദ്യ പുഞ്ചിരി,അമ്മയുടെ കൈകൊണ്ടുള്ള ഭക്ഷണത്തിൻ്റെ രുചി, സുഹൃത്തിന്റെ ഒരു കത്ത്, ഒരു മഴ, ഒരു മരം, ഒരു പ്രഭാതം എന്നിങ്ങനെ വളരെ നീണ്ട ഒന്നായിരുന്നു അതിലെ ഉള്ളടക്കം. കൊച്ചുമകൻ അതിശയിച്ചു.
അവൻ ചോദിച്ചു:
“അപ്പൂപ്പാ… ഇതിൽ ഏതാണ് സത്യം?”
അപ്പൂപ്പൻ ചിരിച്ചു.
“രണ്ടും സത്യമാണ്. ഇതിൽ ഞാൻ ഏത് ഡയറി കൂടുതൽ വായിച്ചു എന്നതാണ് എന്റെ ജീവിതത്തിൻ്റെ ആകെത്തുക.” അദ്ദേഹം പറഞ്ഞു.
ശാസ്ത്രം
നമ്മുടെ ഓർമ്മകൾ ഒരു വീഡിയോ റെക്കോർഡർ പോലെയല്ല. ഓരോ തവണ ഓർക്കുമ്പോഴും, അവയെ നാം കൂടുതൽ സജീവമാക്കുന്നു. അതുകൊണ്ട് ബോധപൂർവം നല്ല അനുഭവങ്ങൾ ആവർത്തിച്ച് ഓർക്കുന്നത് മാനസിക സമതുലിതാവസ്ഥയ്ക്ക് സഹായകമാകും.
ആത്മീയ കാഴ്ചപ്പാട്
ജീവിതം നമുക്ക് രണ്ട് പുസ്തകങ്ങൾ തരുന്നു. ഒന്ന് ദുഃഖത്തിന്റെ. ഒന്ന് അനുഗ്രഹത്തിന്റെ. ഏത് പുസ്തകം ദിവസവും തുറക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ഇന്ന് സ്വയം ചോദിക്കാം, “എന്റെ ജീവിതത്തിൽ ഞാൻ നേടിയ അഞ്ച് അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?”
ഇന്നത്തെ പരിശീലനം
രണ്ട് കോളം വരയ്ക്കുക. എനിക്ക് നഷ്ടപ്പെട്ടത്. എനിക്ക് ലഭിച്ചത്. രണ്ടും എഴുതുക. ഏതു കോളത്തെക്കുറിച്ചാണ് കൂടുതൽ ചിന്തിച്ചിരുന്നത്?
ഇന്നത്തെ വാക്യം
“എന്റെ ജീവിതം സുഖങ്ങളും ദുഃഖങ്ങളും ചേർന്നതാണ്. അതിൽ ഏതിനെ കൂടുതൽ ചേർത്തു പിടിക്കുന്നോ അതാണ് എൻ്റെ ജീവിതത്തിൻ്റെ അന്തിമഫലം.”









