പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 22

ഒരു പെൺകുട്ടി ചിത്രം വരയ്ക്കുകയായിരുന്നു. എന്നാൽ അവൾ അതിലേക്ക് നോക്കി നിരാശപ്പെട്ടു. ചിത്രത്തിൻ്റെ ഒരു ഭാഗത്ത് കുറച്ച് നിറം പടർന്നിരുന്നു. ഒരു വര അല്പം വളഞ്ഞുപോയിരുന്നു.

അവൾക്കു സങ്കടം വന്നു.

“ഇത് ശരിയാകില്ല. മറ്റൊന്നു വരക്കാം.”

അവളുടെ അച്ഛൻ അടുത്തുവന്നു. ചിത്രം കുറച്ചുനേരം പല മട്ടിൽ നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു: “ഈ ചിത്രത്തിൽ എന്താണ് പ്രശ്നം?”

“കുറേ പ്രശ്നങ്ങൾ, നിറം പടർന്നു, വരകൾ വളഞ്ഞു…”

“വേറെ?”

അവൾ ഒന്നും പറഞ്ഞില്ല. അച്ഛൻ ചിത്രത്തിലേക്കു ശ്രദ്ധിച്ചു നോക്കി. എന്നിട്ട് അല്പം മാറി നിന്ന് ആ ചിത്രം നോക്കാൻ അവളോടും പറഞ്ഞു.
അവൾ അനുസരിച്ചു. മാറിനിന്നു നോക്കുമ്പോൾ അവിടെ അവൾ വരച്ചിരുന്ന ചെറിയൊരു പക്ഷിയും, അതിന്റെ പിന്നിലെ നീല ആകാശവും അവൾ ആദ്യമായി ശ്രദ്ധിച്ചു. അതു മനോഹരമാണല്ലോ, അവൾ ചിന്തിച്ചു.

അച്ഛൻ പറഞ്ഞു,

“മോളേ, ചിത്രം മോശമായതല്ല. അല്പം മാറിനിന്നു നോക്കിയപ്പോൾ നിനക്ക് ഇതേ ചിത്രത്തിന് മറ്റൊരു അർത്ഥം കണ്ടെത്താനായി. അതല്ലേ യാഥാർത്ഥ്യം?”
അവൾ വീണ്ടും ചിത്രത്തിനരികിലേക്ക് ചെന്നു. അവൾ വളഞ്ഞു പോയ രേഖ മായ്ച്ചില്ല. അതിന്റെ ചുറ്റും കുറച്ച് നിറങ്ങൾ കൂടി ചേർത്തു. അപ്പോൾ ആ വളഞ്ഞു പോയ രേഖ ചിത്രത്തിന്റെ ഭാഗം തന്നെ ആയി. ഉപേക്ഷിക്കപ്പെടുമായിരുന്ന ചിത്രം ഇപ്പോൾ ആ വീടിൻ്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നു.

ശാസ്ത്രം എന്തു ചിന്തിക്കുന്നു?

നമ്മുടെ ശ്രദ്ധ ഒരു കാര്യത്തിൽ തുടർച്ചയായി കേന്ദ്രീകരിക്കുമ്പോൾ, അതിന് മനസ്സിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഒരു പരാജയം, ഒരു തെറ്റ്, ഒരു വിമർശനം, ഒരു വേദന എന്നിവയിലേക്ക് മാത്രം ശ്രദ്ധ ചുരുങ്ങുമ്പോൾ, അതാണ് നമ്മുടെ മുഴുവൻ ജീവിതമെന്ന് തോന്നാം. എന്നാൽ നമ്മുടെ ജീവിതത്തിൽ അതിനൊപ്പം തന്നെ വിജയങ്ങളും ബന്ധങ്ങളും കഴിവുകളും സ്നേഹവും സാധ്യതകളും ഉണ്ടാകും. ശ്രദ്ധ മാറുമ്പോൾ ജീവിതത്തിന്റെ ചിത്രം മാറുന്നതായി അനുഭവപ്പെടും.

ആത്മീയ കാഴ്ചപ്പാട്

നമ്മുടെ ജീവിതത്തിലെ ഒരു അപൂർണ്ണതയെ ഇല്ലാതാക്കുന്നതല്ല സ്വയം സ്വീകരിക്കൽ. അപൂർണ്ണതയോടൊപ്പം തന്നെ മുഴുവൻ ജീവിതത്തെയും കാണാൻ പഠിക്കുന്നതാണ്.

ഇന്നത്തെ പരിശീലനം

ഒരു പേപ്പറിൽ രണ്ട് വരികൾ എഴുതുക:
ഇപ്പോൾ എന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് എന്തിലാണ് എന്ന് എഴുതാം. യഥാർത്ഥത്തിൽ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്തൊക്കെയാണ്? ഇതേക്കുറിച്ച് കുറഞ്ഞത് മൂന്ന് കാര്യങ്ങൾ എഴുതുക.

ഇന്നത്തെ വാക്യം

” സ്വന്തം ജീവിതത്തിലെ ഒരു തെറ്റുകൊണ്ടാകരുത് ജീവിതചിത്രത്തെ നിർവചിക്കേണ്ടത്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.